21 February Thursday

വിഭജനത്തിന്റെ കാലത്ത് അമീർ ഖുസ്രുവിന് എന്തു കാര്യം?

ഡോ. അനിൽ കെ എംUpdated: Sunday Mar 18, 2018

മധ്യകാല ഇന്ത്യയെ ആഴത്തിൽ പഠിച്ച ചരിത്രകാരനാണ് മൊഹമ്മദ് ഹബീബ് (1895‐1971). ദില്ലി സുൽത്താൻമാരെക്കുറിച്ച് അദ്ദേഹത്തിന്റെ പഠനങ്ങൾ  ഉൾക്കാഴ്ച നിറഞ്ഞവയായിരുന്നു. രാജാക്കന്മാരെക്കുറിച്ചുമാത്രമല്ല 11‐ാംനൂറ്റാണ്ടുമുതൽ 15‐ാംനൂറ്റാണ്ടുവരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്ന കർഷകർ, കൈവേലക്കാർ, നെയ്ത്തുകാർ തുടങ്ങിയ ബഹുജനങ്ങളെക്കുറിച്ചെല്ലാം ഹബീബ് പഠിച്ചിട്ടുണ്ട്.  ദേശീയ ചരിത്രരചനയുടെയും മാർക്സിസ്റ്റ് വിശകലന പദ്ധതിയുടെയും സ്വഭാവങ്ങൾ ഉൾക്കൊള്ളുന്ന പഠനങ്ങൾ. ബൂർഷ്വാ ചരിത്രരചനാശാസ്ത്രത്തെ കൈയൊഴിഞ്ഞ് അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ചരിത്രരചന പിൻപറ്റണമെന്ന് അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചരിത്രാധ്യാപകനായിരുന്ന ഹബീബ് പറഞ്ഞു. അക്കാലത്ത് ഈ നിലപാട് തീർത്തും നൂതനവും വിവാദാത്മകവുമായിരുന്നു.  അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പ്രബന്ധങ്ങൾ തെരഞ്ഞെടുത്ത് 'മധ്യകാല ഇന്ത്യയിലെ രാഷ്ട്രീയവും സംസ്കാരവും: ദില്ലി സുൽത്താൻമാരുടെ കാലം' (Studies in Medieval Indian Polity and Culture: The Delhi Sultanate and its Times)  എന്ന പേരിൽ ഓക്സ്ഫഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്തതും അവതാരിക തയ്യാറാക്കിയതും പ്രശസ്ത ചരിത്രപണ്ഡിതനും മൊഹമ്മദ് ഹബീബിന്റെ മകനുമായ ഇർഫാൻ ഹബീബ്. 

 1919 വരെ ഇന്ത്യയിലും തുടർന്ന് വിദേശത്തുമാണ് മൊഹമ്മദ് ഹബീബ് പഠിച്ചത്. ഉപരിപഠനാർഥം ഇംഗ്ലണ്ടിലേക്ക് പോയി. ദേശീയരാഷ്ട്രീയത്തിൽ തൽപ്പരനാകുന്നത് ഈ ഘട്ടത്തിലാണ്. ഓക്സ്ഫഡിലെ ഇന്ത്യൻ വിദ്യാർഥികളുടെ സംഘടനയായ ഓക്സ്ഫർഡ് മജ്ലിസിന്റെ പ്രസിഡന്റായി. ഇക്കാലത്ത് സരോജിനി നായിഡുവിനെയും ഡബ്ല്യു ബി യേറ്റ്സിനെയും അദ്ദേഹം ഓക്സ്ഫഡിലേക്ക് ക്ഷണിച്ചിരുന്നു. നിസ്സഹകരണപ്രസ്ഥാനം ഹബീബിനെ ആവേശഭരിതനാക്കി. ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി. 
ഹബീബിന്റെ ആദ്യകൃതി കഥാസമാഹാരമാണ്. പങ്കിലമായ അസ്ഥിയും മറ്റു കഥകളും എന്ന പേരിൽ. ചരിത്രപുരുഷന്മാരും ചരിത്രസംഭവങ്ങളും അതിഭൗതിക ശക്തികളും കടന്നുവരുന്ന കഥകൾ. ഗാന്ധിയുടെ ആശ്രമവാസിയായിരുന്ന റൈഹാന ത്യാബ്ജിക്കാണ് ഈ പുസ്തകം സമർപ്പിച്ചത്. അവരുടെ മകൾ സൊഹൈലയെയാണ് ഹബീബ് വിവാഹം കഴിച്ചത്. 1926ൽ മുസ്ലിം സംവരണമണ്ഡലമായിരുന്ന സുൽത്താൻപുരിൽനിന്ന് യുപി നിയമസഭയിലേക്ക് കോൺഗ്രസ്‐ സ്വരാജ് പാർടി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ഹിന്ദു‐ മുസ്ലിം വർഗീയതകൾ ദേശീയപ്രസ്ഥാനത്തെ ശിഥിലമാക്കുന്ന പ്രവണതകൾ ഇക്കാലത്ത് പ്രകടമായിരുന്നു. ദേശീയ ഐക്യത്തിന് വിലങ്ങായിത്തീരാൻ പോകുന്ന ഈ വിപത്തിനെക്കുറിച്ച് ഹബീബ് തുടക്കംമുതലേ ജാഗ്രതപൂണ്ടു. ചരിത്ര രചനയിലേക്ക് അദ്ദേഹം ഗൗരവമായി തിരിയുന്നത് ഈ രാഷ്ട്രീയ മുഹൂർത്തത്തിൽ. മുഹമ്മദ് ഗസ്നിയെക്കുറിച്ച് 1924ൽ പ്രസിദ്ധീകരിച്ച പ്രബന്ധമാണ് ആദ്യത്തെ ഗൗരവമേറിയ ചരിത്രരചന.  ഇപ്പോൾ പുറത്തിറങ്ങിയ വാല്യത്തിൽ ഇത് രണ്ടാമധ്യായമായി ചേർത്തിട്ടുണ്ട്. വാളും തോക്കും ഉപയോഗിച്ച് ഗസ്നി ഇസ്ലാം മതം പ്രചരിപ്പിച്ചു എന്ന ധാരണ ബ്രിട്ടീഷ് ചരിത്രകാരന്മാർ ഉറപ്പിച്ചെടുത്തതാണ്. എന്നാൽ, ഗസ്നിയുടെ പടയോട്ടങ്ങൾക്ക് മതവുമായി ബന്ധമില്ലായിരുന്നെന്നും ലക്ഷ്യം അധികാരവും സമ്പത്തുമായിരുന്നെന്നും ഹബീബ് തെളിയിച്ചു.  അറേബ്യൻ ഖിലാഫത്തിന്റെ തകർച്ച മുതലെടുത്ത് സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പേർഷ്യൻ നവോത്ഥാനത്തെതുടർന്നുള്ള ഏകീകൃത ഇറാൻ എന്ന ഭാവനയും ഗസ്നിക്ക് പ്രേരണയായി.
ഏതാണ്ട് ഇതേകാലത്തുതന്നെ അമീർ ഖുസ്രു എന്ന കവിയുടെ ജീവചരിത്രകൃതിയും എഴുതി.  ഈ വാല്യത്തിലെ അഞ്ചാമത്തെ പ്രബന്ധമാണത്. ഖുസ്രുവിന്റെ കാവ്യങ്ങൾ മധ്യകാല ഇന്ത്യയിലേക്ക് മറ്റൊരു ജാലകം തുറക്കുന്നതായി അദ്ദേഹത്തിന് തോന്നി.  രാഷ്ട്രീയചരിത്രംപോലെ പ്രധാനമാണ് സാംസ്കാരിക ചരിത്രവുമെന്ന സങ്കൽപ്പമാണ് ഹബീബിനുണ്ടായിരുന്നത്.  
1930‐31ൽ അലിഗഡ് സർവകലാശാലാ മാഗസിനിൽ പ്രസിദ്ധീകരിച്ച ദീർഘലേഖനമാണ് മധ്യകാല ഇന്ത്യാ പഠനത്തിന് ഒരാമുഖം. ബ്രിട്ടീഷുകാർ രചിച്ച ഇന്ത്യാചരിത്രമാണ് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും നിതാന്ത ശത്രുക്കളായി ചിത്രീകരിച്ചതെന്നും യഥാർഥത്തിൽ ഇന്ത്യ നേരിടുന്ന പ്രശ്നം ബ്രിട്ടീഷ് കൊളോണിയലിസമാണെന്നും അദ്ദേഹം എഴുതി. സർ ഹെൻറി എലിയറ്റിനെപ്പോലുള്ളവരുമായി അദ്ദേഹം നിരന്തരം തർക്കിച്ചു. ബ്രിട്ടീഷുകാർക്ക് ഇന്ത്യ വിട്ടുപോകേണ്ടിവരുമെന്നും പ്രഖ്യാപിച്ചു.  1931ൽ ഹബീബ് സ്വന്തം ചെലവിൽ ഇറാൻ സന്ദർശിച്ച് പേർഷ്യൻ ഭരണത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ ശേഖരിച്ച് ആധുനിക പേർഷ്യയുടെ ഭരണസംവിധാനത്തെക്കുറിച്ച് പ്രബന്ധമെഴുതി.  പേർഷ്യയിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അദ്ദേഹത്തെ ഏറെ ആകർഷിച്ചു. പേർഷ്യൻ വിമെൻസ് അസോസിയേഷൻ അംഗങ്ങൾക്കൊപ്പം എടുത്ത ചില ചിത്രങ്ങൾ അദ്ദേഹം ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. അവരെല്ലാം യൂറോപ്യൻമട്ടിൽ വസ്ത്രം ധരിച്ചവരും ശിരോവസ്ത്രം ഇല്ലാത്തവരുമായിരുന്നു.  
 
മൊഹമ്മദ് ഹബീബ്

മൊഹമ്മദ് ഹബീബ്

മധ്യകാല സൂഫികളുടെ ആശയങ്ങളും ധാർമികതയും പ്രയോഗങ്ങളും പരിണമിച്ചതെങ്ങനെയെന്ന് അദ്ദേഹം പഠിച്ചു. യാഥാസ്ഥിതികത്വത്തിനെതിരെയുള്ള പ്രതിഷേധമായി അദ്ദേഹം സൂഫിസത്തെ മനസ്സിലാക്കി.  ദൈവത്തോടുള്ള പ്രണയം, ത്വരീഖത്ത് തുടങ്ങിയ വിഷയങ്ങളിലൊന്നും വലിയ താൽപ്പര്യം കാണിച്ചില്ല. ഇന്ത്യൻ സൂഫിസത്തിന്റെ അറബ്‐ പേർഷ്യൻ വേരുകളാണ് വിശ്വഭാരതി പ്രസംഗത്തിൽ ഹബീബ് തിരഞ്ഞത്. അനുബന്ധമെന്നോണം 9‐12 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ നിലനിന്ന മതജീവിതത്തെക്കുറിച്ചും അന്വേഷണം നടത്തി. മധ്യകാലത്തിന്റെ ആദ്യപകുതിയിലെ ഹിന്ദുസമൂഹം എന്ന പ്രബന്ധം ഈ അന്വേഷണങ്ങളുടെ ഉൽപ്പന്നമാണ്.  
മധ്യകാല ഇന്ത്യയെക്കുറിച്ച് ഹബീബ് നടത്തിയ പഠനങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന് നസറുദീൻ മുഹമ്മദിന്റെ ജീവചരിത്രമാണ്. നസറുദീൻ മുഹമ്മദിന്റെ ജീവിതത്തിലെ അതിഭൗതിക ഘടകങ്ങളേക്കാൾ അദ്ദേഹം ഉയർത്തിയ യാഥാസ്ഥികവിരുദ്ധ നിലപാടുകൾക്കാണ് ഹബീബ് പ്രാധാന്യം നൽകിയതെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്. 1940കളിൽ അലിഗഡിൽ മുസ്ലിംലീഗിനായിരുന്നു മേൽക്കൈ. ദ്വിരാഷ്ട്രവാദത്തിന് അവിടെ വലിയ തോതിൽ വേരോട്ടമുണ്ടായിരുന്നു. എന്നാൽ, ഹബീബ് ദ്വിരാഷ്ട്രവാദം പൂർണമായും തള്ളി. ദേശീയപ്രസ്ഥാനത്തോടുള്ള കൂറ് സൂക്ഷിക്കുമ്പോൾത്തന്നെ കോൺഗ്രസിന്റെ എല്ലാ നിലപാടുകളോടും അദ്ദേഹം യോജിച്ചില്ല. ഗാന്ധിയോടുള്ള ആരാധനയും നെഹ്റുവിനോടുള്ള സൗഹൃദവും സ്വന്തം രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായില്ല.
1941ൽ ബ്രിട്ടൻ സോവിയറ്റ് ചേരിയിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ കക്ഷിയായതോടെ സോവിയറ്റ് പുസ്തകങ്ങൾക്ക് ഇന്ത്യയിലേർപ്പെടുത്തിയ വിലക്ക് മാറി. കമ്യൂണിസ്റ്റ് ആശയമുള്ള പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും ഹബീബിന് അവസരം ലഭിച്ചു. അതിനുമുമ്പ് മൂലധനത്തിന്റെ ഒന്നാം വാല്യംമാത്രമേ അദ്ദേഹം വായിച്ചിരുന്നുള്ളൂ. എന്നാൽ, 1941നുശേഷം മാർക്സ്, എംഗൽസ്, സ്റ്റാലിൻ, മാവോ തുടങ്ങിയവരുടെമാത്രമല്ല ഗോർഡൻ ചൈൽഡിന്റെ മനുഷ്യൻ സ്വയം നിർമിക്കുന്നു’തുടങ്ങിയ പുസ്തകങ്ങൾ വായിക്കാനും അവസരം ലഭിച്ചു. മാർക്സിസ്റ്റ് വിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ പ്രാചീനചരിത്രത്തെ വിലയിരുത്താനുള്ള ചൈൽഡിന്റെ ശ്രമം ഹബീബിനെ ഏറെ ആകർഷിച്ചു. അതേസമയം, ഗാന്ധിയുടെ അഹിംസാസിദ്ധാന്തത്തോടും വർഗീയതയോട് ഗാന്ധിജി സ്വീകരിക്കുന്ന സമീപനത്തോടുമുള്ള ശക്തമായ ആഭിമുഖ്യം  തുടർന്നും നിലനിന്നു. മാർക്സിസവും ഗാന്ധിസവും ഹബീബിൽ ചെലുത്തിയ സ്വാധീനം 1947ൽ ബോംബെയിൽ ചേർന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ അധ്യക്ഷപ്രസംഗത്തിൽ തെളിഞ്ഞുകാണാം. ഈ പ്രസംഗമാണ് ഈ വാല്യത്തിലെ ആദ്യത്തെ പ്രബന്ധം. ഇന്ത്യ‐ പാക് വിഭജനത്തിന്റെ ഭാഗമായി വർഗീയകലാപങ്ങൾ ആളിപ്പടർന്ന ദിനങ്ങളിലാണ് ഹബീബ് പ്രബന്ധം തയ്യാറാക്കിയത്.  ഭിന്നിപ്പിച്ച് ഭരിക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച തന്ത്രങ്ങളുടെ അനന്തരഫലമാണിതെന്ന് ഹബീബ്  സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ഇന്ത്യക്കാർ സാംസ്കാരിക ഗണങ്ങളായി വകതിരിഞ്ഞ് ജീവിക്കുന്നതിന്റെ പ്രത്യാഘാതംകൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ ഗണങ്ങൾ മറ്റുള്ളവയെ ഭയപ്പെടുത്തി സ്വയം വളരാൻ ശ്രമിക്കുന്നു. ഇത് ആത്യന്തികമായി ദേശീയോദ്ഗ്രഥനം അസാധ്യമാക്കുന്നു. അതേസമയം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് ഹൈക്കമാൻഡും ആദ്യ മന്ത്രിസഭയും കൈക്കൊണ്ട നടപടിയെ ഹബീബ് ശ്ലാഘിക്കുന്നു. ഇന്ത്യ ഒരു ജനാധിപത്യ സെക്യുലർ രാഷ്ട്രമായിരിക്കുമെന്ന പ്രഖ്യാപനത്തെയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. ദേശീയപാരമ്പര്യത്തിന്റെ കരുത്ത് ആ തീരുമാനത്തിനുണ്ടെന്നും ഹബീബ് പറയുന്നു. അതേപ്രബന്ധത്തിന്റെ തുടർന്നുള്ള ഭാഗത്ത് ഇന്ത്യ ഭാവിയുടെ ആദർശമായി സ്വീകരിക്കേണ്ടത് സോഷ്യലിസമാണെന്ന് പറയുന്നുണ്ട്. ചരിത്രകാരന്മാർ മുതലാളിത്തത്തെ പുരസ്കരിക്കുന്നതിനുപകരം അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്തുനിന്ന് സംഭവങ്ങളെ കാണാൻ തയ്യാറാകണമെന്നുകൂടി ഹബീബ് പറയുന്നു. ഈ സന്ദർഭത്തിൽ മാർക്സിസം അദ്ദേഹത്തെ എത്രമാത്രം സ്വാധീനിച്ചു എന്നു കാണാം. വർഗരഹിതമായ ഒരു ദേവന് ആലയം പണിയലായിരിക്കണം ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രസ്താവിച്ചുകൊണ്ടാണ് അധ്യക്ഷപ്രസംഗം അവസാനിപ്പിച്ചത്. ആത്മീയതയും ഭൗതികതയും സമന്വയിക്കുന്ന ഒരു ഭാവനയാണത്. ഗാന്ധിവധം എത്രമാത്രം തന്നെ തകർത്തുകളഞ്ഞു എന്ന് ഈ പ്രഭാഷണത്തിൽ ഹബീബ് വിവരിക്കുന്നു. ഗാന്ധിയോടുണ്ടായിരുന്ന കടുത്ത ആരാധന അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് സാമൂഹ്യവിശകലനത്തെ ദുർബലമാക്കിയില്ലെന്ന് ഇർഫാൻ ഹബീബ് ആമുഖത്തിൽ സൂചിപ്പിക്കുന്നു. 
ഇന്ത്യ വർഗീയകലാപങ്ങളിലൂടെ കടന്നുപോയ ഇരുണ്ടദിനങ്ങളിൽ സൂഫിസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻതന്നെയാണ് ഹബീബ് ശ്രമിച്ചത്. സുൽത്താൻകാലത്തെ ചിഷ്തി മിസ്റ്റിക് രേഖകൾ’എന്ന പ്രബന്ധത്തിന്റെ ഉള്ളടക്കം തലക്കെട്ടിൽനിന്നുതന്നെ വ്യക്തമാണ്. ഈ വാല്യത്തിൽ എട്ടാമത്തെ പ്രബന്ധമായി ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ സൂഫിരേഖകളുടെ മൗലികതയെ സാക്ഷിപ്പെടുത്തുകയാണ് ഹബീബ് ചെയ്യുന്നത്. 1951ൽ ചൈന സന്ദർശിച്ച ഹബീബ് തന്റെ മുഹമ്മദ് ഗസ്നി എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് മാവോവിനാണ് സമർപ്പിച്ചത്. ഇന്ത്യൻ ഫ്യൂഡലിസത്തെക്കുറിച്ചുള്ള ആർ എസ് ശർമയുടെ പഠനവും മറ്റും വരുംമുമ്പ് ഹബീബ് നടത്തിയ ചില മൗലികനിരീക്ഷണങ്ങൾ ഇർഫാൻ ചൂണ്ടിക്കാട്ടുന്നുണ്ട്. സുൽത്താൻമാർ ജാതിവ്യവസ്ഥ അവഗണിച്ചതുകൊണ്ടാണ് അവർക്ക് ഒരു നഗരവിപ്ലവത്തിന് തിരികൊളുത്താനായതെന്ന് അദ്ദേഹം പറയുന്നു.  മധ്യകാല ഇന്ത്യയെക്കുറിച്ച് നിരന്തരം തെറ്റിദ്ധാരണ ഉൽപ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഹബീബിന്റെ പ്രതിഭാഷ നമുക്ക് വഴികാട്ടിയാകും.
പ്രധാന വാർത്തകൾ
 Top