25 May Saturday

ഒരു മുഖം ഒരുപാട് വർണങ്ങൾ

എം എസ്‌ അശോകൻUpdated: Sunday Feb 18, 2018

രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായി

രാധാകൃഷ്ണൻ നിവർത്തിവച്ച ക്യാൻവാസിനു മുന്നിൽ ഇരുന്നുകൊടുത്ത മുഖങ്ങളെല്ലാം ഒരുപാട് ജീവിതങ്ങളായാണ് എപ്പോഴും വർണമണിഞ്ഞിട്ടുള്ളത്. ക്യാൻവാസിൽ വരച്ചതിലേറെ പതിഞ്ഞത് ഹൃദയത്തിൽ. വർണങ്ങൾ വേർതിരിച്ചെടുക്കാനാകാത്ത വിധം സങ്കീർണ സങ്കലനത്തിലൂടെ ഉരുവായ ആ ചിത്രങ്ങളാണ് ചിത്രകലയിൽ വേറിട്ട വഴിതെളിച്ച് ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന രാധാകൃഷ്ണൻ എന്ന കലാകാരനെ വ്യത്യസ്തനാക്കുന്നത്. പത്താംവയസ്സിൽ ജ്യേഷ്ഠന്മാരുടെ വഴിയെ ചിത്രരചനയിൽ താൽപ്പര്യം തോന്നി തുടങ്ങിയതാണ്. 70ാം വയസ്സിലും ചിത്രകലയെ മാത്രം വരിച്ച് പുതിയ തലമുറയ്ക്ക് രചനാപാഠങ്ങൾ പകർന്നു നൽകിയും പുതിയ ചിത്രമാതൃകകൾ ചിന്തിച്ചും തുടരുന്നു രാധാകൃഷ്ണൻ.

പോർട്രെയിറ്റുകൾ വരച്ച് ജീവിതത്തെ അടുത്തുകണ്ടയാൾ എന്ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശി രാധാകൃഷ്ണനെ വിശേഷിപ്പിക്കാം.  പതിനായിരത്തിലേറെ പോർട്രെയിറ്റുകൾ വരച്ചുകഴിഞ്ഞു.  സഞ്ചാരത്തിൽ കൗതുകം തോന്നുന്ന മുഖങ്ങൾ ആ ജീവിതത്തിന്റെ തനിപ്പകർപ്പായിത്തന്നെ എണ്ണച്ചായത്തിൽ പകർത്തും. അങ്ങനെ വരച്ചതിൽ രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖർ മുതൽ തെരുവാധാരമായ നിസ്വർ വരെയുണ്ട്. ചിത്രങ്ങൾ പലപ്പോഴും മുഖം തന്നയാൾക്കുള്ള സമ്മാനമാണ്. രാഷ്ട്രപതിമാരും മുഖ്യമന്ത്രിമാരും ചലച്ചിത്രകാരന്മാരുമെല്ലാം അത്തരം വരകളിൽ കടന്നുവന്നിട്ടുണ്ട്. ഇ എം എസ് മുതൽ അബ്ദുൾ കലാം വരെയും നടൻ സത്യൻ മുതൽ മോഹൻലാൽ വരെയും എന്നുവേണമെങ്കിൽ ആ പട്ടികയെ ചുരുക്കി അവതരിപ്പിക്കാം. കൊടുത്തു പോയ ചിത്രങ്ങളുടെയെല്ലാം പകർപ്പ് രാധാകൃഷ്ണൻ സൂക്ഷിക്കുന്നു. അത്തരം പകർപ്പുകൾ ഉൾപ്പെടെ ആയിരത്തോളം പോർട്രെയിറ്റുകൾ ചേർത്ത് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ് രാധാകൃഷ്ണൻ.
പത്തുവയസ്സു മുതൽ ചിത്രരചന തുടങ്ങിയെന്നാണ് തന്റെ ചിത്രകലാ ജീവിതത്തെക്കുറിച്ചുള്ള രാധാകൃഷ്ണന്റെ മുഖവുര. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മേടയിൽ ഉണ്ണിത്താൻ, വി എം ബാലൻ എന്നിവർക്കു കീഴിൽ ചിത്രകല പരിശീലിച്ചു. പിന്നീട് ഗൗരവമായ ചിത്രരചന തുടർന്നത് ഇടയ്ക്ക് സിനിമാരംഗത്തെ ഡിസൈനിങ്ങിലേക്ക് വഴിതിരിഞ്ഞപ്പോഴാണ്. പോർട്രെയിറ്റ് രചനയിലേക്ക് കൂടുതൽ ശ്രദ്ധിച്ചത് എപ്പോഴെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും തന്റെ ജീവിതത്തെ കരുപ്പിടിപ്പിച്ച ജീവിത സന്ധികളിലെപ്പോഴോ ആണെന്ന് രാധാകൃഷ്ണനറിയാം. സംസ്ഥാനത്തുടനീളം അലഞ്ഞുതിരിഞ്ഞ് കണ്ട മുഖങ്ങൾ ക്യാൻവാസിലാക്കുമ്പോൾ 70‐ാം വയസ്സിലും തുടരുന്ന ജീവിതനിഷ്ഠകളുടെ വർണപാഠങ്ങൾ സ്വയം എടുത്തണിയുകയായിരുന്നു. ചിത്രകലയിൽ എന്ന പോലെ ജീവിതത്തിലും  ഒറ്റയാനായി ജീവിതം ആസ്വദിക്കുന്നു.  കലാജീവിതം വരദാനമാണെന്നു കരുതുന്ന രാധാകൃഷ്ണൻ പുതുതലമുറയിലെ കഴിവുറ്റവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ കലാക്ഷേത്ര എന്ന പേരിൽ സ്ഥാപനം നടത്തുന്നു. വാടകമുറിയിൽ പ്രവർത്തിച്ചിരുന്ന കലാക്ഷേത്രയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് മാറാനുള്ള രാധാകൃഷ്ണന്റെ അപേക്ഷ ചെവിക്കൊണ്ടത് എൽഡിഎഫ് സർക്കാരാണ്. കെട്ടിടവും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ അഞ്ചുലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. മൂന്നുനിലയിലായി കെട്ടിട നിർമാണം ഏറെക്കുറെ പൂർത്തിയായി. അതിന്റെ പെയിന്റിങ് ജോലി മാത്രമാണ് ബാക്കി. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കലാക്ഷേത്രയ്ക്ക് കൂടുതൽ ഉയരങ്ങൾ സമ്മാനിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് രാധാകൃഷ്ണൻ.
പ്രധാന വാർത്തകൾ
 Top