25 April Thursday

പാതിരാനിലാവിലെ പ്രണയക്കനവുകള്‍

കെ ഗിരീഷ്‌Updated: Sunday Sep 17, 2017

മിഡ്‌സമ്മർ നൈറ്റ്‌സ് ഡ്രീം എന്ന നാടകത്തിൽനിന്ന്‌

പ്രണയം പ്രണയിക്കാനുള്ളതുമാത്രമല്ല, തിരസ്‌കരിക്കാനുള്ളതുകൂടിയാണ്. പ്രണയം ആഹ്ലാദം മാത്രമല്ല, വിരഹവും വേദനയും പകയും കലാപവും കൂടിയാണ്. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എക്കാലത്തും ലോകം കീഴ്‌മേല്‍ മറിയുന്നുണ്ട്. പ്രണയിക്കുക എന്നത് ഓരോരോ കാലത്തെയും വ്യവസ്ഥകളെ വെല്ലുവിളിക്കല്‍കൂടിയാണ്. അവിടെ കുടുംബാധികാരം, വംശാധികാരം എല്ലാം വെല്ലുവിളിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് എക്കാലത്തും എല്ലാ കമിതാക്കള്‍ക്കും പ്രണയത്തിന്റെ ശത്രുക്കള്‍ക്കും അടിസ്ഥാനമായി ചില സ്വഭാവസവിശേഷതകളുള്ളത്, കാലവര്‍ഗ വ്യത്യാസത്തിനപ്പുറം ഇവരെല്ലാം ഒരേസ്വപ്‌നങ്ങള്‍ കാണുന്നവരാണ്. പ്രണയത്തിനും അതിന്റെ ആഴത്തിനും ഭാവരാഗത്തിനും ചില മാറ്റങ്ങളുണ്ട്. ചിലരില്‍ പ്രണയം ജാഗ്രത്താണ്, ചിലരില്‍ സ്വപ്‌നമാണ്. മറ്റു ചിലരിലാകട്ടെ അത് സുഷുപ്തിയാണ്. ഈയെല്ലാ തലങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നാടകമാണ് ഷേക്‌സ്പിയറിന്റെ വിഖ്യാതരചന മിഡ്‌സമ്മര്‍ നൈറ്റ്‌സ് ഡ്രീം. ഏറെക്കാലത്തിനുശേഷം ഈ നാടകത്തിന് മലയാളത്തില്‍ മികച്ച രംഗവ്യാഖ്യാനം നല്‍കിയിരിക്കുകയാണ് നവ്‌രംഗ് പാലക്കാട്.

നവ്‌രംഗിന്റെ മധ്യവേനല്‍ രാക്കിനാവ് പൂര്‍ണമായും ഷേക്‌സ്പീരിയന്‍ രചനയുടെ ആഴവും അര്‍ഥവും കണ്ടെത്തി. നാടോടി മിത്തുകളുടെ സ്വാധീനമുപയോഗിച്ച് പ്രണയത്തിന്റെ എല്ലാ അവസ്ഥാന്തരങ്ങളെയും തുറന്നുകാണിക്കുന്നു നാടകം.
മായാരൂപികള്‍, വിവിധ തലങ്ങളിലുള്ള മനുഷ്യര്‍ എന്നിവരെ സ്വപ്‌നസദൃശമായ അന്തരീക്ഷത്തില്‍ നിലാവ് നിറഞ്ഞ രാത്രിയില്‍ ഷേക്‌സ്പിയര്‍ കൊണ്ടുവന്നുനിര്‍ത്തുന്നുണ്ട്. രചനയുടെ ആ മാധുര്യം, മായികത, കിനാവിന് സദൃശമായ ലോകം എന്നിവ നഷ്ടമാകാതെ രംഗത്തെത്തിക്കാന്‍ നവ്‌രംഗിനായി.
 തീസ്യുസ്, ഹിപ്പോലിറ്റ, ഈജീയസ് എന്നിവരുടെ ദൈനംദിന ജീവിതവ്യാപാരങ്ങളുടെ ജാഗ്രത്തലം, സ്വപ്‌നലോകത്തിലേക്ക് വഴുതിവീണ് മായാജാലചലനം നടത്തുന്ന ടൈറ്റാനിയ, ബോത്തം, ലൈസാന്‍ഡര്‍ തുടങ്ങിയവരുടെ സ്വപ്‌നാടനതലം, ഹെര്‍മിയ, ഹെലീന തുടങ്ങിയവരുടെ വിഭ്രമാത്മകതയുടെ മൂന്നാംതലം എന്നിവയിലൂടെ ഒരു ചതുഷ്‌കോണപ്രണയത്തിന്റെ കഥയാണ് നാടകം പറയുന്നത്.
രംഗാര്‍ഭാടത്തിന്റെ വലിയ സാധ്യത രംഗാവതാരകര്‍ക്ക് തുറന്നുകൊടുക്കുന്ന രചനയെ ലളിതമായ രംഗഭാഷയിലൂടെ ശക്തമായിത്തന്നെ അവതരിപ്പിക്കാനായതാണ് നാടകത്തിന്റെ പ്രത്യേകത. കണ്ണന്‍ പാലക്കാടിന്റെ സംവിധാനം തീര്‍ത്തും നാടകത്തിന്റെ ഉള്ളുതുറക്കുന്നതായി. ജോസ് കോശിയുടേതാണ് ദീപസംവിധാനം. സംഗീതം ബേബി വടക്കാഞ്ചേരി, നിയന്ത്രണം വിദ്യ ഉണ്ണിക്കൃഷ്ണന്‍, ചമയം കൃഷ്ണന്‍കുട്ടി പുതുപ്പരിയാരം, കോസ്റ്റ്യും ഡിസൈന്‍ നസിയ നൈറ, സാക്ഷാല്‍ക്കാരം ഹൈസ്റ്റൈല്‍ ടെയ്്ലേഴ്‌സ്, രംഗോപകരണം മുരളിചന്ദ്ര, കോ ഓര്‍ഡിനേഷന്‍ ഷിജു ചന്ദ്രന്‍, നിര്‍മാണനിര്‍വഹണം ജയനാരായണന്‍.
വിഷ്ണുപ്രസാദ്, മാര്‍ട്ടിന്‍, യമുന ആനന്ദ്, ശ്യാം മണികണ്ഠന്‍, രമ്യ ആര്‍ മേനോന്‍, ദീപ്തി കാരാട്ട്, ഷിജു ചന്ദ്രന്‍, എം ജെ സാജു, മൃദുല, ഭുവനേഷ്, നിതീഷ് കൃഷ്ണ എന്നിവരാണ് അരങ്ങില്‍. അഥീന ഷൈജു, പവിത്ര, അതീതി, അഹമ്മദ് ഫിറോസ് എന്നിവര്‍ നൃത്തസംഘമായും മാനസ് അക്ബര്‍ അലി, ആന്‍ഡേഴ്‌സണ്‍, ഭരതന്‍ എന്നിവര്‍ നാടകസംഘമായും രംഗത്തെത്തി.

girish.natika@gmail.com

പ്രധാന വാർത്തകൾ
 Top