24 May Friday

ജീവിതങ്ങളിലേക്കുള്ള വരസഞ്ചാരം

എം എസ് അശോകൻUpdated: Sunday Sep 17, 2017

കെ എസ് പ്രസാദ്കുമാര്‍ വരച്ച ചിത്രം

പാലക്കാടിന്റെ അപരിചിതത്വത്തിലേക്ക് പറിച്ചുനടുമ്പോള്‍ കെ എസ് പ്രസാദ്കുമാര്‍ എന്ന ചിത്രകാരന്റെ രചനാലോകം കൂടുതല്‍ കാഴ്ചകളിലേക്കും ആവിഷ്‌കാരങ്ങളിലേക്കും വഴിതിരിയുകയാണ്. സ്വദേശമായ കോട്ടയത്ത് കണ്ടതിലും അറിഞ്ഞതിലും നിന്ന് വ്യത്യസ്തമായ ജീവിതമുഖങ്ങള്‍ പാലക്കാട്ടെ ആലത്തൂരിലും പരിസരത്തും കണ്ടുമുട്ടുന്നു. അതിന്റെ പ്രത്യക്ഷത്തില്‍നിന്ന് പിന്നിലേക്ക് നടക്കുമ്പോള്‍ സങ്കീര്‍ണമായ ജീവിതസന്ധികള്‍ തീര്‍ത്ത വരകളും വടിവുമൊക്കെ കണ്ടെത്താന്‍ രാഷ്ട്രീയധാരണകളുള്ള പ്രസാദിന്റെ ആവിഷ്‌കാരലോകത്തിന് പ്രയാസമില്ല.
പാലക്കാട് ആലത്തൂര്‍ എരുമയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് പ്രസാദ്. ഒരുവര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. മാവേലിക്കര രാജാരവിവര്‍മ കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍നിന്ന് ചിത്രകലാപഠനം നടത്തിയ ശേഷം പൂര്‍ണസമയ ചിത്രകാരനായി. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ഇന്‍സ്റ്റിറ്റ്യൂട്ടിലും വാഗമണിലെ ഡി സി കോളേജിലും ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും ഇക്കാലത്ത് ചിത്രകലാ അധ്യാപകനായി പ്രവര്‍ത്തിച്ചു.
പെന്‍സില്‍, ചാര്‍ക്കോള്‍, ജലച്ചായം തുടങ്ങിയ എല്ലാ മാധ്യമങ്ങളിലും രചന നടത്തുന്നു. പ്രസാദിന്റെ രചനകളിലെല്ലാം ഉറച്ച ജനപക്ഷരാഷ്ട്രീയത്തിന്റെ അടിയൊഴുക്ക് കാണാം. സ്വാതന്ത്രം പോലുള്ള പോപ്പുലര്‍ മുദ്രാവാക്യങ്ങളുടെ ആപേക്ഷിക അര്‍ഥ വ്യാഖ്യാനങ്ങളെ നിസ്വരുടെ പക്ഷത്തുനിന്ന് നോക്കിക്കാണുകയും തന്നിലേക്കുതന്നെ ആഴ്ന്നുപോകുന്ന കറുത്ത ചിരിയുടെ പരിഹാസത്തെ എടുത്തുകാണിക്കുകയുമാണ് അത്തരം ചിത്രങ്ങള്‍.

പാലക്കാട്ട് ചിത്രകലാ അധ്യാപകനായി എത്തിയശേഷം ചുറ്റും കാണുന്ന സാധാരണക്കാരുടെ മുഖങ്ങളാണ് കൂടുതലായി വരയ്ക്കുന്നത്. അതില്‍ കര്‍ഷകരും കൂലിപ്പണിക്കാരും യാചകരും കച്ചവടക്കാരും ഒക്കെയുണ്ട്. ആ മുഖങ്ങളിലൂടെ അവരുടെ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. മുഖങ്ങള്‍ അതേപടി പകര്‍ത്തുകയല്ല, അവരുടെ മുഖങ്ങളില്‍ കാലം ബാക്കിയിട്ട അടയാളങ്ങളിലൂടെ ദൈന്യജീവിതത്തിലേക്ക് സഞ്ചരിക്കുകയാണ്. വെളിച്ചവും വര്‍ണങ്ങളും അതനുസരിച്ച് ചിട്ടപ്പെടുത്തുകകൂടിയാകുമ്പോള്‍ കാഴ്ചക്കാരനിലേക്കും അത് ശക്തിയോടെ സന്നിവേശിക്കുന്നു. ഇത്തരം അനവധി പോര്‍ട്രെയ്റ്റുകള്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കോട്ടയത്തുനിന്ന് വന്നശേഷം പാലക്കാട്ട് കണ്ട ജീവിതവും പ്രകൃതിയും വരയ്ക്കാന്‍ കൂടുതല്‍ പ്രചോദനം തരുന്നതായി പ്രസാദ് പറഞ്ഞു. പാലക്കാട്ടുനിന്നുള്ള സ്‌കെച്ചുകളും വരകളുമൊക്കെ പ്രദര്‍ശിപ്പിക്കാനും പ്രസാദ് ആഗ്രഹിക്കുന്നു. കാഴ്ചക്കാരിലേക്ക് എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലുന്ന കൊളാഷുകളുടെ രചനയിലും പ്രസാദിന് താല്‍പ്പര്യമുണ്ട്. സമകാലം സമൂഹത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകളെയാണ് ഉന്നതമായ മാനവികതയുടെ ഭാഷ കരുപ്പിടിപ്പിച്ച ദൃശ്യബോധത്തോടെ കൊളാഷുകളില്‍ ആവിഷ്‌കരിക്കുന്നത്. ബംഗളൂരുവില്‍ കൊളാഷുകളുടെമാത്രം ഒരു പ്രദര്‍ശനം മുമ്പ് ഒരുക്കിയിട്ടുണ്ട്. പാലക്കാട്ടെ പ്രകൃതിയെ ജലച്ചായത്തില്‍ പകര്‍ത്താനും ആഗ്രഹിക്കുന്നു.
2015ല്‍ പ്രസാദ് ചെയ്ത ശില്‍പ്പത്തിന് കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗായത്രി.

msasokms@gmail.com

പ്രധാന വാർത്തകൾ
 Top