21 February Thursday

സഹോദരങ്ങളുടെ അനുരാഗ കരിക്കിന്‍ വെള്ളം

ഷംസുദീന്‍ കുട്ടോത്ത്Updated: Sunday Jul 17, 2016

ഖാലിദ് റഹ്മാന്‍

ഖാലിദ് റഹ്മാന്‍

അനുരാഗത്തിന്റെ വേവും മധുരവും മനോഹരമായി അവതരിപ്പിക്കുകയാണ് ഖാലിദ് റഹ്മാന്‍ സംവിധാനംചെയ്ത 'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രം. വമ്പന്‍ പടങ്ങള്‍ക്കൊപ്പം അവകാശവാദങ്ങളൊന്നുമില്ലാതെ തിയറ്ററിലെത്തിയ ഈ ചിത്രം, ഇതിനകം കുടുംബങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ക്യാമറാമാന്മാരായ ഷൈജു ഖാലിദിന്റെയും ജിംഷി ഖാലിദിന്റെയും ഇളയസഹോദരനായ ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാനസംരംഭമാണിത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.

കുടുംബം തിയറ്ററില്‍

നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരുപാടുപേര്‍ ഫോണില്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ അഭിപ്രായം അറിയിച്ചു. കുടുംബങ്ങള്‍ സിനിമ ഏറ്റെടുത്തു എന്നത് വലിയ അംഗീകാരമായി കരുതുന്നു. കുടുംബാംഗങ്ങളെ ഒരുപോലെ തിയറ്ററില്‍ സന്തോഷിപ്പിച്ചിരുത്തുക എന്നത് വലിയ പാടാണ്. പുതിയ കാലത്ത് അതൊരു വലിയ റിസ്കുള്ള കാര്യമാണ്. പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ശ്യാം പുഷ്കരന്‍, അനൂപ് കണ്ണന്‍ എന്നിവരൊക്കെ പടം കണ്ടിട്ട് വിളിച്ചിരുന്നു. എല്ലാവരും നല്ലത് പറയുമ്പോള്‍ സന്തോഷം തോന്നുന്നു.

തിരക്കഥ നായകന്‍

തിരക്കഥയാണ് ഈ സിനിമയിലെ താരം എന്നു പറയാം. നവീന്‍ ഭാസ്കര്‍ എഴുതിയ തിരക്കഥ സത്യസന്ധതയോടെ ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. പ്രണയത്തിന്റെ വേവും നോവുമൊക്കെ ശക്തമായി അവതരിപ്പിക്കുന്ന തിരക്കഥയായിരുന്നു അദ്ദേഹത്തിന്റേത്. ചിത്രത്തിന് ഇമ്പമുള്ള പേര് കൊടുത്തതും നവീന്‍ ഭാസ്കറാണ്. അദ്ദേഹം പേര് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെടുകയായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'എബിസിഡി' എന്ന സിനിമയില്‍ ഞാന്‍ സംവിധാനസഹായിയായി വര്‍ക്ക് ചെയ്തിരുന്നു. അവിടെവച്ചാണ് നവീന്‍ ചേട്ടനെ പരിചയപ്പെടുന്നത്. പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അങ്ങനെയാണ് ഈ സിനിമയില്‍ ഞങ്ങള്‍ എത്തുന്നത്.

കലാകുടുംബം

കുടുംബത്തില്‍ എല്ലാവരും കലയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. വാപ്പ ഖാലിദ് നാടകപ്രവര്‍ത്തകനായിരുന്നു. കെപിഎസിയുടെയും രാജന്‍ പി ദേവിന്റെയുമൊക്കെ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'അനുരാഗ കരിക്കിന്‍ വെള്ള'ത്തിലും ഒരു ചെറിയ റോളില്‍ ബാപ്പയുണ്ട്. കലാകാരനായതിലാകാം എല്ലാ പുതിയ ചിന്തകളെയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്റെ ജ്യേഷ്ഠസഹോദരങ്ങളായ ഷൈജു ഖാലിദും ജിംഷി ഖാലിദും ക്യാമറാമാന്മാരാണ്. ജിംഷിയാണ് ഈ ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തത്. ഞങ്ങള്‍ മൂന്നുപേരും സിനിമാപ്രവര്‍ത്തകരാകുന്നതില്‍ ബാപ്പയുടെ സ്വാധീനം ഏറെയാണ്.

ഡിഗ്രി കഴിഞ്ഞപ്പോഴാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. അന്‍വര്‍ റഷീദ്, അനില്‍ രാധാകൃഷ്ണമേനോന്‍, രാജീവ് രവി, മാര്‍ട്ടിന്‍ പ്രക്കാട്ട്, സിദ്ധാര്‍ഥ് ഭരതന്‍, അല്‍ത്താഫലി എന്നീ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.

ഫീല്‍ ഗുഡ് മൂവി

'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന സിനിമയെ ഒരു 'ഫീല്‍ ഗുഡ് വാച്ചബ്ള്‍ മൂവി'യെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അതില്‍ കൂടുതലൊന്നുമില്ല. ആ സെന്‍സില്‍തന്നെ പ്രേക്ഷകര്‍ ചിത്രം കാണുന്നു എന്നത് സന്തോഷകരമാണ്.

ബിജു മേനോനും ആസിഫും

ചിത്രത്തിന്റെ കഥയെക്കുറിച്ച് ചിന്തിച്ചപ്പോള്‍മുതല്‍ പ്രധാന കഥാപാത്രമായി ബിജു മേനോന്‍ മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനായി ആദ്യം മറ്റു ചിലരെ ആലോചിച്ചിരുന്നു. എന്നാല്‍, ആസിഫ് പറ്റിയ നടനാണെന്ന് തിരിച്ചറിഞ്ഞു. ആസിഫുമായി നേരത്തെ പരിചയമുണ്ട്. 'സപ്തമശ്രീ തസ്കരഃ' എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ മുതലുള്ള ബന്ധമുണ്ട്. ആസിഫിനോട് കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ എളുപ്പമായിരുന്നു.

ഷൂട്ടിങ് രസകരമായിരുന്നു. ടീമംഗങ്ങളെല്ലാം വളരെ അടുപ്പമുള്ളവരായതിനാല്‍ അപരിചിതത്വം തോന്നിയില്ല. എല്ലാവരും നല്ല സഹകരണമായിരുന്നു. ബിജു മേനോനും ആസിഫുമൊക്കെ അവരുടെ കഥാപാത്രങ്ങളെ ഉജ്വലമാക്കി. നടന്മാര്‍ക്ക് അവരുടെ രീതിയില്‍ ഡയലോഗ് പറയാനൊക്കെ സ്വാതന്ത്യ്രം കൊടുത്തിരുന്നു. അതൊക്കെ ഗുണമായി.

ചിത്രത്തിലെ നായിക രജില എന്റെ സുഹൃത്തും ടിവി അവതാരകയുമാണ്. അവള്‍ക്ക് ക്യാമറ പേടിയില്ലെന്ന് നന്നായി അറിയാമായിരുന്നു. രജിലയും നന്നായി അഭിനയിച്ചു.

നിര്‍മാണം പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മിച്ചത്. ആദ്യചിത്രം വലിയ നിര്‍മാണ കമ്പനി ഏറ്റെടുത്തു എന്നത് അഭിമാനമായി കാണുന്നു. നിര്‍മാതാക്കളില്‍ ഒരാളായ ഷാജി നടേശനോടാണ് കഥ പറഞ്ഞത്. നല്ല സമയമെടുത്താണ് കഥ അവതരിപ്പിച്ചത്. പിന്നീട് പൃഥ്വിരാജിനും കഥ ഇഷ്ടപ്പെടുകയായിരുന്നു.

ക്യാമറ, എഡിറ്റിങ്

സഹോദരനായതിനാല്‍തന്നെയാകാം എന്നെ നന്നായി അറിയുന്ന ആളാണ് ജിംഷി. നന്നായി ആശയവിനിമയം നടത്താനും പറ്റും. അതുകൊണ്ടുതന്നെ സംവിധായകന്‍ എന്ന നിലയില്‍ എനിക്കെന്താണ് വേണ്ടതെന്നത് ജിംഷിക്ക് അറിയാമായിരുന്നു. എഡിറ്റര്‍ നൌഫലിന്റെ സംഭാവനയും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്.

പുതിയ സിനിമ

ഇപ്പോള്‍ അങ്ങനെയൊരു ചിന്തയില്ല. നല്ല കഥയൊക്കെ വരുമ്പോള്‍ ആലോചിക്കും. ഏതെങ്കിലും സംവിധായകര്‍ വിളിച്ചാല്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്യാന്‍ തയ്യാറാണ്.

shamsudheen.p@gmail.com

പ്രധാന വാർത്തകൾ
 Top