20 March Wednesday

നദിയ നോക്കെത്തും ദൂരത്ത‌്

എ എസ‌് ജിബിനUpdated: Sunday Jun 17, 2018
നദിയ മൊയ‌്‌തു

നദിയ മൊയ‌്‌തു

‘‘ഈ കണ്ണാടി ഒരു പ്രത്യേക തരമാ... ഈ കണ്ണാടിക്ക് കോസ്മോഫിൽ എന്ന് പറയും. എന്റെ ഫ്രണ്ട് ഫിലാഡൽഫിയയിൽനിന്ന് കൊണ്ടുവന്നതാണ്. ഇത് വച്ചാൽ മനുഷ്യരിട്ടിരിക്കുന്ന ഡ്രസ്സുകളൊന്നും കാണില്ല, ശരീരം മാത്രമേ കാണുള്ളൂ... സാറ് ഇട്ടിരിക്കുന്ന ഡ്രസ്സ് ഒന്നും ഞാൻ കാണുന്നില്ല. ഓൺലി യുവർ ബോഡി, ഐ മീൻ ദി നേക്കഡ് ബോഡി’’.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട‌് എന്ന സിനിമയിൽ ഗേളിയുടെ ഈ ഡയലോഗിൽ ചമ്മിപ്പോകുന്ന ശ്രീകുമാറിനെ ഓർമയില്ലേ? നദിയ മൊയ‌്‌തുവിനൊപ്പമുള്ള മോഹൻലാലിന്റെ  രംഗം മലയാളികൾ എങ്ങനെ മറക്കും.
ഉയർത്തി ചുരുട്ടിക്കെട്ടിയ മുടിയും സൺഗ്ലാസ്സും വലിയ കമ്മലുമണിഞ്ഞ്  ഗേളിയായി പ്രേക്ഷകഹൃദയത്തിൽ സ്ഥാനംപിടിച്ച നദിയ മൊയ്തു  മോഹൻലാലിന്റെ നായികയായി വീണ്ടുമെത്തുന്നു, 33 വർഷങ്ങൾക്കുശേഷം. ബോളിവുഡ് സംവിധായകൻ അജോയ് വർമ സംവിധാനംചെയ്യുന്ന നീരാളിയിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ‌് ചിത്രത്തിലൂടെ  തിരിച്ചെത്തിയ നദിയ രണ്ടാംവരവിൽ  ഡബിൾസിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു  നദിയയുടെ 52‐ാമത്തെ ചിത്രമാണ് നീരാളി.   
 

സൂപ്പർ താരങ്ങളും ഞാനും (അന്നും ഇന്നും)

  പക്വതയില്ലാത്ത പ്രായത്തിലാണ് സിനിമയിലേക്കെത്തുന്നത്. 18‐19 വയസ്സുള്ളപ്പോൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു. അവർക്ക‌് സിനിമയോട് അങ്ങേയറ്റം ആത്മാർഥതയും പ്രതിബദ്ധതയുമുണ്ട‌്. പക്ഷേ ഞാൻ സിനിമയെ ഗൗരവത്തോടെയല്ല കണ്ടത്. എനിക്ക് സിനിമ  ഒരു രസം മാത്രമായിരുന്നു. അക്കാലത്ത് എനിക്കും അവർക്കുമിടയിൽ പൊതുവായ ഒന്നുംതന്നെയുണ്ടായിരുന്നില്ല.
ഇന്ന് ഞാൻ പക്വതയുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ അവർക്കൊപ്പം ഇടപെടാനും അഭിനയിക്കാനും എളുപ്പം പരസ്‌പരം സംസാരിക്കാനും പൊതുവായ വിഷയങ്ങൾ വന്നു.  സ്ത്രീയാണെന്ന കാരണത്താൽ അവരാരും എന്നെ മാറ്റിനിർത്തിയിട്ടില്ല. മെയിൽ ആർട്ടിസ്റ്റുകളോട് എങ്ങനെയാണോ പെരുമാറുന്നത്, എന്നോടും അതു പോലെതന്നെയാണ്  അവരുടെ
ഇടപെടൽ. 
 

സിനിമ അന്നും ഇന്നും

സാങ്കേതികമികവ് വർധിച്ചതോടെ  സിനിമയുടെ ചില വശങ്ങൾക്ക് വേഗംകൂടി. പക്ഷേ, ചിത്രീകരണത്തിന്റെ വേഗം കുറഞ്ഞു. മമ്മൂട്ടി നായകനായ ശ്യാമ 15 ദിവസത്തിലാണ‌് പൂർത്തിയായത്. ഇന്നത‌് ആലോചിക്കാൻ പറ്റില്ല.   ആദ്യചിത്രമായ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിൽ അഭിനയിക്കുമ്പോൾ സംവിധായകൻ എങ്ങനെയുള്ള വേഷമാണ് വേണ്ടതെന്ന് പറയും. ഇതിനായി വസ്ത്രങ്ങൾ ബോംബെയിൽ നിന്നു കൊണ്ടുവരും. ഇന്നതൊക്കെ മാറി. ഏറ്റവും വലിയ മാറ്റം സിനിമാസെറ്റിൽ  കൂടുതൽ ചെറുപ്പക്കാരുടെ സാന്നിധ്യമാണ‌്. അതുകൊണ്ടുതന്നെ  സെറ്റുകൾക്ക് പ്രത്യേക എനർജിയുണ്ട്.
 

മോഹൻലാൽ

നോക്കത്താ ദൂരത്ത് കണ്ണും നട്ട്  എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ അഞ്ചോ ആറോ ചിത്രങ്ങളിൽ നായകനായിരുന്നു.  ഇന്ന്  സൂപ്പർ താരമാണെങ്കിലും   ലാൽ എന്ന വ്യക്തിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.  വിനയം പിന്നെയും വർധിച്ചു. അതുകൊണ്ടുതന്നെ താര പദവിയുടെ  ജാടയുള്ളതായും തോന്നിയിട്ടില്ല.  എല്ലാവരോടും മാന്യമായി ഇടപെടുന്ന മോഹൻലാൽ സെറ്റിലെ എല്ലാവർക്കും കംഫർട്ട് സോൺ ആണ്.  
 

സെറീന മൊയ്തു v/ട നദിയ മൊയ്തു

പേര് മാറ്റിയപ്പോൾ വല്ലാത്ത കൺഫ്യൂഷനായിരുന്നു. സെറീന വഹാബ് അക്കാലത്ത് സിനിമയിൽ സജീവമായിരുന്നു. അതാണ് പേര് മാറ്റത്തിന് പിന്നിൽ. ദക്ഷിണേന്ത്യയിൽ നദിയ സെലിബ്രിറ്റിയായപ്പോൾ ബോംബെയിലും മറ്റും സാധാരണക്കാരിയായ സെറീന മൊയ്തുവായി തുടർന്നു.  പുറത്ത് എല്ലാവർക്കും ഞാൻ സെറീനയാണ്. അതു കൊണ്ടു തന്നെ പലരും ദക്ഷിണേന്ത്യയിൽ സെറീനയുടെ ഛായയുള്ള ഒരു നടിയുണ്ട്, നദിയ മൊയ്തുവെന്നാണ് പേര് എന്നൊക്കെ  പറയാറുണ്ട്.  
 

ഗേളിയുടെ ഹെയർ സ്റ്റൈൽ

ആ ഹെയർ സ്റ്റൈൽ ട്രെൻഡ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നീ എങ്ങനെ ആണോ  കോളേജിൽ പോകുന്നത് അങ്ങനെ  ഷൂട്ടിങ്ങിന് വരൂ എന്നായിരുന്നു സംവിധായകൻ ഫാസിലിന്റെ നിർദേശം. അതനുസരിച്ചാണ് മുടി അങ്ങനെ കെട്ടിയത്. അത് പെൺകുട്ടികൾ ഏറ്റെടുത്തു. അത് ഒരുപക്ഷേ ഗേളി എന്ന ചുറുചുറുക്കുള്ള പെൺകുട്ടിയോടുള്ള സ്നേഹം കൊണ്ടാകാം. ഗേളി ചെയ്യുന്നതെന്തും ആളുകൾക്ക് ഇഷ്ടമായിരുന്നു.  ഗേളിയിലൂടെയാണ് പ്രേക്ഷകർക്കുള്ളിൽ ഞാൻ സ്ഥാനം പിടിച്ചത്. അതുകൊണ്ടാണ് വർഷങ്ങളിത്ര കഴിഞ്ഞിട്ടും എന്നെ പ്രേക്ഷകർ മറക്കാത്തത്. 
 

വ്യാജപതിപ്പിനെതിരെ കർശന നിയമം വേണം

സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്നവർക്കെതിരെ ശക്തമായ നിലപാടെടുക്കണം. ഇതിന് കർശനമായ നിയമം നിർമിക്കുകയാണ് വേണ്ടത്. ഒരുപാട് പണം മുടക്കി ഒരുപാട്  ആളുകൾ കഷ്ടപ്പെട്ടാണ് സിനിമയുണ്ടാകുന്നത്.  സാങ്കേതികവിദ്യ ദുരുപയോഗപ്പെടുത്തി സിനിമയെ ഇല്ലാതാക്കുന്ന ഇത്തരം ശ്രമങ്ങൾ അനുവദിക്കരുത്. മൊബൈലും അതിന് ക്യാമറയും വന്നതോടെ സ്വകാര്യത ആഗ്രഹിക്കുന്നവർക്കുപോലും സ്വകാര്യത ലഭിക്കാത്ത സ്ഥിതിയായി. ഇതിനെല്ലാം നിയന്ത്രണം വേണം.
 

കാസ്റ്റിങ് കൗച്ച്? 

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഞാനത് നേരിട്ട് അറിഞ്ഞിട്ടില്ല. സിനിമയിൽ സ്ത്രീകളെ സാമ്പത്തികമായോ ലൈംഗികമായോ ചൂഷണംചെയ്ത് റോളുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് ശരിയല്ല. അത് ഒരുമിച്ചുനിന്ന് ശക്തമായി എതിർക്കണം.
 

മലയാള സിനിമ

ദക്ഷിണേന്ത്യയിൽ മികച്ച നിലവാരമാണ് മലയാള സിനിമയ്ക്കുള്ളത്. മികച്ച തിരക്കഥകളാണിവിടെ ഉണ്ടാകുന്നത്. ഓരോ സംസ്ഥാനത്തും വ്യത്യസ‌്‌തങ്ങളായ ഫോർമുലകളാണ് സിനിമയ്ക്കുള്ളത്. തെലുഗു കൊമേഴ്ഷ്യൽ സാധ്യതയാണ് പരിഗണിക്കുന്നത്. മലയാള സിനിമയുടെ ഫോർമുലകൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
 

സിനിമ തെരഞ്ഞെടുക്കുമ്പോൾ

മുഴുവൻ കഥ കേൾക്കാതെതന്നെ ചില സിനിമകൾ തെരഞ്ഞെടുക്കും. കഥാപാത്രത്തിന്റെ ആഴത്തിനനുസരിച്ചാണ് തെരഞ്ഞെടുപ്പ്. എന്റെ പ്രായമുള്ള സ്ത്രീകൾക്ക് സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കാനുള്ള അവസരങ്ങൾ കുറവാണ്. ടെലിവിഷനിൽ ധാരാളം അവസരവും ലഭിക്കും. ടെലിവിഷനോട് അത്ര താല്പര്യമില്ല. അതുകൊണ്ടുതന്നെ ആ മേഖലയിലെ അവസരങ്ങളോടും താൽപ്പര്യം കാണിക്കാറില്ല. പ്രേക്ഷകരെ സ്പർശിക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
 

സ്ത്രീകൾ സുരക്ഷിതരോ?

സിനിമാമേഖലയിലെന്നല്ല രാജ്യത്ത‌് ഒരിടത്തും സ്ത്രീകൾ സുരക്ഷിതരല്ല. അത് തിരിച്ചറിഞ്ഞ് മുൻകരുതലോടെ ജീവിക്കണം. ഇതിനർഥം സ്ത്രീകൾ പേടിച്ച് ജീവിക്കണമെന്നല്ല. സ്വതന്ത്രവ്യക്തിയായി ജീവിക്കാനുള്ള ആത്മവിശ്വാസം നേടുകയാണ് വേണ്ടത്. എവിടെയും സ്ത്രീകൾക്കുനേരെ അതിക്രമങ്ങൾ കടന്നുവരാം. 21ഉം 17ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ഞാൻ. അതിക്രമങ്ങൾ നടക്കുമെന്ന് മുന്നറിയിപ്പ് കൊടുക്കാനേ നമുക്ക് കഴിയൂ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാൻ സ്ത്രീകൾതന്നെ ആത്മവിശ്വാസം നേടണം.  
സ്ത്രീകളെ ബഹുമാനിക്കാൻ കുടുംബത്തിൽനിന്നാണ് പുരുഷൻ പഠിക്കേണ്ടത്. പുരുഷന് ലഭിക്കുന്ന ഓരോ അവസരത്തിനും സ്ത്രീക്കും  അർഹതയുണ്ടെന്ന വസ‌്‌തുത പുരുഷനും ഉൾക്കൊള്ളണം. 
സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തുന്ന സംഘടനകൾ സിനിമയിലും അനിവാര്യമാണ്. പത്തുപേർ ഒരുമിച്ചുനിന്ന് പ്രശ്നങ്ങൾ അവതരിപ്പിച്ചാൽമാത്രമേ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടുകയുള്ളൂ.
 

നീരാളിയിലേക്ക്

മോഹൻലാലിനൊപ്പം അഭിനയിക്കാൻ താൽ‌പ്പര്യമുണ്ടോയെന്ന് അണിയറപ്രവർത്തകർ ഫോൺ വിളിച്ചു. പിന്നീടവർ നേരിട്ടെത്തി. അങ്ങനെയാണ് നീരാളിയിൽ എത്തുന്നത്. മുംബൈയിലായിരുന്നു ചിത്രീകരണം. ആദ്യമായാണ് എന്റെ ഒരു സിനിമയുടെ ചിത്രീകരണം എന്റെ സ്വന്തം നഗരത്തിൽ നടക്കുന്നത്. അതിന്റെ  സന്തോഷമുണ്ടായിരുന്നു. മലയാളത്തിൽ ഡയലോഗ് പഠിക്കുമ്പോൾ മാത്രമാണ് ഇത് ഒരു മലയാള ചിത്രമാണെന്ന് തോന്നിയത്. മോഹൻലാലുമായി വളരെ കുറച്ച് കോമ്പിനേഷൻ സീനുകളാണുള്ളത്. ബാക്കിയെല്ലാം ഒറ്റയ്ക്കാണ് ചിത്രീകരിച്ചത്.
 jibinaas@gmail.com
 
പ്രധാന വാർത്തകൾ
 Top