16 February Saturday

ആഴങ്ങളെ ഓര്‍മിപ്പിക്കുന്ന ഘനനാദം

മുകുന്ദനുണ്ണിUpdated: Sunday Jun 17, 2018
മരണാനന്തരമാണ് (27 ഏപ്രിൽ 1984) കർണാട്ടിക‌് സംഗീതജ്ഞൻ എം ഡി രാമനാഥന് അർഹിക്കുന്ന അംഗീകാരം ലഭിച്ചത്.  ചിതറിക്കിടന്ന ആരാധകർ ദുഃഖവും നിരാശയും നിറഞ്ഞ അനുസ്മരണങ്ങളാൽ ഒരുമിച്ചു.  സംഗീതാസ്വാദകരായി തിരിച്ചറിയപ്പെട്ടവരോ  സംഗീതവുമായി അടുത്ത് പരിചയമുള്ളവരോ ആയിരുന്നില്ല ഏറെപ്പേർ. ചിലർ സംഗീതം സമം എംഡിആർ എന്ന സമവാക്യത്തിൽ ഉറച്ചുനിന്നവർ.  പാട്ടു കേൾക്കലിനപ്പുറത്തേക്ക‌് പടരുന്ന രാമനാഥഗാനത്തിന്റെ സാന്നിധ്യത്തെ മനോഹരമായ കൂട്ടിരിപ്പായി കരുതിയവരത്രെ പലരും.   
രാമനാഥസംഗീതത്തിലേക്ക‌് തിരിഞ്ഞവർ വ്യത്യസ‌്‌ത തുറകളിലുള്ളവരായിരുന്നു.  സച്ചിദാനന്ദന് കവിത പിറന്നു: 'രാമനാഥൻ പാടുമ്പോൾ.' ആ കവിത തൊടുത്തുവിട്ട പ്രചോദനം അനേകം എംഡിആർ ആസ്വാദകരെ സൃഷ്ടിച്ചു.  മാറ്റത്തിന്റെ ലഹരിയേറ്റവർക്കിടയിൽ രാമനാഥസംഗീതം കേൾക്കുക എന്നത് ഒരു ജീവിതശൈലിയായി. മന്ദ്രസ്ഥായിയിൽ ആകൃഷ്ടനായതുകൊണ്ടായിരിക്കാം ‘രാമനാഥൻ പാടുമ്പോൾ' എന്ന കവിതയിൽ സച്ചിദാനന്ദൻ ‘നാദത്തിന്റെ പൊന്മാൻ ചാടുന്ന'തിനെ ഭാവനംചെയ്തത്.  കുറേ കാലത്തിനു ശേഷം, അദ്ദേഹത്തിന്റെ മറ്റൊരു കവിതയിൽ, ആഴങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ഒരു പൊന്മാൻ പറന്നുപോയി.
സൗദാമിനി സിനിമ എടുത്തു; ‘പിതൃഛായ.' ആനയുടെ കാൽപ്പാദങ്ങൾ ഭൂമിയുടെ അകത്തേക്കു പതിയുന്ന പ്രതീതിയുമായി ബന്ധപ്പെടുത്തി മന്ദ്രസ്ഥായിയുടെ ഛായ സൃഷ്ടിക്കുന്നതിലൂടെയാണ് എംഡിആറിന്റെ സംഗീതത്തെ സൗദാമിനി  ചിത്രീകരിച്ചത്.  കുറഞ്ഞ ആവൃത്തിയുള്ള കീഴ്സ്ഥായി ശബ്ദം ഭൂമിയുടെ അടിയിലെത്തിയാൽ ആനയ‌്ക്ക‌് പാദസ്പർശത്തിലൂടെ കേൾക്കാനാകുമെന്ന അവരുടെ ധാരണയാണ്, എംഡിആർ പശ്ചാത്തലത്തിൽ പാടുമ്പോൾ, ആന നടക്കുന്ന ദൃശ്യം പകർത്താനുണ്ടായ പ്രേരണ. ‘അദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് നിർത്താൻ എനിക്ക് കഴിയുമായിരുന്നില്ല.  അദ്ദേഹം എന്നെ ബാധിക്കുകയായിരുന്നു. സിനിമ എടുത്തുകഴിഞ്ഞിട്ടും എനിക്ക് അദ്ദേഹത്തിൽനിന്ന് അകലാൻ കഴിഞ്ഞിട്ടില്ല,' രാമനാഥനെ സൗദാമിനി ഉൾക്കൊണ്ടത് അപ്രകാരമാണ് (Nicole Wolf, Make It Real - Documentary and Other Cinematic Experiments by Women in India (thesis), പുറം 173). പാട്ടിനെ മുറിക്കാൻ മനസ്സ് വരാതെ ആ സിനിമയിലെ ഓരോ കൃതിയും മുഴുനീള ആലാപനമായി. 
 
സംഗീതജ്ഞർക്കും എംഡിആറിന്റെ സംഗീതം അതീതമാനത്തിലാണ് അനുഭവപ്പെട്ടത്.  ‘രാമനാഥന്റെ സംഗീതം അനുന്മത്തവും ശാന്തവും സാന്ത്വനപ്രദവുമാണ്.   വേഗം കുറഞ്ഞ ആലാപനമായതുകൊണ്ട്  അദ്ദേഹത്തിന് സംഗീതത്തിൽ അന്വേഷിക്കാനും ആസ്വാദകർക്ക് കേൾക്കുകയും ആലോചിക്കുകയും ചെയ‌്‌തുകൊണ്ട് മുഴുകാനും സാവകാശം കിട്ടും.  അദ്ദേഹത്തിന്റെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം ചന്ദ്രപ്രഭ ചൊരിയുന്ന രാവിൽ പുഴയരികത്തിരിക്കുമ്പോഴുണ്ടാകുന്ന ആനന്ദംപോലെയാണ് (ബി വി രാമൻ & ബി വി ലക്ഷ്മൺ 'ശ്രുതി' എന്ന മാഗസിനിൽ എഴുതിയതിൽനിന്ന്).  വിവരണം സംഗീതത്തെക്കുറിച്ചല്ല. അനുഭൂതി ഉണർത്തിയ അനുഭവത്തെ കുറിച്ചാണ്.  സംഗീതേതരമായ അനുഭവവുമായാണ് രാമലക്ഷ്മണന്മാർക്കും തോന്നിയത്. 
എം ഡി ആറിന്റെ മകൻ സ്വന്തം ബ്ലോഗിൽ   അനുഭവം കുറിച്ചിട്ടുണ്ട്.  ‘‘ഫോട്ടോസ്റ്റാറ്റെടുക്കാൻ പോയപ്പോൾ അവിടെ അച്ഛന്റെ പാട്ട് വച്ചിട്ടുണ്ട്.  കടക്കാരൻ അവനോട് ചോദിച്ചു കർണാട്ടിക‌് സംഗീതം കേൾക്കാറുണ്ടോ എന്ന്.  മകനാണെന്ന കാര്യം തിരിച്ചറിയാൻ ഇട നൽകാതെ അവൻ, സൗമ്യമായി, ഇഷ്ടമാണ് എന്നു പറഞ്ഞു.  അപ്പോൾ കടക്കാരൻ പറഞ്ഞു, ‘എനിക്ക് സപ്തസ്വരങ്ങളും രാഗവും എന്താണെന്നറിയില്ല.  പക്ഷേ,  അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു വല്ലാത്ത ശാന്തി തോന്നും.' 
രാമനാഥൻ ഒരിക്കൽ ഒരു ശിഷ്യനെ ഉപദേശിച്ചു: ഹംസധ്വനി രാഗം പാടണമെങ്കിൽ ‘സ,രി,ഗ,പ,നി' (ഹംസധ്വനിയിലെ സ്വരങ്ങൾ) എന്നീ  സ്വരങ്ങളെ മറക്കണം.  സ്വരങ്ങൾക്കപ്പുറം പാടുമ്പോഴാണ് രാഗം ജനിക്കുക.  ഉയരത്തിൽ കയറാൻ ഏണി ഉപയോഗിക്കുന്നതുപോലെ.  കയറിക്കഴിഞ്ഞാൽ ഏണി താങ്ങി നടക്കേണ്ടതില്ല. ഈ ദർശനം സംഗീതത്തിൽ പകർത്തിയതുകൊണ്ടായിരിക്കാം രാമനാഥന്റെ സംഗീതം സംഗീതാതീതമായി അനുഭവപ്പെടുന്നത്.    
മുഖ്യധാരയിൽ കച്ചേരിയുടെ വേഗത്തിന‌് തീ പിടിച്ച കാലത്താണ് രാമനാഥൻ ഒഴുക്കിനെതിരെ വിളംബിത ഗതിയിൽ പാടിയത്.  അതുകൊണ്ട് ആസ്വാദകർ എണ്ണത്തിൽ കുറവായിരുന്നു.  നാലുപേരായാലും അവർക്കുവേണ്ടി എംഡിആർ മണിക്കൂറുകളോളം പാടും.  രാമനാഥൻ മൂന്നൂറിലധികം കൃതികൾ രചിച്ചിട്ടുണ്ട്.  ചില കൃതികൾ ഇപ്പോഴും കച്ചേരികളിൽ അവതരിപ്പിക്കുന്നുണ്ട്.  മിക്കതും സൂക്ഷിച്ചിട്ടില്ല.  അവയിൽ രസകരമായ ഒരു കൃതിയുടെ വരികൾ എങ്ങനെ നല്ല ഡികോക്ഷൻ കോഫി ഉണ്ടാക്കാം എന്ന് നിർദേശിക്കുന്ന പാചകവിധിയാണ്.
ചാനലുകളിൽ നാം കാണുന്ന റിയാലിറ്റി ഷോകളിലെ ജൂറിമാരിൽ ചിലർ കാണിക്കുന്ന അഹങ്കാരത്തിന്റെ നേർവിപരീതമാണ് എംഡിആറിൽ കാണുക.  ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിൽ ഒരു കച്ചേരി നടത്താൻ വേണ്ടി ക്ഷണിക്കാൻ പോയതിനെക്കുറിച്ച് രാഘവേന്ദ്ര വിവരിക്കുന്നുണ്ട് (‘ദ് മാജിക് ഓഫ് മ്യൂസിക്' ബിസിനസ‌് ലൈൻ, സെപ്തംബർ 15, 2003).  ‘‘രാവിലെ വീട്ടിൽ ചെന്നപ്പോൾ വഴി തെറ്റിയതോ (തന്നെ കച്ചേരിക്ക് വിളിക്കുകയോ) എന്ന ഭാവത്തിൽ എംഡിആർ ആദ്യം അത്ഭുതപ്പെടുകയാണുണ്ടായത്.  ദീർഘമായ സരസ സംഭാഷണത്തിനു ശേഷം കച്ചേരിക്കു പ്രതിഫലം എത്രയെന്ന് ചോദിച്ചപ്പോൾ ആർട്ടിസ്റ്റുകളല്ലേ... പണമുണ്ടാകില്ലല്ലോ... എന്നു പറഞ്ഞു വിഷമിച്ചു.  പിന്നെ ചിരിച്ചുകൊണ്ട്, ഒരു ഗ്രാമമാണെന്നല്ലേ പറഞ്ഞത്.  അവിടെ പശുക്കളൊക്കെ ഉണ്ടായിരിക്കും, ഇല്ലേ?  എന്നാൽ, ഒരു കാര്യം ചെയ്യൂ.  പാടുമ്പോൾ എന്റെ അരികിൽ ഒരു ജഗ‌് ചുടുപാലും ഹോർലിക്‌സും കുറച്ച് കൽക്കണ്ടവും വച്ചേക്കൂ.' അപ്പോൾ മകൻ ഐസ്‌ക്രീം വേണം എന്നു പറഞ്ഞു.  ‘എങ്കിൽ അവന്റെ മുഖം തുടയ്ക്കാൻ ഒരു തോർത്തും കരുതിക്കോളു.'  കഴിഞ്ഞു പ്രതിഫലം.’’ 
എം ഡി രാമനാഥൻ ഈ ലോകത്തോട് വിടപറയുമ്പോൾ, ശെമ്മങ്കുടി പറഞ്ഞു, 'സംഗീതലോകത്തിന് പുരുഷശബ്ദം നഷ്ടമായി.'

 

പ്രധാന വാർത്തകൾ
 Top