16 June Sunday

ഇടവഴിയിലെ പ്രേമവും നാട്ടുകാരും

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Feb 17, 2019

‘‘അറിഞ്ഞോ രാധയും രാജനും തമ്മിൽ പ്രേമം.'' എന്ന് മുമ്പൊക്കെ ഒരു വാർത്ത മറ്റേയാളെ അറിയിക്കുമ്പോഴുള്ള ഭാവഹാവാദികൾ ഒന്നു കാണണം. ഹിറ്റ‌്‌ലർ റഷ്യക്കെതിരെ യുദ്ധം  പ്രഖ്യാപിച്ചു എന്ന വാർത്ത പറയുന്നതിനുപോലും ഈയൊരു ഗൗരവം ഉണ്ടാകില്ല. പറഞ്ഞു പറഞ്ഞാണ് പലേടത്തും കല്യാണത്തിലെത്തേണ്ട പ്രണയങ്ങളെ ഒളിച്ചോട്ടമാക്കി മാറ്റുന്നത്

വർഷം അധികമായില്ല വാലന്റൈൻസ് ഡേ വലതുകാൽവച്ച് നമ്മുടെ നാട്ടിൽ വന്നിട്ട്. പക്ഷേ, ലേറ്റായാലും ലേറ്റസ്റ്റായിട്ടുള്ള വരവായിരുന്നു ആ വരവ്. ഒന്നൊന്നര വരവ്. വന്നു കണ്ടു കീഴടക്കി. ചുരുങ്ങിയ കാലംകൊണ്ട് വൻ വളർച്ചനിരക്കല്ലേ മറ്റ് ഡേകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാ.ഡേ അടിച്ചെടുത്തുകളഞ്ഞത്. വാലന്റൈൻസ് ഡേയുടെ തേരോട്ടത്തിൽ മറ്റുപല പരമ്പരാഗത ഡേകളുടെയും ആധിപത്യം തകർന്നുപോയി. ഫാദേഴ്സ് ഡേയും മദേഴ്സ് ഡേയുമൊക്കെ വെറും സെന്റിമെന്റൽ ഡേ മാത്രമായിപ്പോയി. അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു സെൽഫി. അതിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. തീർന്നു. അതുപോലെതന്നെയാണ് മറ്റുപല ഡേകളും.

പക്ഷേ, വാലന്റൈൻസ് ഡേ അങ്ങനെയാണോ? എന്തെന്ത് വ്യാവസായികമേഖലകളെയാണ് വാലന്റൈൻസ് ഡേ സജീവമാക്കുന്നത്. ചോക്ലേറ്റ് വിപണിയിൽ ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലെ വിറ്റുവരവ് മറ്റൊരു ദിവസവും കിട്ടുന്നില്ലെന്നല്ലേ കണക്കുകൾ. അതുപോലെ ഐസ‌്ക്രീം വിപണി. ഹോട്ടലുകളിൽ പ്രണയജോഡികൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ. ജുവല്ലറികളിൽ വാലന്റൈൻസ് ഡിസൈൻ ആഭരണങ്ങളുടെ വിൽപ്പനമേള. അങ്ങനെ പ്രണയം സാമ്പത്തികമേഖലയെയും സാമ്പത്തികമേഖല പ്രണയത്തെയും പിന്തുണച്ച് പരസ്പരപൂരകമായി മുന്നേറുമ്പോൾ വളർച്ച സ്വാഭാവികം. പ്രണയം അറിയൽ, പ്രണയം പറയൽ, പ്രണയിപ്പിക്കൽ, പ്രണയം അഭ്യർഥിക്കൽ, പ്രൊപ്പോസ് ചെയ്യൽ അങ്ങനെ പ്രണയത്തിന്റെ എന്തെന്ത‌് ഉൾപ്പിരിവുകളാണ് ഫെബ്രുവരി 14ന് നടക്കുന്നത്. (പത്രാധിപർ ഒരു കാര്യം വിട്ടുപോയി. പ്രണയത്തെക്കുറിച്ച് ലേഖനമെഴുതൽ. അതും ഒരു ബിസിനസ്സാണ്).

ഒളിമ്പിക്സ് അവസാനിക്കുന്നില്ല എന്നുപറയുമല്ലോ. ഒളിമ്പിക്സ് മത്സരം കഴിഞ്ഞാൽ അടുത്തദിവസംമുതൽ അടുത്ത ഒളിമ്പിക്സിന് തയ്യാറെടുപ്പാണ്. അതുപോലെയാണ് വാലന്റൈൻസ് ഡേയും. അന്ന് രാത്രി പന്ത്രണ്ടുമണി കഴിഞ്ഞ് സൂചി നീങ്ങിയാൽ അടുത്ത ഫെബ്രുവരി പതിനാലിനുള്ള കാത്തിരിപ്പാണ് (വാട‌്സാപ്പിൽ കണ്ടത്: പ്രണയം അഭ്യർഥിക്കാൻ ഏറ്റവും നല്ല ദിവസം ഫെബ്രുവരി 14 അല്ല. ഏപ്രിൽ ഒന്നാണത്രേ. അവൾ പ്രേമം നിരസിച്ചാലും ‘‘അയ്യേ പറ്റിച്ചേ... പറ്റിച്ചേ... ഏപ്രിൽ ഫൂൾ'' എന്നും പറഞ്ഞ് രക്ഷപ്പെടാൻ പറ്റുമത്രെ). പ്രണയകാലമൊക്കെ എത്രയോമുമ്പേ കഴിഞ്ഞുപോയ ലേഖകന് പ്രണയത്തെക്കുറിച്ച് ഓർമിക്കാൻ പറ്റുന്ന സമയവുമാണ് വാലന്റൈൻസ് ഡേക്കാലം (പ്രണയത്തിന് പ്രായമില്ല എന്നൊക്കെ സാഹിത്യത്തിൽ പറയുന്നുണ്ട്. അത് ശരിയുമാണ്. പക്ഷേ, വീട്ടുകാരുംകൂടി അതൊന്നു സമ്മതിച്ചുതരണ്ടേ).

ഇടവഴികൾ

പണ്ടുകാലത്തെ പ്രധാന പ്രണയപരിസരം ഇടവഴികളായിരുന്നു. വിജനമായ നാട്ടിടവഴികളിൽ അവൻ അവളെ കാത്തുനിൽക്കും. ‘കത്തുകൊടുപ്പ്' എന്ന പേരിൽ പ്രസിദ്ധമായ പ്രണയലേഖന കൈമാറ്റം ഇത്തരം ഇടവഴികളിലാണ് സംഭവിക്കുന്നത്. കാമുകന്റെ നെഞ്ചിടിപ്പൊക്കെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ കേൾക്കാം. അവൾ ടൈപ്പ് കഴിഞ്ഞ് വരുന്ന സമയം നോക്കിയാണ് പോക്കറ്റിൽ കത്തുമിട്ട് നട്ടവെയിലത്തൊക്കെ അങ്ങനെ കറങ്ങിനിൽക്കുന്നത് (കാമുകന് എന്ത് വെയിൽ; എന്ത് മഴ. അവൾക്കുവേണ്ടി ഏത് പേമാരിയും പ്രശ്നമില്ല എന്നുപറയുന്ന നായകനാണ്, വിവാഹശേഷം, അതേ നായിക എന്തെങ്കിലും ഒരാവശ്യം പറഞ്ഞാൽ, ‘‘മഴക്കാറുണ്ട്, മഴ നനഞ്ഞാൽ ജലദോഷമടിക്കും. നാളെയാകട്ടെ'' എന്ന് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞുകളയുന്നത്). അങ്ങനെ നിൽക്കുമ്പോൾ അതാ വരുന്നു മാധവൻ മാമൻ. അങ്ങേർ കുശലംപറഞ്ഞ് നിൽക്കുകയാണ്. ഇതിനിടയിൽ നായിക വരുന്നു. അന്നത്തെ ദൗത്യം പരാജയം. 

ഇന്ന്എന്ത് കത്തുകൊടുപ്പ്? എന്ത് ഇടവഴി? ഒന്നാമത് നാടുമുഴുവൻ നാലുവരിപ്പാതയായി. പ്രണയത്തിൽ കാരണവരെയും വീട്ടുകാരെയും പേടിക്കൽ എന്ന ഘടകവും മാഞ്ഞു. പലേടത്തും തന്റെ പ്രണയം ആദ്യം അറിയിക്കുന്നത് രക്ഷാകർത്താക്കളോടാണ്. മകൾ അമ്മയോടും മകൻ അച്ഛനോടുമൊക്കെ ഒടുക്കത്തെ കമ്പനിയല്ലേ? ‘‘ടീ നീ ഒരു സെൽഫി ഇട്. അച്ഛനേം അമ്മേം കാണിക്കാനാ.'' എന്നൊക്കെ അച്ഛനമ്മമാരുടെ മുന്നിലിരുന്നുതന്നെ കാര്യങ്ങൾ ഓപ്പറേറ്റ് ചെയ്യും.

അമ്മ ഇടപെട്ട് സക്സസ് ആക്കിയ പ്രണയകഥ ഈയിടെ കേട്ടു. അമ്മയാണ് മകനോട് പറയുന്നത് ഞാൻ ഇന്ന് ഇന്ന കോളേജിൽ ഒരു പെൺകുട്ടിയെ കണ്ടു. സുന്ദരി. നിനക്ക് അവളെ പ്രേമിച്ച് കല്യാണം കഴിച്ചുകൂടെ? അവൻ പ്രേമിച്ചു. കല്യാണം കഴിച്ചു. വിവാഹദിവസം അവൻ അമ്മയോട് തന്റെ കൃതജ്ഞത അറിയിച്ചു. അമ്മയെപ്പോലെ ഒരമ്മയെ ആർക്കുകിട്ടും. അപ്പോൾ അമ്മ പറയുകാണ് ‘‘മുമ്പൊരിക്കൽ ഞാൻ ബസിൽവച്ചാ മോളെ കണ്ടത്. മുതിർന്ന ഞാൻ സീറ്റില്ലാതെ നിന്നിട്ടും എനിക്കുവേണ്ടി സീറ്റൊഴിഞ്ഞുതന്നില്ല. അന്നേ മനസ്സിൽ കുറിച്ചതാ. എന്റെ മരുമകളായി വീട്ടിൽ കൊണ്ടുവന്ന് എന്റെ മുന്നിൽ എണീപ്പിച്ചുനിർത്തുമെന്ന്.'' പ്രണയത്തെ സംബന്ധിച്ച് ഇങ്ങനെ രസക്കഥകളുമുണ്ട് ഇഷ്ടംപോലെ.

സിനിമാ പ്രേമം‐സീരിയൽ പ്രേമം

നിത്യജീവിതത്തിലെ പ്രണയം പോലെയല്ല സിനിമയിലെ പ്രണയം. അതിൽ പാട്ട് മസ്റ്റാണ്. പാട്ടിന് പന്ത്രണ്ടുവരി ആയിരിക്കണം. പശ്ചാത്തലസംഗീതവും വേണം (ലേഖകൻ എഴുതുന്നതുൾപ്പെടെ ഒട്ടുമുക്കാൽ സിനിമകൾക്കും ഇത് നിർബന്ധമാണ്). വില്ലൻ വേണം. നായകൻ പ്രേമിക്കുന്ന പെണ്ണിനെത്തന്നെ തനിക്കും വേണമെന്നതാണ് വില്ലന്റെ നിലപാട്. എന്ത് അന്യായമാണിത്. നാട്ടിൽ ഇഷ്ടംപോലെ പെൺകുട്ടികളുണ്ട്. അവരിൽ ആരുടെയെങ്കിലും ഹൃദയത്തിലേക്ക് കയറിക്കൂടാൻ നോക്കാതെ നായകന്റെ പെണ്ണിനെത്തന്നെ വേണമെന്ന് വാശിപിടിക്കൽ എന്ത് കഷ്ടമാണ്. സിനിമയിൽ പ്രണയ വില്ലന്മാരെക്കാൾ നായകന് അനുഭാവം അധോലോക വില്ലന്മാരോടാണ്. എന്ത് മാന്യന്മാരാണവർ. അവരായി അവരുടെ എകെ 47 തോക്കായി, സ്വർണം കടത്തായി, കണ്ടെയ്നറുകളിൽ കള്ളനോട്ട് കടത്തായി, രാജ്യാന്തര യാത്രകളായി.... അല്ലാതെ ഇന്നാർ പ്രേമിക്കുന്ന പെണ്ണിനെത്തന്നെ വേണമെന്ന ശപഥമൊന്നും അവർക്കില്ല. സിനിമയിൽ വില്ലന്റെ സ്ഥാനം സീരിയലിൽ വില്ലികൾക്കാണ്. നായിക പ്രേമിക്കുന്ന പുരുഷനെ തട്ടിയെടുക്കാൻ ശ്രമിക്കുക എന്ന ഡ്യൂട്ടിയാണ് അവർക്ക്. സിനിമയിൽ വില്ലന്മാർക്ക് അനുചരർ സഹായത്തിനുണ്ടെങ്കിൽ സീരിയലിൽ അമ്മയും ചിറ്റമ്മയുമൊക്കെയാണ് സഹായികൾ. നാട്ടിൽ എത്രയോ സദ്ഗുണസമ്പന്നർ വേറെയുണ്ടെങ്കിലും നായികയുടെ നായകനെത്തന്നെ വേണം വില്ലത്തിക്കും.

നാട്ടുകാർ

കേട്ടോ സാറെ, നാട്ടുകാരെ കുറ്റം പറയുകയാണെന്ന് കരുതരുത്. പല പ്രണയങ്ങളിലും നാട്ടുകാർ പ്രേമിക്കുന്നവർക്ക് എതിരായി നിൽക്കുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഒരു പ്രണയം വിജയിപ്പിക്കാൻ പരിശ്രമിക്കുന്ന നാട്ടുകാരെ ഒരു നാട്ടിലും അങ്ങനെയങ്ങ് കണ്ടിട്ടില്ല. ‘‘അറിഞ്ഞോ രാധയും രാജനും തമ്മിൽ പ്രേമം.'' എന്ന് മുമ്പൊക്കെ ഒരു വാർത്ത മറ്റേയാളെ അറിയിക്കുമ്പോഴുള്ള ഭാവഹാവാദികൾ ഒന്നു കാണണം. ഹിറ്റ‌്‌ലർ റഷ്യക്കെതിരെ യുദ്ധം  പ്രഖ്യാപിച്ചു എന്ന വാർത്ത പറയുന്നതിനുപോലും ഈയൊരു ഗൗരവം ഉണ്ടാകില്ല. രണ്ടുകൂട്ടരുടെയും ബന്ധുക്കളുടെ ചെവിയിൽ വാർത്ത എത്തിക്കുന്നതിൽ കാണിക്കുന്ന ഉത്സാഹം സ്വന്തം ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ ആൾ ഇപ്പോൾ എവിടെ എത്തേണ്ടതാണ്. ‘‘പ്രണയം എന്നത് പ്രകൃതിയുടെ ഒരു ഭാവമാണ്. അതുകൊണ്ട് ആ പിള്ളേരുടെ പ്രേമം വിവാഹത്തിലെത്തിച്ചുകൊടുക്കാം.'' എന്ന് ഒരു നാട്ടുകാരും മുൻകൈയെടുക്കാറില്ല. നാട്ടുകാർ കാരണമാണ് പണ്ടുകാലത്ത് മാർഗത്തെ ആശ്രയിക്കേണ്ടിയൊക്കെ വന്നിട്ടുള്ളത്. പറഞ്ഞുപറഞ്ഞ് ഭ്രാന്തനാക്കുക എന്നതുപോലെ പറഞ്ഞുപറഞ്ഞാണ് പലേടത്തും കല്യാണത്തിലെത്തേണ്ട പ്രണയങ്ങളെ ഒളിച്ചോട്ടമായി മാറ്റുന്നത്.

പ്രണയം

എത്ര പോസിറ്റീവായ വാക്കാണ്. പക്ഷേ, എഴുതിയും പറഞ്ഞും അതിപ്പോൾ ആണും പെണ്ണും തമ്മിലുള്ള അടുപ്പം മാത്രമായിപ്പോയി. ഏറ്റവും സുന്ദരമായ പ്രണയം ജീവിതത്തോടുള്ള പ്രണയമല്ലേ സാർ. അവനവനോട് പ്രണയം. അവൻ ജീവിക്കുന്ന ചുറ്റുപാടിനോട് പ്രണയം, ഭൂമിയോട്, കാറ്റിനോട്, ജലത്തോട് ഒക്കെ പ്രണയം വന്നാൽ സങ്കുചിത ചിന്തകളൊക്കെയങ്ങ് പോകും. ഭൂമിയും പ്രകൃതിയും തനിക്കുവേണ്ടി മാത്രമല്ല എന്ന ചിന്തവരും. അപ്പോഴാണ് വാലന്റൈൻസ് ഡേ എന്നത്, കാമുകിയോടും കാമുകനോടുമുള്ള പ്രണയം ഭൂമിയോടും ഇവിടത്തെ സമസ്ത ജീവജാലങ്ങളോടുമുള്ള പ്രണയംകൂടിയാണെന്ന തോന്നൽ വരുന്നത്.

പ്രധാന വാർത്തകൾ
 Top