25 May Saturday

ധാക്കയില്‍ വീണ ചോര

ഷിജൂഖാന്‍Updated: Sunday Feb 17, 2019

ധാക്കയിലെ ഫെബ്രുവരി 21 പ്രക്ഷോഭത്തിന്റെ സ്‌മാരകമായ ശഹീദ്‌ മിനാർ

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം. മാതൃഭാഷ സംസാരിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ചോര 1952 ഫെബ്രുവരി 21ന‌്  ധാക്കയുടെ തെരുവില്‍ പുഴപോലെയാണ് ഒഴുകിയത്

എന്റെ സഹോദരങ്ങളുടെ രക്തം ചിന്തിയ ഫെബ്രുവരി 21 എന്നപേരിൽ ഒരു കവിതയുണ്ട്. പ്രമുഖ ബംഗ്ലാദേശ് പത്രപ്രവർത്തകനും കവിയുമായ അബ്ദുൾ ഗഫർ ചൗധരിയാണ് രചയിതാവ്. ആ കവിതയുടെ പേരിലാണ് പിൽക്കാലത്ത് അദ്ദേഹം അറിയപ്പെട്ടത്. 

ചെവികളിൽനിന്ന് ചെവികളിലേക്ക് കൊടുങ്കാറ്റ് പോലെ ആഞ്ഞുപതിക്കുന്ന കവിത. ലക്ഷക്കണക്കിന് മനുഷ്യർ ഒരുമിച്ച് വിളിക്കുന്ന മുദ്രാവാക്യംപോലെ ദൃഢമാണ് വരികൾ. കിഴക്കൻ പാകിസ്ഥാനിൽ (ഇന്ന് ബംഗ്ലാദേശ്)  നടന്ന ഭാഷാ സമരങ്ങളുടെ ഏറ്റവും തീക്ഷ്ണമായ ഒരധ്യായമാണ് ഫെബ്രുവരി 21 ഓർമിപ്പിക്കുന്നത്. 

 സഹോദര സ്നേഹത്തിന്റെ ചുവപ്പിൽ കുളിച്ച ദിനം. മക്കളെ നഷ്ടപ്പെട്ട നൂറുകണക്കിന് അമ്മമാരുടെ കണ്ണീരുപുരണ്ട ദിനം. ധാക്ക സർവകലാശാലയിലെ ശഹീദ് മിനാർ ആ ദിവസത്തിന്റെ സ്മാരകമാണ‌്. 

ഇതിഹാസ് അക്കാദമി സംഘടിപ്പിച്ച ചരിത്രപൈതൃക സമ്മേളനത്തിൽ പങ്കെടുക്കൻ ധാക്കയിൽ എത്തിയപ്പോഴാണ് രണ്ടുവർഷം മുമ്പൊരു ഫെബ്രുവരി 21നു ശഹീദ് മിനാറിൽ പുഷ്പചക്രമർപ്പിച്ചത‌്.  നഗരം മുഴുവൻ സുരക്ഷാ സൈനികരുണ്ട്. വലിയ ബാനറുകൾ, കൊടിതോരണങ്ങൾ നഗരത്തെ പൊതിഞ്ഞിരിക്കുന്നു. കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, യുവതീ‐യുവാക്കൾ, വൃദ്ധർ തുടങ്ങി എല്ലാവരുമുണ്ട്. വ്യത്യസ്ത സംഘടനകൾ, പതാകകൾ, മുദ്രാവാക്യങ്ങൾ എന്നിവ അന്തരീക്ഷത്തെ വികാര തീവ്രമാക്കുന്നു. ശഹീദ് മിനാറിലേക്കുള്ള വഴികൾ നിറഞ്ഞിരിക്കുന്നു. നമ്മുടെ റിപ്പബ്ലിക് ദിനചാരണത്തിനു സമാനമായ സന്നാഹം.  മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അതിർത്തികളില്ലാതെ, അമ്മ ഭാഷയായ ബംഗാളിയെ മാറോടു ചേർത്തുപിടിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ബംഗ്ലാജനത ഈ ദിനത്തിൽ.

ഭാഷാസമരം

പാകിസ്ഥാൻ സൈന്യത്തിനെതിരെ പൊരുതി മുന്നേറിയ ജനതയുടെ ആത്മവീര്യം ഈ സ്മാരകങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. വിഭജനത്തെ തുടർന്ന് ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും ദിശയിലാണ് പുതിയ രാഷ്ട്രം പിറവി കൊണ്ടത്. ബംഗാളിലെ കിഴക്കൻ പ്രദേശങ്ങളും പാകിസ്ഥാന് നൽകി. ഔദ്യോഗിക തലസ്ഥാനമായ കറാച്ചിയിൽനിന്ന് കിഴക്കൻ പ്രവിശ്യയുടെ കേന്ദ്രമായ ധാക്കയിലേക്ക് 1600 കി.മീ. ഭാഷ, സംസ്കാരം, ജീവിതരീതികൾ തുടങ്ങിയ കാര്യങ്ങളിൽ കിഴക്കും പടിഞ്ഞാറും തമ്മിൽ വലിയ വ്യത്യാസം നിലനിന്നു. സർവ അധികാരങ്ങളുടെയും കേന്ദ്രം പടിഞ്ഞാറൻ മേഖലയായിരുന്നു. പാകിസ്ഥാന്റെ ഔദ്യോഗിക ദേശീയ ഭാഷയായി ഉറുദു അംഗീകരിക്കപ്പെട്ടതോടെ, ബംഗാളി സംസാരിക്കുന്ന ജനത ഉണർന്നെഴുന്നേറ്റു. ശക്തമായ ഭാഷാ സമരങ്ങൾക്ക‌് സാക്ഷ്യംവഹിച്ചു. ബംഗാളി ഭാഷയ്ക്ക് ഔദ്യോഗിക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശക്തിപ്പെട്ടു. 

പാകിസ്ഥാൻ രൂപീകരിച്ച് ഒരുവർഷം കഴിയുമ്പോൾ തന്നെ ബംഗാളി ഭാഷയ്ക്കുവേണ്ടി കലാലയ വിദ്യാർഥികൾ പ്രക്ഷോഭം തുടങ്ങി. വിദ്യാഭ്യാസ‐തൊഴിൽ രംഗത്തുനിന്ന് മാതൃഭാഷ അവഗണിക്കപ്പെട്ടത് അവരെ രോഷാകുലരാക്കി. പ്രധാന സമരകേന്ദ്രം ധാക്ക സർവകലാശാലയായിരുന്നു. രാജ്യത്ത് ഉറുദു ഭാഷ മാത്രം മതിയെന്നായിരുന്നു പാകിസ്ഥാന്റെ തീരുമാനം.  വിവിധ രാഷ്ട്രീയ കക്ഷികളും ബഹുജനങ്ങളും ഭാഷാസ്നേഹികളും ഐക്യപ്രസ്ഥാനമുണ്ടാക്കി. പാകിസ്ഥാൻ നയത്തിനെതിരെ, 1952 ഫെബ്രുവരി 21നു കിഴക്കൻ മേഖലയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ധാക്ക യൂണിവേഴ്സിറ്റി വളഞ്ഞു. പിൽക്കാലത്ത് ലോകചരിത്രത്തിൽ പതിഞ്ഞ ഏറ്റവും മഹത്തായ വിദ്യാർഥി പ്രകടനം ഫെബ്രുവരി 21നു ധാക്ക സർവകലാശാലയിൽനിന്ന് പുറപ്പെട്ടു. 

ബംഗാളി ഭാഷയെ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് അവർ വിളിച്ചുപറഞ്ഞു. തോക്കുകൾക്കും പീരങ്കികൾക്കും സുരക്ഷാ കവചങ്ങൾക്കും നടുവിലൂടെ നിയമസഭാ കവാടത്തിലേക്ക് മാർച്ച് ചെയ്തു. തുടർന്ന് ക്രൂരമായ പൊലീസ് അതിക്രമം അരങ്ങേറി. ഫെബ്രുവരി 21 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാർഥി സമരത്തിന്റെ പര്യായമായി. തുടർന്നുള്ള ദിവസങ്ങളിൽ ധാക്ക നഗരം പ്രതിഷേധംകൊണ്ട് ഇളകിമറിഞ്ഞു. ആയിരങ്ങൾ ജയിലിലടയ‌്ക്കപ്പെട്ടു. ശക്തമായ സമരങ്ങളുടെയും ജനകീയ ഇടപെടലുകളുടെയും ഫലമായി 1956ൽ ബംഗാളി ഭാഷയെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ പാകിസ്ഥാൻ നിർബന്ധിതമായി. ബംഗ്ലാ  ജനത മാതൃഭാഷയ്ക്കു വേണ്ടിയുള്ള ദേശീയ ദിനമായി ഫെബ്രുവരി 21 നെ ആചരിച്ചുവരികയായിരുന്നു. രണ്ടായിരാമാണ്ട് മുതൽ ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചു. 

ഭാഷാ സമരങ്ങളുടെ തുടർച്ചയിലാണ് സ്വന്തമായി ഒരു രാജ്യമെന്ന വികാരം കിഴക്കൻ മേഖലയിൽ ശക്തിപ്പെടുന്നത്.  അതാണ് ബംഗ്ലാദേശ് വിമോചനസമരത്തിന് ശക്തിപകർന്നത്. ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ച ജനത ഒടുവിൽ പാക‌്  സൈന്യത്തെ പരാജയപ്പെടുത്തി. 1971 ഡിസംബർ 16നു ഭൂപടത്തിൽ പുതിയൊരു രാഷ്ട്രം പിറവിയെടുത്തു–- ബംഗ്ലാദേശ്. ലോകത്തെവിടെയും തദ്ദേശഭാഷകളെയും പ്രാദേശിക സംസ്കൃതിയെയും തുടച്ചുനീക്കാൻ ശ്രമം നടക്കുമ്പോൾ അതിനെതിരായ ചെറുത്തുനിൽപ്പുകൾ ശക്തിപ്പെടണം. അതിനുള്ള കരുത്തുറ്റ ഓർമയാണ് ‘ഫെബ്രുവരി 21’.

പ്രധാന വാർത്തകൾ
 Top