24 February Sunday

അനുരാഗനദിയിലൂടെ ഒരു പുസ്തകയാനം

ഡോ. ബി ഇക്ബാല്‍Updated: Sunday Jul 16, 2017

ജര്‍മന്‍ഭാഷയില്‍നിന്ന് സമീപകാലത്ത് ഇംഗ്ളീഷിലേക്ക് തര്‍ജമചെയ്യപ്പെട്ട  നീന  ജോര്‍ജിന്റെ ദി ലിറ്റില്‍ പാരീസ് ബുക്ക് ഷോപ്പ് (The Little Parish Book Shop: Nina George:  Abacus: 2015)  അടുത്തകാലത്ത് സാഹിത്യലോകത്ത് വ്യാപകമായി ചര്‍ച്ച ചെയ്തുവരുന്ന ഹൃദയഹാരിയായ നോവലാണ്. പാരീസിലെ സീന്‍നദിയില്‍ ഒരു അലങ്കാരബോട്ടില്‍ സാഹിത്യ മരുന്നുവ്യാപാരി (Literary Apothecary) എന്ന പേരിലുള്ള പുസ്തകക്കട നടത്തുന്ന ജീന്‍ പെര്‍ദുവിന്റെ ആത്മകഥയുടെ രൂപത്തിലാണ് നോവലിന്റെ ചുരുളഴിയുന്നത്.

ഇരുപത്തൊന്നു വര്‍ഷംമുമ്പു തന്നെ ഉപേക്ഷിച്ചുപോയ കാമുകി മാനന്റെ ഓര്‍മകളുമായി ഉള്ളുരുകി കഴിയുകയാണ് പെര്‍ദു. തികച്ചും വ്യത്യസ്തനായ പുസ്തകവ്യാപാരിയാണ് പെര്‍ദു. പുസ്തകം വാങ്ങാനെത്തുന്നവരുടെ മനസ്സും വികാരവിചാരങ്ങളും ഒപ്പിയെടുക്കാന്‍ പെര്‍ദുവിന് അനിതരസാധാരണമായൊരു കഴിവുണ്ട്. പുസ്തകം വാങ്ങാനെത്തുന്നവര്‍ ആവശ്യപ്പെടുന്ന പുസ്തകമല്ല പെര്‍ദു നല്‍കുക. അവരുടെ മാനസികനില കണക്കിലെടുത്ത് അവര്‍ക്ക് ആശ്വാസം നല്‍കാനും സന്തോഷം പകരാനും കഴിവുള്ള പുസ്തകങ്ങള്‍ പെര്‍ദുതന്നെ തെരഞ്ഞെടുത്ത് നല്‍കും. തന്റെ താല്‍പ്പര്യം പുസ്തകത്തിലല്ല മനുഷ്യരിലാണെന്നാണ് പെര്‍ദു അഭിപ്രായപ്പെടുന്നത്. അതുകൊണ്ടാണ് പുസ്തകക്കടയ്ക്ക് മരുന്നുവ്യാപാരി എന്ന പേര് നല്‍കിയിട്ടുള്ളത്. മാനസികശാന്തി പ്രദാനംചെയ്യുന്ന മരുന്ന് പുസ്തകരൂപത്തില്‍ നല്‍കലാണ് തന്റെ പുസ്തകവില്‍പ്പനയുടെ ലക്ഷ്യമായി പെര്‍ദു കരുതുന്നത്. മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുമ്പോഴും നഷ്ടപ്പെട്ട കാമുകിയെ ഓര്‍ത്ത് തപ്തമനസ്സുമായാണ് പെര്‍ദു ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

അതിനിടെ ഭര്‍ത്താവിനാല്‍ തിരസ്കൃതയായി മാനസികമായി തകര്‍ന്ന കാതറൈന്‍ എന്ന സുന്ദരിയായ മധ്യവയസ്ക പെര്‍ദു താമസിക്കുന്ന ലോഡ്ജില്‍ താമസത്തിനായെത്തുന്നു. കാതറൈനെ പുസ്തകങ്ങള്‍ നല്‍കി ആശ്വസിപ്പിക്കാന്‍ പെര്‍ദു ശ്രമിക്കുന്നു. കാതറൈന് പെര്‍ദു നല്‍കിയ മേശയ്ക്കുള്ളില്‍നിന്ന് പെര്‍ദുവിന്റെ മുന്‍ കാമുകി മാനന്‍ എഴുതിയ കത്ത് കാതറൈന്‍ കണ്ടെത്തുന്നു. മാനന്‍ പെര്‍ദുവിനെ വിട്ടുപോയ അവസരത്തില്‍ അവശേഷിപ്പിച്ചുപോയ കത്തായിരുന്നു അത്. പെര്‍ദു പക്ഷേ കഴിഞ്ഞ 21 വര്‍ഷമായി കത്ത് വായിച്ചിരുന്നില്ല. പെര്‍ദു കത്ത് അലക്ഷ്യമായിട്ടിരുന്ന മേശയ്ക്കുള്ളില്‍നിന്നാണ് കാതറൈന്‍ കണ്ടെത്തിയത്. തന്നെ ഉപേക്ഷിച്ച് പോയതിനുള്ള ദുര്‍ബലമായ ന്യായീകരണമായിരിക്കും കത്തിലെന്നു കരുതിയാണ് പെര്‍ദു മാനന്റെ കത്ത് വായിക്കാതിരുന്നത്. എന്നാല്‍, കാതറൈന്റെ നിര്‍ബന്ധത്തിനു വഴങ്ങി കത്ത് വായിച്ച പെര്‍ദു ശരിക്കും ഞെട്ടിപ്പോയി. പെര്‍ദുവിനെ പരിചയപ്പെടുന്നതിനുമുമ്പുതന്നെ താന്‍ പ്രതിശ്രുതവരനായി നിശ്ചയിച്ചിരുന്ന ലൂക്കിനൊപ്പം ജീവിക്കാനാണ് മാനന്‍ ഫ്രാന്‍സിന്റെ തെക്ക് കിഴക്കന്‍ പ്രദേശമായ പ്രോവെന്‍സിലേക്ക് പോയത്. എന്നാല്‍, അത് മാത്രമല്ലായിരുന്നു കാരണം. തന്നെ ബാധിച്ചിരുന്ന ഗുരുതരമായ ക്യാന്‍സര്‍രോഗത്തെപ്പറ്റി മാനന്‍ കത്തില്‍ പറയുന്നു. അധികം വൈകാതെ താന്‍ മരിക്കുമെന്നും അതിനുമുമ്പ് തന്നെ വന്ന് കാണണമെന്നുമാണ് കത്തില്‍ മാനന്‍ പെര്‍ദുവിനോട് ആവശ്യപ്പെട്ടിരുന്നത്. കത്ത് വായിച്ച് അതീവ ദുഃഖിതനും ഖിന്നനുമായ പെര്‍ദു ഇതിനകം മാനന്‍ മരണമടഞ്ഞുകാണുമെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാകാതെ ഹൃദയംതകര്‍ന്ന് ഭ്രാന്തനെപ്പോലെയായി മാറുന്നു. പെര്‍ദുവിന് ആശ്വാസംപകര്‍ന്ന് കാതറൈന്‍ പെര്‍ദുവിന്റെ മനസ്സ് കവരുന്നു. രണ്ടുപേരും തമ്മിലടുക്കുന്നു. മാനന്‍ മരണമടഞ്ഞെങ്കിലും മാനന്‍ താമസിച്ച വീട്ടിലേക്ക് പോകാനും മാനന്റെ ഭര്‍ത്താവിനെ കാണാനുമുള്ള ദീര്‍ഘയാത്രയ്ക്ക് പെര്‍ദു തയ്യാറെടുക്കുന്നു.

നോവലിന്റെ അടുത്ത ഭാഗം പെര്‍ദു സാഹിത്യകാരന്‍കൂടിയായ മാക്സ് ജോര്‍ഡനുമൊത്ത് മാനന്റെ വീടന്വേഷിച്ച് നടത്തുന്ന ഫ്രാന്‍സിലെ ഉള്‍നാടന്‍ നദികളിലൂടെയുള്ള യാത്രയുടെ വിവരണമാണ്. മാക്സ് പ്രത്യേകതകള്‍ ഏറെയുള്ള ഒരു സാഹിത്യകാരനാണ്. രാത്രി Night) എന്ന തന്റെ അവസാന നോവലടക്കം നിരവധി ജനപ്രിയ നോവലുകള്‍ എഴുതിയിട്ടുള്ള മാക്സ് പക്ഷേ ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. പ്രസിദ്ധി ഒട്ടും ഇഷ്ടപ്പെടാത്ത അന്തര്‍മുഖനാണ് മാക്സ്. ഇരുവരും ചേര്‍ന്ന് നടത്തുന്ന പുസ്തകബോട്ടിലെ യാത്രയ്ക്കിടയ്ക്ക് നിരവധി കഥാപാത്രങ്ങള്‍ അവരോടൊപ്പം ചേരുന്നുണ്ട്. ആത്മഹത്യക്ക് ശ്രമിക്കുന്ന യുവതി, അവളുടെ കാമുകനായ യുവാവ് തുടങ്ങി പലരും ബോട്ടിലെത്തുന്നുണ്ട്. ഇടയ്ക്കിടെ ചില ജെട്ടികളിലെല്ലാം അടുക്കുകയും പുസ്തകം വിറ്റ് ആഹാരത്തിനുള്ള വക സമ്പാദിക്കുകയും ചെയ്യുന്നു.

പെര്‍ദുവും കൂട്ടുകാരന്‍ മാക്സും മാനന്റെ ഭര്‍ത്താവ് ലൂക്കിന്റെ ബോണിയെക്സിലെ വീട്ടിലെത്തുന്നതാണ് നോവലിന്റെ മൂന്നാംഭാഗം. മാനന്റെ മരണത്തിനുമുമ്പുള്ള ഡയറി ലൂക്ക് പെര്‍ദുവിനെ ഏല്‍പ്പിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച് മരണമടയുന്നതിനുമുമ്പുള്ള മാനന്റെ ജീവിതകഥ വായിച്ച് പെര്‍ദുവിന്റെ കണ്ണ് ഈറനണിയുന്നു. മാനനെ അനുസ്മരിപ്പിക്കുന്ന മാനന്റെ മകളെ പെര്‍ദു പരിചയപ്പെടുന്നു. മാനന്റെ ശവകുടീരം സന്ദര്‍ശിച്ചശേഷം പെര്‍ദു പാരീസിലേക്ക് മടങ്ങുന്നു. മാനന്റെ ഡയറിക്കുറിപ്പുകളും യാത്രാവിവരണക്കുറിപ്പുകളും പെര്‍ദുവിന്റെ ഓര്‍മകള്‍ക്കു പുറമെ പ്രത്യേകമായി നോവലില്‍ ചേര്‍ത്തിട്ടുണ്ട്. നാട്ടില്‍ തിരികെ എത്തിയ പെര്‍ദുവിന്റെ കാതറൈനുമായുള്ള അടുപ്പം പ്രേമബന്ധമായി വളര്‍ന്ന് പുഷ്പിക്കുന്നതോടെ നോവല്‍ അവസാനിക്കയാണ്.

'ലക്ഷക്കണക്കിനാളുകള്‍ക്കും നൂറുകണക്കിനാളുകള്‍ക്കും ഒരുപക്ഷേ ഒരാള്‍ക്കുമാത്രമായിട്ടും എഴുതപ്പെട്ട പുസ്തകങ്ങളുണ്ട്. പുസ്തകം ഒരേസമയം മരുന്നും ചികിത്സകനുമാണ്. അത് രോഗനിര്‍ണയവും ചികിത്സയും ഒരേസമയത്ത് നടത്തുന്നു. തകര്‍ന്ന ഹൃദയത്തിന്റെയും ആത്മാവിന്റെയും ശാന്തിക്കായി ഉചിതമായ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുക. അതാണ് പുസ്തകവില്‍പ്പനയിലൂടെ ഞാന്‍ നടത്തുന്നത്.' പെര്‍ദുവിന്റെ ഈ വാക്കുകള്‍ പുസ്തകവായനയുടെയും പുസ്തകങ്ങള്‍ ജീവിതത്തില്‍ വഹിക്കുന്ന പങ്കിന്റെയും മറ്റൊരു തലത്തെയാണ് വിശദമാക്കുന്നത്. മനുഷ്യജീവിതത്തെ സ്വാധീനിക്കാനുള്ള പുസ്തകങ്ങളുടെ അപാരമായ കഴിവിലേക്ക് വെളിച്ചംവീശുന്ന ഒരു പ്രേമലേഖനമാണീ പുസ്തകമെന്ന് ഒരു നിരൂപകന്‍ പറഞ്ഞിട്ടുള്ളത് എത്ര ശരിയാണെന്ന് ദി ലിറ്റില്‍ പാരീസ് ബുക്ക് ഷോപ്പ് വായിക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടും.

നൂറുകണക്കിനു ചെറുകഥകളും 26 പുസ്തകങ്ങളും എഴുതിയിട്ടുള്ള ജര്‍മന്‍കാരിയായ നീന ജോര്‍ജിന്റെ തൂലികയില്‍നിന്നുള്ള അസാധാരണ കൃതിയാണ് ദി ലിറ്റില്‍ പാരീസ് ബുക്ക് ഷോപ്പ്. ഇതുവരെ ശാസ്ത്രനോവലുകളും നിഗൂഢാത്മക നോവലുകളും മാത്രമാണ് നീന എഴുതിയിട്ടുള്ളത്. എഡിറ്റര്‍, കോളമെഴുത്തുകാരി, റിപ്പോര്‍ട്ടര്‍ എന്നീ നിലകളിലും നീന പ്രസിദ്ധയാണ്. ദി ലിറ്റില്‍ പാരീസ് ബുക്ക് ഇതിനകം 35 ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുകയും അഞ്ചുലക്ഷത്തിലേറെ കോപ്പി വിറ്റഴിയപ്പെടുകയും ചെയ്തിട്ടുണ്ട്. 2015ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ആദ്യസ്ഥാനത്തായിരുന്നു ഈ പുസ്തകം. ആനി വെസ്റ്റ്, നീന കാര്‍മര്‍ എന്നീ തൂലികാനാമങ്ങളിലും തന്റെ ഭര്‍ത്താവ് ജോകാര്‍മറുമായി ചേര്‍ന്ന് ജീന്‍ ബാഗ് നോള്‍ എന്ന പേരിലും അവര്‍ ചില പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 2013ല്‍ ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ ഇംഗ്ളീഷ് പതിപ്പ് 2015ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഫ്രാന്‍സിലെ കാണ്‍കാമയിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

പുസ്തകങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ എന്നൊരു സാഹിത്യശാഖതന്നെ പാശ്ചാത്യസാഹിത്യത്തിലുണ്ട്. നിക്കോളാസ് ബാസ് ബെയിന്റെ ദി ജന്റില്‍ മാഡ്നസ് (A Gentle Madness: Nicholas Basbane: 1995), നാന്‍സി പേളിന്റെ ബുക്ക് ലസ്റ്റ് (Book Lust: Nancy Pearl: 2003), ഹരോള്‍ഡ് റോബിനോവിറ്റ്സിന്റെ എ പാഷന്‍ ഫോര്‍ ബുക്ക്സ്(A Passion for Books: Harold Robinowtiz: 1999), ആലിസന്‍ ഹൂവര്‍ ബാര്‍ട്ട് ലെറ്റിന്റെ ദി മാന്‍ ഹു ലവ്ഡ് ബുക്സ് ടൂ മച്ച് (The man who loved books too much: Allison Hover Bartlet: 2009), സാറാ നെല്‍സന്റെ സോ മെനി ബുക്സ് സോ ലിറ്റില്‍ ടൈം (So many books so little time: Sara Nelson: 2003), നിന സാങ്കോവിച്ചിന്റെ ടോള്‍സ്റ്റോയി ആന്‍ഡ് ദി പര്‍പ്പിള്‍ ചെയര്‍(Tolstoy and the purple chair: Nina Sankovitch: 2003.), സൈമണ്‍ വിന്‍ചെസ്റ്ററിന്റെ ദി പ്രൊഫസര്‍ ആന്‍ഡ് ദി മാഡ് മാന്‍ (The Professor and the Madman: Simon Winchestor: 1998) എന്നിവയാണ് ഈ സരണിയിലെ ശ്രദ്ധേയങ്ങളായ കൃതികള്‍. എന്നാല്‍, പുസ്തകങ്ങളെപ്പറ്റിയുള്ള നോവല്‍ അപൂര്‍വമാണ്. പുസ്തകങ്ങളെക്കുറിച്ച് ഈ ലേഖകന് വായിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു നോവല്‍ അസര്‍ നഫീസിയുടെ റീഡിങ് ലോലിത ഇന്‍ ടെഹ്റാന്‍(Reading Lolita in Tehran: Asar Nafizi: 2003)ആണ്.

പ്രധാന വാർത്തകൾ
 Top