20 April Saturday

ഭാരതമാതാവിന്റെ ചരിത്രസഞ്ചാരങ്ങൾ

സുനിൽ പി ഇളയിടംUpdated: Sunday Oct 15, 2017

ഭാരതമാതാവ് എന്ന ബിംബകൽപ്പനയ്ക്ക് സവിശേഷമായ ഒരു ആന്തരികവൈരുധ്യമുണ്ട്. പുറമേക്ക് അത് അത്യന്തം പ്രാചീനവും നൂറ്റാണ്ടുകളുടേയോ സഹസ്രാബ്ദങ്ങളുടെതന്നെയോ പഴക്കമുള്ള ഒരാശയമായാണ് അനുഭവപ്പെടുക. ഭാരതമാതാവിന്റേതായി പ്രചരിച്ച, ഇപ്പോഴും പ്രചരിക്കുന്ന, നാനാതരം ചിത്രങ്ങളിൽ ഈ പ്രാചീനത നിഴലിട്ടുനിൽക്കുന്നത് കാണാം. പഴയ ദേവതാരൂപങ്ങളുടെ വടിവിൽ മുദ്രണംചെയ്യപ്പെട്ടവയാണ് അവ. എന്നാൽ, ഈ ആശയത്തിന്റെ വംശാവലിയിലേക്ക് കടന്നുചെന്നാൽ അത്യന്തം സമീപസ്ഥവും ആധുനികമായ രാഷ്ട്രവ്യവഹാരങ്ങളുടെ ഉൽപ്പന്നവുമാണ് ഭാരതമാതാവ് എന്നതുപോലെയുള്ള ആശയങ്ങൾ എന്ന് കാണാനാകും. ആധുനികവും സമകാലികവുമായിരിക്കെത്തന്നെ പ്രാചീനവും ശാശ്വതവുമെന്ന പ്രതീതിയുണർത്തിക്കൊണ്ടാണ് ആ ആശയം നമ്മെ വലയംചെയ്തിരിക്കുന്നത്.
പ്രമുഖ ചരിത്രകാരനും പാർലമെന്റേറിയനുമായ സുഗത ബോസിന്റെ 'ഭാരതമാതാവും രാഷ്ട്രസ്വത്വത്തെക്കുറിച്ചുള്ള ഇതര വീക്ഷണങ്ങളും'  (The nation as mother and other visions of nationhood)  എന്ന പ്രബന്ധസമാഹാരം ഈ സവിശേഷ സങ്കൽപ്പത്തിന്റെ ഉള്ളടക്കവും അതുമായി ബന്ധപ്പെട്ട ഇതര പ്രമേയങ്ങളും ചർച്ചചെയ്യാനാണ് ശ്രമിക്കുന്നത്. പ്രമുഖ പ്രസാധകരായ പെൻഗ്വിൻ ബുക്‌സ് ഈ വർഷത്തിന്റെ തുടക്കത്തിലാണ് സുഗത ബോസിന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.  ഹാവാർഡ് സർവകലാശാലയിലെ സമുദ്രചരിത്രപഠനമേഖലയിൽ പ്രൊഫസറായി പ്രവർത്തിച്ചിട്ടുള്ള സുഗത ബോസ്, ഭാരതമാതാവിനെയും ദേശീയതാസങ്കൽപ്പങ്ങളെയും മുൻനിർത്തി ഹിന്ദുത്വം കെട്ടിയുയർത്താൻ ശ്രമിച്ച ചരിത്രനിരപേക്ഷകമായ ആശയങ്ങളെ ചരിത്രപരമായി വിലയിരുത്താനാണ് ഈ പുസ്തകത്തിലെ പ്രബന്ധങ്ങളിൽ മുഖ്യമായും ശ്രമിക്കുന്നത്. നമ്മുടെ ദേശീയതാവ്യവഹാരത്തെ കറുപ്പും വെളുപ്പുമെന്നപോലെ സരളമായി അവതരിപ്പിക്കുന്ന ഉപരിപ്ലവ വീക്ഷണങ്ങളെ തിരുത്താൻപോന്ന സൈദ്ധാന്തികവിചാരങ്ങളാലും പ്രാഥമികവിവരങ്ങളാലും സമ്പന്നമാണ് ഈ ഗ്രന്ഥം.
വളരെ പ്രാഥമികമായൊരർഥത്തിൽ രണ്ട് ഭാഗങ്ങളായി സംവിധാനംചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണിതെന്ന് പറയാം. ആദ്യഭാഗം ദേശീയതാവ്യവഹാരവുമായി ബന്ധപ്പെട്ട ലേഖനങ്ങളും പ്രബന്ധങ്ങളുമാണ്. രണ്ടാംഭാഗം ലോക്‍സഭാംഗം എന്ന നിലയിൽ, വിവിധ വിഷയങ്ങളെ മുൻനിർത്തി  നടത്തിയ പ്രസംഗങ്ങളും. പ്രമേയപരമായി വൈജാത്യം പുലർത്തുമ്പോൾത്തന്നെ ഇവയെല്ലാം കൂട്ടിയിണക്കുന്ന ചരടായി ദേശീയതാവ്യവഹാരം എന്ന ഘടകം നിലനിൽക്കുന്നുമുണ്ട്.
ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് പതിനഞ്ച് ലേഖനങ്ങളാണ് ഉള്ളത്. ഭാരതമാതാവിന്റെ സങ്കൽപ്പത്തിന്റെ ചരിത്രവും ദേശീയഗാനത്തിന്റെ അവതരണവിശകലനവുംമുതൽ ജിന്നയുടെ രാഷ്ട്രീയജീവിതവും അരവിന്ദഘോഷിന്റെ രാഷ്ട്രീയചിന്തയുംവരെയുള്ള വ്യത്യസ്ത വിഷയങ്ങളെ അവ അഭിസംബോധനചെയ്യുന്നുണ്ട്. കേവലം നാലുപുറങ്ങളിൽ  ഒതുങ്ങുന്ന ചെറിയ കുറിപ്പുകൾമുതൽ മുപ്പതിലധികം പുറങ്ങൾവരുന്ന പ്രബന്ധങ്ങൾവരെയായി, രൂപപരമായ വൈവിധ്യവും അവ പുലർത്തുന്നു. രണ്ടാംഭാഗത്തിലെ ലോക്‍സഭാ പ്രസംഗങ്ങളിലും പ്രമേയപരമായ വൈവിധ്യം തുടരുന്നുണ്ട്. 'ഭാരതവർഷം' എന്ന സങ്കൽപ്പത്തിന്റെ ചരിത്രംമുതൽ കശ്മീർ പ്രശ്‌നവും സാമ്പത്തിക ഫെഡറിലസവുംവരെയുള്ള പ്രമേയങ്ങളെക്കുറിച്ചുള്ള ആലോചനകളാണ് അവിടെയുള്ളത്. ലോക്‍സഭാ പ്രസംഗങ്ങളുടെ സമയപരിധിക്കുള്ളിൽ നിലകൊള്ളുന്നതുകൊണ്ട്, ആറോ ഏഴോ പുറങ്ങളിൽ അവസാനിക്കുന്നവയാണ് രണ്ടാം ഭാഗത്തിലെ ലേഖനങ്ങൾ. ആകത്തുകയിൽ ഇന്ത്യയിലെ ദേശീയതാവ്യവഹാരത്തിന്റെ സങ്കീർണസ്വരൂപത്തിലേക്ക് നന്നായി വെളിച്ചംപകരുന്ന ഒന്നാണീ ഗ്രന്ഥം. ആ നിലയിൽ, കൃത്രിമമായ ദേശീയതാസങ്കൽപ്പത്തെ മുൻനിർത്തി ഹിന്ദുത്വവാദികൾ നടത്തുന്ന വിഭാഗീയവും വർഗീയവുമായ പ്രചാരവേലകൾക്കെതിരായ ഫലപ്രദമായ പ്രതിരോധങ്ങളിലൊന്നായും ഈ ഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു.

ഹിന്ദുത്വത്തിന്റെ വർഗീയപ്രചാരണത്തിന്റെ മുനയൊടിക്കാൻപോന്ന, കൗതുകകരമായ ഒട്ടനവധി വിവരങ്ങൾ ഈ പുസ്തകത്തിലെ പല ലേഖനങ്ങളിലും സാന്ദർഭികമായി കടന്നുവരുന്നുണ്ട്. ദേശീയഗാനത്തിന്റെ രൂപീകരണ അവതരണചരിത്രം ചർച്ചചെയ്യുന്ന ചെറിയ ലേഖനത്തിൽ ദേശീയഗാനാലാപവേളയിൽ എല്ലാവരും ആദരപൂർവം എഴുന്നേറ്റുനിൽക്കണം എന്ന ആശയത്തോട് ഗാന്ധിജിക്കുണ്ടായിരുന്ന വിയോജിപ്പിനെക്കുറിച്ച് സുഗത ബോസ് സൂചിപ്പിക്കുന്നത് അതിനുദാഹരണമാണ്. അത് തീർത്തും പാശ്ചാത്യമായ ഒരു സമ്പ്രദായമാണെന്നാണ് ഗാന്ധിജി കരുതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 1947 ആഗസ്ത് 29ന് കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിൽ, സുഹ്രവർദിയെപ്പോലുള്ള നേതാക്കൾവരെ വന്ദേമാതരം ആലപിക്കപ്പെട്ടപ്പോൾ എഴുന്നേറ്റുനിന്നെങ്കിലും ഗാന്ധിജി അതിന് തയ്യാറായില്ല എന്നകാര്യം സുഗത ബോസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയതയുടെപേരിൽ നടക്കുന്ന കൈയേറ്റങ്ങളുടെയും ഹിംസയുടെയും സമകാലിക സന്ദർഭത്തിൽ നിസ്സാരമെങ്കിലും പ്രാധാന്യമുള്ള ഒരു വസ്തുതയാണത്.
വൈവിധ്യപൂർണമായ നിരവധി ലേഖനങ്ങളുടെ സമാഹാരമായിരിക്കെത്തന്നെ, ഈ പുസ്തകത്തിന്റെ ശീർഷകത്തെയും പ്രകൃതത്തെയും നിർണയിക്കുന്നത് ഇതിലെ ആദ്യപ്രബന്ധമാണ്. 'രാഷ്ട്രം മാതൃരൂപമാകുമ്പോൾ' (Nation as Mother)  എന്ന ശീർഷകത്തിൽ, ഈ സമാഹാരത്തിലെ ഏറ്റവും ദൈർഘ്യമുള്ള രചനകളിൽ, ഒന്നാണത്. ഇന്ത്യയുടെ ദേശീയഭാവനയുടെ സന്ദർഭത്തെയും അതിന്റെ ബലതന്ത്രത്തെയും മുൻനിർത്തി, ഭാരതമാതാവ് എന്ന സങ്കൽപ്പത്തിന് കൈവന്ന ഗതിഭേദങ്ങളാണ് സുഗത ബോസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രണ്ട് വസ്തുതകളാണ് അദ്ദേഹം പ്രത്യേകമായി ഉന്നയിക്കുന്നത്. ഒന്നാമതായി, മതനിരപേക്ഷമായ ദേശീയതാബോധവും മതാത്മകമായ വർഗീയബോധവും എന്ന നിലയിൽ കൃത്യമായി അതിർവരമ്പുകൾ കൽപ്പിക്കാവുന്ന നിലയിലല്ല ഇന്ത്യൻ ദേശീയതാസങ്കൽപ്പം വികസിച്ചുവന്നത്. പാർഥാചാറ്റർജിയുടെ പ്രസിദ്ധമായ നിഗമനങ്ങളെ പല നിലകളിൽ പിന്തുടർന്നുകൊണ്ട്, ഈ കൂടിച്ചേരൽ 'ഭാരതമാതാവ്' എന്ന സങ്കൽപ്പത്തിൽ എങ്ങനെ ഉൾച്ചേർന്നിരിക്കുന്നു എന്ന് സുഗത ബോസ് വ്യക്തമാക്കുന്നു. രണ്ടാമത്തേത് 'ഭാരതമാതാവ്' എന്ന സങ്കൽപ്പത്തിന് പിന്നിലെ ബംഗാളി ഭദ്രലോക ധാരണകളാണ്. 'ബംഗദർശൻ' എന്ന മാസികയുടെ ഒഴിഞ്ഞ പുറത്ത് അച്ചടിക്കുന്നതിന് 1875ൽ ബങ്കിംചന്ദ്രചാറ്റർജി തയ്യാറാക്കിയ 'വന്ദേമാതരം' എന്ന ഗാനമാണ് ഈ സങ്കൽപ്പത്തിന്റെ അടിവേര്. 1882ൽ ആ ഗാനം ബങ്കിംചന്ദ്രന്റെ ആനന്ദമഠം എന്ന നോവലിൽ ഉൾപ്പെടുത്തപ്പെട്ടു. 1896ൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥടാഗോർ ആ ഗാനത്തിന് ഈണം നൽകി ആലപിക്കുകയുംചെയ്തു. ഈ സന്ദർഭങ്ങളിലെല്ലാം ആ ഗാനം അഭിസംബോധനചെയ്തത് ഭാരതമാതാവിനെയായിരുന്നില്ല; വംഗമാതാവിനെ ആയിരുന്നു. ഒപ്പംതന്നെ ഹിന്ദുദേവതയായ ദുർഗയോട് ആ വംഗമാതാവ് എന്ന ആശയം കൂട്ടിയിണക്കപ്പെടുകയുംചെയ്യുന്നുണ്ട്. ഭാരതമാതാവ് എന്ന ആശയമാകട്ടെ, ഇതിന് സമാന്തരമായി ദ്വിജേന്ദ്രലാൽ റോയിയുടെ ഗാനത്തിലാണ് ആദ്യം ഇടംപിടിക്കുന്നത്. 1905ൽ അബനീന്ദ്രനാഥ ടാഗോർ ആ ശീർഷകത്തിൽ ഒരു ചിത്രം വരയ്ക്കുകയും സിസ്റ്റർ നിവേദിതയും മറ്റും അതിന് വലിയ പ്രചാരം നൽകുകയും ചെയ്തു. (സുഗത ബോസിന്റെ പുസ്തകത്തിന്റെ കവർചിത്രമായി നൽകിയിരിക്കുന്നത് അതാണ്). പതിയെപ്പതിയെ ഈ ഇരുസങ്കൽപ്പങ്ങളും തമ്മിൽ കലരുകയും ബങ്കിംചന്ദ്രന്റെ ബംഗമാതാവ് ഭാരതമാതാവായി പരിണമിക്കുകയുംചെയ്തു. വന്ദേമാതരം എന്ന ഗാനത്തിലെ ഹൈന്ദവവും മുസ്ലിംവിരുദ്ധവും ബംഗാളിനെമാത്രം മുൻനിർത്തുന്നതുമായ ധ്വനികൾ ഇല്ലാതാക്കാൻവേണ്ടി, ടാഗോറിന്റെ ഉപദേശപ്രകാരം, 1938ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനം ആ ഗാനത്തിന്റെ ആദ്യഖണ്ഡംമാത്രം ഇനിയങ്ങോട്ട് ആലപിച്ചാൽമതിയെന്ന് തീരുമാനിക്കുകയാണ് ചെയ്തത്. അത്തരം ഒരു തീരുമാനം കൈക്കൊണ്ടതിന്റെപേരിൽ ഹിന്ദുത്വവാദികൾ ടാഗോറിനെയും സുഭാഷ്ചന്ദ്രബോസിനെയും വലിയതോതിൽ കടന്നാക്രമിച്ച കാര്യവും സുഗത ബോസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ നിലയിൽ നമ്മുടെ ദേശീയതാവ്യവഹാരത്തിന്റെ ആന്തരികവൈരുധ്യങ്ങളെയും ചരിത്രപരിണാമത്തെയും സൂക്ഷ്മതലത്തിൽ അഭിസംബോധനചെയ്യുന്ന പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലേത്. ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ചർച്ചകൾ മിക്കപ്പോഴും ബംഗാളിനെമാത്രം, മുൻനിർത്തുന്നതായി, അതും 'ബംഗാളി ഭദ്രലോക'ജീവിതത്തെമാത്രം മുൻനിർത്തുന്നതായി ചുരുങ്ങിപ്പോകുന്നു എന്ന പരിമിതി ഇതിൽ പ്രകടമാണ്. അപ്പോൾത്തന്നെ വസ്തുതകളുടെ സമൃദ്ധിയാലും വിശകലനത്തിന്റെ സൂക്ഷ്മതയാലും അത്യന്തം ശ്രദ്ധേയവും ഉപയോഗപ്രദവുമായ ഒന്നാണ് ഈ ഗ്രന്ഥം എന്ന് നിസ്സംശയം പറയാം.

പ്രധാന വാർത്തകൾ
 Top