27 May Wednesday

ഇല്ല തകർക്കാനാകില്ല

എ സുൽഫിക്കർ sulffiro@gmail.comUpdated: Sunday Sep 15, 2019

ചിന്തിക്കുന്ന ക്യാമ്പസുകളെ തകർക്കണം. ഇടതുപക്ഷ ആഭിമുഖ്യമുള്ള വിദ്യാർഥികളെ കായികമായിപ്പോലും ആക്രമിക്കണം. സംഘപരിവാറിന്റെ ഈ അജൻഡയ്‌ക്ക്‌ കൂട്ട്‌ സർക്കാർ സംവിധാനങ്ങളും ചില മാധ്യമങ്ങളും. ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയായിരുന്നു ലക്ഷ്യങ്ങളിൽ പ്രധാനം. എന്നാൽ, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന്‌ ജെഎൻയുവിൽ ഇടതുസഖ്യം വിജയിച്ചിരിക്കുന്നു. രണ്ടാം മോഡി സർക്കാരിന്റെ നൂറാംദിന ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ്‌ രാജ്യ തലസ്ഥാനത്തുനിന്നുള്ള ഈ തിരിച്ചടി.  പുതിയ ജെഎൻയു പ്രസിഡന്റ്‌ അയ്‌ഷി ഘോഷും എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ ഗായത്രിയും സെക്രട്ടറി ദീപാലി അപരാജിതയും സംസാരിക്കുന്നു

 
മരിച്ച ഓരോ കുട്ടിയിൽനിന്നും

കണ്ണുകളുള്ള ഒരു തോക്കുയരുന്നു

ഓരോ കൊടുംപാതകത്തിൽനിന്നും
വെടിയുണ്ടകളുയിർക്കൊള്ളുന്നു
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം
–- പാബ്ലോ നെരൂദ
 
ജെഎൻയു സ്റ്റുഡന്റ്‌സ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ സഖ്യത്തിന്റെ ആഹ്ലാദം

ജെഎൻയു സ്റ്റുഡന്റ്‌സ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ സഖ്യത്തിന്റെ ആഹ്ലാദം

‘അതെ,   പോരാട്ടങ്ങൾ തെരുവിലാണ്‌. കർഷകരുടെ, ദളിതരുടെ, മതന്യൂനപക്ഷങ്ങളുടെ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ, വിദ്യാർഥികളുടെയുമെല്ലാം പ്രതിരോധം അവിടെ  കാണാം. അഭിമന്യുവും രോഹിത് വെമുലയും നജീബും ഡോ. പായൽ താദ്‌വിയും പെഹ്‌ലു ഖാനും ഗൗരി ലങ്കേഷും അശോകും തൂത്തുക്കുടിയിൽ വെടിയേറ്റു മരിച്ച  കർഷകരുമെല്ലാം ഈ പ്രതിരോധത്തിന്റെ രക്തസാക്ഷികൾ.  മുന്നേ നടന്നവർ. ചിലപ്പോൾ നമ്മളും വീണു പോയേക്കാം. പക്ഷേ, വരാനിരിക്കുന്ന വസന്തത്തെ ആർക്കും തടയാനാകില്ല'– -പശ്ചിമ ബംഗാളിലെ ദുർഗാപുർ സ്വദേശിനി അയ്‌ഷി ഘോഷ്‌ പറയുന്നു. വർഗീയശക്തികളെ പിഴുതെറിഞ്ഞ് ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ ചെമ്പട്ടയണിയിച്ച പെൺതാരകം. 1185 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെഎൻയു നെഞ്ചിലേറ്റിയ കോമ്രേഡ്‌. 13 വർഷത്തിനുശേഷം ജെഎൻയുവിന് എസ്എഫ്ഐ പ്രസിഡന്റ്. 
 

അവരിലൊരാളായി സമരത്തിൽ 

 

ദുർഗാപുരിലായിരുന്നു സ്‌കൂൾ ജീവിതം. ബിരുദപഠനത്തിന്‌ ഡൽഹി സർവകലാശാലയിൽ എത്തിയപ്പോഴാണ് എസ്എഫ്ഐയെ അടുത്തറിയുന്നത്. പണവും കൈയൂക്കും മാത്രമാണ്‌ ഡൽഹി സർവകലാശാലയിൽ എബിവിപിയുടെയും എൻഎസ്‌യുവിന്റെയും ആയുധങ്ങൾ. വോട്ടു ചെയ്‌താൽ പണം തരാം ബൈക്ക് വാങ്ങിത്തരാം എന്നെല്ലാം വാഗ്‌ദാനങ്ങൾ. അവിടെയാണ് എസ്എഫ്ഐ  ഓരോ പ്രശ്നവും ഉന്നയിച്ച്, സാമൂഹികനീതി ഉയർത്തിപ്പിടിച്ച് മത്സരിക്കുന്നത്. പലയിടത്തും എസ്എഫ്ഐ പ്രവർത്തകരെ നാമനിർദേശപത്രിക നൽകാൻപോലും  അനുവദിക്കാറില്ല. പെൺകുട്ടികൾക്കെതിരെപ്പോലും ക്രൂരമായ അക്രമങ്ങൾ. അവിടെയൊന്നും എസ്എഫ്ഐ പ്രവർത്തകർ പിന്തിരിഞ്ഞ് ഓടുന്നതു കണ്ടിട്ടില്ല. തോറ്റാലും വിദ്യാർഥികളുടെ ഏതു പ്രശ്നത്തിലും എസ്എഫ്ഐ മുന്നിലുണ്ടാകും, ചോദ്യങ്ങൾ ചോദിച്ചും സമരം നയിച്ചും. അവിടത്തെ പഠനശേഷമാണ് ജെഎൻയുവിൽ എംഎ ഇന്റർനാഷണൽ റിലേഷൻസിന് ചേരുന്നത്. ലോകമാകെ മുതലാളിത്തശക്തികളുടെ കീഴിൽ വർഗീയവാദികൾ അധികാരത്തിലെത്തുന്ന സമയം. ശക്തമായ ഇടതുപക്ഷ ആശയത്തിനു മാത്രമേ ഇതിനെതിരെ ജനങ്ങളെ അണിനിരത്താൻ സാധിക്കൂവെന്ന്‌ ബോധ്യമായി. കഴിഞ്ഞ എൻഡിഎ സർക്കാർ അധികാരമേറിയ ഉടൻ തുടങ്ങിയതാണ്‌ ജെഎൻയു ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ. എൻഡിഎ വീണ്ടും അധികാരത്തിലെത്തിയതോടെ അത്‌ തീവ്രമായി. ദേശീയ വിദ്യാഭ്യാസനയം വഴി വിദ്യാഭ്യാസമേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുകയാണ്‌. ഗവേഷണമേഖലയെ പൂർണമായി സംഘപരിവാറിന് അനുകൂലമാക്കാൻ ശ്രമിക്കുന്നു. ഇതിനെതിരെ ക്യാമ്പസുകളിലും തെരുവുകളിലും എസ്എഫ്ഐ സമരം നടത്തുകയാണ്. വിദ്യാർഥികളെ അണിനിരത്തുകയാണ്. അവരുടെ കൂടെ അവരിലൊരാളായി സമരത്തിനിറങ്ങുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
 

ഒപ്പം ഞാനുമുണ്ടാകും

 

ഇടതുപക്ഷ ചായ്‌വ് പുലർത്തുന്നതുകൊണ്ടായിരിക്കാം ജെഎൻയുവിനെതിരെയുള്ള സംഘടിതമായ ആക്രമണങ്ങൾ. ജെഎൻയു വിദ്യാർഥികളെല്ലാം രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിച്ചു. വ്യാജവാർത്തകളുടെ പ്രവാഹമായിരുന്നു. ഭരണസംവിധാനങ്ങളെയും ചില മാധ്യമങ്ങളെയും ഇതിനായി ദുരുപയോഗിച്ചു. ആശയസമരങ്ങളെ ആയുധങ്ങൾ കൊണ്ടാണവർ നേരിട്ടത്. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ എസ്എഫ്ഐ വൈസ് പ്രസിഡന്റിനെ  ക്രൂരമായി ആക്രമിച്ചു. ജെഎൻയുവിൽ ഇടതുസഖ്യം വിജയിച്ചുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ എന്റെ ജന്മനാട്ടിൽനിന്ന്‌ എനിക്ക് കേൾക്കാനായത് മരണവാർത്തയാണ്. ബംഗാളിലെ നാദിയ ജില്ലയിൽ സഖാവ് ബാബുലാൽ ബിശ്വാസിനെ തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയ വാർത്ത. അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിനു പിന്നിൽ. വിദ്യാർഥികൾ ഒരുതരത്തിലും തങ്ങൾക്ക് അനുകൂലമാകില്ലെന്ന് മനസ്സിലായപ്പോൾ ജെഎൻയുവിനെത്തന്നെ ഇല്ലാതാക്കാനാണ്  ശ്രമം. 1970ൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ ജെഎൻയു സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ ഭരണഘടന തയ്യാറാക്കിയിരുന്നു. കാലങ്ങളായി ഈ ഭരണഘടന അടിസ്ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പും യൂണിയൻ പ്രവർത്തനവും. എന്നാൽ, ഇപ്പോൾ ഈ ഭരണഘടന എടുത്തുകളയാനാണ്‌ ശ്രമം. ചരിത്രകാരി റൊമീല ഥാപ്പറിനോടുപോലും പ്രൊഫസർ എമേരിറ്റ്‌സായി തുടരണമെങ്കിൽ യോഗ്യതയുൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്.
ഫാസിസം വേരുറപ്പിക്കുന്നതിന്റെ രീതിയാണിത്. മികവിന്റെ കേന്ദ്രങ്ങളെയെല്ലാം നശിപ്പിക്കും. ചോദ്യങ്ങളുയർത്തുന്ന ചിന്താകേന്ദ്രങ്ങളെ വേരോടെ പിഴുതെറിയാൻ ശ്രമിക്കും. പക്ഷേ, ജെഎൻയു തോറ്റുകൊടുക്കില്ല. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനങ്ങൾ ഏറ്റിട്ടും തളരാതെ പോരാടിയ ക്യാമ്പസാണിത്. വിദ്യാർഥികളെ അണിനിരത്തി ശക്തമായ സമരവുമായി എസ്എഫ്ഐയും മറ്റു വിദ്യാർഥി  സംഘടനകളുമുണ്ടാകും. അവർക്കൊപ്പം ഞാനും.
 

സമരങ്ങൾ അവസാനിക്കുന്നില്ല

 

  മോഡി സർക്കാരിന്റെ ലക്ഷ്യം രാജ്യത്തെ ഭരണഘടനയെ തകർക്കുകയെന്നതാണ്. ഉറ്റവരോട് ഒന്ന് സംസാരിക്കാൻ പോലുമാകാതെ കശ്‌മീരിലെ ജനത ഒറ്റപ്പെട്ടിരിക്കുന്നു. ദിവസങ്ങളോളമായി അവിടത്തെ ജനപ്രതിനിധികൾ വീട്ടുതടങ്കലിലാണ്. ജെഎൻയുവിലെ കശ്‌മീരി വിദ്യാർഥികളെല്ലാം ഭയപ്പാടിലാണ്. അസമിൽ 19 ലക്ഷം ജനങ്ങളാണ് ഒറ്റദിവസംകൊണ്ട് ആരോരുമില്ലാത്തവരായത്. സ്വന്തം മേൽവിലാസം ഏതെന്ന് അറിയില്ല. എങ്ങോട്ടുപോകണമെന്നും അറിയില്ല.  രാജ്യത്തെ സാമ്പത്തികനില അനുദിനം തകരുന്നു. അടിസ്ഥാന വിഭാഗക്കാർ ഒരുനേരത്തെ ആഹാരമില്ലാതെ പട്ടിണികിടക്കുന്നു. ഇതിനെതിരെ ജനങ്ങൾ ശബ്ദമുയർത്തുമ്പോൾ വിദ്വേഷപ്രചാരണങ്ങളുമായി അവർ ജനങ്ങളെ വിഭജിക്കും. പശുവിന്റെയും ദൈവങ്ങളുടെയും പേരിൽ ആളുകളെ തല്ലിക്കൊല്ലും. തൊഴിൽ ചോദിക്കുമ്പോൾ രാജ്യദ്രോഹിയെന്ന് മുദ്രകുത്തും. രാജ്യത്തെ മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ വരുതിയിലാക്കും. നുണകൾകൊണ്ടു പണിത കൊട്ടാരത്തിൽ അവർക്ക് അധികകാലം ജീവിക്കാനാകില്ല. ജനങ്ങൾ തെരുവിലിറങ്ങുക തന്നെ ചെയ്യും. സമരങ്ങൾ ഒരിക്കലും അവസാനിക്കില്ല.
 

പ്രതീക്ഷയാണ് കേരളം

 
അയ്‌ഷി ഘോഷ്‌

അയ്‌ഷി ഘോഷ്‌

കേരളത്തിൽ ആദ്യമായി വരുന്നത് കഴിഞ്ഞ ഡിസംബറിൽ. നവോത്ഥാനമൂല്യങ്ങളും സ്‌ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളും ഉയർത്തിപ്പിടിച്ച വനിതാമതിലിൽ പങ്കെടുക്കാൻ.  ജീവിതത്തിൽ ഏറ്റവും മനോഹരമായ അനുഭവം. ലോകത്തിനു മാതൃകയാകുകയായിരുന്നു കേരളം. രണ്ടു പ്രളയത്തെയും കേരള ജനത അതിജീവിച്ചത് ഒറ്റക്കെട്ടായാണ്. വർഗീയശക്തികൾക്കെതിരെയും ഒറ്റക്കെട്ടാണ്. അഭിമന്യുവിനെ വർഗീയശക്തികൾ കൊലപ്പെടുത്തിയ മഹാരാജാസിൽ പോയിരുന്നു. കേരളമൊരു പ്രതീക്ഷയാണ്. ഏത് ആക്രമണത്തെയും ദുരന്തത്തെയും ഒറ്റക്കെട്ടായി അതിജീവിക്കുന്ന ജനതയുടെ പ്രതീക്ഷ. ഏത് ഇരുണ്ടകാലത്തും ചില തുരുത്തുകൾ ഉണ്ടാകും. ഒരിക്കലും തോൽക്കാത്ത, ഒഴുക്കിനെതിരെ തുഴയുന്ന ചിലർ. പ്രതീക്ഷയുടെ  കണികകൾ.
 

ഒരുമിച്ച് നിർത്തുന്ന രാഷ്ട്രീയം 

 

‘‘2017ലാണ്‌ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കുന്നതിനുള്ള സമിതി (ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി എഗൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്‌മെന്റ് –-ജിഎസ് ക്യാഷ്) സർവകലാശാല  അകാരണമായി പിരിച്ചുവിട്ടത്.   സ്‌ത്രീകൾക്കെതിരെയും ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയും അതിക്രമങ്ങൾ അഴിച്ചുവിടുന്ന അധികാരകേന്ദ്രങ്ങളാണ് ഇന്ന് നമ്മുടെ ചുറ്റും. അവിടെയാണ് അയ്‌ഷി ജിഎസ് ക്യാഷ് നിരോധിച്ച സർവകലാശാലയിലെ പ്രസിഡന്റായത്. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു നിർത്തുക, പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഐക്യപ്പെടുക, അതാണ്‌  എസ്എഫ്ഐയുടെ രാഷ്ട്രീയം.  മഹാരാഷ്‌ട്രയിലെ കർഷകർ ലോങ് മാർച്ച് നടത്തിയപ്പോൾ ഞങ്ങളും പോയി. ജെഎൻയുവിലും ലോങ്‌ മാർച്ച് സംഘടിപ്പിച്ചു. ലൈബ്രറി ഫണ്ട് അവർ വെട്ടിക്കുറച്ചു. അവർ തീരുമാനിക്കുന്നതു മാത്രം പഠിച്ചാൽ മതിയെന്നു പറഞ്ഞു. ഗവേഷക വിദ്യാർഥികൾക്ക്  വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യ ത്തിൽവരെ കൈകടത്തി. ഈ രീതി ഞങ്ങള്‍ അംഗീകരിക്കില്ലെന്നു മാത്രമല്ല ഇതിനെതിരെ ഞങ്ങള്‍ ശക്തമായി പോരാടുകതന്നെ ചെയ്യും.’’ 
(ജെഎൻയുവിൽ നാലാംവർഷ ഗവേഷക വിദ്യാർഥിനിയാണ് ദീപാലി) 
 

പ്രതിരോധം തീർക്കേണ്ട കാലം

 

‘‘തകർക്കാൻ ശ്രമിക്കുംതോറും ശക്തമായി തിരിച്ചടിക്കുമെന്ന മറുപടിയാണ്‌ വിദ്യാർഥികൾ നൽകിയത്‌. രണ്ടാം മോഡി സർക്കാരിന്റെ നൂറനാൾക്കുള്ളിലായിരുന്നു തെരഞ്ഞെടുപ്പ്.   എല്ലാ ഘട്ടത്തിലും ഇടതുസഖ്യത്തിനെതിരെ അധികാരത്തിന്റെ തേരുരുട്ടുകയായിരുന്നു എബിവിപിയും അധികൃതരും. കായിക അക്രമണങ്ങൾ വേറെയും. ജനാധിപത്യപരമായി തെരഞ്ഞെടുപ്പു നടന്നാൽ ഇടതുസഖ്യത്തെ തോൽപ്പിക്കാനാകില്ലെന്നവർക്കറിയാം. ചിലർക്ക് മേൽക്കൈ കിട്ടാനായി ജെഎൻയുവിൽ പുതുതായി ആരംഭിച്ച കോഴ്സുകളുള്ള സ്‌കൂളുകളിലടക്കം ഇടതു സ്ഥാനാർഥികൾ വിജയിച്ചു.  തെരഞ്ഞെടുപ്പുപ്രക്രിയ തന്നെ റദ്ദാക്കണമെന്നായി പിന്നെ.  കഴിഞ്ഞകാലങ്ങളിൽ ജെഎൻയുവിനെതിരെ നടത്തിയ സംഘടിത അക്രമണങ്ങളെയെല്ലാം  വിദ്യാർഥികൾ ചെറുത്തു തോൽപ്പിച്ചതാണ്. ഇനിയും അതു തുടരും.  ശക്തമായ പ്രതിരോധം തീർക്കേണ്ട കാലമാണിത്.’’ 
(ജെഎൻയുവിൽ നാലാംവർഷ ഗവേഷക വിദ്യാർഥിനിയായ ഗായത്രി, കെ ബാലുവിന്റെയും കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ നേതാവ്‌ പി ഉഷാദേവിയുടെയും മകളാണ്.)
 

ഇവര്‍ ശുഭ്രപതാകയിലെ പെണ്‍താരകങ്ങള്‍

 
ദീപാലി അപരാജിത, ഗായത്രി

ദീപാലി അപരാജിത, ഗായത്രി

എസ്എഫ്ഐയും ഇടത്‌ വിദ്യാർഥി സംഘടനകളും ജെഎൻയുവിൽ വിജയത്തിന്റെ തൂവെള്ളക്കൊടി പാറിക്കുമ്പോൾ പിന്നിൽനിന്ന് പട നയിച്ചത്‌ രണ്ട് പെൺതാരകങ്ങൾ. കോഴിക്കോട് സ്വദേശി ഗായത്രി ബലുഷയും ജാർഖണ്ഡിലെ റാഞ്ചി സ്വദേശി ദീപാലി അപരാജിതയും. രാജ്യം ഉറ്റുനോക്കുന്ന ജെഎൻയുവിലെ ശുഭ്രപതാകയുടെ അമരക്കാർ. പുതിയ കാലത്തിനു ദിശാബോധം പകര്‍ന്നവര്‍. യൂണിറ്റ് പ്രസിഡന്റാണ് ഗായത്രി. ദീപാലി സെക്രട്ടറിയും.   
 
 

 

പ്രധാന വാർത്തകൾ
 Top