27 May Wednesday

വിജയവര കടന്ന്‌ ഫൈനൽസ്‌

കെ എ നിധിൻനാഥ് nidhinnath@gmail.comUpdated: Sunday Sep 15, 2019

പി ആർ അരുൺ സംവിധാനം ചെയ്‌ത ഫൈനൽസ്‌ പതിവ്‌ സ്‌പോർട്‌സ്‌ ഡ്രാമ സിനിമകളിൽ നിന്ന്‌ ഭിന്നമാകുന്നത്‌  വിഷയത്തിൽ തുടങ്ങി പരിചരണത്തിൽവരെ അണിയറ പ്രവത്തകർ പുലർത്തുന്ന സൂക്ഷ്‌മതയും വ്യത്യസ്‌തതയുംകൊണ്ടാണ്‌

 
സൈക്കിളിങ് താരമായ ആലീസ് (രജിഷ വിജയൻ), അച്ഛനായ മുൻ കായിക അധ്യാപകൻ വർഗീസ് മാഷ് (സുരാജ് വെഞ്ഞാറമൂട്), ആലീസിന്റെ കാമുകൻ മാനുവൽ തോമസ് (നിരഞ്ജൻ). ഈ മൂന്നു പേരുടെ കഥയാണ് ഫൈനൽസ്. മലയാള സിനിമയിൽ അത്ര പരിചിതമല്ലാത്ത സ്‌പോർട്‌സ്‌ ഡ്രാമ  ശൈലിയിലുള്ള സിനിമ.  അതേസമയം, ഒരു കായികതാരത്തിന്റെ സ്വപ്‌നവും അതിനായി ഒപ്പംനിൽക്കുന്നവരുമെന്ന പതിവ് സിനിമാ ശൈലിയിൽനിന്ന്‌ മാറിനടക്കാൻ തന്റെ ആദ്യ സിനിമാ സംരംഭത്തിൽ പി ആർ അരുൺ ശ്രമിച്ചിട്ടുണ്ട്. കട്ടപ്പനയിലേക്ക് ഒരു ഒളിമ്പിക് മെഡൽ എന്ന വർഗീസ് മാഷുടെ സ്വപ്‌നം മകളിലൂടെ യാഥാർഥ്യമാക്കാനുള്ള ശ്രമമാണ്. ഇതിനായി ആലീസ് എന്ന ദേശീയ  സൈക്കിളിങ് ചാമ്പ്യൻ നടത്തുന്ന പരിശ്രമത്തിലൂടെയാണ് സിനിമ വളരുന്നത്‌. കണ്ടുശീലിച്ച കായിക സിനിമകളുടെ ആഖ്യാനരീതികളോടെയാണ് സിനിമ തുടങ്ങുന്നതെങ്കിലും കണ്ട കാഴ്‌ചകളിൽ തളച്ചിടാനൊരുക്കമല്ലെന്ന ഒരു സംഘം സിനിമാ പ്രവർത്തകരുടെ പ്രഖ്യാപനം തുടക്കംമുതലുണ്ട്. കായിക ലോകത്തെ ജീർണതകളെ  തുറന്നുകാട്ടുന്നുണ്ട്‌ സിനിമ.
 
വിഷയത്തിൽ തുടങ്ങി പരിചരണത്തിൽവരെ പുലർത്തുന്ന സൂക്ഷ്‌മതയ്‌ക്കും വ്യത്യസ്‌തതയ്‌ക്കും മികവേറുന്നത്‌ അഭിനേതാക്കളുടെ പ്രകടനത്തോടെയാണ്. പല പാളികളുള്ള കഥാപാത്രമാണ് വർഗീസ് മാഷ്. മുൻ കായിക അധ്യാപകൻ, അച്ഛൻ, തന്റെ സ്വപ്‌നം ഇങ്ങനെ വിവിധതലമുള്ള കഥാപാത്രം. എന്നാൽ, വികാരങ്ങളൊന്നും അധികം പുറമേക്ക് പ്രകടിപ്പിക്കാത്ത ഒരു അണ്ടർ പ്ലേയുണ്ട് കഥാപാത്രത്തിന്. ഏതു നിമിഷവും പാളിപ്പോകാവുന്ന കഥാപാത്രത്തെ  കൈയടക്കത്തോടെയും തനിമയോടെയുമാണ് സുരാജ് അവതരിപ്പിക്കുന്നത്‌. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തിന്റെ പട്ടികയിലേക്ക് വർഗീസ് മാഷെ എഴുതിച്ചേർക്കുന്നുണ്ട് സുരാജ്. സ്റ്റേഡിയത്തിൽ മത്സരത്തിനപ്പുറത്തുള്ള കളിയിൽ തോറ്റ് നിൽക്കുമ്പോൾ ജയിച്ചവരുടെ പരിഹാസത്തിനു മറുപടിയായി സുരാജ് കഥാപാത്രം നോക്കുന്ന ഒരു നോട്ടമുണ്ട്. ദേഷ്യവും സങ്കടവും നിസ്സഹായതയുമെല്ലാം നിറഞ്ഞ ഒന്ന്.
 
ഫൈനൽസിൽ രജിഷ വിജയനും സുരാജും

ഫൈനൽസിൽ രജിഷ വിജയനും സുരാജും

മാനുവലായി എത്തിയ നിരഞ്ജനും തന്റെ കഥാപാത്രത്തിനെ കൃത്യമായി ഉൾക്കൊണ്ടിട്ടുണ്ട്. രണ്ടാം പകുതിയിൽ സിനിമയെടുക്കുന്ന കഥാഗതിയിലെ വ്യതിയാനത്തിനൊപ്പം നിരഞ്ജനും മാറുന്നുണ്ട്. പ്രകടനത്തിന് ഇടമുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന മികവ്‌ തുടരുന്നു രജിഷ. കായിക താരത്തിന്റെ വിജയത്തിനായുള്ള പരിശ്രമവും വീഴ്‌ചയിലെ നിരാശയുമെല്ലാം കൃത്യമായി അവതരിപ്പിക്കാൻ രജിഷയിലെ നടിക്ക്‌ കഴിഞ്ഞു.  ടിനി ടോം, സോന നായർ, മുത്തുമണി,  മണിയൻപിള്ള  രാജു തുടങ്ങിയവരെല്ലാം തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.
 
 കഴിവുണ്ടായിട്ടും ഇടുക്കി പോലെയൊരു സ്ഥലത്തുനിന്ന്‌ ഒരു കായിക താരത്തിന് മുൻനിരയിലേക്ക് വരാൻ താണ്ടിക്കടക്കേണ്ടിവരുന്ന (വരുത്തുന്ന) ദൂരത്തെക്കുറിച്ച് പ്രേക്ഷകനിലേക്ക് ചോദ്യമെറിയുന്നുണ്ട് സിനിമ. സ്‌പോർട്‌സ്‌ ഫെഡറേഷനിലെ സ്വജനതാൽപ്പര്യം, കായിക താരങ്ങൾ നേരിടുന്ന ലൈംഗികചൂഷണം, സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങളെയെല്ലാം സിനിമ സമാന്തരമായി സംസാരിക്കുന്നുണ്ട്
 
ആലീസ് എന്ന കായിക താരത്തെ പ്രേക്ഷകന് പരിചയപ്പെടുത്തുന്ന ആദ്യരംഗങ്ങളിൽ ഇടുക്കിയുടെ ഭംഗിയെ കഥാഗതിയെ മറികടക്കാതെ എന്നാൽ സിനിമ ആവശ്യപ്പെടുന്ന മനോഹാരിത ഫ്രെയിമുകളിൽ നിലനിർത്തുന്നുണ്ട് സുദീപ് എളമണിന്റെ ക്യാമറ. എടുത്തുപറയേണ്ടത് സ്‌പോർട്സ്‌ ഡ്രാമയുടെ അകത്തുനിന്നുകൊണ്ടു നടത്തിയിട്ടുള്ള പരീക്ഷണങ്ങളാണ്. കഥാപാത്രങ്ങളെത്തന്നെ കേന്ദ്രബിന്ദുവായി നിർത്തി കാഴ്‌ചയെ വ്യത്യസ്‌തമാക്കാനുള്ള ശ്രമം. സിനിമയെ കൂടുതൽ ഹൃദ്യമാക്കുന്നത് കൈലാസ് മേനോന്റെ ഗാനങ്ങളാണ്. സംഭാഷണത്തിനു കഴിയാതെ പോകുന്ന ചിലയിടത്ത്‌ കൈലാസിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമാണ് പ്രേക്ഷകരോട് സംവദിക്കുന്നത്.  
പല തലത്തിലേക്ക് മാറുന്ന സിനിമയ്‌ക്ക്‌ ചിലയിടത്ത്‌ വേഗം കൈവരിക്കുന്നു. ചിലയിടത്ത്‌ പതുക്കെയാകുകയും ചെയ്യുന്നുണ്ട്. സിനിമ ആവശ്യപ്പെടുന്ന മാറ്റം കൃത്യമായി നിലനിർത്തുന്നു ജിത്ത് ജോഷിയുടെ എഡിറ്റിങ്. 
 
കഥാഗതിയെ പ്രേക്ഷകന്റെ യുക്തിക്കു വിട്ടാണ് അവസാനമെങ്കിലും അതിനുമുമ്പുവരെ കാഴ്‌ചക്കാരുടെ ചിന്താഗതിക്ക്‌ വിട്ടുനൽകാതെയാണ് ആരുൺ സിനിമ ഒരുക്കിയിട്ടുള്ളത്. കഥാസന്ദർഭങ്ങളിൽനിന്ന് പ്രേക്ഷകനെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന ചെറിയ ട്വിസ്റ്റുകളും പുതിയ സംഭവ വികാസങ്ങളുമായി സിനിമ മുന്നേറുന്നു. അതേസമയം, പ്രേക്ഷകന്റെ യുക്തിയെ ചോദ്യംചെയ്യാത്ത മുറുക്കമുള്ള എഴുത്തുണ്ട് സിനിമയ്‌ക്ക്‌ എന്നതാണ് ഫൈനൽസിന്റെ മേന്മ. കഥാഗതി പുരോഗമിക്കുംതോറും പ്രകടനാധിഷ്‌ഠിതമായി സിനിമയ്‌ക്ക്‌ രൂപമാറ്റം സംഭവിക്കുന്നുണ്ട്. 
 
മുന്നേറാനായി നടത്തുന്ന ശ്രമങ്ങളും അതിനെതിരെ അധികാരത്തിന്റെ ഇടനാഴികൾ തീർക്കുന്ന തടസ്സങ്ങളും അതിനെ മറികടക്കാനുള്ള അതിജീവനവുമാണ് സിനിമ. ഒപ്പം വലിയ പേരുകളും ബജറ്റുമല്ല നല്ല സിനിമയൊരുക്കാനുള്ള മാനദണ്ഡമെന്ന് അടിവരയിടുന്നു ഫൈനൽസ്. എല്ലാം മേഖലയിലും കലയോട് പൂർണമായും നീതി പുലർത്തുന്നതിനുള്ള മികച്ച  സിനിമാ ശ്രമമാണ്‌ ഫൈനൽസ്‌.
പ്രധാന വാർത്തകൾ
 Top