27 May Wednesday

പാട്ടിനെ, കവിതയെ പ്രണയിച്ച നിർമാതാവ്‌

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Sep 15, 2019

 സംസ്‌കൃതജടിലമായ ആ കവിത വായിച്ച ദക്ഷിണാമൂർത്തി പറഞ്ഞു, ‘‘മാഷേ, എനിക്ക് ഈ മ്യൂസിക് ഡയറക്‌ഷൻ വേണ്ട. എന്നെ മൈലാപ്പൂരിലേക്ക്‌ തിരിച്ചുവിട്ടേക്ക്‌..'' രാമു കാര്യാട്ട് വെറുതെ വിട്ടില്ല, ‘‘സ്വാമീടെ വെളവൊക്കെ അവിടെയിരിക്കട്ടെ. പഞ്ചാംഗം എടുത്ത് കൈയിൽത്തന്നാലും സ്വാമി ട്യൂൺ ചെയ്യും.'' പിന്നെ ഒന്നു മുറുക്കി കുലുക്കുഴിഞ്ഞു വന്ന സ്വാമി ഒറ്റയടിക്ക് കവിത മുഴുവൻ ട്യൂൺ ചെയ്‌തുകേൾപ്പിച്ചെന്നാണ് ചരിത്രം. ‘‘ആരാ രാമൂ ഇതൊക്കെ കേൾക്കാനുണ്ടാകുക?'' എന്ന് ആദ്യം സന്ദേഹിച്ച ജി ശങ്കരക്കുറുപ്പ് എപ്പോഴും ആ പാട്ട് കേൾക്കുമായിരുന്നത്രേ

 
ശോഭന പരമേശ്വരൻ നായർ

ശോഭന പരമേശ്വരൻ നായർ

‘‘പണ്ടൊക്കെ തൃശൂരിൽനിന്ന് മദ്രാസിലേക്ക്‌ തീവണ്ടിയാത്ര നടത്തുമ്പോൾ ഇടതുവശത്തെ സൈഡ് സീറ്റ് കിട്ടാൻ  ശ്രമിക്കുമായിരുന്നു. സന്ധ്യക്ക്‌ ഭാരതപ്പുഴപ്പാലത്തിനു മുകളിലൂടെയുള്ള യാത്ര മറ്റേതോ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുക. അന്നുതന്നെ മനസ്സിലുറപ്പിച്ചിരുന്നു, എന്നെങ്കിലുമൊരു സിനിമ എടുക്കുമ്പോൾ ഈ പുഴ ചിത്രീകരിക്കണമെന്ന്''. 
ഒരു വ്യാഴവട്ടംമുമ്പ് തൃശൂരിലെ വീട്ടിൽ ഒരഭിമുഖത്തിനിടെ സാർഥകമായൊരു സാംസ്‌കാരിക ജീവിതത്തിന്റെ ഏടുകൾ മറിച്ചുകൊണ്ട് ചലച്ചിത്രനിർമാതാവ് ശോഭന പരമേശ്വരൻ നായർ പറഞ്ഞു. ഭാരതപ്പുഴ മാത്രമല്ല, മലയാളത്തനിമ തുളുമ്പുന്ന ഒരുപാടു കാഴ്‌ചകളും മറക്കാനാകാത്ത മുഹൂർത്തങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് ചലച്ചിത്രനിർമാണ പ്രക്രിയ ഒരു സർഗകല കൂടിയാണെന്നു തെളിയിച്ച പരമേശ്വരൻ നായർ അരങ്ങൊഴിഞ്ഞത്.
 
ആഴത്തിലുള്ള വായനയും കവിതാഭ്രമവും സംഗീതപ്രേമവുമായിരുന്നു ഐതിഹാസിക സിനിമാസംരംഭമായ നീലക്കുയിലിനോടൊപ്പം നിശ്ചലഛായാഗ്രാഹകനായി ചലച്ചിത്രയാത്ര തുടങ്ങിയ പരമേശ്വരൻ നായരുടെ പാഥേയം. മലയാളത്തിലെ ശ്രദ്ധേയങ്ങളായ സാഹിത്യകൃതികൾക്ക് ചലച്ചിത്രഭാഷ്യം നൽകാനുള്ള പരമേശ്വരൻ നായരുടെ ഉത്സാഹത്തിന്റെ ഫലമാണ് എം ടിയുടെ ആദ്യ തിരക്കഥ. ഭാരതപ്പുഴയും പരിസരങ്ങളും അഭ്രപാളികളിലാക്കണമെന്ന പരമേശ്വരൻ നായരുടെ സ്വപ്‌നം എം ടിയുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനംചെയ്‌ത മുറപ്പെണ്ണിലൂടെ സഫലമായി. നിളാതീരത്തെ ക്ഷയോന്മുഖമായ തറവാടിന്റെ പശ്ചാത്തലത്തിലുള്ള മുറപ്പെണ്ണിനുവേണ്ടി പി ഭാസ്‌കരൻ എഴുതി ചിദംബരനാഥ് ഈണമിട്ട പ്രശസ്‌ത ഗാനം വേർപിരിയുന്ന ബന്ധങ്ങളുടെ നോവുപാട്ടായി മലയാളികൾ ഹൃദയത്തിലേറ്റി...
 
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ ചിരിക്കുന്നോ...
 
ഒന്നാന്തരം പാട്ടുകൾ കൊണ്ടു സമ്പന്നമായിരുന്നു പരമു അണ്ണൻ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന പരമേശ്വരൻ നായരുടെ രൂപവാണി ഫിലിംസ് നിർമിച്ചവയും മറ്റു പ്രൊഡ്യൂസർമാരുമായി സഹകരിച്ച് അദ്ദേഹം സൃഷ്ടിച്ചവയുമായ എല്ലാ ചിത്രങ്ങളും. 
 
മാമലകൾക്കപ്പുറത്ത്, അനുരാഗനാടകത്തിൻ (നിണമണിഞ്ഞ കാല്പാടുകൾ), കരയുന്നോ പുഴ ചിരിക്കുന്നോ, കടവത്തു തോണിയടുത്തപ്പോൾ (മുറപ്പെണ്ണ്), മഞ്ഞണിപ്പൂനിലാവ്, നഗരം നഗരം മഹാസാഗരം, കന്നിരാവിൻ കളഭക്കിണ്ണം (നഗരമേ നന്ദി), കരിമുകിൽക്കാട്ടിലെ, മാനത്തെക്കായലിൻ (കള്ളിച്ചെല്ലമ്മ), പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു, ദേവവാഹിനീ തീരഭൂമിയിൽ (നൃത്തശാല), ദേവത ഞാൻ, ഏതോ നദിയുടെ തീരത്തിൽ (കൊച്ചുതെമ്മാടി), കണ്ണന്റെ കവിളിൽ നിൻ, ക്ഷേത്രമേതെന്നറിയാത്ത തീർഥയാത്ര, നഭസ്സിൽ മുകിലിന്റെ പൊൻമണിവില്ല് (പൂജയ്‌ക്കെടുക്കാത്ത പൂക്കൾ), കേളീനളിനം വിടരുമോ, യമുനേ നീയൊഴുകൂ, സ്വപ്‌നാടനം ഞാൻ തുടരുന്നു (തുലാവർഷം)... രചയിതാക്കളുടെയും സംഗീതസംവിധായകരുടെയും ഗായകരുടെയും വൈവിധ്യംകൊണ്ട് ചിരഞ്ജീവിത്വം വരിച്ച പാട്ടുകൾ. 
 
പാട്ടുകളോടും കവിതകളോടുമുള്ള പരമു അണ്ണന്റെ നിലയ്‌ക്കാത്ത അഭിനിവേശം പരമകാഷ്‌ഠയിലെത്തിയത് രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തുവന്ന അഭയം (1970) എന്ന ചിത്രത്തിൽ. ആത്മഹത്യയിൽ അഭയംപ്രാപിക്കുന്ന ഒരെഴുത്തുകാരിയുടെ കഥ. രാജലക്ഷ്‌മിയുടെ ജീവിതത്തെ ആസ്‌പദമാക്കി പെരുമ്പടവം ശ്രീധരൻ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. പൂർണമായും സാഹിത്യപശ്ചാത്തലമുള്ള മലയാളത്തിലെ ആദ്യ സിനിമ. പാട്ട്‌ റെക്കോഡ് ചെയ്യുമ്പോൾത്തന്നെ പടം സാമ്പത്തിക വിജയമായിരിക്കില്ലെന്ന് നിർമാതാവിന് തോന്നിയിരുന്നു. കാരണം അവ വെറും പാട്ടുകളല്ല. മലയാളത്തിലെ പ്രശസ്‌ത കവികൾ രചിച്ച പതിമൂന്ന്‌ കവിതകളാണ് ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ അഭയത്തിലെ പാട്ടുകളായത്. ജി ശങ്കരക്കുറുപ്പിന്റെ കടുത്ത ആരാധകനായിരുന്ന രാമു കാര്യാട്ട് ‘പാഥേയം' എന്ന സമാഹാരത്തിലെ ‘ശ്രാന്തമംബരം നിദാഘോഷ്‌മള സ്വപ്‌നാക്രാന്തം' എന്ന കവിതാഭാഗം ഇടയ്‌ക്കിടെ മൂളിക്കൊണ്ടിരിക്കും. ‘ശ്രാന്തമംബരം' സിനിമയിൽ ഉൾപ്പെടുത്തണമെന്ന കാര്യാട്ടിന്റെ ആഗ്രഹമാണ് അഭയത്തെ കവിതാമയമാക്കിയത്.
 
സംസ്‌കൃതജടിലമായ ആ കവിത വായിച്ച ദക്ഷിണാമൂർത്തി പറഞ്ഞു, ‘‘മാഷേ, എനിക്ക് ഈ മ്യൂസിക് ഡയറക്‌ഷൻ വേണ്ട. എന്നെ മൈലാപ്പൂരിലേക്ക്‌ തിരിച്ചുവിട്ടേക്ക്‌...'' രാമു കാര്യാട്ട് വെറുതെ വിട്ടില്ല, ‘‘സ്വാമീടെ വെളവൊക്കെ അവിടെയിരിക്കട്ടെ. പഞ്ചാംഗം എടുത്തു കൈയിൽത്തന്നാലും സ്വാമി ട്യൂൺ ചെയ്യും''. പിന്നെ ഒന്നു മുറുക്കി കുലുക്കുഴിഞ്ഞു വന്ന സ്വാമി ഒറ്റയടിക്ക് കവിത മുഴുവൻ ട്യൂൺ ചെയ്‌തുകേൾപ്പിച്ചെന്നാണ് ചരിത്രം. ‘‘ആരാ രാമൂ ഇതൊക്കെ കേൾക്കാനുണ്ടാകുക?'' എന്ന് ആദ്യം സന്ദേഹിച്ച ജി ശങ്കരക്കുറുപ്പ് എപ്പോഴും ആ പാട്ട് കേൾക്കുമായിരുന്നത്രേ. ജിയുടെ ‘നീരദലതാഗൃഹം' എന്ന കവിതയും അഭയത്തിലുണ്ടായിരുന്നു. പക്ഷേ, ട്യൂൺ ചെയ്തപ്പോൾ ഒരബദ്ധം പറ്റി.
 
നീരദലതാഗൃഹം പൂകെയിപ്പൊഴുതന്തി
നീരവമിരിക്കുന്നു രാഗവിഭ്രമശാലി
എന്നാണ് കവിതയിൽ. ‘പൂകെ' എന്നാൽ ‘പൂകാനൊരുങ്ങുമ്പോൾ' എന്നാണർഥം. ട്യൂൺ ചെയ്തതും പാടിയതും ‘പൂകിയിപ്പൊഴുതന്തി' എന്നാണ്. അർഥവ്യത്യാസമുണ്ട്. പക്ഷേ, പാട്ടുകേട്ടിട്ട് ജി പറഞ്ഞു: ‘ഇതായാലും കുഴപ്പമില്ല'.
 
എരിയും സ്‌നേഹാർദ്രമാം (ജി ശങ്കരക്കുറുപ്പ്), ചുംബനങ്ങളനുമാത്രം, പാരസ്‌പര്യ ശൂന്യമാകും (ചങ്ങമ്പുഴ), രാവു പോയതറിയാതെ (പി ഭാസ്‌കരൻ), പാവം മാനവഹൃദയം (സുഗതകുമാരി), താരത്തിലും തരുവിലും, എന്റെയേക ധനമങ്ങ് (ശ്രീകുമാരൻ തമ്പി), മാറ്റുവിൻ ചട്ടങ്ങളെ (കുമാരനാശാൻ), നമ്മുടെ മാതാവ് കൈരളി (വള്ളത്തോൾ), കാമ ക്രോധ ലോഭ മോഹ (വയലാർ), അമ്മതൻ നെഞ്ചിൽ (ബാലാമണിയമ്മ) എന്നീ കവിതകളും അഭയത്തിനുവേണ്ടി ദക്ഷിണാമൂർത്തി ഈണമിട്ടു.
 
നായികാനായകൻമാരായ സേതുലക്ഷ്‌മി (ഷീല)യും ബാലകൃഷ്‌ണ (മധു)നും ശാരീരികവേഴ്‌ചയിലേർപ്പെടുന്ന സീക്വൻസുണ്ട്, അഭയത്തിൽ. ഒരു ചങ്ങമ്പുഴക്കവിതയാണ് അതിന്റെ പശ്ചാത്തലത്തിൽ. അപ്രതീക്ഷിതമായി പരമു അണ്ണൻ അന്ന് ആ കവിത പാടി...
 
ചുംബനങ്ങളനുമാത്രം വെമ്പി വെമ്പിത്തുളുമ്പും നിൻ
ചുണ്ടു രണ്ടുമെന്നെന്നേക്കുമടഞ്ഞാൽപ്പിന്നെ
നിന്നെയോർക്കാനാരു കാണും, നീയതിനാൽ നിനക്കുള്ള 
നിർവൃതികളൊന്നുപോലും ബാക്കിവയ്‌ക്കൊല്ലേ...
‘പാവം മാനവഹൃദയം', ‘നീരദലതാഗൃഹം', ‘രാവുപോയതറിയാതെ' തുടങ്ങിയ ഗാനങ്ങളുടെ പകരം വയ്‌ക്കാനില്ലാത്ത മനോഹാരിതയ്‌ക്കും മുകളിലാണ് ‘ശ്രാന്തമംബരം' പകരുന്ന നിഗൂഢാനുഭൂതി. 
ശ്രാന്തമംബരം നിദാഘോഷ്‌മള സ്വപ്‌നാക്രാന്തം
താന്തമാരബ്‌ധ ക്ലേശ രോമന്ഥം മമ സ്വാന്തം
 
പല കാരണങ്ങളാൽ മൂന്നു ദിവസമെടുത്തു, പരമു അണ്ണനുമായുള്ള അന്നത്തെ അഭിമുഖം പൂർത്തിയാക്കാൻ. മൂന്നാമത്തെ പകലിന് അസാധാരണമായ ഒരു മിസ്റ്റിക് ലഹരി കൂടിയുണ്ടായിരുന്നു. പാട്ടുകളെ പ്രണയിച്ച കലാകാരനായ നിർമാതാവിന്റെ ശബ്ദത്തിൽ ആ കവിത ഇപ്പോഴും എനിക്കു കേൾക്കാം. മലയാളസിനിമയുടെ സുവർണകാലത്തുണ്ടായിരുന്ന നല്ല ചങ്ങാതിക്കൂട്ടങ്ങളുടെ സ്മാരകംപോലെ.. 
 
ക്ഷുദ്രമാമെൻ കർണത്താൽ കേൾക്കുവാനാകാത്തൊരു
ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ
ഉദ്രസം ഫണല്ലോല്ല കല്ലോലജാലം പൊക്കി
രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ
വാനം തൻ വിശാലമാം ശ്യാമവക്ഷസ്സിൽക്കൊത്തേ–-
റ്റാനന്ദ മൂർഛാധീനമങ്ങനെ നില കൊൾവൂ
തത്തുകെന്നാത്മാവിങ്കൽ, കൊത്തുകെൻ ഹൃദന്തത്തിൽ
ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും.
പ്രധാന വാർത്തകൾ
 Top