26 January Sunday

ആറ്റൂർ പറയാത്ത ആ ഭൂതകാലം

ജയമോഹൻUpdated: Sunday Sep 15, 2019

ആറ്റൂർ മധ്യവയസ്സു പിന്നിട്ടശേഷമാണ്‌ കവിതയെഴുതിത്തുടങ്ങിയത്‌. നമ്മളറിയുന്ന ആറ്റൂരിന്റെ ആദ്യകാല കവിതകളെല്ലാം 45‐50 വയസ്സിനുശേഷം എഴുതിയവ. എന്നാൽ, അതിനും കാൽനൂറ്റാണ്ടുമുമ്പ്‌ അധികമാർക്കുമറിയാത്ത ഒരു വിപ്ലവകാരിയുടെ, കവിയുടെ  ഭൂതകാലമുണ്ടായിരുന്നത്രേ ആറ്റൂരിന്‌. ആറ്റൂരിന്റെ ജീവിതത്തിന്‌ തിരുവിതാംകൂർ വിലപറഞ്ഞിട്ടുണ്ടാ യിരുന്നു. ബോംബ്‌ നിർമാണത്തിന്‌ അറസ്‌റ്റ്‌ചെയ്യപ്പെട്ടിരുന്നു. തന്നോട്‌ ഒരു സംസാരത്തിൽപോലും അങ്ങനെയൊരു ഭൂതകാലത്തെക്കുറിച്ച്‌  അദ്ദേഹം പറഞ്ഞിട്ടില്ലെന്ന്‌ ആറ്റൂരിനെ ഗുരുവായി കണ്ട പ്രശസ്‌ത തമിഴ്‌‐മലയാളം എഴുത്തുകാരൻ അനുസ്‌മരിക്കുന്നു

ഞാൻ ആറ്റൂരിനെ കാണുമ്പോൾ എനിക്ക്‌ എന്റെ മകന്റെ ഇപ്പോഴത്തെ പ്രായം. അപ്പോൾ ആറ്റൂരിന്‌ എന്റെ പ്രായമായിരുന്നു. ആ കൊല്ലമാണ്‌ ആറ്റൂർ അടുത്തൂൺ പറ്റി തൃശൂരിൽ താമസമാക്കിയത്‌. അദ്ദേഹവുമായി വളരെ ഒരടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. ആദ്യ ഗുരുനാഥനായി ഞാൻ കാണുന്നത്‌ ആറ്റൂരിനെയാണ്‌. തമിഴിലെ എന്റെ ആദ്യ പുസ്‌തകം ആറ്റൂരിനും രവിവർമയ്‌ക്കുമാണ്‌ ഞാൻ സമർപ്പിച്ചിട്ടുള്ളത്‌. മലയാളത്തിലെ ആദ്യപുസ്‌തകവും അവർക്കുതന്നെയായിരുന്നു സമർപ്പിച്ചത്‌. എല്ലാ പുസ്‌തകത്തിലും എല്ലാ ലേഖനത്തിലും എല്ലാ പ്രസംഗത്തിലും എപ്പോഴും ഓർക്കുന്ന, എപ്പോഴും ഉദ്ധരിക്കുന്ന ഒരു പേരാണ്‌ ആറ്റൂരിന്റേത്‌.

വളരെ അടുത്തബന്ധം തുടങ്ങി ഏഴുവർഷം കഴിഞ്ഞിട്ടാണ്‌ എം ഗംഗാധരന്റെ ഒരു ലേഖനത്തിൽനിന്ന്‌ ഞാൻ മനസ്സിലാക്കുന്നത്‌ ആറ്റൂരിന്‌ ഒരു വിപ്ലവകാരിയുടെ ഒരു ഭൂതകാലം ഉണ്ടായിരുന്നുവെന്ന്‌. ഒരു ലേഖനത്തിൽ എം ഗംഗാധരൻ നാലുവരി ഉദ്ധരിക്കുന്നുണ്ട്‌. 1944ൽ എഴുതിയ ഒരു കവിതയിലെ നാലുവരി. എന്റെയടുത്ത്‌ ഒരു സംസാരത്തിൽപോലും അങ്ങനെയൊരു ഭൂതകാലം തനിക്കുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. അന്ന്‌ ഒരിക്കലും അതൊന്നും ഓർമിക്കുന്ന ഒരു സ്വഭാവവുമില്ല.

റോക്കറ്റ്‌ പറന്നുയരുമ്പോൾ അതിന്റെ ഊർജസംഭരണി ഊരിയിട്ടിട്ട്‌ പോകുന്നപോലെ ആറ്റൂർ സ്വന്തം ജീവിതത്തിൽ നിന്നൂരി പുറത്തിട്ടിരുന്നു ആ 25 കൊല്ലം. അപ്പോൾ ഞാൻ ചോദിച്ചു: ഇങ്ങനെയൊരു ഗീതം കവിയുടേതായി ഉണ്ട്‌. നാൽപ്പത്തിനാലിൽ കവിതയെഴുതി തുടങ്ങിയിട്ടുണ്ടോ? നമ്മൾക്കെല്ലാമറിയുന്ന ആറ്റൂർ, അദ്ദേഹത്തിന്റെ 45–-50 വയസ്സിനുശേഷം കവിതകളെഴുതിയ ആറ്റൂരാണ്‌. ആറ്റൂരിന്റെ ഏറ്റവും തുടക്കകാല കവിതകളായി നമ്മൾ പറയുന്നവയെല്ലാം 50 വയസ്സിനുശേഷം എഴുതിയവയാണ്‌. അതിനുമുമ്പ്‌ 25 കൊല്ലം കവിതകൾ എഴുതിയിട്ടുണ്ടായിരുന്നു. അതിൽനിന്ന്‌ ഇപ്പാൾ കിട്ടുന്നത്‌ നാലുവരി മാത്രം. അപ്പോൾ ആറ്റൂർ പറഞ്ഞു: നമ്മൾ എത്ര ഒഴിച്ചുമറിച്ചിട്ടാലും എത്ര തന്നെ പൂഴ്‌ത്തിയിട്ടാലും ഒരു ചെറുവിത്തെങ്കിലും ബാക്കി ഉണ്ടാകുമെന്നതിന്റെ ഉദാഹരണമാണ്‌ ഗംഗാധരൻ എടുത്തുപറഞ്ഞിട്ടുള്ള ആ നാലുവരി.

ആറ്റൂരിന്‌ അങ്ങനെയൊരു സംഘർഷഭരിതമായ ജീവിതമുണ്ടായിരുന്നു. ആറ്റൂരിന്റെ ജീവിതത്തിന്‌ തിരുവിതാംകൂർ വിലപറഞ്ഞിട്ടുണ്ടെന്നാണ്‌ ഞാൻ കേട്ടത്‌. ഇവിടുന്ന്‌ മദ്രാസിലേക്ക്‌ ഒളിവിൽ പോയിട്ടുണ്ടെന്ന്‌ ഞാൻ കേട്ടിട്ടുണ്ട്‌. ബോംബുനിർമാണത്തിന്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ആറ്റൂരിനെപ്പോലൊരാൾ ബോംബു നിർമിക്കുക എന്നൊക്കെ പറയുന്ന(ഒലീവ്‌ പ്രസിദ്ധീകരിക്കുന്ന ലത്തീഫ്‌ പറമ്പിലിന്റെ,
കാവ്യരൂപൻ‐ആറ്റൂരോർമപ്പുസ്‌തകത്തിൽനിന്ന്‌)ത്‌ ഫിക്‌ഷനാണ്‌. അപ്പോൾ തന്നെയും അത്‌ ആറ്റൂരാണോ മറ്റാരോ ആണോ എന്ന്‌ സംശയമുണ്ട്‌.

പിന്നെയൊരിക്കൽ യാദൃച്ഛികമായ ഒരു സംഭാഷണത്തിൽ ആറ്റൂർ ഒരു സംഭവം പറഞ്ഞിട്ടുണ്ട്‌. മാതൃഭൂമിയുടെ ഒരു ചർച്ച 1948ലോ മറ്റോ കോഴിക്കോട്ട്‌ നടക്കുന്നു. അതിൽ കുട്ടികൃഷ്‌ണമാരാരാണ്‌ അന്ന്‌ അധ്യക്ഷൻ. ആറ്റൂർ എഴുന്നേറ്റ്‌ കുട്ടികൃഷ്‌ണമാരാരെ വളരെ നിശിതമായി വിമർശിക്കുന്നു. ബോംബുകൾക്കു പകരം ചാണക ഉണ്ടകളാണ്‌ ഇവിടെ ഉണ്ടാക്കുന്നത്‌ കവികൾ എന്നാണ്‌ പറഞ്ഞത്‌. ആറുകൊല്ലം കഴിഞ്ഞ്‌ പിന്നെയും മാതൃഭൂമിയുടെ ഒരു മീറ്റിങ്ങിന്‌ കുട്ടികൃഷ്‌ണമാരാർ മറ്റൊരാളോട്‌ പറയുന്നു. അവനോട്‌ ചോദിക്ക്‌ ഇപ്പോഴവൻ എന്താണ്‌ പറയുന്നതെന്ന്‌. ഞാൻ ഒന്നും പറഞ്ഞില്ല എന്ന്‌ ആറ്റൂർ പറഞ്ഞു. തന്റെ അഭിപ്രായലംഘനം അന്ന്‌ മാറിയെന്ന്‌ പറഞ്ഞുകൊണ്ടുവരികയാണ്‌. അപ്പോൾ അങ്ങനെയൊരാറ്റൂർ ഉണ്ടായിരുന്നു. ആ ആറ്റൂർ അങ്ങനെ ആ ഭൂതകാലം പരിപൂർണമായിട്ടും ഊരിയിട്ടിട്ട്‌ മറ്റൊരാളായി ഇരുന്നതിനുശേഷം ഇരുത്തം വന്ന ഒരാറ്റൂരിനെയാണ്‌ ഞാനൊക്കെ കാണുന്നത്‌. നമ്മൾ കാണുന്ന ആറ്റൂർ മറ്റൊരാളാണ്‌. ഇരിക്കുന്ന ആറ്റൂർ ആണ്‌. പക്ഷേ, ഈ ഒരിരുത്തം ഓരോ കവിതകളിലും ഓരോ വരിയിലും ഇരുന്നുപോകുന്ന ഒരു കവിതയാണ്‌. വളരെ സാവധാനത്തിലുള്ള ഒരു കവിതയാണ്‌. ആറ്റൂരിന്റെ കവിത നോട്ടുപുസ്‌തകം പലരും കണ്ടിട്ടുണ്ടാകും. അഞ്ചും ആറും എട്ടും പേജുണ്ടാകും ഒരു കവിത തന്നെ! അതിന്റെ ചെറിയ ചെറിയ വേരിയേഷൻസ്‌ ഉണ്ടാകും. ഞാൻ ഒരുപാടു തവണ കണ്ടിട്ടുണ്ട്‌. ഈ കവിത തന്നയല്ലേയിത്‌? അല്ലല്ലോ ഈ വാക്കും ഈ വാക്കും മാറിയിട്ടുണ്ടല്ലോ! രണ്ടു വാക്ക്‌ മാറ്റാൻവേണ്ടി ഒരാഴ്‌ചയൊക്കെ എടുക്കുകയാ. അതെനിക്ക്‌ ഇപ്പോഴും മനസ്സിലായിട്ടില്ലാത്ത കാര്യമാണ്‌. അങ്ങനെ രൊഴ്‌ച കഴിഞ്ഞിട്ട്‌ കെ സി നാരായണൻ ക്ഷമകെട്ട്‌ എടുത്തുകൊണ്ടുപോയി പബ്ലിഷ്‌ ചെയ്യും. ശരിയായി വന്നിട്ടില്ല എന്ന്‌ ധാരണയിലായിരിക്കും പിന്നീടുള്ള കവിയുടെ കാലഘട്ടം. അങ്ങനെ ഇരുന്നിരുന്ന്‌ ചെറുതാക്കി ‘Sculpting in the word'എന്ന്‌ പറയില്ലേ! വാക്കുകൾ ചെത്തിയെടുക്കുക–- അതാണ്‌ ആ ഇരുത്തമെന്ന്‌ ഞാൻ വിചാരിക്കുന്നു.

ആറ്റൂരിന്റെ കവിതകൾ ഇന്നാലോചിച്ച്‌ നോക്കുമ്പോൾ ആകെ മൊത്തം ഒരു നെഗറ്റിവിറ്റിയുണ്ട്‌ അദ്ദേഹത്തിന്‌. അത്‌ സ്വന്തം ജീവിതത്തിൽ ഒരു ചിരികൊണ്ട്‌ കടന്നുപോയി. കവിതയിൽ ഒരു നിസ്സംഗതകൊണ്ട്‌ കടന്നുപോയി. ആ നിസ്സംഗത മാത്രമാണ്‌ ആറ്റൂർ ആധുനികതയിൽനിന്ന്‌ എടുത്തിട്ടുണ്ടായിരുന്നത്‌. ആധുനികതയുടെ പ്രത്യേകത എന്ന്‌ നമ്മൾ പറയുന്ന ദാർശനികത ഒട്ടുംതന്നെ ആറ്റൂരിന്റെ കവിതകളിലില്ല. നിസ്സംഗത മാത്രമേയുള്ളൂ. അതുകൊണ്ടാണ്‌ നമ്മൾ ആധുനികത എന്നു പറയുന്നത്‌. ഈ ഇരുത്തമെന്ന്‌ പറയുന്നത്‌ ഒരു സ്‌റ്റേ ആയ കാര്യമല്ല. ഒരു ചെറിയ ഓർമ എനിക്ക്‌ തോന്നുന്നുണ്ട്‌.

ഞാൻ മദിരാശിയിൽ മ്യൂസിക്‌ അക്കാദമിയിൽ ആറ്റൂരിനൊപ്പം പോയിട്ടുണ്ട്‌. പാട്ടുകേട്ട്‌ പുറത്തുവന്ന്‌ അടുത്തുള്ള ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിക്കുകയാണ്‌ ഞങ്ങൾ. എന്റെ പിൻസീറ്റിൽ നെയ്‌വേലി സന്താനം ഒക്കെയുണ്ടായിരുന്നു. അപ്പോ ഞാൻ നെയ്‌വേലി സന്താനത്തിന്റെയടുത്തേക്ക്‌ എഴുന്നേറ്റുപോയി. അദ്ദേഹം ചോദിച്ചു: ആ ഇരിക്കുന്നത്‌ മൃദംഗം വായിക്കുന്നയാൾ ആണോ? അല്ല –-ഞാൻ പറഞ്ഞു. പുള്ളിക്കാരന്റെ കൈ കണ്ടപ്പോൾ തോന്നിയതാണ്‌. പലരും ശ്രദ്ധിച്ചിട്ടുണ്ടാകും ആറ്റൂരിന്റെ കൊട്ടിക്കലാശം. സംസാരത്തിനിടയിൽ അതിങ്ങനെ വരും. ഞാൻ ആറ്റൂരിന്റെയടുത്തുപോയി പറഞ്ഞു മൃദംഗ്വിസ്വിറ്റ്‌ ആണോ എന്ന്‌ ചോദിക്കുന്നെന്ന്‌. ആറ്റൂരിന്‌ ഭയങ്കരമായിട്ട്‌ അത്‌ ബോധിച്ചു. ആണെന്ന്‌ പറയണ്ടേ എന്നു പറഞ്ഞു. ആറ്റൂരിന്റെ അച്ഛൻ ഒരു മൃദംഗവിദ്വാൻ ആയിരുന്നു. ആറ്റൂരിന്‌ അങ്ങനെ വായിക്കാൻ പറ്റിയില്ലെങ്കിലും മനസ്സിന്റെയുള്ളിൽ ആ മൃദംഗവായന എപ്പോഴുമുണ്ട്‌.
ആദ്യമായി ആറ്റൂരിനൊപ്പം പാണ്ടിമേളം കേൾക്കാൻ പോയപ്പോൾ ഒരു പാണ്ടിയായ ഞാൻ ഇതിൽ എന്താണ്‌ ആസ്വദിക്കാനുള്ളതെന്ന്‌ ചോദിച്ചു. എനിക്കത്‌ ഒരു ശബ്ദം മാത്രമായിരുന്നു. എന്റെ മനസ്സിലെ ലയവിന്യാസമെന്നത്‌ മൃദംഗമാണ്‌. ഈ ചെണ്ടയുടെ മുഴക്കം ട്രൈബലായ ഒരാക്രോശമായിട്ടു മാത്രമേ അപ്പോ എനിക്ക്‌ തോന്നിയുള്ളൂ. അപ്പോ ആറ്റൂർ പറഞ്ഞു: അതിന്റെ ശബ്ദംകൊണ്ട്‌ ശിൽപ്പം ഉണ്ട്‌. അത്‌ കാണാൻ ചെവി കുറച്ച്‌ ശീലിക്കണമെന്ന്‌. അതുകഴിഞ്ഞ്‌ നാലോഅഞ്ചോ മാസം കഴിഞ്ഞ്‌ ഞാനും ആറ്റൂരും തിരുവണ്ണാമലൈ ക്ഷേത്രത്തിൽ പോയി. തിരുവണ്ണാമലൈ ക്ഷേത്രം നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിന്റെയൊക്കെ റിങ്ങിലെ ഗോപുരങ്ങളിലാണ്‌ ശിൽപ്പങ്ങൾ ഉള്ളത്‌. വളരെ സൂക്ഷ്‌മമായ ധാരാളം ശിൽപ്പങ്ങൾ. പുറത്തുള്ള രാജഗോപുരം എന്നുപറയുന്ന നാലു തൂണിൽ ശിൽപ്പങ്ങളില്ല. വെറും സ്‌ട്രക്‌ചർ മാത്രമേയുള്ളൂ. അതിന്റെ വ്യത്യാസത്തിൽ ആറ്റൂർ പറഞ്ഞത്‌. ഇതാണ്‌ ചെണ്ടമേളം? ഇതല്ല ഇത്‌ ഇതിന്റെ സ്‌ട്രക്‌ചറാണ്‌. ഇതിന്റെ ഒരു താളവുമുണ്ട്‌–- ആ താളം തന്നെയാണ്‌. എനിക്കത്‌ വളരെ വലിയ ഒരോപ്പൺ തന്നെയായിരുന്നു. അതായത്‌ നിശ്‌ചലമായ ഒരു സ്‌ട്രക്‌ചറിലെ താളം അതാണ്‌ ആറ്റൂർ കാണുന്നത്‌. ആ താളമായിരുന്നു. ആറ്റൂർ നിരന്തരം ഹിമാലയത്തിൽ പോകുമായിരുന്നു. ഹിമാലയത്തെപ്പറ്റി സംസാരിക്കുമ്പോൾ ഒരിക്കൽ എന്നോട്‌ പറഞ്ഞു. എനിക്കതിന്റെ താളം ഇഷ്ടമാണ്‌. പിന്നീട്‌ ഹിമാലയം കാണുമ്പോൾ എനിക്കുതന്നെ അത്‌ ഒരത്ഭുതമായ കാഴ്‌ചയായിരുന്നു. ടൈംലസ്‌, മോഷൻലസ്‌ ആയ ഒരു താളമാണതിനുള്ളത്‌. പേരിടാത്ത ഒരു നമ്പർ പോലുമില്ലാത്ത ആയിരക്കണക്കിന്‌ ശിഖരങ്ങളുടെ വലിയ ഒരേരിയയാണ്‌.അതിനെ ഒരു താളമായിട്ടു കാണുക. ഇരുന്നിടത്ത്‌ നിന്നുകൊണ്ട്‌ അനങ്ങാതെ നടക്കുന്ന താളം! കണ്ണുകൊണ്ട്‌ കാണാവുന്ന അല്ലെങ്കിൽ മനസ്സുകൊണ്ട്‌ ചെയ്യാവുന്ന ഒരു താളം! അതായിരുന്നു ആറ്റൂരിന്റെ കവിതകളിൽ നാം കണ്ടുവന്നിരുന്നത്‌ –-ആ ഇരുപ്പിന്റെ താളം മാത്രമാണ്‌. ആറ്റൂരിന് പ്രണാമം.

(ഒലീവ്‌ പ്രസിദ്ധീകരിക്കുന്ന ലത്തീഫ്‌ പറമ്പിലിന്റെ, കാവ്യരൂപൻ‐ആറ്റൂരോർമപ്പുസ്‌തകത്തിൽനിന്ന്‌) (ഒലീവ്‌ പ്രസിദ്ധീകരിക്കുന്ന ലത്തീഫ്‌ പറമ്പിലിന്റെ, കാവ്യരൂപൻ‐ആറ്റൂരോർമപ്പുസ്‌തകത്തിൽനിന്ന്‌)

പ്രധാന വാർത്തകൾ
 Top