20 March Wednesday

ആളൊരുക്കം; ആവിഷ്‌കരിച്ചത് കലര്‍പ്പില്ലാത്ത ജീവിതത്തെ

ഷംസുദീൻ കുട്ടോത്ത്‌Updated: Sunday Apr 15, 2018

ആളൊരുക്കത്തിൽ ശ്രീകാന്ത്‌ മേനോൻ

 ബന്ധങ്ങളുടെ തീവ്രത ശക്തമായി ആവിഷ്കരിക്കുന്നു വി സി അഭിലാഷ് തിരക്കഥയെഴുതി സംവിധാനംചെയ്ത ആളൊരുക്കം. മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആളൊരുക്കം വാർധക്യത്തിലെ അനാഥത്വം, ഓർമകളുടെ വേട്ടയാടൽ, പ്രണയത്തിന്റെ ചിരികൾ, മരണം മണക്കുന്ന ഗതിവിഗതികൾ എല്ലാം അനുഭവിപ്പിക്കുന്നു ഈ സൃഷ്ടി. മലയാളസിനിമയിൽ വേണ്ടത്ര ഗൗരവത്തോടെ അഭിസംബോധനചെയ്യാതെ പോയ ട്രാൻസ്ജെൻഡർ ജീവിതത്തെ സത്യസന്ധമായി ആവിഷ്കരിക്കുന്നു. പപ്പു പിഷാരടി എന്ന തുള്ളൽകലാകാരനെ അവതരിപ്പിച്ച് സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രൻസ് സൂക്ഷ്മാഭിനയത്തിൽ കാണിക്കുന്ന മിടുക്ക്  ശ്രദ്ധേയം.  ഇന്ത്യയിലെ മികച്ച ഏത് നടനുമൊപ്പം ചേർത്ത്  വയ്ക്കാവുന്ന പേരാണ് ഇന്ദ്രൻസ് എന്ന് ആളൊരുക്കം കാണിച്ചുതരുന്നു. ആളൊരുക്കത്തെക്കുറിച്ച് സംവിധായകൻ വി സി അഭിലാഷ്. 

 

ഒരുങ്ങുംമുമ്പ്

ആളൊരുക്കത്തിൽ ഇന്ദ്രൻസ്‌

ആളൊരുക്കത്തിൽ ഇന്ദ്രൻസ്‌

ആളൊരുക്കത്തിനുമുമ്പ് നിർമാതാവിനോട് മറ്റൊരു കഥയാണ് സംസാരിച്ചത്. അതിലും ഒരു ട്രാൻസ്ജെൻഡർ കൺസെപ്റ്റാണ് ഉണ്ടായിരുന്നത്. അതിൽ ഇന്ദ്രൻസിന്റെ വേഷം സ്ത്രീലമ്പടനായ ഒരാളായിട്ടായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് 15 ദിവസംമുമ്പാണ് അറിയുന്നത് മറ്റൊരിടത്ത് സമാനമായ മറ്റൊരു സിനിമ ഷൂട്ട് ചെയ്തുതുടങ്ങി എന്ന്. അങ്ങനെ അതവിടെ അവസാനിപ്പിച്ചു. 
 ട്രാൻസ്ജെൻഡർ എന്ന വിഷയം പ്രൊഡ്യൂസർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം മറ്റൊരു കഥ ആവശ്യപ്പെട്ടപ്പോഴാണ് ആറേഴു വർഷംമുമ്പ് ബംഗളൂരുവിൽ ഒരു ട്രാൻസ്ജെൻഡർ ദമ്പതികളെ ഫ്ളാറ്റിൽനിന്ന് ഇറക്കിവിട്ട സംഭവം ഓർമവന്നത്. അത് കഥയാക്കി ഞാൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ ആശയം പരുവപ്പെടുത്തിയാണ് ആളൊരുക്കത്തിലേക്കെത്തുന്നത്. 
 

ലിംഗ രാഷ്ട്രീയം

 ട്രാൻസ്ജെൻഡേഴ്സ് അനുഭവിക്കുന്ന വെല്ലുവിളികൾ എല്ലാവരിലും എത്തിക്കണമെന്നുണ്ടായിരുന്നു. സിനിമകളിൽ പൊതുവേ അത്തരം കഥാപാത്രങ്ങളെ കളിയാക്കിയാണ് അവതരിപ്പിക്കാറുള്ളത്. നമ്മുടെ സിനിമകൾ അവർക്ക് വട്ടപ്പേരും നൽകി. ചാന്തുപൊട്ട് ഉദാഹരണം. ട്രാൻസ്ജെൻഡറുകളുടെ ജീവിതയാഥാർഥ്യം കാണിച്ചുകൊടുക്കണമെന്നായിരുന്നു ആഗ്രഹം. കുടുംബമായി ജീവിക്കുമ്പോഴുള്ള വെല്ലുവിളികൾ ഉൾപ്പെടെ. തിരക്കഥയെഴുതുന്നതിന്റെ ഭാഗമായി പലരുമായും സംസാരിച്ചു. ദമ്പതികളായി ജീവിക്കുകയാണെങ്കിൽ നോട്ടപ്പുള്ളികളാകും, വാടകവീട് കിട്ടില്ല, ഭക്ഷണം കൊടുക്കില്ല, ആളുകൾ അവരുടെ വീട്ടിൽ വരുന്ന ആളുകളുടെ ചെരുപ്പുകളുടെ എണ്ണമെടുക്കും, കൊച്ചുകുട്ടികൾപോലും കളിയാക്കി ചിരിക്കും.  
 

അതിശയപ്പെടുത്തി ശ്രീകാന്ത് മേനോൻ

ചിത്രത്തിലെ പ്രധാനകഥാപാത്രമായ ട്രാൻസ്ജെൻഡറായി അഭിനയിക്കാൻ ഒരുപാടുപേരെ ഓഡിഷൻചെയ്തു നോക്കിയെങ്കിലും ഒന്നും ഫലപ്രദമായില്ല. മറുനാടൻ മലയാളിയും മുംബൈയിലെ മോഡലുംകൂടിയായ ശ്രീകാന്ത് മേനോനെ പരിചയപ്പെട്ട  ശേഷമാണ് തീരുമാനമായത്. ട്രാൻസ്ജെൻഡറായി അഭിനയിക്കാനല്ല സ്ത്രീയായി അഭിനയിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. സ്വന്തം വീട്ടിലെ സ്ത്രീകളുടെ മാനറിസങ്ങൾ ശ്രദ്ധിക്കാനും നോക്കി പഠിക്കാനും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അഭിനയവും പലപ്പോഴും എന്നെ അതിശയപ്പെടുത്തി. കൊച്ചിയിലെ പ്രശസ്ത അഭിനയക്കളരിയായ ആക്ട്ലാബിൽനിന്നുള്ള 10 കലാകാരന്മാരും അഭിനയിച്ചിട്ടുണ്ട്.
 

ഇന്ദ്രൻസിനു പകരം ഇന്ദ്രൻസുമാത്രം

ഓട്ടൻതുള്ളലിനെ ഹൃദയതാളമായി കൊണ്ടുനടക്കുന്ന കഥാപാത്രമാണ് പപ്പു പിഷാരടി. ഇന്ദ്രൻസിനെപ്പോലെ അദ്ദേഹം മാത്രമേ ഉണ്ടാകൂ. പരാതികളില്ലാത്ത, ഏറെ ലാളിത്യമുള്ള ഒരു നാട്ടിൻപുറത്തുകാരന്റെ എല്ലാ സ്വഭാവസവിശേഷതകളും അടങ്ങിയ ഒരു മനുഷ്യൻ. സംവിധായകൻ എന്ന നിലയിൽ എന്നെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് അദ്ദേഹം. ഒരു ഓട്ടൻതുള്ളൽ മുഴുവൻ പഠിച്ച് അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കാണിച്ച ഒരു ധൈര്യമുണ്ട്. അതാണ് ആ സിനിമയുടെ വിജയം. മഴയത്തും പാതിരാത്രിയിലുമൊക്ക ഷൂട്ടിങ് ഉണ്ടായിരുന്നു. ഷൂട്ടിനിടെ പലപ്പോഴും അദ്ദേഹം സ്റ്റൂളിൽ ഇരുന്ന് ഉറങ്ങുന്നതൊക്കെ കണ്ടിട്ടുണ്ട്. 
 

ഓഫ്ബീറ്റ്  അല്ല

വി സി അഭിലാഷ്‌

വി സി അഭിലാഷ്‌

ആളൊരുക്കം ഓഫ്ബീറ്റ് മൂവി അല്ല. ഇതൊരു കൊമേഷ്യൽ സിനിമയാണ്. അനിവാര്യമായ നിശ്ശബ്ദതകൾ ചില ഇടങ്ങളിൽ ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്, അനാവശ്യ ബഹളങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട് എന്നതിനപ്പുറം ചിത്രം ഒരിക്കലും അവാർഡ് സിനിമ അല്ല. ഈ പേര് ചിലരെയെങ്കിലും തെറ്റിദ്ധരിക്കാൻ ഇടയായിട്ടുണ്ട്. മറ്റ് ഭാഷകളിലാണെങ്കിൽ ഒരുപക്ഷേ ഈ പ്രശ്നം ഉണ്ടാകില്ല. 
 

മാധ്യമപ്രവർത്തനം

വർഷങ്ങളായി മാധ്യമപ്രവർത്തകനാണ്. എന്നാൽ, മാധ്യമ പ്രവർത്തകൻ സിനിമയിലേക്ക് വന്നതല്ല. സിനിമ സ്വപ്നംകണ്ട് നടന്ന ഒരാൾ ഇടയിൽ മാധ്യമപ്രവർത്തകനായതാണ്.  
 

കുടുംബം

അച്ഛൻ: വിജയകുമാർ. അമ്മ: ചന്ദ്രിക. ഭാര്യ: രാഖി കൃഷ്ണ.
 
shamsudheenkuttoth@gmail.com
പ്രധാന വാർത്തകൾ
 Top