23 April Tuesday

സൌഹൃദ നിലാവിനാല്‍ സമരത്തീയാല്‍- മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും ആദരിക്കുന്ന എ കെ ജിയെ അപമാനിച്ചതിൽ അത്യധികം വേദനിക്കുന്ന ഒരു കുടുംബമുണ്ടിവിടെ. എ കെ ജിയുടെ മകൾ ലൈലയും മരുമകൻ പി കരുണാകരൻ എംപിയും

വിനോദ് പായംUpdated: Sunday Jan 14, 2018

കേരളം ഒന്നാകെ പ്രതിഷേധിക്കുകയാണിപ്പോൾ, തലമുറകൾക്ക് പ്രിയപ്പെട്ട നേതാവിനെ  അപമാനിച്ചതിനെതിരെ. ദേശീയ സ്വാത സമരത്തിന്റെ മുന്നണിയിൽനിന്ന് ഇന്ത്യൻ  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുയർന്ന എ കെ ജിയെയും ഇന്ത്യൻ മഹിളാ  പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സുശീല ഗോപാലനെയും അവമതിച്ച   കുടിലതയ്‌ക്കെതിരെ കേരളം തിളയ്ക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും  ആദരിക്കുന്ന എ കെ ജിയെ അപമാനിച്ചതിൽ  അത്യധികം വേദനിക്കുന്ന ഒരു  കുടുംബമുണ്ടിവിടെ. എ കെ ജിയുടെ മകൾ ലൈലയും മരുമകൻ പി കരുണാകരൻ എംപിയും

മകൾ പതിവുപോലെ ആ അച്ഛൻ അന്നും വൈകിത്തന്നെയാണ് എത്തിയത്. കാത്തിരുന്ന് ഉറങ്ങിപ്പോകാറുള്ള മകൾ പക്ഷേ അന്നുമാത്രം ഉറങ്ങാതെ കാത്തിരുന്നു. അന്നത്തെ രാത്രി അച്ഛൻ എത്തിയപ്പോൾ ഉണ്ടായ സംഭവം മകൾതന്നെ പറയട്ടെ:

“എനിക്കോർമയുണ്ട്, അച്ഛനെന്നെ ഒരിക്കൽ അടിച്ചത്; അച്ഛനെ കാണാൻ മുഹമ്മയിലെ വീട്ടിൽ വന്നവരിലൊരാൾ, എനിക്ക് ഒരു കരിമണിമാല സമ്മാനം തന്നു. അച്ഛനും അമ്മയും എനിക്ക് ഒരു മാലയോ വളയോ ഒന്നും വാങ്ങിത്തന്നിരുന്നില്ല. രാത്രി അച്ഛൻ വന്നപ്പോൾ, ഇതാ സ്വർണമാല എന്ന് ഞാൻ അച്ഛനെ കാട്ടിക്കൊടുത്തു. ഉടനെ എവിടുന്ന് കിട്ടിയെന്നായി ചോദ്യം. അച്ഛനെ കാണാൻവന്ന ഒരാൾ തന്നതെന്നായി ഞാൻ. ഊരാൻ പറഞ്ഞു, ഞാൻ ഊരിയില്ല. ഉടൻ അടിവീണു. ഞാൻ കരഞ്ഞ് ഓടിയപ്പോൾ അമ്മ വഴക്ക് പറഞ്ഞു. എന്തിനാ മോളെ തല്ലിയത്, അത് മുക്കുമാലയല്ലേ എന്ന് ചോദിച്ചു.

അപ്പോൾ എന്നെ വാരിയെടുത്ത് അച്ഛൻ പറഞ്ഞു; മോളേ നമ്മൾക്ക് സ്വർണമാല വാങ്ങാൻ പറ്റും. പക്ഷേ ഈ നാട്ടിലെ സാധാരണക്കാർക്ക് അതെങ്ങനെ വാങ്ങാനാകും. അതുകൊണ്ട് എന്റെ മോൾ സ്വർണമാല ഇടേണ്ട.  ഞാൻ ഇന്നേവരെ സ്വർണാഭരണങ്ങൾ ധരിച്ചിട്ടില്ല''

(അച്ഛൻ: എ കെ ഗോപാലൻ, അമ്മ: സുശീല ഗോപാലൻ, മകൾ: ലൈല)

പി കരുണാകരൻ, ലൈല, മകൾ ദിയ

പി കരുണാകരൻ, ലൈല, മകൾ ദിയ

ലൈല സംഭവം വിവരിച്ചതിന് പിന്നാലെ, ഭർത്താവ് ഒരു തമാശ  പങ്കിട്ടു. അതെനിക്ക് സഹായമായി. സ്വർണമാലയൊന്നും വാങ്ങേണ്ടിവന്നിട്ടില്ല. വേറൊരു ചെലവുമില്ല... ലൈലയെ നോക്കൂ. താലിമാലയ്ക്ക് പകരം ഒരു കല്ലുമാല. മുക്കുകമ്മൽ, പ്ലാസ്റ്റിക് വള. ലൈലയുടെ കുടുംബത്തിൽ മുഴുക്കെ ലാളിത്യമായിരുന്നു അലങ്കാരം. എ കെ ജിക്കോ സുശീലയുടെ കുടുംബത്തിനോ സ്വർണമടക്കുള്ള അലങ്കാരങ്ങൾ എത്ര വേണമെങ്കിലും ആകാമായിരുന്നല്ലോ.

(ഭർത്താവ്: പി കരുണാകരൻ എംപി)

ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ വജ്രശോഭയാർന്ന എ കെ ജിയുടെയും കുടുംബത്തിന്റെയും സഹനജീവിതത്തിന് ഒരാഭരണത്തിന്റെയും അലങ്കാരങ്ങളുടെയും ആവശ്യമില്ല. തൃണസമാനമായ ഫെയ്‌സ് ബുക്ക് വിപ്ലവത്തിലൂടെ ആ ജീവിതത്തിന്റെ തിളക്കം കുറയ്ക്കാനാകുമോയെന്ന് ശ്രമിക്കുന്ന കാലത്താണ് എ കെ ജിയുടെ കുടുംബത്തെ ചെന്നുകാണുന്നത്. ഇന്നും ആ കുടുംബത്തിന് പാർടിയല്ലാതൊരു വീടില്ല. സിപിഐ എം കാസർകോട് ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് അവരെ ഒന്നായി കണ്ടുകിട്ടിയത്. കാസർകോട് ഗസ്റ്റ്ഹൗസിൽ. എംപിയായ പി കരുണാകരന് പിറ്റേന്ന് രാവിലെ ഡൽഹിക്ക് തിരിക്കണം. ഏറെ വൈകിയതിനാൽ നീലേശ്വരം പള്ളിക്കരയിലേ വീട്ടിലേക്ക് മടങ്ങാനും സമയമില്ല. ലൈലയ്ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാൽ ആശുപത്രിയിൽ പോകണം.  രാത്രി ഗസ്റ്റ്ഹൗസിൽ തങ്ങാൻ തീരുമാനിച്ചു ലൈലയും ഭർത്താവ് പി കരുണാകരനും മകൾ ദിയയും.

• എ കെ ജിക്കെതിരായ വി ടി ബൽറാമിന്റെ പരാമർശം മാത്രമല്ല ഇപ്പോഴത്തെ കുറ്റം; എ കെ ജിയുടെ ആത്മകഥയിൽ ഗൗരവപരമായ തിരുത്തലും നടത്തി. അത് ക്രിമിനൽ കുറ്റമാണെന്നും പറയുന്നുണ്ട്. ഇതിൽ കുടുംബം കേസ് കൊടുക്കേണ്ടതാണെന്ന വാദവുമുണ്ട്?

“കേരള രാഷ്ട്രീയചരിത്രത്തെ കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ് ഇതിലൂടെ എംഎൽഎ പ്രകടിപ്പിച്ചത്. പല ചാനലുകാരും എന്നെ വിളിച്ചിരുന്നു. ഞാൻ പ്രതികരിച്ചില്ല.  നമ്മുടെ കുടുംബകാര്യം കൂടിയാണല്ലോ ഇത്. എ കെ ജിയെ അങ്ങനെ സമീപിക്കുന്നതും ശരിയല്ല. കേസുകൊടുക്കേണ്ടതുണ്ടോയെന്ന് പാർടിയുമായി ആലോചിച്ച് തീരുമാനിക്കും. ഇതിൽ ഞങ്ങളെക്കാളും വിഷമിക്കുന്നവരായിരിക്കും സുശീല സഖാവിന്റെ വീട്ടുകാർ. രാഷ്ട്രീയത്തിൽ മുഹമ്മ ചീരപ്പൻചിറ തറവാട്ടുകാരുടെ സംഭാവനയും ചരിത്രം പഠിച്ചവർക്കറിയാം. അവരെയും അപമാനിക്കുന്നതായിപ്പോയി എംഎൽഎയുടെ പരാമർശം. പുസ്തകം തിരുത്തിയിട്ടുണ്ടെങ്കിൽ അതും ഗൗരവമേറിയ ക്രിമിനൽ കുറ്റംതന്നെയാണ്.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗംകൂടിയായ പി കരുണാകരൻ എംപി തുടർന്നു: “ഞാൻ ആദ്യം എംപിയായി പാർലമെന്റിൽ എത്തിയപ്പോൾ എന്നെ ആദ്യം ആശംസിക്കാൻ എത്തിയത് എൽ കെ അദ്വാനിയായിരുന്നു. പിന്നാലെ ഫാറൂഖ് അബ്ദുള്ള. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് പലർക്കും എന്നോട് വ്യക്തിപരമായി മികച്ച സൗഹൃദം തുടരാൻ താൽപ്പര്യമുണ്ടായിരുന്നു. എ കെ ജിയുടെ മരുമകനാണ് ഞാനെന്നറിയുമ്പോഴുള്ള ആ നേതാക്കളുടെ ആഹ്ലാദം വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്.

എ കെ ആന്റണി, എ കെ ജിയെ വല്ലാത്ത ആദരവോടെയാണ് കാണുന്നത്. എ കെ ജിയുടെ മരണത്തിന് ശേഷമാണ് ഞങ്ങളുടെ കല്യാണം. ആലപ്പുഴയിൽ നടന്ന  ലളിതമായ ചടങ്ങിൽ ആദ്യന്തം പങ്കെടുത്തു എ കെ ആന്റണി. എ കെ ജിയോടും സുശീല സഖാവിനോടുമുള ആദരവാണ് അതിന് കാരണം. ആന്റണിയും ബൽറാമിന്റെ പ്രസ്താവനയോട് പ്രതികരിച്ചില്ല എന്നത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യദുഃഖമാണ്. മോഡിയെ നീച് ആദ്മി എന്നുവിളിച്ച മണിശങ്കർ അയ്യരെ ഒറ്റദിവസംകൊണ്ട് കോൺഗ്രസ് പുറത്താക്കി. ബിജെപിക്കെതിരാണെങ്കിൽ നടപടിയുണ്ടാകും, സിപിഐ എമ്മിനെതിരാണെങ്കിൽ കോൺഗ്രസിന് അനക്കമില്ല എന്ന കോടിയേരിയുടെ നിരീക്ഷണം സത്യം.''  

സംസാരത്തിനിടയിൽ മകൾ ദിയ അച്ഛന്റെയും അമ്മയുടെയും വിവാഹ ആൽബവുമായി വന്നു. കറുത്ത പുറംചട്ടയിൽ നവീകരിച്ചെടുത്ത പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ആൽബം. പേജുകളിൽ അറിവ് തിളയ്ക്കുന്ന ചരിത്രപുസ്തകം എന്ന് വിളിക്കാവുന്ന ഒരെണ്ണം. എ കെ ജിയുടെ വേർപാടുണ്ടായി പത്തുമാസത്തിന് ശേഷം, 1978 ജനുവരി ഒന്നിനായിരുന്നു വിവാഹം.  ആശീർവദിക്കാൻ ഇ എം എസ് അടക്കമുള്ള നേതാക്കൾ.  തനിക്കറിയാവുന്ന പേരുകളെ ദിയ, താളുകൾ മറിച്ച് പരിചയപ്പെടുത്തുന്നു. അതുകാണുമ്പോൾ വാത്സല്യം പൊതിഞ്ഞ കൗതുകത്തോടെ ലൈല നിറഞ്ഞുചിരിക്കുന്നു.  

അമ്മമനസ്സ്

ബൽറാമിന്റെ ആക്ഷേപത്തിൽ, സുശീല സഖാവിന്റെ കുടുംബത്തിനുണ്ടാകുന്ന സങ്കടവും വലുതാണ്. പുന്നപ്ര വയലാർ പ്രക്ഷോഭത്തിൽ പോരാളികൾക്ക് വാരിക്കുന്തം ചെത്തി മിനുക്കി കൊടുത്ത മാധവിയമ്മയുടെ മകളാണ് സുശീല.  ആ അമ്മയെപ്പോലുള്ളവരെ അപമാനിക്കുകയല്ലേ ഇവർ ചെയ്തത്‐ ലൈലയും പി കരുണാകരനും തുടർന്നു.

ഒളിവുജീവിതത്തിലെ അമ്മമാരുടെ സഹനത്തെക്കുറിച്ച് എനിക്ക് വ്യക്തിപരമായ ഒരനുഭവമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 13 മാസം ഒളിവിലുണ്ടായിരുന്ന കരുണാകരൻ ഓർത്തു: നീലേശ്വരം കിനാനൂർ ഭാഗത്തായിരുന്നു ഒളിവിൽ. ഒരുദിവസം ഷെൽട്ടർ അണ്ടോൾ ഭാഗത്തേക്ക് മാറ്റി. ചെന്നെത്തിയത് ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ. അയാൾ എന്നെ കണ്ടു. ഞാൻ ആകെ ബേജാറായി. അക്കാലത്ത് പൊലീസ് ചാരപ്പണിയായിരുന്നല്ലോ കോൺഗ്രസുകാർക്ക്. പൊലീസ് പിടിയിലാകുമല്ലോ എന്നോർത്ത് വീടിന്റെ ചായ്പിൽ നിൽക്കുന്നതിനിടയിൽ, അകത്ത് മകനെക്കൊണ്ട് സത്യംചെയ്യിക്കുന്ന അമ്മയുടെ ദൃശ്യം മിന്നിത്തെളിഞ്ഞു. വിളക്ക് കത്തിച്ചുവച്ച് അതിൽ തൊട്ട് മകനെ സത്യംചെയ്യിക്കുന്നു. പാർടി നേതാക്കളെ ഇവിടെ കണ്ടുവെന്നത് ആരോടും പറയില്ല എന്ന കാര്യം സത്യപ്പെടുത്തുന്നു. ഇന്നും അതോർക്കുമ്പോൾ കണ്ണുനിറയും. എന്തൊരു രാഷ്ട്രീയബോധ്യമാണ് ആ അമ്മയ്ക്ക്. അത്തരം അമ്മമാരെക്കൂടിയല്ലേ ബൽറാം അപമാനിച്ചത്?

 
ഡൽഹിയിലെ ഒരു ധർണ

ഡൽഹിയിലെ ഒരു ധർണ

സ്വാതന്ത്ര്യം ജയിലിൽ

1947ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മദിരാശി ഗവൺമെന്റ് തടവുകാരെയെല്ലാം മോചിപ്പിച്ചു. ഇ എം എസും മറ്റും 14നുതന്നെ കോഴിക്കോട്ട് എത്തി. എന്നെ ആഗസ്ത് 15ന് മോചിപ്പിക്കുമെന്ന് കമ്യൂണിക്കെയിൽ എടുത്തുപറഞ്ഞിരുന്നു. എന്നാൽ, എന്നെമാത്രം വിട്ടില്ല. മറ്റുള്ളവരെയെല്ലാം വിട്ടു.

എല്ലാ പാർടികളും ചേർന്നാണ് ആഗസ്ത് 15 ആഘോഷിച്ചത്. രാജ്യത്തുടനീളം ആഘോഷവും സന്തോഷപ്രകടനവും നടന്നു. 1947 ആഗസ്ത് 14ന് കണ്ണൂരിലെ വലിയ ജയിലിൽ ഞാൻ ഏകാന്തതടവിലായിരുന്നു. മറ്റ് ഡെറ്റിന്യൂ തടവുകാർ ആരും ഉണ്ടായിരുന്നില്ല. കാവുമ്പായി, കരിവെള്ളൂർ കേസിലെ സഖാക്കൾ വിചാരണ ചെയ്തവരും വിചാരണയ്ക്ക് കാത്തിരിക്കുന്നവരുമായി ധാരളംപേർ അവിടെ ഉണ്ടായിരുന്നു. എനിക്ക് രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. ജയിലിന്റെ നാല് മൂലയിൽനിന്നും ജയ്‌വിളികൾ മുദ്രാവാക്യങ്ങൾ ജയിലിൽ അലയടിച്ചുയർന്നു. രാജ്യം മുഴുവൻ സൂര്യോദയത്തിനുശേഷമുള്ള ആഹ്ലാദപ്രകടനം കാത്തിരിക്കുകയായിരുന്നു. അവരിൽ എത്രയോപേർ വർഷങ്ങളായി ഇതിനുവേണ്ടി കാത്തിരിക്കുകയും ഇതിനുവേണ്ടി സമരം ചെയ്യുകയും ആ സമരത്തിൽ തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. എനിക്ക് സന്തോഷവും ദുഃഖവും തോന്നി. ഏത് ലക്ഷ്യത്തിനുവേണ്ടിയാണോ ഞാൻ എന്റെ യൗവനം മുഴുവൻ ചെലവഴിക്കുകയും ഇന്ന് ജയിലിൽ കിടക്കുകയും ചെയ്യുന്നത്, ആ ലക്ഷ്യം നിറവേറിയതിൽ ഞാൻ ആഹ്ലാദിച്ചു. എന്നാൽ ഞാൻ ഇന്നും ഒരു തടവുകാരനാണ്. എന്നെ ജയിയിലടച്ചത് വെള്ളക്കാരല്ല. ഇന്ത്യക്കാരാണ്. കോൺഗ്രസ് ഗവൺമെന്റാണ്. 1927 മുതലുള്ള കോൺഗ്രസിന്റെ സ്മരണ എന്റെ മനസ്സിൽക്കൂടി മിന്നിമറഞ്ഞു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൽ വഹിച്ച പങ്കിനെപ്പറ്റി ഞാൻ അഭിമാനംകൊണ്ടു. കേരള കോൺഗ്രസിന്റെ സെക്രട്ടറിയും അതിന്റെ പ്രസിഡന്റും നീണ്ടകാലം എഐസിസി മെമ്പറുമായിരുന്ന ഒരാൾ ആഗസ്ത് 15 ജയിലിൽവെച്ചാണ് ആഘോഷിക്കുന്നത്. മനസ്സിൽ ഈ ചിന്തകളോടെ ഞാൻ മുറിയിൽ ഉലാത്താൻ തുടങ്ങി.

(എന്റെ ജീവിത കഥ‐ എ കെ ജി)

'എതിരെ എനിക്ക് പരിചയമുള്ള ഒരു സിഐഡി വരുന്നു. അയാൾ തലയിൽ മുണ്ടിട്ടിട്ടുണ്ട്. റോഡിന്റെ ഇരുകരയിലും വേശ്യാഗൃഹങ്ങളാണ്. ഇയാളുടെ പിടിയിലകപ്പെട്ട് ജയിലിലാകുന്നതിനേക്കാളും നല്ലത്, ഏതെങ്കിലും വേശ്യാഗൃഹത്തിൽ കയറുന്നതാണെന്ന് തോന്നി. അടുത്തുള്ള ഒരുവീട്ടിൽ കയറി. വരൂ.. ഇരിക്കൂ എന്ന് പറഞ്ഞുകൊണ്ട് വിളറിയ ഒരു സ്ത്രീരൂപം അടുക്കലെത്തി. ദാരിദ്ര്യംമൂലം വേശ്യാവൃത്തി സ്വീകരിച്ച അവർക്ക് നാലണ കൊടുത്ത്, സിഐഡിക്കാരൻ ദൂെര നീങ്ങിയെന്നറിഞ്ഞപ്പോൾ ഞാൻ പുറത്തുചാടി. ആ സ്ത്രീക്ക് ഒന്നും മനസ്സിലായില്ല. നാലണ വെറുതെ തന്ന ഞാനൊരു മരമണ്ടനാണെന് അവർ ചിന്തിച്ചുകാണും. എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. പൊലീസുകാരനിൽനിന്നല്ല, ആ സ്ത്രീയിൽനിന്ന്. പിന്നീടൊരിക്കലും ഞാൻ ആ തെരുവുള്ള ഭാഗത്തേക്ക് പോയിട്ടില്ല' 

(എന്റെ ജീവിത കഥ‐ എ കെ ജി) 

'നിങ്ങൾ ആളുകളെ വെടിവച്ചുകൊല്ലുന്നവരല്ലേ, എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ ഞാനിവിടെനിന്ന് അനങ്ങുകയില്ല. ഞാൻ നിയമവിരുദ്ധപ്രവർത്തനമൊന്നും നടത്തിയിട്ടില്ല. മിച്ചഭൂമിയാണെങ്കിൽ അത് പിടിച്ചെടുത്ത് സർക്കാരിൽ അടപ്പിച്ചേ ഞാൻ മടങ്ങൂ.'

(മണ്ണിനുവേണ്ടി എന്ന പുസ്തകത്തിൽനിന്ന്‐ എ കെ ജി)

vinodpayam@gmail.com

 

പ്രധാന വാർത്തകൾ
 Top