13 November Wednesday

കുടുക്കുപൊട്ടിച്ച ചങ്ങായി

രജിത് മണ്ണൂര്‍ rejithdesh@gmail.comUpdated: Sunday Oct 13, 2019

പുതുസിനിമകളിലെ ഹിറ്റുപാട്ടുകൾ പലതും എഴുതിയത്‌ ഒരു ഡോക്‌ടറാണ്‌. ഓം ശാന്തി ഓശാന യിലെ മന്ദാരമേ എന്ന പാട്ടിൽ തുടങ്ങി കുടുക്കു പൊട്ടിയ കുപ്പായം വരെയുള്ള നിരവധി ഹിറ്റുകൾ  ഡോ. മനു മൻജിത്തിന്റെ രചനകൾ. അമ്പതു സിനിമയിൽ പാട്ടെഴുതിയ ഈ കോഴിക്കോട്ടുകാരൻ സംസാരിക്കുന്നു

‘തിരുവാവണി രാവ് മനസ്സാകെ നിലാവ്...' ഗൃഹാതുരത്വം നിറഞ്ഞ  വരികളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിക്കഴിഞ്ഞു മനു മൻജിത്.  മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം. പൊന്നിൻ കണിക്കൊന്ന, മിന്നുന്നുണ്ടേ മുല്ല പോലെ, ലാലേട്ടാ ലാ ലാ, ഒരു തീപ്പെട്ടിക്കും വേണ്ട തുടങ്ങി ധ്യാൻ ശ്രീനിവാസൻ സംവിധാനംചെയ്‌ത ലവ് ആക്‌ഷൻ ഡ്രാമയിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’ വരെയുള്ള നിരവധി ഹിറ്റുകളാണ് അദ്ദേഹം സൃഷ്‌ടിച്ചത്. വിദേശങ്ങളിൽവരെ ‘കുടുക്ക്' പാട്ടിന്റെ ആഘോഷം. അമ്പത് ചിത്രങ്ങൾക്ക്‌ പാട്ടെഴുതിക്കഴിഞ്ഞു മനു മൻജിത് എന്ന ഹോമിയോ ഡോക്ടർ.  

 നാടകത്തിൽനിന്ന്

 
നാലാം ക്ലാസിൽ പഠിക്കുമ്പോഴേ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. എഴുത്തുണ്ടെങ്കിലും അഭിനയത്തിലായിരുന്നു കമ്പം. ഹൈസ്‌കൂളിൽ എത്തിയതോടെ നാടകത്തിലും മിമിക്രിയിലും സജീവമായി.  കോഴിക്കോട് ഗവൺമെന്റ്‌ ഹോമിയോ കോളേജിൽ എത്തിയശേഷമാണ്  ഗൗരവമായി എഴുതാൻ തുടങ്ങിയത്. പഠനശേഷം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കോഴിക്കോടിനെക്കുറിച്ച് ഇമ്മിണി ബല്യ കോഴിക്കോട് എന്ന ആൽബവും ഗിരീഷ് പുത്തഞ്ചേരിയോടുള്ള ഇഷ്ടംകൊണ്ട് അദ്ദേഹത്തിന് സമർപ്പണമായി ഒരു പാട്ടും ചെയ്‌തു.
 

സിനിമയിലെ തുടക്കം

 
പാട്ടുമായും സിനിമയുമായും  ബന്ധമില്ലായിരുന്നു. പക്ഷേ, സിനിമ പ്രലോഭിപ്പിച്ചു. കോളേജ് കഴിഞ്ഞതോടെ സിനിമാ ചർച്ചകളിലേക്ക് കടന്നു. തിരക്കഥ എഴുതാനാണ് ആദ്യം ശ്രമിച്ചത്. ആ സമയത്താണ് ഹൈസ്‌കൂളിൽ സീനിയറായിരുന്ന മിഥുൻ മാനുവൽ തോമസ്  തിരക്കഥ എഴുതുന്നുണ്ടെന്ന് അറിഞ്ഞത്. മിഥുൻ ആ സിനിമയ്‌ക്ക്‌  പാട്ട് എഴുതാൻ പറഞ്ഞു. അങ്ങനെയാണ് ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാനയിലെ ‘മന്ദാരമേ... ചെല്ല ചെന്താമരേ' എന്ന പാട്ടുണ്ടായത്. ഷാൻ റഹ്മാന്റെ ഈണം. അത്‌ ശ്രദ്ധിക്കപ്പെട്ടു. ആ സിനിമയുമായി പ്രവർത്തിച്ചവരിൽ കൂടുതൽപേരും പുതിയ ആളുകളായിരുന്നു.  
 

ഗിരീഷ് പുത്തഞ്ചേരി ഫാൻ

 
ഗാനരചനയിലേക്ക് കടക്കാൻ പ്രചോദനമായത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഗിരീഷേട്ടനെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് പാട്ടെഴുതാനുള്ള ആഗ്രഹമുണ്ടാകുന്നത്. ഗാനരചനയിലേക്ക് സജീവമായി ഇറങ്ങിയതോടെ ഗിരീഷേട്ടന്റെ പാട്ടുകൾ ആഴത്തിൽ പഠിച്ചു. ഏത് രീതിയിലുള്ള പാട്ടും അദ്ദേഹം എഴുതിയിരുന്നു. എനിക്ക്‌ ഏറ്റവും മനോഹരമെന്ന്‌ തോന്നിയ പ്രണയഗാനമാണ് രാവണപ്രഭുവിലെ ‘ആകാശദീപങ്ങൾ സാക്ഷി'.  
 

ഷാൻ റഹ്മാനോടൊപ്പം 19 സിനിമ

 
ഓം ശാന്തി ഓശാന മുതൽ തുടങ്ങിയതാണ് ഷാൻ റഹ്മാനൊപ്പമുള്ള കൂട്ട്. അതിനുശേഷം ഓർമയുണ്ടോ ഈ മുഖം, ആട്, ഒരു വടക്കൻ സെൽഫി തുടങ്ങി ലവ് ആക്‌ഷൻ ഡ്രാമവരെ. ഷാനിക്ക നമ്മളെ ചേർത്തുപിടിക്കുന്ന ഒരാളാണ്. അദ്ദേഹത്തിനൊപ്പം  ചെയ്‌തവ കൂടുതലും വിനീത് ശ്രീനിവാസനാണ് പാടിയത്. 
 

ട്യൂണിട്ടശേഷം എഴുതുന്നതാണ് എളുപ്പം

 
ഇപ്പോൾ 99 ശതമാനം പാട്ടുകളും ട്യൂണിട്ടാണ് എഴുതുന്നത്. അതാണ് എളുപ്പമായി തോന്നിയത്. എന്നാൽ, ഹാജി മസ്‌താൻ സലാം വയ്‌ക്കും, തിരുവാവണി രാവ്, കുടുക്ക് പൊട്ടിയ കുപ്പായം തുടങ്ങിയ ഹിറ്റ് പാട്ടുകളൊക്കെ ട്യൂണിടുംമുമ്പ് എഴുതിയതാണ്.
 

മെലഡിയും അടിപൊളി പാട്ടുകളും ഇഷ്ടം

 
ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയിലെ ‘ദൂരെ... ദൂരെ'എന്ന പാട്ട് വിനീത് ശ്രീനിവാസന് വളരെ ഇഷ്ടപ്പെട്ടിരുന്നു.  ആട്, കുഞ്ഞിരാമായണം, ഗോദ, അടി കപ്യാരേ കൂട്ടമണി  തുടങ്ങിയവയിലേത്‌ അടിപൊളി പാട്ടുകളായിരുന്നു. ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയത് ബേസിൽ ജോസഫിന്റെ ഗോദയിൽ, എട്ടെണ്ണം.
 

പുതിയ പ്രോജക്ടുകൾ

 

സ്വപ്‌നേഷ് കെ നായരുടെ എടക്കാട് ബറ്റാലിയൻ 06, പ്രിൻസ് ജോയിയുടെ അനുഗ്രഹീതൻ ആന്റണി, ഗിരീഷ് നായരുടെ പൂഴിക്കടകൻ തുടങ്ങിയ സിനിമകളാണ് റിലീസ് ചെയ്യാനുള്ളത്.
പ്രധാന വാർത്തകൾ
 Top