11 July Saturday

ടെക്വില ലെയ്‌ലയെ കൊന്നതാര്?

ഡോ. യു നന്ദകുമാർ unnair@gmail.comUpdated: Sunday Oct 13, 2019

ദാരുണമായി കൊല്ലപ്പെട്ട ലെയ്‌ലയുടെ മരണാനന്തര നിമിഷങ്ങളിൽ ഉയരുന്ന ചിന്തകളിലൂടെ തുർക്കിയുടെയും ഇസ്‌താൻബുൾ പട്ടണത്തിന്റെയും സംസ്‌കാരവും ചരിത്രവും അപഗ്രഥിക്കപ്പെടുന്നു. നോവൽ വികസിക്കുന്നത് പല ചരിത്രസംഭവങ്ങളും അടയാളപ്പെടുത്തിക്കൊണ്ടാണ്. തുർക്കിയിലെ ബഹുജനസമരങ്ങൾ, മാർട്ടിൻ ലൂതർ കിങ്ങിന്റെ അറസ്റ്റ്, വിയറ്റ്നാം യുദ്ധം, മൈ ലായ് കൂട്ടക്കൊല എന്നിവ നോവൽ മുന്നോട്ടുവയ്‌ക്കുന്ന ആശയലോകത്തിന്റെ കാലികപ്രസക്തി ബോധ്യപ്പെടുത്തലാണ് 

ലെയ്‌ല. ഉറ്റമിത്രങ്ങൾക്ക് അവളെന്നും ടെക്വില ലെയ്‌ലയാണ്. വർത്തമാനകാലത്തിൽമാത്രം അറിയപ്പെടാൻ ആഗ്രഹിച്ചവൾ. ഇപ്പോൾ, ഈ നേരത്ത് അവരെല്ലാം നല്ല ഉറക്കത്തിലായിരിക്കും. സ്വന്തം മുറിക്കുള്ളിൽ കിടക്കവിരിപ്പിൽ മൂടിപ്പുതച്ചുറങ്ങാൻ തന്നെയാണ് അവളും ആഗ്രഹിക്കുന്നത്. അവൾ ഇപ്പോൾ ഇവിടെയാണ്. ഇസ്‌താൻബുൾ പട്ടണത്തിന്റെ അരികുകളിലെവിടെയോ, ഫുട്ബാൾ ഗ്രൗണ്ടിനടുത്ത്, തുരുമ്പുപിടിച്ചു, ചായമിളകിയ ചവറ്റുവീപ്പയ്‌ക്കുള്ളിൽ. നാലടി ഉയരമുള്ളതാണ് വീപ്പ. അവൾക്ക് അഞ്ചടി ഏഴിഞ്ചു പൊക്കം. അതിനാൽ സൂര്യനുദിച്ചുവരുമ്പോൾ പട്ടണമുണരുകയും ആരെങ്കിലും തന്നെ കണ്ടെത്തുമെന്നും ലെയ്‌ലയ്‌ക്ക്‌ ഉറപ്പുണ്ട്.

 ജീവിതം അവസാനിച്ചുകഴിഞ്ഞു എന്നോർക്കാൻപോലും ലെയ്‌ലയ്‌ക്കാകില്ല. അത്രയ്‌ക്കുണർവുണ്ട്‌ അവൾക്കിപ്പോൾ. ഇക്കഴിഞ്ഞ നാളാണ്, യുദ്ധവീരന്മാരുടെയും പുരുഷനേതാക്കളുടെയും പേരുള്ള വീഥികളിലൂടെ അവൾ നടന്നത്. ഇടുങ്ങിയ ഗലികളിലും കുടുസായ സത്രമുറികളിലും അവളുടെ പൊട്ടിച്ചിരികൾ കഴിഞ്ഞനാളുകളിൽ നിറഞ്ഞിരുന്നു. ലെയ്‌ലയുടെ  ഇസ്‌താൻബുൾ മാലോകർ പെരുമകൾകൊണ്ട് നിറംപിടിപ്പിച്ച പട്ടണമായിരുന്നില്ല. മനുഷ്യജീവിതങ്ങളുടെ നിമ്നോന്നതങ്ങൾക്കനുസരിച്ച്‌ വിഭജിക്കാവുന്ന അനേകം പട്ടണങ്ങൾ ചേർന്നതാണ് ഇസ്‌താൻബുൾ. അവിടെ നാം കാണുന്നതും ഒരിക്കലും കാണാനാകാത്തതുമായ പട്ടണങ്ങളുണ്ട്. ഇപ്പോൾ ലെയ്‌ല മരിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ,  കോശങ്ങളും മസ്‌തിഷ്‌കവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അവളറിയുന്നു. പൊതുവെ എല്ലാവരും കരുതുമ്പോലെ അവസാനശ്വാസം മരണത്തെ അടയാളപ്പെടുത്തുന്നില്ല. കൃത്യമായി പറഞ്ഞാൽ പത്തു മിനിറ്റും മുപ്പത്തെട്ട് സെക്കൻഡും പിന്നെയും ജീവിച്ചിരിക്കും, ഓർമകളുമായി. ലെയ്‌ലയിപ്പോൾ ഓർമകളിൽനിന്ന്  ജീവിതത്തിലെ സംഭവങ്ങൾ ചികഞ്ഞെടുക്കുകയാണ്. എവിടെയെല്ലാമാണ് തെറ്റുപറ്റിയത്?
 
ലൈംഗികത്തൊഴിലാളിയായി ജീവിച്ച ലെയ്‌ലയുടെ കഥ പറയുകയാണ് എലീഫ് ഷീഫാക്. തുർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിലെ പ്രശസ്‌ത എഴുത്തുകാരി. രണ്ടു ഭാഷയിലുമായി 17 പുസ്‌തകം പുറത്തുവന്നു. തുർക്കിയിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന വനിതാനോവലിസ്റ്റ്‌. സ്‌ത്രീപക്ഷം, ട്രാൻസ്‍ജെൻഡർ, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ ആക്‌ടിവിസ്റ്റാണ്‌.  ബ്രിട്ടീഷ് സർവകലാശാലകളിൽ അധ്യാപികയുമായിരുന്നു. രണ്ടുവട്ടം റ്റെഡ് (TEDtalk) പ്രഭാഷണം നടത്തി. ഏതാനും വർഷംമുമ്പ്‌  ദ്വിലിംഗാഭിരുചിയുള്ളയാളാണ് താനെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അവരുടെ ഏറ്റവും പുതിയ പുസ്‌തകമാണ്, ‘ഈ വിചിത്ര ലോകത്തിൽ 10 മിനിറ്റും 38 സെക്കൻഡും' (Elif Shafak – 10 Minutes and 38 Seconds in This Strange World; 2019, Penguin Random House).
 
ഈ വർഷത്തെ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നോവൽ ഇതിനകം വ്യാപകമായ നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞു. പ്രശസ്‌തരായ മാർഗരറ്റ് അറ്റ്‌വുഡ്, സൽമാൻ റുഷ്‌ദി, ഷിഗോസി ഒബിയോമ എന്നിവരോടൊപ്പം ഇടം പങ്കിടുന്നു, ബുക്കർ സമ്മാനവിധി എന്തുതന്നെയായാലും പുസ്‌തകം വളരെയധികം വായിക്കപ്പെടുമെന്നും ചർച്ചചെയ്യപ്പെടുമെന്നും ഉറപ്പ്‌.  ദാരുണമായി കൊല്ലപ്പെട്ട ലെയ്‌ലയുടെ മരണാനന്തര നിമിഷങ്ങളിൽ ഉയരുന്ന ചിന്തകളിലൂടെ തുർക്കിയുടെയും ഇസ്‌താൻബുൾ പട്ടണത്തിന്റെയും സംസ്‌കാരവും ചരിത്രവും അപഗ്രഥിക്കപ്പെടുന്നു. നോവൽ വികസിക്കുന്നത് പല ചരിത്രസംഭവങ്ങളും അടയാളപ്പെടുത്തിക്കൊണ്ടാണ്. തുർക്കിയിലെ ബഹുജനസമരങ്ങൾ, മാർട്ടിൻ ലൂതർ കിങ്ങിന്റെ അറസ്റ്റ്, വിയറ്റ്നാം യുദ്ധം, മൈ ലായ് കൂട്ടക്കൊല എന്നിവ നോവൽ മുന്നോട്ടുവയ്‌ക്കുന്ന ആശയലോകത്തിന്റെ കാലികപ്രസക്തി ബോധ്യപ്പെടുത്തലാണ്. എഴുപതുകളിൽ ഉണ്ടാകുന്ന മതമൗലികവാദ മേൽക്കോയ്‌മ സമൂഹത്തിലും കുടുംബത്തിലും ആണധികാരം ശക്തമാക്കും. ക്രമമായി വസ്‌ത്രത്തിലും വായനയിലും വിനോദത്തിലും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ ലെയ്‌ല അതിന്റെ ഇരയായിമാറുന്നു. സ്വന്തം അമ്മാവന്റെ ലൈംഗിക ചൂഷണത്തിലൂടെ അവൾ ഗർഭിണിയായി. അയാളാണ് ഗർഭത്തിനു കാരണമെന്ന്‌ ആരും വിശ്വസിക്കുന്നില്ല എന്നയിടത്താണ് പെണ്ണിന്റെ അസ്‌തിത്വംതന്നെ ഇല്ലാതാകുന്നത്. ആയിരം മൈലുകൾക്കപ്പുറത്തുള്ള  ഇസ്‌താൻബുൾ പട്ടണത്തിലേക്ക്‌ നാടുവിട്ട് വേശ്യയായി ജീവിക്കാം എന്നത് ലെയ്‌ലയ്‌ക്ക് അനിവാര്യതയും ഒപ്പം തെരഞ്ഞെടുപ്പും ആകുന്നു.
 
ഇസ്‌താൻബുൾ ഒരു പെൺപട്ടണമായാണ് ഷീഫാക് വരച്ചുകാട്ടുന്നത്; ആൺകോയ്‌മയുടെ അടയാളങ്ങൾ നിരവധിയുണ്ടെന്നാകിലും. ചരിത്രത്തിന്റെ ധാരാളിത്തം, എല്ലാമുൾക്കൊള്ളാനുള്ള കഴിവ്, സക്രിയമായുള്ള നിലനിൽപ്പ് - സംഘർഷത്തിലും പ്രതിരോധത്തിലും, ഇതെല്ലാം പെൺകാമനകളല്ലാതെ മറ്റെന്താണ്. വീണുകിട്ടിയ വിശ്രമവേളയിൽ ലെയ്‌ല തന്റെ പെൺസുഹൃത്ത് നലാന് ഇങ്ങനെയെഴുതി, "I have been thinking about what you told me the other day regarding the intelligence of farm animals. You said that we kill them, we eat them, and we think we are smarter than them, but we never really understand them.’
 
നലാൻ ആൺശരീരത്തിന്റെ തടവറയിൽ കഴിഞ്ഞവളായിരുന്നു. കുടുംബത്തിന്റെ സമ്മർദംമൂലം വിവാഹത്തിന്റെ വക്കിലെത്തിയപ്പോഴാണ്  അയാൾ ഇസ്‌താൻബുൾ പട്ടണത്തിലെത്തിയത്. അവിടെവച്ചാണ് അയാൾക്ക് പെൺശരീരം ലഭിച്ചത്. മനോഹരമായി പാടുന്ന നലാന് അൽപ്പം പദാന്ധത(dyslexia)യും സൂക്ഷ്‌മചലന പ്രശ്ന(dyspraxia)വും  ഉണ്ട്. ലെയ്‌ലയുടെ മറ്റു സുഹൃത്തുക്കളും സാമൂഹ്യപരിമിതികളിൽനിന്ന് രക്ഷപ്പെട്ടവർതന്നെ. ഭർതൃവീട്ടിലെ നിരന്തരപീഡനങ്ങളിൽനിന്നോടി രക്ഷപ്പെട്ട ഹ്യൂമെയ്റ, സൊമാലിയക്കാരി ജമീല, കൃത്യം 122 സെന്റിമീറ്റർ പൊക്കമുള്ള ലെബനൻകാരി സയനേബ്,  കൂട്ടുകാരൻ സിനാൻ. കൊല്ലപ്പെട്ടു കഴിഞ്ഞപ്പോൾ ലെയ്‌ലയ്‌ക്ക് ഒരാഗ്രഹമേ ഉള്ളു. പോസ്റ്റ്മോർട്ടം കഴിഞ്ഞ്‌ തന്റെ ശരീരം അവർക്ക് നൽകണം. അവളുടെ ബന്ധുക്കൾ അവളെ സ്വീകരിക്കില്ലല്ലോ; മരണത്തിൽ സ്വീകരിക്കുന്നവരാണ് നമ്മുടെ കുടുംബം.
ലെയ്‌ലയ്‌ക്ക് തെറ്റിയില്ല. അവരഞ്ചുപേരും അവളെ സ്വീകരിക്കാൻ പോസ്റ്റുമോർട്ടം മുറിക്കുപുറത്ത് കാത്തുനിന്നു. അവൾ അർഹിക്കുന്ന ഉപചാരങ്ങളും യാത്രയയപ്പും നൽകാൻ. സർക്കാർ നിയമങ്ങൾ നമുക്ക് മനസ്സിലാകണമെന്നില്ല. ബന്ധുക്കൾ തള്ളിക്കളയുന്ന മൃതദേഹങ്ങൾ അശരണർക്കായി മാറ്റിവച്ചിട്ടുള്ള സെമിത്തേരിയിലേ അടക്കം ചെയ്യൂ; ഉപചാരങ്ങളോ യാത്രയയപ്പോ ഇല്ലാതെ, വെറും ഒരു നമ്പറായി ചുരുങ്ങുന്ന കുഴിമാടത്തിൽ. പിന്നീട് നടക്കുന്നത് അതിസാഹസികതയാണ്. സുഹൃത്തുക്കൾ അവളുടെ കുഴിമാടം കണ്ടെത്തി ലെയ്‌ല അർഹിക്കുന്ന ആദരവുകളും സ്‌നേഹവും നൽകി ഉദാത്തമായ വിടവാങ്ങൽ നൽകുന്നതിലേക്കാണ് ഷീഫാക് നമ്മെ കൊണ്ടുപോകുന്നത്.
 
കൊല്ലപ്പെട്ട്‌ കൃത്യം പത്തു മിനിറ്റും ഇരുപത് സെക്കൻഡുമാകുമ്പോൾ, ലെയ്‌ല തന്റെ ഹ്രസ്വമായ വിവാഹജീവിതം ഓർമിക്കും.  തുർക്കിയിൽ വിപ്ലവത്തിന്റെ അലകൾക്കിടയിൽ ഒരുനാൾ പൊലീസിൽനിന്ന് രക്ഷപ്പെട്ട് വേശ്യാലയത്തിയ ചെറുപ്പക്കാരൻ ഡി/അലിയാണ്‌ അവളുടെ ഭാവി വരൻ. ഭാരിച്ച തുക അവിടത്തെ ‘അമ്മയ്‌ക്ക്‌' പെൺപണം  നൽകിയാണ് അവളെ സ്വതന്ത്രയാക്കാൻ അയാൾക്ക് കഴിഞ്ഞത്. The revolution, he claimed, was all for love and for lovers. അടുത്ത സമരത്തിലെ പൊലീസ് വെടിവയ്‌പ്പും സംഘർഷവും അതിജീവിക്കാനയാൾക്കായില്ല. ഇറാനിൽ ഷായ്‌ക്കെതിരെ നടന്ന കലാപംപോലെ സംഭവിക്കാതെ സൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ താൽപ്പര്യമാണല്ലോ.
 
എലീഫ് ഷീഫാക് മുന്നോട്ടുവയ്‌ക്കുന്നത് സങ്കീർണമായ ആശയങ്ങളാണ്. കുടുംബങ്ങളുടെ തടവറയിൽ കഴിയുന്ന സ്‌ത്രീകൾ സ്വതന്ത്രരും നല്ലവരും ആണെന്ന സാമൂഹ്യ നിയമാവലി ശക്തമാകുമ്പോൾ സ്വന്തം ഭാവി തെരഞ്ഞെടുക്കാൻ ശ്രമിക്കുന്ന സ്‌ത്രീകൾക്ക് എന്തവസരമാണ് മിച്ചമുള്ളത്. ശക്തിപ്രാപിക്കുന്ന യാഥാസ്ഥിതികത്വം സ്‌ത്രീജീവിതങ്ങളെ നിശ്ശബ്ദമാക്കുന്നത് നാം കാണുന്നു. പലരുടെയും ജീവചരിത്രം ആവർത്തിച്ചുണ്ടാകുന്ന പ്രസവങ്ങൾക്കപ്പുറം അദൃശ്യമാണ്. വേശ്യാലയങ്ങൾ നിലനിർത്തുമ്പോൾത്തന്നെ വേശ്യകളെ കൊന്നാൽ ‘നല്ലസ്‌ത്രീകളെ' കൊല്ലുന്നതിന്റെ പകുതി ശിക്ഷയേ ലഭിക്കൂ എന്ന പൊതുബോധ്യവുമുണ്ട്. അവിടേക്കാണ് ട്രാൻസ് സ്‌ത്രീയായ നലാൻ, വെറും നാലടി ഉയരമുള്ള സയനേബ്, ശിഥിലമായ കുടുംബ ബന്ധത്തിൽ കുടുങ്ങിയ സിനാൻ, അഭയാർഥിയായ ജമീല, ഹ്യൂമെയ്‌റ, വിപ്ലവ നായകൻ ഡി/ അലി, എന്നിവർ ഒത്തുചേർന്നത്. ഇസ്‌താൻബുൾ പട്ടണത്തിലെ സദാചാര നിർമിതികൾക്കിടയിൽ അനവധി സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ നടക്കുന്നു. ഷീഫാക് വർണിക്കുന്ന ചരിത്രം അനുഭവം കൂടിയാണ്: അവർ പറയുന്നു, One cannot change geography, but one can trick destiny.
പ്രധാന വാർത്തകൾ
 Top