19 January Sunday

മറ്റേമ്മയുടെ കണക്കുപുസ്‌തകം

നൈന മണ്ണഞ്ചേരിUpdated: Sunday Oct 13, 2019

എപ്പോഴും ചിരിച്ച് കൈയിൽ പിടിച്ച് സ്‌നേഹപൂർവം രണ്ട് ദിവസം കഴിഞ്ഞ് പോകാം എന്ന് നിർബന്ധിക്കാറുള്ള മറ്റേമ്മ ഇപ്പോൾ ഒന്നുമറിയാതെ കിടക്കുകയാണ്. സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം.  ഉസ്‌താദിന്റെ പ്രാർഥനയിൽ എല്ലാവരും ആമീൻ പറയുന്നു. നൂറ്റി രണ്ടു വർഷമായി ചരിത്രവും വർത്തമാനവുമായി മാറിയ മറ്റേമ്മ യാത്ര പറയുകയാണ്

നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

‘‘രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി..’’ പോകാൻ നേരം മറ്റേമ്മ പറഞ്ഞു.  ഭംഗി വാക്കല്ല. മനസ്സിന്റെ ഉള്ളിൽ നിന്നുള്ള സ്‌നേഹം.  എത്ര നാളായി മറ്റേമ്മയെ കാണാൻ തുടങ്ങിയിട്ടെന്ന് കൃത്യമായി  അറിയാം, കല്യാണം കഴിഞ്ഞതിന്റെ കണക്ക് നോക്കിയാൽ മതി. അങ്ങനെയെങ്കിൽ 23 വർഷം കഴിഞ്ഞിരിക്കുന്നു. ഭാര്യയുടെ ഉമ്മയുടെ ഉമ്മയെ അങ്ങനെയാണ് വിളിക്കുന്നത്. അന്നു മുതൽ ഇന്നു വരെ മറ്റേമ്മയ്‌ക്ക്‌ ഒരേ ഭാവം. നൂറുവയസ്സ് ആരും പറയുകയില്ല. ആരോഗ്യ പ്രശ്നങ്ങളുമില്ല. വയസ്സ് ചോദിച്ചാൽ അപ്പോഴുണ്ട് മറ്റേമ്മയുടെ ഉത്തരം... ‘‘അറുപത്‌ കഴിഞ്ഞെന്ന് ആരോ പറയുന്നത് കേട്ടു.’’   നിഷ്‌കളങ്കമായാണ് അത്‌ പറയുക.  കേൾക്കുന്നവർക്ക്  ചിരി പൊട്ടും. മറ്റേമ്മയ്‌ക്ക്‌ ഭാവഭേദമൊന്നുമില്ല.

കല്യാണമാകട്ടെ, നിശ്ചയമാകട്ടെ എവിടെയായാലും മറ്റേമ്മ വന്നിട്ടുണ്ടെങ്കിൽ നമ്മൾ തിരക്കി കണ്ടു കൊള്ളണം. അല്ലെങ്കിൽ എല്ലാവരോടും തിരക്കും. അവര് കല്യാണത്തിന് വന്നില്ലേ?’’കാണാൻ പറ്റാതെ പോയാൽ പരിഭവം പെയ്‌തിറങ്ങും. ‘‘അവർ വന്നിട്ട് എന്നെ കാണാതെ പൊയ്‌ക്കളഞ്ഞോ..’’
 
വീട്ടിൽ വന്നുപോയിട്ട് ഒരാഴ്‌ച കഴിഞ്ഞിട്ടേ ഉള്ളുവെങ്കിലും അടുത്ത തവണ വരുമ്പോൾ  മറ്റേമ്മ സ്‌നേഹപൂർവം ചോദിക്കും.‘‘എത്ര നാളായി  ഇങ്ങോട്ടൊക്കെ കണ്ടിട്ട്,  ഒരാഴ്‌ച കഴിഞ്ഞ്‌ പോയാൽ മതി.’’ വീട്ടിൽ  നിൽക്കാനുള്ള ബുദ്ധിമുട്ടൊക്കെ വിവരിച്ചാലും മറ്റേമ്മ സമ്മതിക്കില്ല. ‘‘എങ്കിൽ മക്കൾ ഒരു കാര്യം ചെയ്യ്, രണ്ടുദിവസം കഴിഞ്ഞിട്ട് പോകാം.’’ അങ്ങനെയാണ് ആ സ്‌നേഹം. ഒടുവിൽ അന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം എന്നൊരു ഒത്തുതീർപ്പ് രൂപപ്പെടുമ്പോഴേക്ക് അവരുടെ  മകനെ വിളിക്കുകയായി, ‘‘എടാ,നീ പോയി കോഴിയെ വാങ്ങി വാ.’’ 
 
പെരുന്നാളൊക്കെ വരുമ്പോൾ കുട്ടികൾക്ക് കോളാണ്. മറ്റേമ്മയ്‌ക്ക്‌ കൈനിറയെ കിട്ടുന്ന പെരുന്നാൾപ്പൊടി വാരിക്കോരി അവർക്കായി വീതിക്കും. അതുകൊണ്ട് മറ്റേമ്മയുടെ അടുത്തുവരാൻ കുട്ടികൾക്ക് ആവേശം. മുതിർന്നവർക്കും മറ്റേമ്മയുടെ പെരുന്നാൾപ്പൊടി കിട്ടും. സ്വന്തക്കാർക്ക്  മാത്രമല്ല അയൽവാസികൾക്കും കിട്ടും മറ്റേമ്മയുടെ സ്‌നേഹം. ആരെയെങ്കിലും സംസാരിക്കാൻ കിട്ടുക മറ്റേമ്മയ്‌ക്ക്‌ വലിയ സന്തോഷമുള്ള കാര്യമായിരുന്നു. പുൽക്കൊടിയോടും ചെടികളോടുമൊക്കെ വിശേഷം പങ്കുവയ്‌ക്കും.  
 
ദിക്റുകളും സ്വലാത്തുകളും ചൊല്ലാൻ മറ്റേമ്മ സമയം കണ്ടെത്തി. ഖുർ‍ആൻ മുഴുവൻ ഓതിയത് നൂറിലധികം വട്ടം. മറ്റേമ്മ സൂക്ഷിച്ച നോട്ട് ബുക്കിലാണ്‌ ആത്മീയതയുടെ കണക്കുകൾ. അതിൽ നിറയെ ചെറിയ ചെറിയ വരകൾ. ഒരോ വരയും നൂറിന്റെ കണക്കാണ്. ദിക്റുകൾ എണ്ണുന്നതിന് ദസ്ബിയോ തസ്ബീഹ് മാലയോ ഒന്നുമില്ല. ചെറിയ ചെറിയ കുറെ കല്ലുകൾ.  നൂറാകുമ്പോൾ ഒരു കല്ലെടുത്ത് മാറ്റി വയ്‌ക്കും.
 
മറ്റേമ്മയുടെ കണക്കു പുസ്‌തകം നോക്കിയ ഉസ്‌താദ് അത്ഭുതപ്പെട്ടു. പതിനായിരക്കണക്കിന് ദിക്റുകൾ. നൂറുകണക്കിന് ഖത്തത്തിന്റെ രേഖകൾ.‘‘ഇനി ഈ ഉമ്മയ്‌ക്ക്‌ വേണ്ടി  നമ്മൾ എന്തു ചെയ്യാനാണ്? എല്ലാം ഉമ്മ തന്നെ ചെയ്‌തുവെച്ചിരിക്കുന്നു. റബ്ബുൽ ആലമീനായ തമ്പു
രാനേ, എത്രയോ ഉസ്‌താദുമാർക്ക് വെച്ചു വിളമ്പിയ ഈ ഉമ്മയ്‌ക്ക്‌ നീ സ്വർഗീയ ഭക്ഷണം നൽകണേ..’’ ഉസ്‌താദിന്റെ ആർദ്രമായ പ്രാർഥനയിൽ നനയാത്ത കണ്ണുകളില്ല.
 
മരിക്കുമ്പോൾ പത്രത്തിൽ കൊടുക്കുവാനുള്ള ഫോട്ടോ മകനെ ഏൽപ്പിച്ച് കുറച്ചു ദിവസം മുമ്പ് ഉമ്മ പറഞ്ഞു. ‘‘ഈ ഫോട്ടോ തന്നെ കൊടുക്കണം, ഇതാണ് ഇത്തിരി  നല്ല ഫോട്ടോ.’’ ജീവിതയാത്രയുടെ സമയം അവസാനിക്കാറായെന്ന ഉൾവിളി മറ്റേമ്മയ്‌‌ക്ക്‌ ഉണ്ടായിക്കാണണം. 
 
എപ്പോഴും ചിരിച്ച് കയ്യിൽ പിടിച്ച് സ്‌നേഹപൂർവം രണ്ട് ദിവസം കഴിഞ്ഞ് പോകാം എന്ന് നിർബന്ധിക്കാറുള്ള മറ്റേമ്മ ഇപ്പോൾ ഒന്നുമറിയാതെ കിടക്കുകയാണ്. സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം.  ഉസ്‌താദിന്റെ പ്രാർഥനയിൽ എല്ലാവരും ആമീൻ പറയുന്നു. നൂറ്റി രണ്ടു വർഷമായി ചരിത്രവും വർത്തമാനവുമായി മാറിയ മറ്റേമ്മ യാത്ര പറയുകയാണ്. 
 
എല്ലാം കഴിഞ്ഞ് പോകാനിറങ്ങുമ്പോഴാണ് ആ ശൂന്യത അനുഭവപ്പെട്ടത്. ‘‘നിൽക്ക്, രണ്ടു ദിവസം കഴിഞ്ഞ് പോയാൽ മതി’’ എന്ന്  കൈയിൽ പിടിച്ച് നിറഞ്ഞ സ്‌നേഹമാകാൻ ഇനി മറ്റേമ്മയില്ല. മറ്റേമ്മയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അന്നാദ്യമായി കണ്ണുനിറഞ്ഞു.
 
ഈ അടുത്താണ് മറ്റേമ്മ പോയതെങ്കിൽ അതിനു മുമ്പ് പോയ ഒരു ഉമ്മയെക്കുറിച്ചും പറയേണ്ടതുണ്ട്. എന്റെ ബാപ്പയുടെ ഉമ്മ.  ഉമ്മുമ്മ എന്നാണ്‌ ഞങ്ങൾ സ്‌നേഹപൂർവം വിളിക്കുക. മറ്റേമ്മയെ എന്റെ വിവാഹശേഷമാണ് പരിചയപ്പെടുന്നതെങ്കിൽ ജനിച്ച നാൾ മുതൽ അറിയാം  ഉമ്മുമ്മയെ. അന്നു മുതൽ അവരുടെ ഈണത്തിലുള്ള പാട്ടും കഥകളും കേട്ടായിരിക്കണം ഞാൻ വളർന്നത്. വലുതായപ്പോൾ ഇങ്ങോട്ട് കഥകൾ പറഞ്ഞു തരുന്നതിന്  പകരം ഉമ്മുമ്മ ഉപാധിവച്ചു. നമ്മൾ അങ്ങോട്ടും കഥ വായിച്ചു കൊടുക്കണം. മണ്ണഞ്ചേരി അങ്ങാടിയിലെ ലത്തീഫ് മുസലിയാരുടെ ബുക്ക് സ്റ്റാളിൽനിന്ന്‌ പുസ്‌തകം വാങ്ങാനുള്ള കാശൊക്കെ തരും. പലതും യുദ്ധചരിത്രങ്ങൾ. മലയാളത്തിലും അറബി മലയാളത്തിലും ഉള്ളവ. പാട്ടും വിവരണവും ഒക്കെ ആയി അവതരിപ്പിക്കുമ്പോൾ അത് കേട്ട് തലയാട്ടി ഉമ്മുമ്മ ഇരിക്കും. തെറ്റുകൾ വന്നാൽ ഉടൻ തിരുത്തിത്തരും. 
 
സത്യത്തിൽ അവരുടെ കഥകൾ കേട്ടും അവർക്ക് കഥകൾ പറഞ്ഞു കൊടുത്തുമായിരിക്കണം എനിക്കുമെന്തെങ്കിലും എഴുതാനും വായിക്കാനുമൊക്കെ പ്രേരണയായത്‌. അതുകൊണ്ടുതന്നെ  ആദ്യ പുസ്‌തകത്തിന്റെ ആമുഖത്തിൽ ഞാനെഴുതി, ‘‘കഥകൾ പറഞ്ഞു തന്ന് എന്നെ കഥാകാരനാക്കിയ എന്റെ പ്രിയപ്പെട്ട ഉമ്മുമ്മയ്‌ക്ക്‌..’’ അവിടുന്ന് കിട്ടിയ വായനാശീലമായിരിക്കണം ആഴ്‌ചയിൽ ഒരു ദിവസമുള്ള ലൈബ്രറി പിരിഡിൽ മണ്ണഞ്ചേരി സ്‌കൂളിലെ  കുമാരൻ സാർ പുസ്‌തകവുമായി വരുന്നത് കാത്തിരിക്കാൻ  പ്രേരിപ്പിച്ചത്. മണ്ണഞ്ചേരി വൈഎംഎ ഗ്രന്ഥശാല അംഗമാകാൻ വഴിയൊരുക്കിയത്. 
 
മറ്റേമ്മയെപ്പോലെ നൂറുവയസ്സൊന്നും ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്ത സ്‌നേഹസാമീപ്യമായിരുന്നു ഉമ്മുമ്മ. അതേ പോലെ ഒത്തിരി എന്നെ സ്‌നേഹിച്ചിരുന്ന ആളായിരുന്നു ഉമ്മയുടെ ഉമ്മ.വല്ലീമ്മ എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഉമ്മ. അവധിക്കാലത്ത് ഉമ്മയുടെ നാടായ അമ്പലപ്പുഴയിലേക്ക് പോകുന്നതും അവിടെ വല്ലീമ്മയുടെ  സ്‌നേഹവും അനുഭവിച്ച് ചക്കയും മാങ്ങയും തിന്ന് അവധി അടിച്ചു പൊളിക്കുന്നതുമൊക്കെ ആർദ്രമായ ഓർമകൾ.  മറ്റേമ്മയെപ്പോലെ കാലത്തിനും ചരിത്രത്തിനും സാക്ഷിയായി ഒരു നൂറ്റാണ്ട് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത സ്‌നേഹ സാമീപ്യങ്ങളായിരുന്നു വല്ലീമ്മയും ഉമ്മൂമ്മയും. സ്‌നേഹമായി നിറഞ്ഞുനിന്ന മൂന്ന് പൊൻതാരകങ്ങൾ.
പ്രധാന വാർത്തകൾ
 Top