20 November Wednesday

ഗുളികനും കുന്തോലനും ചില ഓർമപ്പെടുത്തലുകളും

അശോകൻ വെളുത്തപറമ്പത്ത്Updated: Sunday Oct 13, 2019

കേരള അമേച്വർ നാടക മത്സരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ, എ  ശാന്തകുമാർ സംവിധാനം നിർവഹിച്ച ഗുളികനും കുന്തോലനും  എന്ന നാടകത്തെക്കുറിച്ച്

എ ശാന്തകുമാർ

എ ശാന്തകുമാർ

കേരള അമേച്വർ നാടക മത്സരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ, എ  ശാന്തകുമാർ സംവിധാനം നിർവഹിച്ച ഗുളികനും കുന്തോലനും  എന്ന നാടകത്തെക്കുറിച്ച്തോറ്റുപോയ ഒരു ജനതയുടെ ചരിത്രം നാടകത്തിലൂടെ  പുനർവായനയ്‌ക്ക് വിധേയമാക്കുമ്പോൾ ശക്തമായ ചില പുരാവൃത്തങ്ങളെ പിൻപറ്റേണ്ടത്‌ ആവശ്യമായി വന്നേക്കാം. വടക്കൻ കേരളത്തിലെ ഗുളികൻ എന്ന മിത്തിലൂടെ കുന്തോലൻ എന്ന ദളിതന്റെ ജീവിതത്തെയാണ്‌ എ ശാന്തകുമാർ സംവിധാനംചെയ്‌ത ഗുളികനും കുന്തോലനും എന്ന നാടകം ആവിഷ്‌കരിക്കുന്നത്‌.  കേരള അമച്വർ നാടക മത്സരത്തിൽ പ്രമേയത്തിലെ പ്രത്യേകതകൊണ്ടും അഭിനയ മികവുകൊണ്ടും  പ്രേക്ഷകശ്രദ്ധ നേടിയ ഈ നാടകം രചിച്ചത്‌ രാധാകൃഷ്‌ണൻ പേരാമ്പ്രയാണ്‌. 

ഗ്രാമീണ പശ്ചാത്തലത്തിൽനിന്നുകൊണ്ട് കാലത്തോട് സംവദിക്കാൻ ഗുളികനെയും കുന്തോലനെയും പ്രാപ്തരാക്കുന്നതിൽ സംവിധായകന്റെ  ധൈഷണികമായ  ഇടപെടൽ സ്റ്റേജിന്റെ പരിമിതികളെ സമർഥമായി അതിജീവിക്കുന്നുണ്ട്‌. കാണികളിലേക്ക് സംക്രമിക്കപ്പെടുന്ന നാടകത്തിന്റെ ഊർജം നിലനിർത്തുന്നത് രംഗകലയെക്കുറിച്ചുള്ള ശാന്തകുമാറിന്റെ  തികഞ്ഞ അവബോധം തന്നെയാണ്.   

ദളിത്‌ ജീവിതം ഒരു ഫലിതമായി കൊണ്ടാടിയ സാമൂഹ്യ  വ്യവസ്ഥയിൽ പേരില്ലാതായിപ്പോയ കുന്തോലൻ വ്യക്തിയല്ല മറിച്ച്,  ഉടയോരുടെ പണിചെയ്‌ത്‌ മുതുകൊടിഞ്ഞ് പേരുവിളിക്കാൻ മറന്നുപോയവരുടെ,  തിരിച്ചറിയാൻ  അടയാളങ്ങളില്ലാതായിപ്പോയ ഒരു ജനതയുടെ പ്രതിനിധിയാണ്‌. ഗുളികനും കുന്തോലനും തമ്മിലുള്ള സംവാദമാകട്ടെ തമസ്‌കരിക്കപ്പെട്ട ജനതയുടെ ഉപബോധമനസ്സിന്റെ ബഹിർസ്‌ഫുരണങ്ങളാകുകയാണ്‌. അവ ഒരുപക്ഷേ നീതിക്കുവേണ്ടി നിലവിളിച്ചുമരിച്ച നിസ്സഹായരായ മനുഷ്യരുടേതാകാം.
 
നിഷ്‌കളങ്കമായ  മനസ്സുകളിൽ എങ്ങനെയാണ് സവർണതയും ജാതി വെറിയും പ്രതിലോമകരമായി അടിച്ചേൽപ്പിക്കുന്നതെന്ന് ഈ നാടകം ലളിതമായി വെളിവാക്കുന്നുണ്ട്. ആചാരങ്ങൾ ദൈവഹിതമാണെന്ന തോന്നലുണ്ടാക്കി ദൈവത്തെയും ഭക്തിയെയും മൂർച്ചകൂടിയ മാരകായുധങ്ങളാക്കി മുന്നിൽനിർത്താൻ  ശ്രമിക്കുന്ന കപട ആചാര സംരക്ഷകരുടെ യഥാർഥ മുഖം തുറന്നുകാട്ടാൻ  ഗുളിക നും കുന്തോലനും ശ്രമിച്ചിട്ടുണ്ട്.  കുന്തോലനും ചെമ്പരുത്തിയും കാത്തുപോരുന്ന  സ്‌നേഹവും വിശ്വാസവും  തകർത്തെറിഞ്ഞത് ഗുളികനാണെന്ന് ആരോപിക്കുകയും വിശ്വസിപ്പിക്കുകയുംചെയ്യുന്ന   സവർണതന്ത്രങ്ങളോട് പൈതങ്ങളെ കാക്കുന്ന ഗുളികന് അങ്ങനെ ചെയ്യാൻ പറ്റില്ലെന്ന്   ഗുളികൻ തുറന്നുപറയുന്നുണ്ട്. അങ്ങനെയെങ്കിൽ നിരവധി കുന്തോലന്മാരുടെ അപ്പന്മാരെ കൊന്നവരെ അവർക്ക് യാതനകൾ നൽകിയവരെ  തിരിച്ചറിയാനുള്ള സൂചനകൾ നൽകിക്കൊണ്ട് നാടകം അവസാനിക്കുന്നു.  നാടകാന്ത്യത്തിൽ കുന്തോലൻ മരിച്ചതെങ്ങനെയെന്ന പ്രേക്ഷകരുടെ സംശയത്തിന് ചെമ്പരത്തിയുടെ സ്‌നേഹപൂർണമായ ഏറ്റുപറച്ചിൽ മറുപടിയാകുന്നു. നിറമില്ലാത്ത ഒരു ലോകത്തിന്റെ അയുക്‌തികതയെക്കുറിച്ച്‌ പറയുമ്പോൾതന്നെ ചുവപ്പ് ഒരു നിറം മാത്രമല്ലെന്നും ഒരു പ്രതീക്ഷയാണെന്നും വേരറുത്തുമാറ്റിയാലും കിളിർത്തുവരുന്ന ചെമ്പരുത്തി  പ്രതീക്ഷാനിർഭരമായ  കാലത്തിന്റെ ഓർമപ്പെടുത്തലാണെന്നും നാടകം പറയുന്നു. നമ്മുടെ വീട്ടുമുറ്റത്തെ തുളസിയും ചെമ്പരുത്തിയുംപോലുള്ള നിർമലമായ അടയാളങ്ങൾപോലും  സവർണബിംബങ്ങളുടെ പുനഃപ്രതിഷ്‌ഠയ്‌ക്കുവേണ്ടിയാണെന്ന്  നാടകം ഓർമപ്പെടുത്തുന്നു എം എം രാഗേഷ് സംഗീതവും മുരളി കിനാലൂർ ദീപവിതാനവും നിർവഹിച്ച ഈ നാടകത്തിന്റെ കലാസംവിധാനം സുഭിഷ്  കെ ജി ആട്സാണ്. പ്രിയ ശ്രീജിത്ത്, അപർണ വിനോദ്, സുധീർ പറമ്പിൽ, കുമാർ, രഘൂത്തമൻ, ഹരിഹരൻ എന്നിവർ അരങ്ങിലെത്തി.

 

പ്രധാന വാർത്തകൾ
 Top