25 April Thursday

തെറ്റില്ലാത്ത മലയാളം

സാബു കോട്ടുക്കല്‍Updated: Sunday Aug 13, 2017

നല്ല മലയാളം പറയാനും എഴുതാനും നല്ല ഭാഷ/ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍/ ഡി സി ബുക്സ്/ വില: 495

ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. എന്നാല്‍, ആശയവിനിമയം മാത്രമല്ല ഭാഷയിലൂടെ സംഭവിക്കുന്നത്. ഭാഷകന്റെ വ്യക്തിത്വവും സംസ്കാരവും അതില്‍ ഉള്ളടങ്ങിയിട്ടുണ്ടാകും. കുറ്റമറ്റ ഭാഷ തെളിഞ്ഞ ബുദ്ധിയുടെ ലക്ഷണമാണ്. തെറ്റില്ലാത്ത ഭാഷയില്‍ എഴുതണമെന്നത് ഭാഷ പ്രയോഗിക്കുന്നവരുടെയെല്ലാം ആഗ്രഹമാണ്. പക്ഷേ അതിനായി അല്‍പ്പം പ്രയത്നിക്കേണ്ടതുണ്ട്. ഭാഷാജ്ഞാനവും ഭാഷാപ്രയോഗജ്ഞാനവും ഒത്തിണങ്ങുമ്പോള്‍മാത്രമേ തെറ്റില്ലാത്ത ഭാഷയില്‍ എഴുതാനുള്ള ശേഷി ലഭിക്കുന്നുള്ളൂ. ഈ പ്രശ്നത്തിനുള്ള ലഘുവായ ഉത്തരമാണ് പന്മന രാമചന്ദ്രന്‍നായര്‍ രചിച്ച 'നല്ല ഭാഷ' എന്ന പുസ്തകം. നമ്മുടെ സാമൂഹിക-സാംസ്കാരികജീവിതത്തോട് നിരന്തരം സംവദിച്ചുകൊണ്ട് മുന്നേറുന്ന പുസ്തകങ്ങളെ ആദരസൂചകമായി ക്ളാസിക്കുകള്‍ എന്ന് വിളിച്ച്  നാം ആദരിക്കാറുണ്ട്. ആ അര്‍ഥത്തില്‍ മലയാളത്തിലെ ഭാഷാശുദ്ധിഗ്രന്ഥങ്ങളിലെ ക്ളാസിക്കാണ് 'നല്ല ഭാഷ'.

മലയാളഭാഷ കൈകാര്യംചെയ്യുന്ന മുഴുവന്‍പേരെയും അഭിസംബോധനചെയ്യുന്ന കൃതിയാണിത്. അജ്ഞതകൊണ്ടും അലസതകൊണ്ടും നാം ഭാഷയിലേക്ക് ക്ഷണിച്ചുകൊണ്ടുവരുന്ന തെറ്റുകളെ അക്കമിട്ട് അവതരിപ്പിക്കാന്‍ ഈ കൃതിയില്‍ ശ്രമിച്ചിട്ടുണ്ട്. വളരെ സരസമായി അവ അവതരിപ്പിക്കുന്നതിനാല്‍ ഒട്ടും മുഷിച്ചില്‍ തോന്നാതെ ഈ പുസ്തകം വായിച്ചുപോകാനാകുന്നു. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വാക്കുകള്‍, വാക്യഘടന, സന്ധിപ്രയോഗം എന്നിവയിലെ പിശകുകള്‍ ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഭാഷയില്‍ തെറ്റുകള്‍ കടന്നുകൂടുന്നത് മഹാപാപമാണെന്ന മനോഭാവം ഗ്രന്ഥകാരനില്ല എന്നത് ശ്രദ്ധേയമാണ്. തെറ്റുകള്‍ വരാതെ നോക്കാന്‍ പരമാവധി ശ്രമിക്കണം എന്ന ഉപദേശം മാത്രമാണ് നല്‍കുന്നത്. സ്നേഹസമ്പന്നനായ ഗുരുവിന്റെ ഉപദേശമായി അത് അനുഭവപ്പെടുകയുംചെയ്യുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതുന്നു: 'ഒരു തെറ്റുമില്ലാത്ത ഭാഷ എന്നത് ഒരു ആദര്‍ശസങ്കല്‍പ്പമാണ്. അതിനുവേണ്ടിയുള്ള പരിശ്രമം നാം തുടര്‍ന്നുകൊണ്ടേയിരിക്കണം'. ഈ പരിശ്രമവഴിയില്‍ ഒരു കൈത്താങ്ങായി നില്‍ക്കും 'നല്ല ഭാഷ' എന്ന ഗ്രന്ഥം. കുട്ടിക്കൃഷ്ണ മാരാര്‍, എം പി പോള്‍, എസ് ഗുപ്തന്‍നായര്‍, സി വി കുഞ്ഞുരാമന്‍ എന്നിവരെയാണ് ഗ്രന്ഥകാരന്‍ ഉത്തമ ഗദ്യകാരന്മാരായി കാണുന്നതും മാതൃകയാക്കാന്‍ ആവശ്യപ്പെടുന്നതും.

വായനക്കാരന്റെ മനസ്സില്‍ പെട്ടെന്ന് കയറിപ്പറ്റുന്ന ഉദാഹരണങ്ങള്‍ നിരത്തിയാണ് ഭാഷാശുദ്ധി പ്രക്രിയയില്‍ ഏര്‍പ്പെടുന്നത്. 'കാളിയന്‍ കൃഷ്ണനെ ദംശിച്ചു. എന്നിട്ടും മതിവരാഞ്ഞ് പലതവണ കടിക്കുകയുംചെയ്തു.' എന്ന് പരീക്ഷാപേപ്പറില്‍ കുട്ടി എഴുതുന്നതുകണ്ട് ഗ്രന്ഥകാരന്‍ ചിരിക്കുന്നു. ആ ചിരി നമുക്ക് പകര്‍ന്നുതരുമ്പോള്‍ ഒരു ഭാഷാശുദ്ധിപരീക്ഷയിലൂടെ നാം കടന്നുപോകുകയാണ്. ഈ രചനാരീതിയാണ് 'നല്ല ഭാഷ'യെ മികച്ച പഠനാനുഭവമാക്കുന്നത്.

'കൃഷ്ണനെക്കാണാഞ്ഞ് യശോദ പൊട്ടിക്കരഞ്ഞു. കാരണം ദുഃഖമായിരുന്നു'. 'ആ കവിതാഭാഗം വായിച്ചപ്പോള്‍ എന്റെ ഹൃദയത്തില്‍ ഒരു സ്പൃക്കുണ്ടായി.' എന്നീ വാക്യങ്ങള്‍ ആരെയാണ് ചിരിപ്പിക്കാത്തത്? 'കാലൊടിഞ്ഞ മദാമ്മയുടെ കസേര' എന്ന വാക്യഖണ്ഡം വായിക്കുന്ന ആരും മദാമ്മയോട് സഹതപിക്കും. യഥാര്‍ഥത്തില്‍ സഹതാപമല്ല ആവശ്യം. നല്ല മരപ്പണിക്കാരനെ വിളിച്ചുകൊണ്ടുവന്ന് കസേര ശരിയാക്കിക്കൊടുക്കുകയാണ് വേണ്ടത്. 'പതിവ്രതയായ രാമന്റെ പത്നിക്ക്' പാതിവ്രത്യം ഉണ്ടാകണമെന്നില്ലെന്ന് ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു. 'ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് എണ്‍പതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു' എന്നു  കേട്ടാല്‍ ആരാണ് ദുഃഖിക്കുക! സമാധാനമായി എന്നല്ലേ പറയൂ. പക്ഷേ വക്താവ് വിവക്ഷിച്ചത് അതല്ലല്ലോ? ഇത്തരം നിരവധി രസകരമായ ഉദാഹരണങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം. മലയാളിയുടെ ഭാഷാപ്രയോഗത്തില്‍ കടന്നുകൂടുന്ന തെറ്റുകളെ അവ വരുന്ന വഴികള്‍ കൂടി ചൂണ്ടിക്കാട്ടി പരിഹരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ആവശ്യമെന്നുതോന്നുന്നിടത്തുമാത്രം പ്രമാണങ്ങള്‍ ഉദ്ധരിക്കും. തെറ്റുകള്‍മാത്രമാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തില്‍പ്പെടുക; തെറ്റെഴുതിയ ആളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നില്ല. അത്  സ്വഭാവശുദ്ധിയുടെയും ഉദ്ദേശ്യശുദ്ധിയുടെയും തെളിവാണ്. പന്മന രാമചന്ദ്രന്‍നായര്‍ പലകാലങ്ങളിലായി എഴുതിയ ഭാഷാസംബന്ധമായ അഞ്ച് പുസ്തകങ്ങള്‍ ഒന്നാക്കിയാണ് 'നല്ല ഭാഷ' എന്ന പേരില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏതൊരു മലയാളിയും കൈയെത്തും ദൂരത്ത് സൂക്ഷിച്ചുവയ്ക്കേണ്ട പുസ്തകമാണ് ഇത്.

sabukottukkal@gmail.com

പ്രധാന വാർത്തകൾ
 Top