19 April Friday

ചേതന്‍ നായകനല്ല

മിഥുന്‍ കൃഷ്ണUpdated: Sunday Aug 13, 2017

ചേതനും ഭഗത് മാനുവലും

2012ല്‍ അമല്‍ നീരദ് സംവിധാനംചെയ്ത ബാച്ചിലേഴ്സ് പാര്‍ടി എന്ന സിനിമയിലൂടെയാണ് ചേതന്‍ ജയലാല്‍ അഭിനയരംഗത്തെത്തുന്നത്. അപ്രതീക്ഷിതമായിരുന്നു സിനിമാപ്രവേശം. അന്ന് പത്തുവയസ്സ്. കൊച്ചിയില്‍ നടത്തിയ ഓഡിഷനില്‍ നിരവധിപേരെ മറികടന്നാണ് ചേതന്‍ സിനിമയില്‍ ആസിഫലിയുടെ ബാല്യം അവതരിപ്പിക്കാന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്്. അന്നുവരെ സ്ക്രീനില്‍ സിനിമ കണ്ട പരിചയംമാത്രം. കലാരംഗവുമായി ഒരു ബന്ധവുമില്ലാത്ത കുടുംബമാണ്. നടനാകണമെന്നോ തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്നോ അന്നുവരെ ചിന്തിച്ചിരുന്നില്ലെന്ന് ചേതന്‍ പറയുന്നു. കലാഭവന്‍ മണിയും റഹ്മാനും പൃഥ്വിരാജും ഇന്ദ്രജിത്തും ആസിഫലിയും അടക്കമുള്ള വന്‍താരനിരയുള്ള സിനിമയിലാണ് തുടക്കമെങ്കിലും അവരെ ആരെയും കാണാനുള്ള ഭാഗ്യമുണ്ടായില്ലെന്ന് ചേതന്‍. ബാല്യകാലം ഷൂട്ട് ചെയ്തത് പ്രത്യേകം ലൊക്കേഷനില്‍ ആയിരുന്നു. അതുകൊണ്ട് അന്ന് ആരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല.

"ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജോമോന്‍ ജോഷിയാണ് എന്നിലെ നടനെ കണ്ടെത്തിയത്. ജോഷിയേട്ടന്‍ എന്റെ വീടിന് സമീപമാണ് താമസം. അച്ഛന്റെ സുഹൃത്തുകൂടിയാണ്. അദ്ദേഹമാണ് ഓഡിഷന് പോകാന്‍ നിര്‍ബന്ധിച്ചത്. അന്നുവരെ ഒരു നാടകത്തില്‍പോലും അഭിനയിച്ചിരുന്നില്ല. ആദ്യസിനിമ കഴിഞ്ഞയുടനെതന്നെ നല്ല  പ്രോത്സാഹനം ലഭിച്ചു. ഓഡിഷനില്‍ പങ്കെടുക്കുമ്പോള്‍ നല്ല പേടി ഉണ്ടായിരുന്നു. നാട്ടുകാരും വീട്ടുകാരും നല്ല പിന്തുണ നല്‍കി. ഇന്നും അവരുടെ പിന്തുണയുണ്ട്. സിനിമയില്‍ കൂടുതല്‍ സജീവമാകണമെന്നാണ് ആഗ്രഹം.''

രണ്ടാമത്തെ സിനിമ മധുപാല്‍ സംവിധാനംചെയ്ത ഒഴിമുറിയായിരുന്നു. അതിലും ആസിഫ് അലിയുടെ ബാല്യകാലമായിരുന്നു. ബാച്ചിലേഴ്സ് പാര്‍ടി കഴിഞ്ഞ് ഒരു ഷോര്‍ട് ഫിലിമിലാണ് അഭിനയിച്ചത്. പിന്നീട് മലയാള സിനിമയിലെ ന്യൂജന്‍ നായകന്മാരുടെ കൂടെയും അവരുടെ കുട്ടിക്കാലവുമൊക്കെയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. എബിസിഡി, വിക്രമാദിത്യന്‍, ഇയ്യോബിന്റെ പുസ്തകം, ചാര്‍ളി,  ഒപ്പം, ലോ പോയിന്റ്, ചിറകൊടിഞ്ഞ കിനാവുകള്‍, വടക്കന്‍ സെല്‍ഫി, തീവ്രം, സലാല മൊബൈല്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഗപ്പി

ജോണ്‍പോള്‍ ജോര്‍ജ് സംവിധാനംചെയ്ത ഗപ്പിയില്‍ നായകന്‍ ടൊവിനോ തോമസ് ആണെങ്കിലും ചേതനായിരുന്നു ടൈറ്റില്‍ റോളില്‍. രോഗശയ്യയിലായ അമ്മയെ ചികിത്സിക്കാനും അമ്മയ്ക്ക് ഭക്ഷണം നല്‍കാനും ഗപ്പി മീനിനെ വളര്‍ത്തിവില്‍ക്കുന്ന കൌമാരക്കാരന്റെ വേഷം. ചിത്രവും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. രോഹിണിയാണ് അമ്മയായി വേഷമിട്ടത്. ഗപ്പി വഴിത്തിരിവായി. അവാര്‍ഡൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചേതന്‍.  എസ്എസ്എല്‍സി പരീക്ഷ തുടങ്ങുന്നതിന്റെ തലേദിവസമാണ് മികച്ച ബാലനടനുള്ള അവാര്‍ഡ് ഉണ്ടെന്ന് ടിവിയിലൂടെ അറിയുന്നത്. വലിയ സന്തോഷമായി. അഭിനയരംഗത്ത് ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ച ദിവസംകൂടിയായിരുന്നു അത്. ഗപ്പിക്ക് ശേഷം കൂടുതല്‍ അവസരങ്ങള്‍ വരുന്നുണ്ട്. എല്ലാം ഭാഗ്യമായി കരുതുന്നു. സ്ക്രീനില്‍മാത്രം കണ്ട വലിയ നടന്മാരോടൊത്ത് അഭിനയിക്കാനും സംസാരിക്കാനും കഴിയുന്ന വലിയ ഭാഗ്യം.

സുഖമാണോ ദാവീദേ

ഗപ്പിക്ക് ശേഷം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സുഖമാണോ ദാവീദേ'. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ അനൂപ് ചന്ദ്രനും രാജ്മോഹനുംചേര്‍ന്ന് സംവിധാനംചെയ്യുന്ന ചിത്രമാണിത്. ജ്യേഷ്ഠാനുജന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ അനുജനായ സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷമാണ് എനിക്ക്. ജോയലെന്നാണ് കഥാപാത്രത്തിന്റെ പേര്. ഭഗത് മാനുവലാണ് ജ്യേഷ്ഠന്‍ ദാവീദ്. സുധീര്‍ കരമന, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. തൊടുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ തിയറ്ററുകളിലെത്തും. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്്. എന്റെ അഭിനയജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാകുമിത്.

പഠനം

പത്താംക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു ഗപ്പിയുടെ ഷൂട്ടിങ.് എടവനക്കാട് കെപിഎംഎച്ച്എസിലായിരുന്നു പത്താംക്ളാസ്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കുറെ ക്ളാസുകള്‍ നഷ്ടപ്പെട്ടു. അധ്യാപകരും സഹപാഠികളും നല്‍കിയ സഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ എറണാകുളം പറവൂര്‍ എസ്എന്‍വി സംസ്കൃതം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്.

സൌഹൃദങ്ങള്‍

ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ മലയാള സിനിമയിലെ മുന്‍നിര നടന്മാര്‍ക്കൊപ്പവും അവരുടെ കുട്ടിക്കാലവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എല്ലാവരുമായി സൌഹൃദമായി വരുന്നതേയുള്ളൂ. ഇപ്പോള്‍  ഇന്‍ഡസ്ട്രിയില്‍ എന്നെ അറിഞ്ഞുതുടങ്ങി. അത് മഹാഭാഗ്യമായി കരുതുന്നു.

കുടുംബം

എറണാകുളം ജില്ലയിലെ എടവനക്കാട്ടാണ് വീട്. അച്ഛന്‍ ജയലാല്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. അമ്മ മനുജ കണ്‍സ്യുമര്‍ ഫെഡ് ജീവനക്കാരിയാണ്. സഹോദരി ചിരിത ബിരുദവിദ്യാര്‍ഥിനിയാണ്.

midhunrain@gmail.com

പ്രധാന വാർത്തകൾ
 Top