20 April Saturday

ഓപ്ഷന്‍ ബി എന്ന സഞ്ജീവനി

ഡോ. യു നന്ദകുമാര്‍Updated: Sunday Nov 12, 2017
പകുതി രാജ്യങ്ങളെയും കമ്പനികളെയും സ്ത്രീകള്‍ ഭരിക്കുകയും പകുതി വീടുകള്‍ പുരുഷന്മാര്‍ നടത്തിക്കൊണ്ടുപോവുകയും  ചെയ്യുമ്പോള്‍മാത്രമേ സത്യത്തില്‍ സമത്വമുള്ള ലോകമുണ്ടാകൂ- 'ലീന്‍ ഇന്‍' (Lean In) എന്ന പുസ്തകത്തില്‍ ഷെറില്‍ എടുക്കുന്ന നിലപാടാണിത്.
ഷെറില്‍ സാന്‍ഡ്ബര്‍ഗ് എന്ന അതിപ്രശസ്തയായ അമേരിക്കന്‍ വനിതയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വിരളം. ഇപ്പോഴവര്‍ ഫെയ്സ്ബുക്കിന്റെ മുഖ്യ ഓപ്പറേറ്റിങ് ഓഫീസറാണ്; എഴുത്തുകാരിയായും പ്രായോഗിക സ്ത്രീപക്ഷ  കൂട്ടായ്മകളുടെ സ്ഥാപകയായും പ്രശസ്തയാണ് അവര്‍. ലോകത്തേറ്റവുമധികം സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളായി 2012ല്‍ ടൈം മാഗസിന്‍ വാഴ്ത്തിയിട്ടുമുണ്ട്. ഭര്‍ത്താവ് ഡേവിഡ് (ഡേവ്) ഗോള്‍ഡ്ബെര്‍ഗും രണ്ടുകുട്ടികളും അടങ്ങുന്ന പ്രണയസമ്പുഷ്ടമായ കുടുംബജീവിതമായിരുന്നു അവരുടേത്. 
പളുങ്കുപാത്രം പൊട്ടുംപോലെയാണ് 2015 മെയ് ഒന്നാം തീയതി ഷെറിലിന്റെ കുടുംബം വീണുടഞ്ഞത്. മെക്സിക്കോയില്‍വച്ച് ഹോട്ടല്‍ ജിമ്മിലെ എലിപ്റ്റിക്കലില്‍ വ്യായാമം ചെയ്തിരുന്ന ഡേവ് നിമിഷാര്‍ധത്തില്‍ ഹൃദ്രോഗംമൂലം മരിച്ചുവീണു. ഡേവിനന്ന് 48 വയസ്സ്. നിലത്ത് മരിച്ചുകിടന്ന ഡേവിന്റെ രൂപം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഷെറിലിന്റെ മനസ്സില്‍ തെളിയും. ആഴത്തില്‍ ദുഃഖവും ആഘാതവും ഏല്‍പ്പിച്ചുകൊണ്ട് ആ ചിത്രം കടന്നുപോകുമ്പോള്‍, ഡേവ്, എന്തിനാണെന്നെ ഒറ്റയ്ക്കാക്കി പോയത് എന്ന് കരയാനാണ് തോന്നുക. 11 വര്‍ഷത്തെ ആനന്ദകരമായ ദാമ്പത്യവും ഭാവിയിലേക്ക് കരുതിവച്ചിരുന്ന സ്വപ്നങ്ങളും അര്‍ഥശൂന്യമായ നിമിഷം മനസ്സില്‍നിന്ന് മായുക അസാധ്യംതന്നെ.
വിയോഗത്തിന്റെ തീവ്രദുഃഖത്തില്‍ കഴിയുമ്പോള്‍ കിട്ടിയ കത്താണ് ഷെറിലിന് തന്റെ ജീവിതത്തിന് വ്യത്യസ്തമായ ദിശാബോധം നല്‍കാന്‍ കാരണമായത്. ഏതാനും വര്‍ഷംമുമ്പ് ഭര്‍ത്താവ് നഷ്ടപ്പെട്ട സുഹൃത്ത് എഴുതിയിരിക്കുന്നു, താന്‍ തീവ്രദുഃഖത്തിലാണെന്ന്; മാത്രമല്ല, അവരുടെ അടുത്ത സുഹൃത്ത് വൈധവ്യത്തിലായിട്ടൊരു ദശകത്തിലേറെയായി. തങ്ങള്‍ ഇനിയും ഭര്‍തൃവിയോഗം എന്ന ദുഃഖത്തില്‍നിന്ന് മുക്തരായിട്ടില്ല; അത് സാധ്യമാക്കുന്ന മന്ത്രങ്ങളൊന്നുംതന്നെ നിലവിലില്ല.
എന്നെങ്കിലും വേദനയുടെയും ഏകാന്തതയുടെയും ചുറ്റുപാടില്‍നിന്ന് മുക്തമാകുമെന്നു കരുതിയിരുന്ന ഷെറില്‍ തന്റെ ചുറ്റും അന്തമില്ലാതെ കാലവും ശൂന്യതയും വന്നുനിറയുന്നതായി കണ്ടു. അങ്ങനെയാണ് അവര്‍ കുടുംബസുഹൃത്തായ ആദം ഗ്രാന്റിനെ സമീപിച്ചത്. വാര്‍ട്ടണ്‍ കലാശാലയില്‍ സൈക്കോളജി പ്രൊഫസറാണ് ആദം. ദുഃഖത്തെയും ഏകാന്തതയെയും മറികടന്ന് ജീവിതവുമായി മുന്നോട്ടുപോകാന്‍ ഷെറിലിനെ സഹായിച്ചത് ആദം ഗ്രാന്റ് നടത്തിയ മനഃശാസ്ത്രപരമായ ഇടപെടലുകള്‍തന്നെ. വേദനയില്‍നിന്നും ദുഃഖത്തില്‍നിന്നും പൂര്‍ണമായും മുക്തിനേടുക എന്നതല്ല; വിയോഗങ്ങളും നഷ്ടങ്ങളും അംഗീകരിച്ച് ജീവിതം തുറന്നുവയ്ക്കുന്ന മറ്റ് സാധ്യതകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുക എന്ന ദൌത്യമാണ് നാം ഏറ്റെടുക്കേണ്ടത്.
ഷെറില്‍ സാന്‍ഡ്ബര്‍ഗും ആദം ഗ്രാന്റും തമ്മില്‍ ഉണ്ടായ സഹകരണത്തില്‍ പിറന്നതാണ് ഓപ്ഷന്‍ ബി (രണ്ടാം അവസരം) എന്ന ഗ്രന്ഥം. (Sheryl Sandberg & Adam Grant- Option B; 2017, Penguin Random House ).  പ്രതികൂലാവസ്ഥകളെ അഭിമുഖീകരിക്കല്‍, ഉല്‍പ്പതിഷ്ണുത കെട്ടിപ്പടുക്കല്‍, സന്തോഷം കണ്ടെത്തല്‍, (Facing Adverstiy, Building Resilience, and Finding Joy)  എന്നിവ സാക്ഷാല്‍ക്കരിക്കുന്ന രീതികള്‍ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രതിപാദിക്കുന്ന ഈ പുസ്തകത്തിന് വ്യാപകമായ സ്വീകരണമാണ് ലഭിക്കുന്നത്. 'രണ്ടാം അവസരം' 2017ലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളില്‍ ഒന്നാണ്.
മരണവും വിയോഗവും സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍നിന്ന് രക്ഷനേടുകമാത്രമല്ല, ജീവിതാവസരങ്ങളെ  ശുഭപ്രതീക്ഷയോടെ  സമീപിക്കുക, തിക്താനുഭവങ്ങള്‍ക്കിടയിലും ജീവിതലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുക എന്നിങ്ങനെ വിപല്‍ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ പോന്ന രചനയാണ് ഷെറില്‍ ഒരുക്കിയിരിക്കുന്നത്. പ്രതികൂലാവസ്ഥകളില്‍ നമ്മുടെ മനസ്സെടുക്കുന്ന നിലപാടുകള്‍ നമ്മുടെപോലും സമ്മതത്തോടെയാകണമെന്നില്ല; അവ അതിജീവിക്കാനുള്ള ഉപായങ്ങള്‍ ശാസ്ത്രബോധത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം ചേര്‍ത്തുവായിക്കാന്‍ സമാനസാഹചര്യങ്ങളിലൂടെ കടന്നുവന്ന് ജീവിതനേട്ടം കൈവരിച്ചവരുടെ സമീപനങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നു. 
ചിലപ്പോള്‍ വന്‍ തിരിച്ചടികള്‍ നമ്മെ ആകെ ഉലച്ചുകളയും; സഹപ്രവര്‍ത്തകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുമായി സംസാരിക്കുമ്പോഴാണ് അതിന്റെ ആഴം ശ്രദ്ധിക്കുന്നത്. ഉല്‍പ്പതിഷ്ണുത (resilience)  ഉണ്ടാക്കുക എന്നത് ശ്രമകരമാണ്. മൂന്ന് പ്രധാന മാനസികാവസ്ഥകള്‍ ഇതിനു തടസ്സമായി നില്‍ക്കുന്നു. നമുക്കുണ്ടാകുന്ന ആഘാതത്തിന് നാംകൂടി കാരണമാണെന്നും അതിനാല്‍ നമുക്കുകൂടി അതില്‍ ഉത്തരവാദിത്തമുണ്ടെന്നും ഉള്ള തോന്നല്‍, ഒരു ആഘാതം ജീവിതത്തിന്റെ സര്‍വമേഖലകളെയും ബാധിക്കുമെന്ന ആശങ്ക, ആഘാതത്തിന്റെ തുടരനുഭവങ്ങള്‍ തിരിച്ചടികളായി ജീവിതാന്ത്യംവരെ നമ്മെ പിന്തുടരുമെന്ന തോന്നല്‍ എന്നിവയാണ് അവ. ഈ തടസ്സങ്ങളെ അതിജീവിക്കുക മാത്രമാണ് ക്ളേശങ്ങളില്‍നിന്ന് മുക്തിനേടാനുള്ള മാര്‍ഗം.
ജീവിച്ചിരിക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകും: അവസരങ്ങള്‍, തൊഴില്‍, പ്രണയം, ബന്ധങ്ങള്‍, സ്വത്ത് അങ്ങനെയെന്തും. ജീവിതം നമ്മെ നഷ്ടത്തിന്റെ അഗാധതയിലേക്ക് വലിച്ചുതാഴ്ത്തും; അപ്പോഴും, ശക്തിയോടെ കൈകാലുകളടിച്ച് നമ്മെ ആവരണം ചെയ്തിരിക്കുന്ന തിരിച്ചടികളുടെ പുറംതോട് പൊട്ടിച്ച് അതിജീവിക്കേണ്ടതുണ്ട്.
പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനാകാത്തതാണ് മറ്റൊരു തടസ്സം. മാരകമായ രോഗങ്ങള്‍, നഷ്ടപ്പെട്ട ബന്ധങ്ങള്‍, വിയോഗം എന്നിവയില്‍ ഉഴറുന്നവര്‍ക്ക് മറ്റാരോടെങ്കിലും മനസ്സുതുറക്കാന്‍ വെമ്പലുണ്ടാകും. അതിനവസരം ലഭിക്കാത്തത് അവരുടെ തിരിച്ചുവരവിനെ പ്രതികൂലമായി ബാധിക്കും. ഹിറ്റ്ലറുടെ തടങ്കല്‍ക്യാമ്പുകളില്‍നിന്ന് രക്ഷപ്പെട്ട അഞ്ഞൂറിലധികം പേരുടെ പുനരധിവാസത്തിന് മേല്‍നോട്ടം വഹിച്ച മെര്‍ലി സഫ്സ്റ്റെയ്ന്‍ പറയുന്നത് ഒരാളൊഴികെ എല്ലാവര്‍ക്കും തങ്ങള്‍ കടന്നുപോയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് ആശ്വാസകരമായ അനുഭവമായിരുന്നുവെന്നാണ്. അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അത് സഹായകരമായിരുന്നുതാനും.
ഡേവിന്റെ മരണശേഷം ഫെയ്സ്ബുക് ഓഫീസില്‍ എത്തിയ ഷെറിലിനോട് വിയോഗത്തിന്റെ ദുഃഖത്തെയും മാനസികാവസ്ഥയെയും കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും മടിയായിരുന്നു. താന്‍ പെട്ടിരിക്കുന്ന ശൂന്യതയെക്കുറിച്ചും വിരഹത്തെക്കുറിച്ചുമൊക്കെ പറയാനുള്ളത് ഒരുനാള്‍ ഷെറില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വ്യക്തിപരമായ ദുഃഖത്തെക്കുറിച്ചും ഡേവുമായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ തുറന്നെഴുതിയ പോസ്റ്റ് വന്നതിനുശേഷം പലര്‍ക്കും ഷെറിലുമായി ആശയവിനിമയം ചെയ്യാനെളുപ്പമായെന്നുവേണം കരുതാന്‍.
ഗൌരവതരമായ പ്രശ്നങ്ങളില്‍പ്പെട്ട അനേകംപേരെ ഓപ്ഷന്‍ ബിയില്‍ നാം പരിചയപ്പെടുന്നുണ്ട്. ക്ളാസുമുറിയില്‍ ഏവരും ഇഷ്ടപ്പെട്ടിരുന്ന ഒവന്‍ തോമസ് വിഷാദരോഗത്താല്‍ ആത്മഹത്യ ചെയ്തത്. ഒമ്പതുവര്‍ഷത്തെ ദാമ്പത്യത്തിനപ്പുറം യാത്രപോലും പറയാതെ ബന്ധം ഉപേക്ഷിച്ച് ഭര്‍ത്താവ് പോയപ്പോള്‍ തകര്‍ന്നുപോയ കാതറിന്‍ ഹോക് ക്രമേണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്- എല്ലാം മനസ്സില്‍ തങ്ങുന്ന അനുഭവങ്ങളാണ്. ഷെറില്‍ കണ്ടെത്തുന്ന മറ്റൊരൌഷധം സ്വന്തം അനുഭവങ്ങള്‍ എഴുതുന്നതാണ്. എഴുത്തിന് ദുഃഖത്തെ അലിയിപ്പിക്കാനാകും.അതിനാലാകണം ഷെറില്‍ സാന്‍ഡ്ബര്‍ഗ് പറയുന്നത്,"I will always love you, Dave."
പ്രധാന വാർത്തകൾ
 Top