20 February Wednesday

തലൈവർ; ദ്രാവിഡരാഷ്ട്രീയത്തിന്റെ കരുത്തനായ അമരക്കാരൻ

എസ്‌ തമിഴ് ശെൽവൻUpdated: Sunday Aug 12, 2018
 ഒരിക്കൽ മുത്തുവേൽ കരുണാനിധി പറഞ്ഞു, പകുതിക്കിണർ(പാതിവഴി) താണ്ടുന്ന പതിവ് തനിക്കില്ലെന്ന്‌. ‘‘കുട്ടിയായിരിക്കുമ്പോൾ ഞാൻ കൂട്ടുകാർക്കൊപ്പം തിരുവാരൂർ കുളത്തിൽ നീന്താറുണ്ട്. മത്സരിച്ച് നീന്തും, കുളത്തിന്റെ നടുക്കുള്ള കൽമണ്ഡപം ലക്ഷ്യം വച്ച്. പകുതി പിന്നിട്ടപ്പോൾ കൂട്ടുകാരന് ക്ഷീണം. മടുത്തു. വയ്യ. മടങ്ങണം. തിരിച്ചു കരപറ്റണമെങ്കിൽ മുക്കാൽഭാഗം നീന്തണം. ലക്ഷ്യത്തിൽ എത്താൻ തീരുമാനിച്ചാൽ പിന്നോട്ട് നോക്കരുതെന്ന് ഞാൻ പറഞ്ഞു.  ഇരുവരും നീന്തി മണ്ഡപത്തിലെത്തി.’’ അതാണ് കലൈഞ്ജർ കരുണാനിധി. പതിമൂന്ന് തെരഞ്ഞെടുപ്പുകളിൽ പതിമൂന്നിലും ഗംഭീര വിജയം. തമിഴ്നാട്ടിലെ മിക്ക ജനപ്രിയപദ്ധതികളും ആവിഷ്‌കരിച്ച്‌ നടപ്പാക്കിയ മുഖ്യമന്ത്രി. ഇടയ്ക്കൊരു അപഭ്രംശമുണ്ടായെങ്കിലും ബിജെപിയെ തമിഴ്നാട്ടിൽ കാലുറപ്പിക്കാതെ നിർത്തിയ ദ്രാവിഡരാഷ്ട്രീയത്തിന്റെ കരുത്തനായ അമരക്കാരൻ.
 
മുത്തുവേൽ കരുണാനിധി തൊണ്ണൂറ്റിനാലാം വയസ്സിൽ ചെന്നൈ മറീന ബീച്ചിലെ കടലോളങ്ങൾക്കരികെ മണ്ണോടുചേർന്നപ്പോൾ പടിഞ്ഞാറൻ ദിക്കിൽ സൂര്യനൊപ്പം അസ്‌തമിച്ചത്‌  ഒരു യുഗം.  ഒരു യാത്ര തുടങ്ങിയാൽ ഒരിക്കലും പിന്തിരിഞ്ഞുനോക്കാത്ത നിശ്ചയദാർഢ്യമായിരുന്നു കലൈഞ്ജർ. എഴുപതു വർഷമായി തമിഴ്നാടിന്റെ പൊതുജീവിതത്തിൽ സ്വാധീനംചെലുത്തിയ ഊർജപ്രവാഹം.  ഏതു പ്രതിസന്ധിയെയും നെഞ്ചൂക്കോടെ  മറികടക്കാൻ തന്റേടമുള്ള ദ്രാവിഡക്കരുത്ത്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ അപൂർവ വ്യക്തിത്വം.  
 

പൊരുതിക്കയറിയ ദക്ഷിണാമൂർത്തി

നാഗപട്ടണം ജില്ലയിൽ തിരുക്കോളിലി എന്ന് മുമ്പ് വിളിച്ചിരുന്ന തിരുക്കുവളൈ ഗ്രാമത്തിൽ അതിപിന്നോക്ക ഇസൈ വേലാളർ സമുദായത്തിൽ പിറന്ന ദക്ഷിണാമൂർത്തി പൊരുതിക്കയറിയാണ് തമിഴ്നാടിന്റെ 

എസ്‌ തമിഴ് ശെൽവൻ

എസ്‌ തമിഴ് ശെൽവൻ

മുതൽവരും തലൈവരുമായി മാറിയത്. ചെറുപ്പത്തിൽത്തന്നെ രാഷ്ട്രീയവുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞത് 1930കളിലെ തിളച്ചുമറിയുന്ന സാർവദേശീയരാഷ്ട്രീയവും പ്രാദേശികരാഷ്ട്രീയവും കാരണം.   നാട്ടുവൈദ്യനായിരുന്ന മുത്തുവേലുവിന്റെയും അഞ്ചുകത്തിന്റെയും മകൻ സ്‌കൂൾ പഠന കാലത്ത് പാഠപുസ്‌‌തകങ്ങളെക്കാൾ കൂടുതൽ വായിച്ചത് പെരിയാർ ഇ വി രാമസ്വാമിയുടെ പത്രമായ ‘കുടിയരശും’ അനുബന്ധ പ്രസിദ്ധീകരണങ്ങളും. അങ്ങനെ ആ വിദ്യാർഥിയിൽ ഒരു രാഷ്ട്രീയനേതാവ് പാകപ്പെടുകയായിരുന്നു. പതിനാലാംവയസ്സിൽ അണ്ണാദുരൈയെുടെ പത്രത്തിൽ ലേഖനമെഴുതി. അതുവഴി അണ്ണാദുരൈയുടെ ഹൃദയത്തിൽ സ്ഥാനം നേടി. ‘‘രാഷ്ട്രീയം ഞാൻ സ്വയം തെരഞ്ഞെടുത്ത പാതയാണ്.’’ കരുണാനിധി ഒരിക്കൽ പറഞ്ഞു. 

തമിഴ് വാഴ്‌‌ക

ഊർജസ്വലനായ ഈ ചെറുപ്പക്കാരനെ ഒരു രാഷ്ട്രീയനേതാവായി വളർത്താൻ ഉതകുന്ന രാഷ്ട്രീയസാഹചര്യമായിരുന്നു തമിഴ്നാട്ടിൽ. 1937ൽ രാജാജി  സർക്കാർ സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ പ്രതിപക്ഷ പാർടിയായ നീതി കക്ഷി നടത്തിയ പ്രക്ഷോഭത്തിൽ കരുണാനിധിയും ആകൃഷ്ടനായി. 1916ൽ ഡോ. ടി എം നായർ, ത്യാഗരായൻ എന്നിവരാണ് നീതി കക്ഷിക്ക്‌ അടിക്കല്ല് പാകിയത്. ബ്രാഹ്മണരെ എതിർക്കുക എന്നതായിരുന്നു നീതി കക്ഷിയുടെ പ്രധാന അജൻഡ. ഹിന്ദിവിരുദ്ധ പ്രക്ഷോഭം ശക്തമാകുമ്പോൾ കരുണാനിധിക്ക്‌  വയസ്സ്  12. തിരുവാരൂർ ബോർഡ് ഉയർനിലൈപ്പള്ളി എന്ന വിദ്യാലയത്തിലെ വിദ്യാർഥി. തഞ്ചാവൂരിലെ  നീതി കക്ഷി നേതാവ് പട്ടുകോട്ടൈ അഴഗിരിയുടെ പ്രസംഗം കരുണാനിധിയെ വല്ലാതെ സ്വാധീനിച്ചു. സഹപാഠികളെ കൂട്ടിച്ചേർത്ത് ഇളഞ്ജർ മറുമലർച്ചി സംഘം രൂപീകരിച്ചു. തമിഴ് വാഴ്‌ക എന്ന മുദ്രാവാക്യത്തിന്റെയും ത്രസിപ്പിക്കുന്ന പ്രസംഗത്തിന്റെയും  ശക്തിയിൽ വിദ്യാർഥികൾ കരുണാനിധിക്കുപിന്നിൽ അണിനിരന്നു. ഹിന്ദി വിരുദ്ധ ജാഥകൾ നടത്തി. വിദ്യാർഥികളെ സംഘടിപ്പിക്കാൻ മാനവ നേശൻ എന്ന കൈയെഴുത്ത് പത്രം ആരംഭിച്ചു. പതിനേഴാം വയസ്സിൽ തമിഴ്നാട് വിദ്യാർഥി മൻട്രത്തിന്റെ നേതാവായി. 
 

ശിവാജി ഗണേശൻ, കരുണാനിധി, എം ജി ആർ, ജയലളിത

ശിവാജി ഗണേശൻ, കരുണാനിധി, എം ജി ആർ, ജയലളിത

തീപാറുന്ന അക്ഷരങ്ങൾ

ലഘുലേഖകളും ചെറുപ്രസിദ്ധീകരണങ്ങളും ആശയപ്രചാരണത്തിന് പോരെന്ന് തോന്നിയതോടെയാണ് പത്രം തുടങ്ങാൻ തീരുമാനിച്ചത്. 1942ൽ തിരുവാരൂരിൽ മുരശൊലി തുടങ്ങി. ചെന്നൈയിലേക്ക് താമസം മാറിയതോടെ മുരശൊലി അവിടെനിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങി. തുടക്കത്തിൽ വാരികയായിരുന്നു. 1960 മുതൽ ദിനപത്രമായി. ചേരൻ, മറവൻ, കുറൽ എന്നീ പേരുകളിൽ എഴുതിയ ലേഖനങ്ങൾ ദ്രാവിഡവികാരം ജ്വലിപ്പിക്കുന്നവയായിരുന്നു. പിൽക്കാലത്ത് ഇവ സഹോദരങ്ങൾക്കുള്ള കത്തുകളായി മാറി. ആ കത്തുകൾ ഡിഎംകെ പ്രവർത്തകർക്കിടയിൽ വൻ സ്വീകാര്യത നേടി. 1949ൽ പെരിയാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദ്രാവിഡ കഴകത്തിൽനിന്ന് അണ്ണദുരൈക്കൊപ്പം  വേർപെട്ടുപോന്ന കരുണാനിധി പിന്നീട് ഡിഎംകെയുടെ സമുന്നതസ്ഥാനങ്ങളിലെത്തി. 1957ൽ ആദ്യമായി മത്സരിച്ചു ജയിച്ചു.   ജയം 12 വട്ടം ആവർത്തിച്ചു. 
 

ഭരണാധികാരി

ഹർകിഷൻസിങ്‌ സുർജിത്തിനൊപ്പം

ഹർകിഷൻസിങ്‌ സുർജിത്തിനൊപ്പം


1967ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിലെത്തി. അണ്ണാദുരൈ മുഖ്യമന്ത്രി. കരുണാനിധി ഗതാഗതം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. സ്വകാര്യ ഉടമസ്ഥതയിലുള്ള ബസുകൾ സർക്കാർ ഉടമസ്ഥതയിലാക്കിയത് അക്കാലത്ത്. ബസ് ദേശസാൽക്കരണം രാജ്യത്ത് ആദ്യത്തെ സംഭവം. പല്ലവൻ, തിരുവള്ളുവർ തുടങ്ങിയ പേരുകളിൽ ഗതാഗത കോർപറേഷനുകളുണ്ടാക്കി.  വിദ്യാർഥികൾക്ക്‌ ബസിൽ സൗജന്യയാത്ര, പാവങ്ങൾക്ക്‌ ഫ്‌ളാറ്റ്‌, കർഷകർക്ക്‌ വൈദ്യുതി, സ്‌ത്രീകൾക്ക്‌ സ്വത്തവകാശം മനുഷ്യൻ മനുഷ്യനെ വലിച്ചുകൊണ്ടുപോകുന്ന റിക്ഷ എന്ന സമ്പ്രദായം അവസാനിപ്പിച്ച്‌ പകരം സൈക്കിൾ റിക്ഷ നൽകൽ. പിന്നോക്കസമുദായക്കാർക്ക്‌ 20 ശതമാനം സീറ്റുസംവരണം എന്നിവയൊക്കെ നടപ്പാക്കിയത്‌ കരുണാനിധി മുഖ്യമന്ത്രിയായ കാലത്ത്‌. സ്വാതന്ത്ര്യസമര പെൻഷൻപോലെ ഭാഷാസമര പോരാളികൾക്ക്‌ പെൻഷൻ, ഓരോ ഗ്രാമത്തിലും പുനരധിവാസ പദ്ധതി, സമത്വസത്രങ്ങൾ, സൗജന്യവീടുകൾ എല്ലാം കരുണാനിധിയുടെ ഭാവനയിൽ വിരിഞ്ഞവ. 
 
 1969ൽ അണ്ണാദുരൈ അന്തരിച്ചപ്പോൾ മുഖ്യമന്ത്രിപദത്തിലെത്താൻ കരുണാനിധിക്കൊപ്പം വിദ്യാഭ്യാസമന്ത്രി വി ആർ നെടുഞ്ചെഴിയനും തമ്മിൽ കടുത്ത മത്സരം. പെരിയാർ ഇടപെട്ട‌് തർക്കം ഒത്തുതീർപ്പാക്കി. 
 
കരുണാനിധി മുഖ്യമന്ത്രി. അതേവർഷംതന്നെ അദ്ദേഹം ഡിഎംകെ പ്രസിഡന്റാകുകയുംചെയ്‌തു. നെടുഞ്ചെഴിയൻ പാർടി ജനറൽ സെക്രട്ടറിയായി. അണ്ണാദുരൈ ജീവിച്ചിരിക്കെ പ്രസിഡന്റ്‌ പദവി ഇല്ലായിരുന്നു. പെരിയാറിൽനിന്ന്‌ വേർപെട്ടുപോന്നിട്ടും തന്തൈ പെരിയാറിന്റെ ആശയങ്ങൾതന്നെയായിരുന്നു ഡിഎംകെയുടെ പ്രത്യയശാസ്‌ത്ര അടിത്തറ. പെരിയാർ ജീവിതകാലം മുഴുവൻ ദ്രാവിഡ കക്ഷിയുടെ നേതാവായി തുടരണമെന്ന്‌ വാദിച്ചയാളായിരുന്നു അണ്ണാദുരൈ. നേതൃത്വതർക്കം വന്നപ്പോഴാണ്‌ ഈ ആശയത്തിൽനിന്ന്‌ മാറി പ്രസിഡന്റ്‌ സ്ഥാനം സൃഷ്ടിച്ചത്‌. കരുണാനിധിയെ മുഖ്യമന്ത്രിയും പാർടി പ്രസിഡന്റും ആക്കാനും നെടുഞ്ചെഴിയനെ ജനറൽ സെക്രട്ടറി പദം നൽകി ആശ്വസിപ്പിച്ചതിനുംപിന്നിൽ കരുണാനിധിയുടെ ഉറ്റ കൂട്ടുകാരനുണ്ടായിരുന്നു‐ 
 

എം ജി ആർ 

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ്‌ എം ജി ആറുമായുള്ള ഭിന്നത ഉടലെടുക്കുന്നത്‌. ഡിഎംകെ പിളർത്തി എഐഎഡിഎംകെ രൂപീകരിച്ച എം ജി രാമചന്ദ്രൻ വൈകാതെതന്നെ മുഖ്യമന്ത്രിയായി. എം ജി ആറിന്റെ മരണംവരെ മുഖ്യമന്ത്രിസ്ഥാനം തിരിച്ചുപിടിക്കാനായില്ല കരുണാനിധിക്ക്‌. 
സീതാറാം യെച്ചൂരിക്കൊപ്പം

സീതാറാം യെച്ചൂരിക്കൊപ്പം

 

കലൈഞ്ജറുടെ സിനിമ, സാഹിത്യം 

തൊണ്ണൂറാംവയസ്സിൽ മെഗാസീരിയലിന്‌ തിരക്കഥ എഴുതുക. അപൂർവമായി സംഭവിക്കുന്ന കാര്യം. ഈ സീരിയൽ തമിഴിലെ ഹിറ്റ്‌ ചാർട്ടിൽ ഇടംപിടിക്കുകയുംചെയ്‌തു.  സിനിമാബന്ധം തുടങ്ങുന്നത്‌ 1947ൽ. എം ജി ആർ നടിച്ച ‘രാജകുമാരി’യിൽ സംഭാഷണമെഴുതിയാണ്‌ തുടക്കം. 1952ലെ ‘പരാശക്തി’ക്കുവേണ്ടി കരുണാനിധി എഴുതിയ സംഭാഷണങ്ങൾ തമിഴ്‌നാട്ടിൽ അലകൾ സൃഷ്ടിച്ചു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സാമൂഹ്യ വിമർശനങ്ങളിലൂന്നിയ സംഭാഷണങ്ങൾ അടങ്ങിയ കരുണാനിധി സിനിമകൾ തമിഴിലെ ട്രെൻഡ്‌ സെറ്ററുകളായി. അങ്ങനെ നാൽപ്പതോളം സിനിമകൾ. അദ്ദേഹത്തിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ്‌ ഏഴുവർഷംമുമ്പ്‌ പുറത്തിറങ്ങിയ പൊന്നർ ശങ്കർ എന്ന സിനിമ. 
 
കഥയിലും തിരക്കഥയിലും മാത്രമല്ല, ഗാനരചന, നിർമാണം തുടങ്ങിയ രംഗത്തും കലൈഞ്‌ജറുടെ കൈയൊപ്പ്‌ പതിഞ്ഞു. ലേഖനങ്ങൾകൂടാതെ കവിത, നാടകം, കഥ, നോവൽ, ചരിത്രം തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹം മികവ്‌ തെളിയിച്ചു. പഴനിയപ്പൻ എന്ന നാടകത്തെക്കുറിച്ച്‌ അതിശയോക്തിപരമായ ഒരു ചൊല്ലുണ്ട്‌. തമിഴരിൽ ആ നാടകം കാണാത്തവരില്ലെന്ന്‌. തമിഴ്‌നാട്‌ മുഴുവൻ നിറഞ്ഞാടിയ 17 നാടകങ്ങൾ. ഇതിലൊന്ന്‌ തൂക്കുമേടൈ. ഇതു കണ്ടശേഷം നടൻ എം ആർ രാധയാണ്‌ കരുണാനിധിക്ക്‌ കലൈഞ്‌ജർ എന്ന്‌ പേര്‌ ചാർത്തിക്കൊടുത്തത്‌. നൂറോളം കഥകൾ. തിരുക്കുറലിന്‌ അദ്ദേഹമെഴുതിയ വ്യാഖ്യാനമായ കുറലോവിയം അതിന്റെ ലാളിത്യംകൊണ്ട്‌ മഹത്തരമാണ്‌. സംഘത്തമിഴ്‌, തൊൽക്കാപ്പിയ ഉരൈ, ഇനിയവയ്‌ ഇരുപത്‌ തുടങ്ങിയ ബൃഹദ്‌ഗ്രന്ഥങ്ങളും കത്തുകളുടെ പന്ത്രണ്ട്‌ വാല്യങ്ങളും വേറെ. മൊത്തം പുസ്‌തകങ്ങൾ 178. പക്ഷേ, തമിഴിലെ പുതിയ എഴുത്തുകാർ കരുണാനിധിയെ ഒരു മികച്ച എഴുത്തുകാരനായി അംഗീകരിക്കുന്നില്ല.
 

അധികാരദുർവിനിയോഗം, മക്കൾരാഷ്ട്രീയം, അഴിമതി

അണ്ണാദുരൈയെയും പെരിയാറെയും കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ കമ്യൂണിസ്റ്റാകുമായിരുന്നു എന്നാണ്‌ കരുണാനിധി പറഞ്ഞത്‌. സാമൂഹ്യ നീതിക്കുവേണ്ടി ശബ്ദമുയർത്തിയ ഏറ്റവും ശക്തനായ തമിഴ്‌ നേതാവ്‌ എന്നും കരുണാനിധിയെ വിശേഷിപ്പിക്കാം. മെയ്‌ദിനത്തിന്‌ ശമ്പളത്തോടെയുള്ള അവധി നൽകിയതും എല്ലാ ജാതിക്കാർക്കും പൂജാരിമാരാകാൻ കഴിയുംവിധം നിയമം കൊണ്ടുവന്നതും കരുണാനിധിതന്നെ.  എന്നാൽ,  എന്നും അധികാരത്തിന്റെയും മക്കൾരാഷ്ട്രീയത്തിന്റെയും പണത്തിന്റെയും പ്രലോഭനങ്ങൾക്കുപിന്നാലെ അദ്ദേഹം സഞ്ചരിച്ചു. നാഗപട്ടണത്തെ തിരുക്കുവളൈയിൽനിന്ന്‌ ഓട്ടക്കീശയുള്ള കുപ്പായമിട്ടുവന്ന കരുണാനിധിക്കും മക്കൾക്കും ശതകോടികളുടെ സ്വത്ത്‌ കൈവന്നത്‌ അധികാരദുർവിനിയോഗത്തിന്റെയും നഗ്നമായ അഴിമതിയുടെയും ഫലമാണ്‌. ഡിഎംകെ ഭരിക്കുമ്പോളെല്ലാം അധികാരദുർവിനിയോഗം വ്യാപകമായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. മക്കൾക്ക്‌ പദവി ലഭിക്കാൻ കരുണാനിധി നടത്തിയ ഇടപടലുകൾ, തമിഴ്‌ ജനത ഒരിക്കലും അംഗീകരിക്കാത്ത ഹിന്ദുത്വകക്ഷിയുമായുള്ള ചങ്ങാത്തം, മക്കളായ  സ്റ്റാലിനും അഴഗിരിയും അധികാരത്തിനായി നടത്തിയ ഏറ്റുമുട്ടൽ, കേന്ദ്രമന്ത്രിസഭാംഗമായിരുന്ന എ രാജ നടത്തിയ സ്‌പെക്‌ട്രം അഴിമതി, മകൾ കനിമൊഴിയുടെ ജയിൽവാസം, അനന്തരവൻ മുരശൊലി മാരന്റെ കുടുംബാംഗങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ എല്ലാം കലൈഞ്‌ജറുടെ ദേഹത്തുപുരണ്ട കറകൾ തന്നെയാണ്‌. എങ്കിലും ഇന്ന്‌ ഹിന്ദുത്വശക്തികൾക്കെതിരെ തന്റെ പാർടിയെ സജ്ജമാക്കിനിർത്തിയാണ്‌ കരുണാനിധി മടങ്ങിയത്‌ എന്നത്‌ എല്ലാറ്റിലും പ്രാധാന്യമർഹിക്കുന്നു.
 
tamizh53@gmail.com
മൊഴിമാറ്റം: കെ എസ്‌ വെങ്കിടാചലം

 

പ്രധാന വാർത്തകൾ
 Top