22 March Friday
ഏക‌്താര

മുറിവേറ്റവളുടെ നൃത്തം

നദീം നൗഷാദ‌്Updated: Sunday Aug 12, 2018

ആബിദ പർവീൺ

വിഷാദഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ പാകിസ്ഥാനി  സൂഫി ഗായിക ആബിദ പർവീണിന്റെ പാട്ടുകളും ഇഷ്ടപ്പെടും. രസക് ഇ ബിസ‌്മിൽ (മുറിവേറ്റവളുടെ രക്തം) എന്നൊരു ആൽബമുണ്ട്.  അവൾക്ക‌് മുറിവേറ്റത് പ്രണയംകൊണ്ടാണ്.  ആ പാട്ടുകൾ കേട്ടാൽ ആരും വിഷാദത്തിലേക്ക് വീണുപോകും. യാര് കൊ ഹംനെ ജാബ ജാ ദേഖാ.. എന്ന പാട്ടിലൂടെ വിഷാദത്തിന്റെ ആരും കാണാത്ത  സൗന്ദര്യം ആബിദ കാണിച്ചുതരും. റോഷൻ ജമാല് യാര് സേ ഹേ കേൾക്കുമ്പോൾ  ദ്വീപിൽ തനിച്ചായതുപോലെ  തോന്നും. ഈ പാട്ടുകൾ നൽക്കുന്ന മനോനിലയിൽനിന്ന് പുറത്തെത്താൻ അൽപ്പസമയമെടുക്കും.
 
സൂഫികളുടെ പ്രണയം ദൈവത്തോടാണ്. ദൈവപ്രണയ(ഇഷ്ഖ്)ത്തിലേക്ക് എത്തിക്കുന്ന സംഗീതത്തെ അവർ സാമ എന്നു വിളിച്ചു. പിന്നീട് അത് ഖവാലിയായി. അവർ പാടിയത് സൂഫി ഗുരുക്കൻമാരുടെ ഉറൂസ് (ചരമദിനം) ആഘോഷങ്ങളിലാണ്. ഉറൂസ് എന്നാൽ ദൈവമെന്ന പ്രണയിനിയിൽ വിലയം പ്രാപിച്ച ദിനം. സൂഫി ദർഗകളിൽ ഉറൂസ് ദിനങ്ങളിൽ പാടിയാണ‌് ആബിദ  സംഗീതജീവിതം തുടങ്ങിയത്. സ‌്ത്രീകൾ ദർഗകളിൽ പാടുക പതിവില്ലാത്ത കാലത്ത‌്. 
 
സിന്ധിലെ ലാർഖാനയിലെ ജനിച്ച ആബിദയുടെ ഗുരു പിതാവായ ഗുലാം ഹൈദർ ആയിരുന്നു.  പിതാവിനോടൊപ്പം ആബിദയും  ദർഗകളിൽ പാടുമായിരുന്നു. മകളുടെ കഴിവ് കണ്ട ഗുലാം ഹൈദർ തന്റെ രണ്ട് പുത്രന്മാരെ മാറ്റിനിർത്തി ആബിദയെ  പിൻഗാമിയാക്കി. പിന്നീട് ശ്യാം ചൗരാസി ഖരാനയിലെ ഉസ‌്താദ‌് സലാമത് അലിഖാന്റെ കീഴിൽ ആബിദ തന്റെ സംഗീതപഠനം തുടർന്നു.
 
തബലയുടെയും ഹാർമോണിയത്തിന്റെയും ഡോലക്കിന്റെയും അകമ്പടിയോടെ പഞ്ചാബിലും സിന്ധിലുമുള്ള സൂഫി കവിതകൾ പാടുന്നതാണ് കാഫി. ബാബാ ഫരീദ്, ബുല്ലേഷാ, ഷാ ഹുസൈൻ, സച്ചാൽ സർമദ് എന്നിവരുടെ കവിതകൾ  ആബിദയെ പ്രചോദിപ്പിച്ചു. നൂർജഹാന്റെ ശൈലിയിൽ പാടിയിരുന്ന ആദ്യകാല ഗസലുകളിൽനിന്ന‌് വഴിമാറി നടന്നു. കാഫികൾ അബിദയുടെ ആത്മീയാന്വേഷണതിന് പ്രേരകമായി. ബുല്ലേഷായുടെ  തെരി ഇഷ‌്ക‌്‌ ന ചയാ ആബിദ പ്രാണൻ കൊടുത്തു പാടി. സച്ചാൽ  സർമദ‌്ന്റെ മസ‌്ത‌് കലന്തർ മസ‌്ത് മസ‌്ത‌്ൽ എത്തുമ്പോഴേക്കും  ഗായിക എന്ന സ്വത്വത്തിൽനിന്ന‌് പുറത്തുകടന്ന് ആത്മീയാന്വേഷണത്തിന്റെ വഴിയിലെത്തിയിരുന്നു. ദൈവപ്രണയം  സിരകളെ പ്രചോദിപ്പിച്ചു. ലണ്ടനിലെ റോയൽ ആൽബർട്ട്‌ ഹാളിൽ ആബിദയുടെ കാഫി കേട്ട പാശ്ചാത്യർ കിഴക്കുനിന്നുള്ള അവധൂത എന്ന്  വാഴ‌്ത്തി.
 
പാട്ടുകളിലെ  വിഷാദം ദൈവമെന്ന പ്രണയിനിയെ പിരിഞ്ഞിരിക്കുന്ന  സൂഫിയുടെ  വിഷാദമാണ്. ആബിദ പാടുമ്പോൾ ഭാവതീവ്രതകൊണ്ട് ശ്രോതാക്കൾ  ഉന്മാദത്തിലെത്തുന്നു. ഇന്ന് ഇങ്ങനെ പാടാൻ സൂഫി ഗായികമാരിൽ ആബിദ മാത്രം. റബ്ബാ മേരെ ഹാൽ ദാ മെഹരം തൂ എന്ന ഹസ്രത് ഷാ ഹുസൈന്റെ കവിത പാടുമ്പോൾ നിനക്ക് മാത്രമാണ് എന്റെ വേദന മനസ്സിലാകുന്നതെന്ന് ദൈവത്തോട് പറയുകയാണ്‌ ആബിദ. പഞ്ചാബി സൂഫി കവി ഹസ്രത്ത്‌ വാരിസ്ഷായുടെ ജിസ് ദിൻ കെ സാജൻ ബിച്ച്ഡേ ഹേ,  ഷാ നിയാസിന്റെ മേരാ സോനാ സാജൻ ഘർ ആയ, വാസിഫ് അലി വാസിഫിന്റെ മേ നാരേ മസ‌്താന മേ ഷോകിയ രിന്താനാ എന്നിവ ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കേണ്ടവയാണ്.
 
ഷാനിയാസ‌്,  ഹസ്രത്ത്‌ ഷാഹുസൈൻ, അമീർ ഖുസ്രു തുടങ്ങിയവരുടെ കവിതകൾ അതിന്റെ സത്തയിൽ അനുഭവിക്കാൻ ആബിദ പർവീണിന്റെ ആലാപനത്തിലൂടെ സാധിക്കുന്നു. ആബിദയ‌്ക്ക് പാട്ട‌്  സ്വയം പരിവർത്തിപ്പിക്കുന്ന ആത്മാന്വേഷണമാണ‌്. ഗായികയും ഗാനവും  ഒന്നാകുന്ന അനുഭവം.  ആകാശത്തേക്ക് കൈകൾ ഉയർത്തി ഉച്ചസ്ഥായിയിൽ പാടുമ്പോൾ അവ ഭാഷയുടെ അതിരുകൾ ഭേദിക്കുന്നു. സൂഫി കവിതകളുടെ അർഥമറിയാത്തവർപോലും ഉന്മാദത്തിലേക്ക്  വീഴും.   ലണ്ടനിലെ റോയൽ അൽബേർട്ട് ഹാളിൽവച്ച് തനിക്കുണ്ടായ അനുഭവം ആബിദ ഒരിക്കൽ വിവരിച്ചിട്ടുണ്ട്: 
 
“ഞാൻ പാടുകയായിരുന്നു പെട്ടെന്ന് ഒരുകൂട്ടം ആൾക്കാർ ബോധംകെട്ടു വീണു. ജപ്പാൻകാർ, ചൈനക്കാർ, ബ്രിട്ടീഷുകാർ, അമേരിക്കക്കാർ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. ഡോക്ടർമാർ അവരെ പരിശോധിച്ചു. ഹാളിനുപുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. പക്ഷേ  അവർ പോകാതെ കച്ചേരി പൂർണമായും ആസ്വദിച്ചു. ആ രാത്രി ഞാൻ വല്ലാത്ത ഉന്മാദത്തിലായിരുന്നു. ദൈവവുമായി തൊട്ടിരിക്കുന്ന നിമിഷങ്ങൾ. അത് ഞാൻ ശ്രോതാക്കളുമായി പങ്കുവച്ചു”.
 
ആലാപനം‌ ആബിദയ‌്ക്ക‌്  എളുപ്പം സാധിക്കാവുന്ന  ഒന്നായിരുന്നില്ല. ദീർഘസാധകം  കൊണ്ട് മാത്രമേ അവർ ആലാപനത്തിലേക്ക് പ്രവേശിക്കൂ. ദർഗ സന്ദർശിച്ചും സൂഫിപണ്ഡിതരെ   കണ്ടും ഓരോ  വരിയുടെയും അർഥം വിശദമായി മനസ്സിലാക്കും.  പിന്നെ അനുയോജ്യമായ സംഗീതം  പകരും. 
 
ആബിദയുടെ ആലാപനവും വിമർശനമുക്തമല്ല. ശ്രോതാക്കളിൽ ഹിസ്റ്റീരിയ ഉണ്ടാക്കുക എന്നത്  യഥാർഥ കലാകാരിയുടെ ലക്ഷണമല്ല എന്ന വിമർശനം പലപ്പോഴും  നേരിട്ടു. അതിവൈകാരികത സൃഷ്ടിച്ചാണ് ശ്രോതാക്കളെ ആകർഷിക്കുന്നതെന്ന വിമർശനത്തിന‌് കാതുകൊടുത്തില്ല.  സംഗീതത്തിൽ നിന്ന്   ബാഹ്യമായ കാര്യങ്ങളിലേക്ക് ശ്രദ്ധ മാറുന്നത്  അവർക്ക‌് ഇഷ്ടമായിരുന്നില്ല.
 
ആബിദയുടെ വസ‌്ത്രധാരണവും സവിശേഷതയുള്ളതാണ‌്.  മുകളിൽവരെ ബട്ടൻ ഉള്ള നീളം കൂടിയ വലിയൊരു ഫ്രോക്കാണ്  വേഷം. ഒപ്പം സിന്ധി ദുപ്പട്ടയും. ഇരുഭാഗത്തും പടർന്നുനിൽക്കുന്ന ചുരുണ്ട മുടിയും വട്ട മുഖവും  അവരെ എളുപ്പം തിരിച്ചറിയാൻ സാധിക്കുന്നു. 
 
ബോളിവുഡിൽ പാടാൻ  യഷ് ചോപ്രയിൽനിന്നും സുഭാഷ്‌ഘായിൽ നിന്നുമൊക്കെ കിട്ടിയ വാഗ‌്ദാനം നിരസിക്കാൻ ആബിദയ‌്ക്ക‌് ഒരു നിമിഷം പോലുംവേണ്ടി വന്നില്ല. പാശ്ചാത്യ സംഗീതനിരൂപകർ ആബിദയെ ആഫ്രോ അമേരിക്കൻ ബ്ലൂസ് – ജാസ് പാട്ടുകാരായ നിനാ സിമോൺ, ബില്ലി ഹോളിഡേ, മഹാലിയ ജാക‌്സൻ എന്നിവരുമായി  താരതമ്യം ചെയ്യാറുണ്ട്. ഈ താരതമ്യം സാങ്കേതികമായി ശരിയല്ലെങ്കിലും പാട്ടിനോടുള്ള അഭിനിവേശം ആബിദയെ അവരോട് അടുപ്പിക്കും, തർക്കമില്ല.
 
noushadnadeem@gmail.com
പ്രധാന വാർത്തകൾ
 Top