10 August Monday

ഹൃദയജാലകഥ പലവുരു പറയുമോ

സുനീഷ് ജോ suneeshmazha@gmail.comUpdated: Sunday May 12, 2019

അൻവർ അലി

മലയാളചലച്ചിത്ര​ഗാനശാഖയിപ്പോള്‍  നവീനമായ ഭാവുകത്വം തേടുകയാണ്. പാട്ടുകളെ കവിതകളുമായി ഇണക്കിച്ചേര്‍ക്കാന്‍ വെമ്പല്‍കൊള്ളുന്നുണ്ട് ഒരുപറ്റം ​ഗനരചയിതാക്കള്‍. അതിൽത്തന്നെ  വേറിട്ടതും പരീക്ഷണാത്മകവുമായ രചനകളാണ് അൻവർ അലിയുടേത്. മുപ്പതോളം ഗാനങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. തലമുറ വ്യത്യാസമില്ലാതെയാണ് അവ ഏറ്റെടുക്കപ്പെട്ടത്. കവിയും ​ഗാനരചയിതാവുമായ അൻവര്‍ അലി എഴുത്തിന്റെ വഴികളെക്കുറിച്ച് സംസാരിക്കുന്നു

വൈലോപ്പിള്ളി വിധിച്ചത്

1980‐81 കാലത്ത് പാലക്കാട്ട‌് നടന്ന സ്കൂൾ യുവജനോത്സവം. പത്താംക്ലാസ് വിദ്യാർഥിയായിരുന്ന ഞാനന്ന് കവിതാരചനയിൽ പങ്കെടുക്കുന്നു. വൈലോപ്പിള്ളിയാണ് വിഷയം തന്നതും മുഖ്യവിധികർത്താവും. അദ്ദേഹത്തെ കാണുന്നതും അന്നാണ്. ഒന്നാം സമ്മാനം കിട്ടി. ആകെ അത്ഭുതമായി.  കവിതയാണ് എന്റെ ലോകം എന്ന് അന്നേ തോന്നിത്തുടങ്ങിയിരുന്നു. അധികമൊന്നും വായിക്കാതെ തന്നെയുണ്ടായ വലിയൊരു ആത്മവിശ്വാസമായിരുന്നു അത്. അതെങ്ങനെ ഉണ്ടായി എന്നൊന്നും അറിയില്ല. 

തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നതോടെ അധ്യാപകരായ വിനയചന്ദ്രൻ, നരേന്ദ്രപ്രസാദ്, വി പി ശിവകുമാർ എന്നിവരുടെ സാന്നിധ്യവും ക്ലാസിനുപുറത്തെ സംവാദവും കവിതയെഴുത്തിനെ കൂടുതൽ പ്രചോദിപ്പിച്ചു. നരേന്ദ്രപ്രസാദ് സാർ ഇംഗ്ലീഷ് പുസ്തകങ്ങളൊക്കെ വായിപ്പിച്ചു. വിനയചന്ദ്രൻ സാർ അക്കാദമിക് പുസ്തകങ്ങളും  മലയാളകാവ്യങ്ങളും നിർദേശിച്ചു.  പത്താംക്ലാസിന്റെ അവധിക്കാലത്ത് പബ്ലിക് ലൈബ്രറിയിലെ മലയാളം സെക‌്ഷനിൽ ലഭ്യമായ റഷ്യൻ സാഹിത്യം മുഴുവൻ വായിച്ചുതീർത്തിരുന്നു. ദസ്തയോവ്സ്കി, ടോൾസ്റ്റോയി, മാക്സിംഗോർക്കി തുടങ്ങിയവരുടെയൊക്കെ. ദസ്തയോവ്സ്കിയുടെ ‘കാരമസോവ് സഹോദരന്മാർ’ വായിച്ചതോടെ ആകെ അന്തംവിട്ടുപോയി. ജീവിതമാകെ മാറി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പോക്കുവെയിൽ സിനിമ കാണുന്നത്.  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷി കാന്തംപോലെ തലയ്ക്കുപിടിച്ചു.‘പതിനെട്ടുകവിത’കളാണ് വിലകൊടുത്ത് വാങ്ങിക്കുന്ന ആദ്യപുസ്തകം. അന്നതിന് അഞ്ചുരൂപ. പിന്നെ വാങ്ങിയത് കടമ്മനിട്ട. പുതിയവയിൽനിന്ന് പിന്നിലേക്കായിരുന്നു കവിതാശിക്ഷണം എന്നു പറയാം.

എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയ കവിതകളിൽ മുക്കാൽപങ്കും ഉപേക്ഷിച്ചിട്ട് ബാക്കി കിട്ടിയത് 1999 ൽ കുത്തിക്കെട്ടിയതാണ് ആദ്യസമാഹാരം - ‘മഴക്കാലം’. 2009ൽ ‘ആടി ആടി അലഞ്ഞ മരങ്ങളെ’ എന്ന രണ്ടാം സമാഹാരം. അപ്പോഴേക്കും വായന ഒരുപാട് തുറന്നതായി. രചനയിൽ രൂപപരമായ മാറ്റങ്ങളും സംഭവിച്ചു. മൂന്നാമത്തെ കവിതാസമാഹാരം അച്ചടിയിലാണ്. ‘മെഹബൂബ് എക്സ്പ്രസ്.’

പിന്തുടരുന്ന ടോട്ടോച്ചാൻ

എംഎ കഴിഞ്ഞ ഉടനാണ് ജാപ്പനീസ് ബാലസാഹിത്യകൃതിയായ ‘ടോട്ടോച്ചാൻ’  വിവർത്തനം ചെയ്യുന്നത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ അന്നുണ്ടായിരുന്ന കെ കെ കൃഷ്ണകുമാർ സാറുമായുള്ള അടുപ്പമാണ് വിവർത്തനത്തിന് വഴിതുറന്നത്. കൈയെഴുത്ത് പ്രതി  തിരുത്തുകയും രാകി മിനുക്കുകയും ചെയ്തതിനുശേഷം  വീണ്ടും വായിച്ചുനോക്കിയപ്പോൾ അസാധാരണമാംവിധം നന്നായിട്ടുണ്ടെന്ന് തോന്നിയിരുന്നു. അതൊക്കെ  നല്ല ഓർമകൾ. എന്റെ സ്വന്തം പുസ്തകംപോലെയാണ് ആളുകൾ അതിനെക്കുറിച്ച് സംസാരിക്കാറ്.  നരേറ്റീവ് പ്രോസിന്റെ ടെക്നിക്ക് പഠിക്കാനുള്ള അവസരംകൂടിയായി എനിക്ക് ആ വിവർത്തനം. പിന്നീടുള്ള ഗദ്യ എഴുത്തിനെയും അത് സ്വാധീനിച്ചു.
 

രാജീവ് രവിയുടെ വിളി

കവിത ഒഴിച്ച് ബാക്കിയെല്ലാക്കാര്യങ്ങളും, വിവർത്തനം ഉൾപ്പെടെ, യാദൃച്ഛികമായി സംഭവിച്ചതാണ്. 80കൾ ഫിലിംസൊസൈറ്റികൾ സജീവമായിരുന്ന സമയമാണ്. സി–-ഡിറ്റിൽ ജോലിപോലെ ഏഴെട്ട് വർഷം സ്ക്രിപ‌്റ്റ‌് എഴുതുക, കമന്ററി എഴുതുക...തുടങ്ങിയ കാര്യങ്ങൾ ചെയ്തിരുന്നു. കെഎസ്എഫ്ഡിസിക്കുവേണ്ടി ജോസ് തോമസുമൊത്ത് സഹഡയറക്ടറായി മലയാള സിനിമാചരിത്രത്തെക്കുറിച്ച് ഒരു പരമ്പരയും തയ്യാറാക്കി.
 
രാജീവ് വിജയരാഘവൻ സി‐ഡിറ്റിൽ അന്ന് ജോലിചെയ്യുന്നുണ്ട്. അങ്ങനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലൊക്കെ പഠിച്ചിറങ്ങിയവരുടെ വലിയൊരു സർക്കിളിൽ എത്തിപ്പെടുന്നു. പട്ടത്തെ ഫ്ളാറ്റിലായിരുന്നു ഒത്തുചേരൽ. അങ്ങനെ എം പി സുകുമാരൻനായരുടെ സിനിമകളിൽ  സഹകരിച്ചു. 2001ലാണ് രാജീവ് വിജയരാഘവൻ മാർഗം എടുക്കുന്നത്. രാജീവിന് പുറമെ എസ് പി രമേഷും ഞാനും ചേർന്നാണ് എഴുതിത്തീർത്തത്.  തിരക്കഥയ്ക്കുൾപ്പെടെ 7 സംസ്ഥാന അവാർഡും അന്താരാഷ്ട്രതലത്തിൽ നിരവധി പുരസ്കാരങ്ങളും അതിന് ലഭിച്ചു. വലിയൊരു കൂട്ടായ്മയുടെ ഫലമായിരുന്നു മാർഗം. ഇതേ കൂട്ടായ്മയിൽ മറ്റൊരു സിനിമ ചെയ്യാൻ പത്തുപന്ത്രണ്ടു കൊല്ലമായി നടത്തുന്ന ശ്രമങ്ങൾ എങ്ങുമെത്തിയില്ല.  അതിന്റെ സങ്കടങ്ങളുമായി നടക്കെ, ‘അന്നയും റസൂലു’മിന്റെ നിർമാണവുമായി ബന്ധപ്പെട്ട്  ദീർഘകാലസുഹൃത്തായ ഛായാഗ്രാഹകൻ രാജീവ് രവി വിളിച്ചു.
പാട്ടെഴുതണമെന്നുപറഞ്ഞു. ആദ്യം ഞാനത് കാര്യമായെടുത്തില്ല. രാജീവ് നിർബന്ധിച്ചു. പെട്ടെന്നൊരുദിവസം ചെന്നൈയിൽ കൊണ്ടിരുത്തി അങ്ങ് എഴുതിപ്പിക്കുകയായിരുന്നു. പെട്ടെന്ന് എഴുതി. പുതുമയും രസവും തോന്നി. തുടർച്ചപോലെ രാജീവിന്റെ രണ്ടു ചിത്രങ്ങൾക്കുകൂടി പാട്ടെഴുതി. എഴുത്തിൽ വ്യത്യാസമുണ്ടെന്ന് തോന്നിയതിനാലാകും  ചില യുവസംവിധായകരും എന്റെ അടുക്കൽ വന്നു. ഇപ്പോഴും മുഴുവൻസമയ പാട്ടെഴുത്തുകാരനല്ല. വിനോദ ഫോർമുലയ്ക്ക് പുറത്തുള്ള സിനിമകളുടെ ഭാഗമാകാനാണ് കൂടുതൽ ഇഷ്ടം.
 

കമ്മട്ടിപ്പാടത്തേക്ക്

കൃഷിഭൂമി റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കൈയിലാകുന്നതും കർഷത്തൊഴിലാളികൾ കൂലിത്തല്ലുകാരാകുന്നതുമാണല്ലോ കമ്മട്ടിപ്പാടത്തിന്റെ കഥ. ഭൂമിക്ക‌് ആർക്കും ഉടമസ്ഥാവകാശമില്ലെന്ന  സിയാറ്റിൽ മൂപ്പന്റെ പ്രസംഗം ധ്വനിക്കുന്ന പാട്ടായിരിക്കും നല്ലതെന്ന് തിരക്കഥാകൃത്തായ ബാലേട്ടനും (പി ബാലചന്ദ്രൻ) രാജീവും  സൂചിപ്പിച്ചിരുന്നു. പുഴുപുലികൾ... എന്ന പാട്ടിന് ശാസ്താംപാട്ടിന്റെ ഫോമാണ് സ്വീകരിച്ചത്. 
 
ഫോക്‌ലോറിനോട് മുമ്പേ താൽപ്പര്യമുള്ളതിനാൽ അയ്യപ്പൻപാട്ടുകൾ ആകാശവാണിയിലൊക്കെ കേൾക്കുമായിരുന്നു. കമ്മട്ടിപ്പാടം എന്ന പ്രദേശത്തിനും ഈ പാട്ടിന്റെ പാരമ്പര്യമുണ്ട്.  അയ്യപ്പന്റെ ജന്മകഥയാണത്. കേരളത്തിൽ ഉടനീളം ഒരേ ടെക്സ്റ്റും ഒരേ നരേഷനും പിന്തുടരുന്ന  സംഗതി അയ്യപ്പൻപാട്ടാണ്. വടക്കൻപാട്ട്, തെക്കൻപാട്ട് എന്നിവയിലൊന്നും പൊതുവായ കഥയില്ല. കമ്മട്ടിപ്പാടത്തിന്റെ ഷൂട്ടിങ‌് കാലത്ത് നടൻ വിനായകന്റെ ബന്ധുക്കളിൽനിന്നും വള്ളുവനാട്ടിൽനിന്നുമൊക്കെയായി നിരവധി പാട്ടുകൾ റെക്കോഡ് ചെയ്തു കേട്ടിരുന്നു. ശാസ്താംപാട്ടിലെപോലെ  മകനും അച്ഛനും തമ്മിലുള്ള സംഭാഷണരീതിയാണ് പാട്ടിന് സ്വീകരിച്ചത്. 
 
പാട്ടെഴുതുന്നതിനേക്കാൾ ത്രില്ലിങ്‌ ആണ്  ഭൂതകാലത്തിൽ  ഉറഞ്ഞു പോയ പാട്ടുകൾ കണ്ടെത്തി പുനരവതരിപ്പിക്കൽ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ ‘പോകരുതെൻ മകനെ...’ ഇങ്ങനെ കണ്ടെടുത്തതാണ്. ഇരവിക്കുട്ടിപ്പിള്ളപ്പോരിന്റെ വായ്മൊഴിയിൽനിന്നാണ് കിട്ടിയത്. അതിന്റെ ഒറിജിൻ  വില്ലടിച്ചാൻപാട്ട് അഥവാ തെക്കൻപാട്ടാണ്. ഞങ്ങൾ ഉപയോഗിച്ച വരികൾ അക്കാദമിക് ടെസ്റ്റിൽ ഇല്ല . തെക്കൻപാട്ട് ഓലകൾ പുസ്തകമാക്കിയ കൊച്ചുകൃഷ്ണൻനാടാരുടെ എൺപത് കഴിഞ്ഞ മകൾ പാടിത്തന്നതാണ്. അത് ചന്ദ്രൻ വേയാട്ടുമ്മേൽ  പുനരാവിഷ്കരിക്കുകയായിരുന്നു. സവിശേഷമായൊരു അഗ്രേറിയന് പോപ്പ് മ്യൂസിക്കും അർബൻ പോപ്പും കേരളത്തിൽ ഓർമകളിൽ മറഞ്ഞുകിടപ്പുണ്ട്. പല സംസ്കാരങ്ങൾ വന്നടിഞ്ഞ നാടാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ ഈണങ്ങളും വരികളും ഭാഷയുമൊക്കെയുണ്ട്. കമ്മട്ടിപ്പാടത്തിൽ ജോൺ പി വർക്കിയുമൊത്ത് ചെയ്ത ‘പറ പറ’ രസിച്ചെഴുതിയ പരീക്ഷണം. ആ പാട്ടിലെ വരികൾക്ക് പൊക്കാളിപ്പാടങ്ങളിലെ നാടൻപാട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഡോ.സജിതയുടെ ഗവേഷണപ്രബന്ധത്തോട് കടപ്പെട്ടിരിക്കുന്നു. അക്കാര്യം സിനിമയുടെ ക്രെഡിറ്റിൽത്തന്നെ പറയേണ്ടതായിരുന്നു. പറ്റിയില്ല. സ്റ്റീവ് ലോപ്പസിലെ ടൈറ്റിൽ സോങ്ങും വികൃതിയുള്ളൊരു പരീക്ഷണമാണ്. തിരുവനന്തപുരം ഭാഷയിലുള്ള റാപ്പ്. എഡിറ്റർ അജിത്തിന്റെ ഐഡിയ വികസിപ്പിച്ചതാണ്. അതിലെ മുഖ്യ പേച്ച് തിരുവനന്തപുരത്തുകാരനായ എന്നെക്കൊണ്ടുതന്നെ പാടിച്ചു!  കിസ്മത്തിലെ കിസപാതിയിൽ എന്ന പാട്ടും പതിവുരീതി വിട്ടെഴുതിയതാണ്. പുഴുപോലെയുള്ള വാക്കുകൾ വിരഹഗാനത്തിന് പറ്റുമോ എന്ന് സുഷിന് സംശയമായിരുന്നു. മായാനദിയിലെ പാർന്നു നമ്മൾ എന്ന പ്രയോഗം പെട്ടെന്ന് മനസ്സിലാകുമോ എന്ന് ഷഹബാസും ആദ്യം സംശയിച്ചു. പക്ഷേ അവരൊക്കെയും, സംവിധായകരും ഞാൻ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യം തരാറുണ്ട്. അവരുടെ  ആവശ്യങ്ങൾക്കായി എത്രതവണ മാറ്റിയെഴുതിയാലും ചെടിക്കാറുമില്ല. 
 
ടി വി ചന്ദ്രൻ സംവിധാനംചെയ്ത പെങ്ങളിലയിൽ നടൻ ലാൽ പാടിയ “കുറുമാലിപ്പൊഴേ കുളിക്കാൻ വന്നൊരു /കരിമ്പുള്ളിക്കുയിലേ... എന്നു തുടങ്ങുന്ന പാട്ടും പെരുത്തിഷ്ടം. സി‐ഡിറ്റ് കാലം മുതലേ സുഹൃത്തായ മോഹൻ സിതാരയുടെ മകൻ വിഷ്ണുവാണ് അതിന്റെ സംഗീതസംവിധാനം. യുട്യൂബിലൊന്നും ഇടാത്തതിനാൽ അധികമാരും അത് കേട്ടില്ലെന്നുതോന്നുന്നു.
തൊട്ടപ്പനാണ് അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം. കണ്ടൽച്ചെടികളുടെ പേരുകൾ കോർത്തുണ്ടാക്കിയ  പ്രാന്തൻ കണ്ടലിൻ... എന്നു തുടങ്ങുന്ന ഒരു പ്രണയഗാനമുണ്ടതിൽ.   
 

മെഹബൂബ് എക്സ്പ്രസിന്റെ കാലം

രാജ്യത്തിന്റെ ഭാവിയിലേക്ക് നോക്കുമ്പോൾ ഇരുട്ടാണ്. അതിന്റെ ഘടനയിൽപോലും മാറ്റങ്ങൾ വരുത്താൻ ഇടയുള്ള പൊതുതെരഞ്ഞെടുപ്പിനാണ് നാമൊക്കെ സാക്ഷിയാകുന്നത്.  രണ്ടുവർഷംമുമ്പ് എഴുതിയ മെഹബൂബ് എക്സ്പ്രസ് എന്ന കവിത ആ ഇരുട്ടിന്റെ ആശങ്കയാണ് പകർത്തുന്നത്‌.
 

അൻവർ അലിയുടെ പ്രധാന പാട്ടുകൾ

വഴിവക്കിൽ   (അന്നയും റസൂലും)
കണ്ടോ കണ്ടോ (അന്നയും റസൂലും)
ആരു നിന്റെ നാവികൻ (അന്നയും റസൂലും)
തെരുവുകൾ നീ (ഞാൻ സ്റ്റീവ്  ലോപ്പസ്)
ഊരാകെ കലപില (ഞാൻ സ്റ്റീവ്  ലോപ്പസ്)
ചിറകുകൾ ഞാൻ (ഞാൻ സ്റ്റീവ്  ലോപ്പസ്)
പറ പറ ( കമ്മട്ടിപ്പാടം)
കാത്തിരുന്ന പക്ഷി (കമ്മട്ടിപ്പാടം)
പുഴുപുലികൾ ( കമ്മട്ടിപ്പാടം)
കിസ പാതിയിൽ (കിസ്മത്ത്)
ചിലതുനാം (കിസ്മത്ത്)
വിണ്ണു ചുരന്ന ( കിസ്മത്ത്)
മിഴിയിൽ നിന്നും (മായാനദി)
ചക്കപ്പാട്ട് (കുട്ടൻപിള്ളയുടെ ശിവരാത്രി)
നാടൊടുക്ക് (കുട്ടൻപിള്ളയുടെ ശിവരാത്രി)
കിനാവ് കൊണ്ടൊരു ( സുഡാനി ഫ്രം നൈജീരിയ)
ചെരാതുകൾ (കുമ്പളങ്ങി നൈറ്റ്സ്)
ഉയിരിൽ തൊടും (കുമ്പളങ്ങി നൈറ്റ്സ്)

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top