22 May Wednesday

വീണ്ടും നമ്മളൊന്ന്

കെ ഗിരീഷ്‌Updated: Sunday Mar 11, 2018

നമ്മളൊന്ന് എന്ന നാടകത്തിൽനിന്ന്‌

സ്വന്തം മണ്ണ് പ്രിയതരമാണ് അമ്മയെപ്പോലെ. അവിടെനിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ വിലാപങ്ങളും പ്രതിരോധപ്രതിഷേധങ്ങളുമാണ് കേരളത്തിന്റെ ഒരു കാലത്തിന്റെ ചരിത്രം. ഇവിടെയാണ് പുരോഗമനചിന്തയുടെയും പ്രസ്ഥാനങ്ങളുടെയും ഒരു ഘട്ടം തുടങ്ങുന്നതും. സ്വന്തം മണ്ണിൽനിന്ന് തന്ത്രത്തിൽ പുറത്താക്കപ്പെടുന്നവരുടെ വേദനകൾ ഒരു കാലത്തിന്റെ സാഹിത്യത്തിനും വിഷയമായി. കുടിയാന്റെ വേദനകളിൽനിന്ന് ഒട്ടേറെ പ്രക്ഷോഭങ്ങളിലേക്ക് കേരളം കണ്ണുതുറന്നു. കെ ദാമോദരന്റെ പാട്ടബാക്കിയും ചെറുകാടിന്റെ നമ്മളൊന്നും രംഗവേദിയിലെത്തുന്നതും ഈ അന്തരീക്ഷത്തിൽനിന്നാണ്. ഒപ്പം കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടൽ കേരളത്തിന്റെ സാമൂഹ്യജീവിതത്തെ മാറ്റിയെഴുതുന്നതിന്റെ ചിത്രങ്ങളും ഇവയുൾപ്പെടെയുള്ള രചനകൾ തന്നു.

പതിറ്റാണ്ടുകൾക്കിപ്പുറത്ത് 'നമ്മളൊന്ന്' അരങ്ങിലെത്തിക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. തൃശൂർ രംഗചേതന സൺഡേ തിയറ്റർ 'നമ്മളൊന്ന്' വീണ്ടും അരങ്ങിലെത്തിക്കുമ്പോൾ അതിന്റെ സമകാലീന വായനയാണ് നടന്നത്. ചെറുകാടുതന്നെ കഥാപാത്രമായി രംഗത്തെത്തുകയാണ് ഈ അവതരണത്തിൽ. ഇവിടെ കറുത്ത ചെറുകാടിനെത്തന്നെയാണ് ബോധപൂർവം സംവിധായകൻ കെ വി ഗണേഷ് രംഗത്ത് അവതരിപ്പിക്കുന്നത്. കറുപ്പ് ഒരു രാഷ്ട്രീയചിഹ്നമായി മാറുന്ന കാലത്ത് ചെറുകാട് എങ്ങനെ നമ്മളൊന്ന് വായിക്കും എന്ന അന്വേഷണംകൂടിയാണ് നാടകം. ഒപ്പം കുടിയൊഴിപ്പിക്കലുകൾ ഓരോ കാലത്തിലും തുടരുന്നു എന്നും രൂപഭാവങ്ങളിൽ മാറ്റം വന്നതിനപ്പുറം പഴയ ജന്മികൾക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നും നാടകം പറയുന്നു. വലിയ വാഹനങ്ങൾ സഞ്ചരിക്കുന്ന വലിയ പാതകൾക്കായി, വലിയ ഹർമ്യങ്ങൾക്കായി ഞെരിഞ്ഞില്ലാതാകുന്ന കുടിലുകളും തണ്ണീർത്തടങ്ങളും വയലും എല്ലാം പുതിയ നമ്മളൊന്നിന്റെ രചനയ്ക്കും പുതിയ ചെറുകാടിന്റെ ഉദയത്തിനും വഴിയൊരുക്കുന്നുവെന്ന് നാടകം പറയുന്നു. 
ചെറുകാടിന്റെ ആത്മകഥയായ 'ജീവിതപ്പാത'യിൽനിന്നുള്ള രംഗത്തോടെയാണ് നാടകം ആരംഭിക്കുന്നത്. നമ്മളൊന്ന് എഴുതാനിടയായ സാഹചര്യത്തെ അപ്പാടെ പുനരാവിഷ്കരിക്കുകയാണ് നാടകത്തിന്റെ ആരംഭത്തിൽ. തുടർന്ന് ചെറുകാടിന്റെ ആദ്യരചനയെ കേന്ദ്രീകരിച്ച് നാടകം മുന്നേറുന്നു. നാടകാന്ത്യത്തിൽ പുതിയ കാലത്തിന്റെ കുടിയൊഴിപ്പിക്കലുകളും വേദനകളും ദുരിതങ്ങളും മുന്നോട്ടുവയ്ക്കുന്നു. എല്ലാ കൊടികളെയും വിലയ്ക്കു വാങ്ങുന്ന കോർപറേറ്റുകൾക്കുമുന്നിൽ ഒരായിരം ചെങ്കൊടികൾ പറന്നുയരുന്നതോടെയാണ് നാടകം അവസാനിക്കുന്നത്. 
കെ വി ഗണേഷ്

കെ വി ഗണേഷ്

ഏറ്റവും ലളിതമായ രംഗവ്യാഖ്യാനംകൊണ്ട് ശ്രദ്ധേയമാണ് നമ്മളൊന്ന്. റിയലിസ്റ്റിക് തിയറ്റർ ഭാഷയിൽ അത്രയേറെ രംഗാർഭാടങ്ങൾക്ക് സാധ്യതയുണ്ടായിട്ടും അതൊഴിവാക്കിക്കൊണ്ട് അഭിനേതാക്കളെ കേന്ദ്രീകരിക്കുന്ന അവതരണം നാടകം ഉയർത്തുന്ന രാഷ്ട്രീയത്തിന് തീർത്തും അനുയോജ്യമായി. 
സത്യജിത്താണ് സംഗീതം ഒരുക്കിയത്. ദീപസംവിധാനം രാമൻ പുറനാട്ടുകര, കല ഫ്രാൻസിസ് ചിറയത്ത്, മേക്കപ്പ് സജി, രംഗോപകരണം വിശാൽ, സർഗാത്മക നിർദേശം വി എസ് ഗിരീശൻ എന്നിവർ നിർവഹിച്ചു.
ഷീന, ജയന്തി, രഞ്ജിത് രാജൻ, ദിനേശ്, ശ്രീറാം, രാജേഷ്, ഷാജൻ, പൗലോസ് പുല്ലഴി, ഷിന്റോ, സജി, വിശാൽ, ട്വിങ്കിൾ, ഫ്രാൻസിസ്, മണികണ്ഠൻ, അഭിലാഷ്, വൈശാഖ്, ലിവിൻ, വിനു എന്നിവരാണ് അരങ്ങിൽ.
പ്രധാന വാർത്തകൾ
 Top