22 April Monday

രതിഭാവനയുടെ കിളിപ്പാട്ടുകൾ

സുനിൽ പി ഇളയിടംUpdated: Sunday Mar 11, 2018

പ്രമുഖ ചരിത്രകാരൻ എറിക് ഹോബ്സ്ബാം പാരമ്പര്യനിർമാണത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ഗ്രന്ഥത്തിന് കണ്ടെടുക്കപ്പെട്ട പാരമ്പര്യങ്ങൾ (Invented Traditions)  എന്നാണ് പേര് നൽകിയത്. ഒരർഥത്തിൽ അത് വളരെ സവിശേഷമായ അർഥസൂചനകളുള്ള ഒന്നാണ്. പാരമ്പര്യമെന്നത് സ്വാഭാവികമായി തിരിച്ചറിയപ്പെടുന്ന ഒന്നല്ല. സമകാലിക ആവശ്യങ്ങൾക്ക് ഉതകുന്നമട്ടിൽ പാരമ്പര്യത്തെ നിർമിച്ചെടുക്കുകയാണ് ആധുനികലോകം ചെയ്തത്. ദേശീയതയോടും ദേശരാഷ്ട്രങ്ങളോടുമൊപ്പം പണിതെടുക്കപ്പെട്ട പാരമ്പര്യങ്ങളെല്ലാംതന്നെ, ഇത്തരത്തിൽ സമകാലികമായ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉതകുംവിധം നിർമിക്കപ്പെട്ടവയായിരുന്നുവെന്ന് ഹോബ്സ്ബാം ആ കൃതിയിൽ വ്യക്തമാക്കുന്നു.

 ആധുനിക ഇന്ത്യയുടെ ചരിത്രവും പാരമ്പര്യനിർമാണത്തെക്കുറിച്ചുള്ള ഈ ധാരണകൾക്ക് പുറത്തല്ല നിലകൊള്ളുന്നത്. ആധുനികതയിലേക്കുള്ള സംക്രമണദശയിൽ ഇന്ത്യൻ ഭൂതകാലത്തിന്റെ ചില മുദ്രകൾ ദേശീയപാരമ്പര്യത്തിന്റെ അഭിമാനസൂചകങ്ങളായി ഉയർത്തിപ്പിടിക്കപ്പെട്ടു. മറ്റു ചിലത്, ഇതിന്റെ മറുപുറമെന്നപോലെ അപകൃഷ്ടമായി മുദ്രകുത്തപ്പെട്ട് കൈയൊഴിയപ്പെടുകയും ചെയ്തു. ഇങ്ങനെ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പൗരസ്ത്യവാദികളും ദേശീയവാദികളും ചേർന്ന് നിർമിച്ചെടുത്ത ഇന്ത്യൻ പാരമ്പര്യത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട മേഖലകളിലൊന്ന് ഇന്ത്യയുടെ രതിവിജ്ഞാനത്തിന്റെയും തൃഷ്ണാജീവിതത്തിന്റെ ആവിഷ്കാരങ്ങളുടേതുമാണ്. നിസ്സംഗരും ആത്മാന്വേഷികളും മറ്റുമായി മുദ്രചാർത്തപ്പെട്ട ഭാരതീയസമൂഹത്തിന് രതിവിലാസങ്ങളുടെ ലോകം സ്വാഭാവികമാകില്ലല്ലോ. അങ്ങനെ, അമർത്യ സെൻ ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യയുടെ സംവാദാത്മക ജ്ഞാനപാരമ്പര്യം  (Argumentative tradition)  പൊതുവിൽ ആധുനികഘട്ടത്തിൽ പിന്നിലേക്കു നീങ്ങി. രതിവിലാസങ്ങളെയും തൃഷ്ണാജീവിതത്തെയും മുൻനിർത്തുന്ന ആവിഷ്കാരങ്ങൾ അധമമോ അസ്പൃശ്യമോ ആയി. ധ്വന്യാത്മകവും ആത്മീയവുമായ ഒരു കൃത്രിമഭൂതകാലം ഇന്ത്യയുടെ പാരമ്പര്യാവകാശം കൈയേറ്റു.
ആധുനികമായ പാരമ്പര്യനിർമിതിയുടെ മേൽപ്പറഞ്ഞതരം സന്ദർഭത്തിൽ തമസ്കരിക്കപ്പെട്ട രത്യാത്മകലോകത്തിന്റെ വീണ്ടെടുപ്പുകൂടിയായി പരിഗണിക്കാവുന്ന കൃതിയാണ് അമൃത നാരായണൻ എഡിറ്റ് ചെയ്ത് അലേഫ് ബുക് കമ്പനി പ്രസിദ്ധീകരിച്ച ‘തൃഷ്ണയുടെ പനന്തത്തകൾ: ഇന്ത്യൻ രതിസാഹിത്യത്തിന്റെ 3000 വർഷങ്ങൾ’(Parrots of Desire: 3000 Years of Indian Erotica)  എന്ന ഗ്രന്ഥം. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന മനഃശാസ്ത്രവിദഗ്ധയാണ് അമൃത നാരായണൻ. മനോവിശ്ലേഷണത്തെയും സ്ത്രീജീവിതത്തെയും ലൈംഗികതയെയും കുറിച്ചുള്ള നിരവധി പ്രബന്ധങ്ങളുടെ രചയിതാവും ഹോമിഭാഭ ഫെലോയുമാണ് അവർ. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇന്ത്യയുടെ രതിസാഹിത്യത്തിന്റെ ബഹുവിധലോകങ്ങളിലേക്കും അതിന്റെ അത്യന്തം വൈവിധ്യപൂർണവും സൂക്ഷ്മവുമായ വിഷയപരിചരണത്തിലേക്കും ആധുനികരായ വായനക്കാരെ വരവേൽക്കുകയാണ് അമൃത നാരായണൻ തന്റെ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്. അതുവഴി ഭാരതീയ പാരമ്പര്യത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള അതിപ്രബലമായ മിത്തുകളിലൊന്നിനെ പൊളിച്ചുപണിയാനും അവർ ശ്രമിക്കുന്നു.
കാമസൂത്രത്തിലെയും കോകശാസ്ത്രത്തിലെയും ചർച്ചകൾക്കപ്പുറം, സഹസ്രാബ്ദങ്ങളുടെ സുദീർഘചരിത്രം അവകാശപ്പെടാവുന്ന ഒന്നാണ് ഇന്ത്യയിലെ രതിസാഹിത്യം. അറിയപ്പെട്ടതിൽവച്ച് ഏറ്റവും പ്രാചീനമായ ഇന്ത്യൻ രചനയായ ഋഗ്വേദംമുതൽ 21‐ാം ശതകത്തിലെ ഇന്ത്യൻ സാഹിത്യത്തിലേക്കുവരെ അത് ഇടമുറിയാതെ ഒഴുകുന്നു. ഈ വിപുലമായ രചനാസഞ്ചയത്തെ സവിശേഷപ്രമേയങ്ങളെ മുൻനിർത്തി അവതരിപ്പിക്കാനാണ് അമൃത നാരായണൻ ഈ ഗ്രന്ഥത്തിൽ ശ്രമിക്കുന്നത്. 3000 വർഷം ദൈർഘ്യമുള്ള ഇന്ത്യൻ സാഹിത്യസഞ്ചയത്തിൽനിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങൾ രതിജീവിതത്തിന്റെ സൂക്ഷ്മസന്ദർഭങ്ങളെ മുൻനിർത്തി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, ഇന്ത്യൻ രതിസാഹിത്യത്തെക്കുറിച്ചുള്ള ഔപചാരികധാരണകളെയും ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള കൃത്രിമഭാവനകളെയും ഒരുപോലെ മറികടന്നുപോകുന്ന ഒന്നാണെന്ന് പറയാം.
 ലൈംഗികതയെക്കുറിച്ച് എന്തിന് വിചാരിക്കുന്നു?  (Why Bother about Sex?) എന്നതുമുതൽ പരിസമാപ്തി  (Coda) വരെയുള്ള 12 ശീർഷകങ്ങളിലായി രതിജീവിതത്തെയും രതിഭാവനയെയും സവിശേഷപ്രമേയങ്ങളായി വേർതിരിച്ചാണ് അമൃത നാരായണൻ ഈ ഗ്രന്ഥം സംവിധാനം ചെയ്തിരിക്കുന്നത്. വശീകരണം (Art of Seduction), ദാമ്പത്യവിരസത (Ennui in Marriage), വേർപാടും കാത്തിരിപ്പും (Rapture and Longing), ആദ്യസമാഗമം (The first Time), വിരഹോൽക്കണ്ഠ (Angush, Abandonment and Breakup), പ്രണയകലഹങ്ങൾ  (Anger, Panishment and Makeup), പുരുഷന്റെ സ്ത്രൈണാസക്തികൾ (Men wish to be Women), സ്ത്രൈണസ്വത്വം (Women of their own), ഗൃഹാതുരത (Nostalgia), സംശയവും സന്ദിഗ്ധതയും (Suspician and Confusion)  എന്നിവയാണ് ഇതിനിടയിൽ വരുന്ന ഭാഗങ്ങൾ. ഇങ്ങനെയുള്ള 12 ഭാഗങ്ങളിലായി എഴുപതോളം പൂർണരചനകളോ രചനാഖണ്ഡങ്ങളോ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തൃഷ്ണയാൽ നയിക്കപ്പെടുന്ന മനുഷ്യജീവിതത്തെക്കുറിച്ചുള്ള ബൃഹദാരണ്യകോപനിഷത്തിലെ പരാമർശങ്ങൾമുതൽ 20‐ാംശതകത്തിന്റെ അവസാന ദശകത്തിലേതുവരെയുള്ള രചനകൾ ഇങ്ങനെ വിവിധ ഭാഗങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഋഗ്വേദവും അമരുശതകവും ഗാഥാസപ്തശതിയും കാമസൂത്രവും കോകശാസ്ത്രവും കാളിദാസകൃതികളും സംഘം കവിതയും ഉൾപ്പെടുന്ന പ്രാചീനകാല രചനകൾമുതൽ ഗീതഗോവിന്ദവും ആണ്ടാളും മഹാദേവിയക്കയും മീരയും ഉൾപ്പെടെയുള്ള മധ്യകാല രചയിതാക്കളും ടാഗോറും കമലാദാസും സാദത്ത് ഹസ്സൻ മൻതോയും ഇസ്മത് ചുഗ്തായ്യും സച്ചിദാനന്ദനുംവരെയുള്ള ആധുനികരായ എഴുത്തുകാരും ഈ സമാഹാരത്തിൽ അണിനിരക്കുന്നു. കാലാനുക്രമം (chronology) എന്നതിനുപകരം പ്രമേയമാണ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്നതിനാൽ ഒരേകൃതികളിൽനിന്നുള്ള ഖണ്ഡങ്ങൾ പല ഭാഗങ്ങളിൽ കടന്നുവരുന്നുണ്ട്. പ്രത്യേകിച്ചും അമരുശതകവും ഗാഥാസപ്തശതിയും കാമസൂത്രവും സംഘം കവിതകളും മറ്റും. രതിവിഷയങ്ങളുടെ പരിചരണത്തിൽ ഇന്ത്യൻ പാരമ്പര്യം വച്ചുപുലർത്തിയിരുന്ന സമൃദ്ധിയും അനന്തവൈവിധ്യവും പ്രകാശിപ്പിക്കാൻ ഈ സംവിധാനരീതി കൂടുതൽ ഉപയുക്തമായിട്ടുണ്ട് എന്നതും ഇതോടൊപ്പം പറയണം. കാലക്രമത്തിലുള്ള ഒരു അവതരണക്രമം ദീക്ഷിച്ചാൽ ഒരിടത്തുമാത്രം പരാമർശിക്കപ്പെട്ട് ഏകമാനമായ ഒരു അർഥമണ്ഡലത്തിലേക്ക് സംഗ്രഹിക്കപ്പെടുമായിരുന്ന പ്രാചീനപാഠങ്ങൾ അവയുടെ ബഹുസ്വരദീപ്തിയോടെ വൈവിധ്യപൂർണം നിലകൊള്ളുന്നത് ഈ സമാഹാരത്തിൽ നമുക്ക് കാണാനാകും.
 രതിഭാവനയിലെ ഉയർച്ചതാഴ്ചകളുടെ ഒരു ക്രമം ഇന്ത്യയിലെ പ്രാചീന മധ്യകാല ചരിത്രത്തിൽ കാണാൻ കഴിയുമെന്ന് അമൃത നാരായണൻ തന്റെ ആമുഖപഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. രതിഭാവനയെ അസ്ഥിരീകരണത്തിന്റെ ശക്തിയായും നിഷേധാത്മകമായും പരിഗണിക്കുന്ന യാഥാസ്ഥിതിക വിചാരരീതികൾ ഒരു ഭാഗത്തും ജീവിതാഹ്ലാദത്തിന്റെ ഋതുമർമരങ്ങളായി അതിനെ ആഘോഷിക്കുന്ന വിചാരലോകം മറുഭാഗത്തുമായി ഈ വിരുദ്ധപ്രവണതകൾ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. വേദകാലവിചാരങ്ങളിൽ പൊതുവെ രതി ഒരു അസ്ഥിരീകരണശക്തിയാണ്. രതിചോദനകളെ നിയന്ത്രിച്ച് അർഥപൂർണമായ ജീവിതം നയിക്കേണ്ടതിനെക്കുറിച്ചുള്ള ഉപദേശനിർദേശങ്ങളാണ് ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനദശകങ്ങൾവരെയുള്ള രതിഭാവനയുടെ കേന്ദ്രതാൽപ്പര്യം. എന്നാൽ, ബിസി രണ്ടാംശതകം മുതലുള്ള അനവധി നൂറ്റാണ്ടുകൾ ഇതിന്റെ വിപരീതദിശയിലുള്ള രതിഭാവനാവിസ്ഫോടനങ്ങളുടേതാണ്. കാമസൂത്രവും കാളിദാസരചനകളും ഗാഥാസപ്തശതിയും സംഘം കവിതകളും ഉൾപ്പെടെ, പല ഭാഷകളിലും പല പ്രദേശങ്ങളിലുമായി രതിസാഹിത്യം പൂത്തുവിടരുന്ന കാലമാണിത്. ഇതിനുപിന്നാലെ വരുന്ന താരതമ്യേന സ്തബ്ധമായ ഒരു ഘട്ടത്തിനുശേഷം മധ്യകാലവും മധുരഭക്തിയുമായി രതിഭാവനയുടെ അടുത്തൊരു തീവ്രഘട്ടം കടന്നുവരുന്നു. എട്ടാംശതകത്തിലെ അമരുശതകത്തിനുശേഷം രതിഭാവനയുടെ സമൃദ്ധലോകം തെളിയുന്ന രചനകൾ ഇക്കാലത്തിന്റേതാണെന്ന് പറയാം. ഉറുദുവിനുണ്ടായ വ്യാപനവും അതിന്റെ വഴിയിൽ, തൃഷ്ണാജീവിതത്തിന്റെ സൂക്ഷ്മഭേദങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട് ഭക്തിപ്രസ്ഥാനത്തിനുപിന്നാലെ ഇസ്ലാമിക സംസ്കൃതിയിലുണ്ടായ രതിഭാവനയുടെ വികാസവുമാണ് മധ്യകാലത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ഇതിനുപിന്നാലെ കോളനിഭരണത്തിന്റെ ചിറകേറിവന്ന പുതിയ സദാചാരയുക്തികൾ ഈ ഭാവനാമണ്ഡലത്തെ ദുർബലമാക്കാൻ തുടങ്ങി. വൈകാതെ, ഹിന്ദുമതത്തിലെയും ഇസ്ലാമിലെയും പരിശുദ്ധവാദികൾ ബ്രിട്ടീഷ് സദാചാരയുക്തിയുമായി 19‐ാംശതകത്തിൽ കൈകോർക്കുകയും ചെയ്തു. ദേവദാസിയായ മുദ്ദപ്പളനിയുടെ രാധികാസാന്ത്വനം എന്ന കൃതിമുതൽ ദേവദാസീനൃത്തംവരെ നിരോധിക്കപ്പെടുന്നതിന്റെ അരങ്ങ് ഒരുങ്ങിയത് ഇങ്ങനെയാണ്. പിന്നീടെപ്പോഴെങ്കിലും രതിഭാവനയുടെ പുഷ്കലഘട്ടം പിന്നീട് ഇന്ത്യയിൽ പൂത്തുവിടർന്നില്ല എന്നുതന്നെ പറയാം; ഒറ്റയൊറ്റ എഴുത്തുകാരുടെ ഭാവനാലോകങ്ങളിലല്ലാതെ.
ഈ നിലയിൽ, ചരിത്രത്തിന്റെ പല പടവുകൾ പിന്നിട്ട ഇന്ത്യൻ രതിഭാവനയുടെ സൂക്ഷ്മസ്വരൂപത്തിലേക്ക് തുറന്നുവച്ച ജാലകമാണ് അമൃത നാരായണന്റെ തൃഷ്ണയുടെ പനന്തത്തകൾഎന്ന രചന. താന്ത്രികസാഹിത്യത്തിലെയും നാടോടിസാഹിത്യത്തിലെയും രതിഭാവനകൾ ഈ സമാഹാരത്തിൽ ഒട്ടുംതന്നെ ഇടംപിടിച്ചിട്ടില്ല. അതുപോലെ 18‐ാംശതകംമുതലെങ്കിലും അതിപ്രബലമായിരുന്ന അധോതലരതിസാഹിത്യവും ഇതിലില്ല. അത്തരം പോരായ്മകൾ ചൂണ്ടിക്കാണിക്കാമെങ്കിൽപ്പോലും മൂന്ന് സഹസ്രാബ്ദം വരുന്ന ഇന്ത്യൻ ലൈംഗികഭാവനയുടെ സജീവചിത്രം പകർന്നുതരാൻ ഈ കൃതിക്ക് കഴിയുന്നുണ്ട്. ഇന്ത്യൻ ഭൂതകാലത്തെയും പാരമ്പര്യത്തെയും ആത്മീയതയുടെ കൃത്രിമപേടകത്തിൽ കൊട്ടിയടയ്ക്കാനുള്ള ശ്രമങ്ങളെ അത്രത്തോളം അത് പ്രതിരോധിക്കുകയും ചെയ്യുന്നു.
പ്രധാന വാർത്തകൾ
 Top