25 April Thursday

'ഇൻക്ലൂഷൻ റൈഡർ'; ഓസ്‌കർ രാവിന്റെ ഐക്യപ്രഖ്യാപനം

ഗിരീഷ് ബാലകൃഷ്ണൻUpdated: Sunday Mar 11, 2018

ഫ്രാൻസ് മക്ഡോർമൻഡ്

 "ഇൻക്ലൂഷൻ റൈഡർ. ഇന്നു രാത്രി ഈ രണ്ട് വാക്കുകൾമാത്രം നിങ്ങളോട് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.''

മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ ഫ്രാൻസ്  മക്ഡോർമൻഡ് പറഞ്ഞുനിർത്തിയ ഈ വാക്കുകൾക്ക്  ഓസ്കർ വേദി നിറഞ്ഞ കൈയടിയോടെ ആദരമർപ്പിച്ചു. ഹോളിവുഡിൽ ബഹുസ്വരതയ്ക്കും ലിംഗനീതിക്കുംവേണ്ടി ഉയർന്ന ഏറ്റവും വലിയ ഒറ്റക്കെട്ടായ ശബ്ദമാണ്  90‐ാം ഓസ്കർ പ്രഖ്യാപനവേദിയിൽ മുഴങ്ങിയത്. പക്ഷേ, എന്താണ് 'ഇൻക്ലൂഷൻ റൈഡർ.' ഓസ്കർരാവിൽ ഏറ്റവും കൂടുതൽപേർ ഗൂഗിളിൽ തെരഞ്ഞത് ഈ രണ്ട് വാക്കുകൾ. 
 
ഡോ. സ്റ്റാസി എൽ സ്മിത്ത്

ഡോ. സ്റ്റാസി എൽ സ്മിത്ത്

ചലച്ചിത്രമേഖലയിൽ ബഹുസ്വരതയും ലിംഗനീതിയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം മുൻനിരതാരങ്ങൾ ഏറ്റെടുക്കേണ്ടതിനുള്ള ഒരു ഉപാധിയാണ് ഇൻക്ലൂഷൻ റൈഡർ. സിനിമയിൽ ക്യാമറയ്ക്കുമുന്നിലും പിന്നിലും സമൂഹത്തിലെ പിന്നോക്കവിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പങ്കാളിത്തവും ലിംഗനീതിയും ഉറപ്പാക്കണമെന്ന കർശനവ്യവസ്ഥ മുൻനിര താരങ്ങൾ സിനിമയുടെ കരാർ ഒപ്പിടുമ്പോൾ മുന്നോട്ടുവയ്ക്കണം എന്നതാണ് ഇൻക്ലൂഷൻ റൈഡർകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീത്തൊഴിലാളികൾക്കും തുല്യവേതനം നൽകുക, വർണവർഗ വ്യത്യാസമില്ലാതെ എല്ലാത്തരക്കാരെയും ചലച്ചിത്രമേഖലയിൽ പങ്കാളിയാക്കുക. പിന്നണിജോലികളിലടക്കം പിന്നോക്കവിഭാഗത്തിന് തൊഴിൽസംവരണം ഉണ്ടാകുക തുടങ്ങിയ വ്യവസ്ഥകളും ഇതിലുണ്ട്്. സമൂഹത്തിൽ മികച്ച വേതനവും അവസരവും ലഭിക്കുന്നവർ അവസരം ലഭിക്കാത്തവർക്കുവേണ്ടിയും ശമ്പളം കുറവുള്ളവർക്കുവേണ്ടിയും രംഗത്തുവരിക എന്ന ലളിതമായ ആശയമാണ് ഇൻക്ലൂഷൻ റൈഡർ മുന്നോട്ടുവയ്ക്കുന്നത്. വനിതാവിമോചക പ്രവർത്തകയും ഗവേഷകയുമായ സതേൺ കലിഫോർണിയ സർവകലാശാലയിലെ ഡോ. സ്റ്റാസി എൽ സ്മിത്താണ് ഈ നിർദേശം 2014ൽ മുന്നോട്ടുവച്ചത്. 
 
പത്തുവർഷത്തിനിടെ ആഗോളതലത്തിൽ ജനപ്രീതി നേടിയ 900 അമേരിക്കൻ സിനിമകളെക്കുറിച്ച് പഠിച്ച സ്റ്റാസിയും സുഹൃത്തുക്കളും പുറത്തുവിട്ട കണക്കുകളിൽ ചലച്ചിത്രലോകത്ത് നിൽക്കുന്ന സ്ത്രീവിരുദ്ധതയുടെയും മുൻവിധികളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. 900 ചിത്രങ്ങളിൽ വനിതാസംവിധായകർ 4.2 ശതമാനംമാത്രം. വനിതാസംഗീതസംവിധായകർ വെറും 1.4 ശതമാനം. സിനിമകളിൽ സംഭാഷണമുള്ള കഥാപാത്രങ്ങളിൽ  വെള്ളക്കാരല്ലാത്തവർ 29 ശതമാനംമാത്രം. അമേരിക്കയിലെ തദ്ദേശീയ ജനത അതിലും എത്രയോ കുറവ്. അമേരിക്കൻ ജനതയിൽ 20 ശതമാനത്തിനും എന്തെങ്കിലും തരത്തിലുള്ള ശാരീരിക‐ മാനസിക അവശതകളുണ്ടെങ്കിലും സിനിമയിൽ സംഭാഷണമുള്ള കഥാപാത്രങ്ങളിൽ ഇത്തരം അവശതയുള്ളവർ സംവിധാനം ചെയ്യപ്പെട്ടത് 2.7 ശതമാനംമാത്രം. തദ്ദേശീയ വംശീയവിഭാഗത്തിൽപ്പെട്ട മൂന്ന് അഭിനേത്രികൾമാത്രമാണ് 900 സിനിമകളിലായി ഉണ്ടായിരുന്നത്്. ലൈംഗികന്യൂനപക്ഷങ്ങൾ 76 ശതമാനം ചിത്രങ്ങളിലും ഉണ്ടായിരുന്നില്ല. മിക്ക സ്ത്രീകഥാപാത്രങ്ങളും ശരീരഭാഗങ്ങൾ തുറന്നുകാണിക്കപ്പെടുന്ന വേഷം ധരിക്കാൻ നിർബന്ധിക്കപ്പെടുന്നു. 
 
യഥാർഥമായ അമേരിക്കൻ സമൂഹത്തെയല്ല അമേരിക്കൻ സിനിമ പ്രതിനിധാനംചെയ്യുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. വെള്ളക്കാരായവർക്കുവേണ്ടി വെള്ളക്കാർ ഒരുക്കുന്ന വെള്ളക്കാരുടെ സിനിമയിടമായി ഹോളിവുഡ് മാറിയെന്ന വർഷങ്ങൾ നീണ്ട പ്രചാരണത്തിൽനിന്നാണ് ഇൻക്ലൂഷൻ റൈഡർപോലുള്ള പുതിയ ആശയം രൂപപ്പെട്ടത്്. ലൈംഗികപീഡനങ്ങൾ മുഖ്യധാര ഹോളിവുഡ് താരങ്ങൾതന്നെ തുറന്നുപറഞ്ഞ 'മീ ടൂ ക്യാമ്പയിൻ' ഹോളിവുഡിനെ പിടിച്ചുകുലുക്കിയതിനുശേഷമുള്ള ആദ്യ ഓസ്്കർരാവ് പെൺതാരങ്ങളുടെ ഐക്യപ്രഖ്യാപനത്തിലൂടെ ശ്രദ്ധനേടി.
 
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മകളുടെ കൊലപാതകികളെ പിടികൂടാത്ത അധികാരികൾക്കെതിരെ ഒറ്റയാൾപ്പോരാട്ടം നയിക്കുന്ന അമ്മയെ അവതരിപ്പിച്ചതിനാണ് ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസൗറി എന്ന ചിത്രത്തിലൂടെ ഫ്രാൻസ് മക്ഡോർമാൻഡ് മികച്ച നടിക്കുള്ള ഓസ്കർ നേടിയത്. അവരുടെ കരിയറിലെ രണ്ടാം ഓസ്കറാണിത്. അമേരിക്കൻ ആധുനികചരിത്രത്തിലെ മികച്ച സിനിമകളിലൊന്നായി വിലയിരുത്തുന്ന ഫർഗോ (1996)യിലെ പ്രകടനത്തിന് 21 വർഷംമുമ്പ് അവർ ഓസ്കർ നേടിയിരുന്നു. ഏറ്റുവാങ്ങിയ ഓസ്കർ പുരസ്കാരം വേദിയിൽ താഴെവച്ചശേഷം മക്ഡോർമാൻഡ് നടത്തിയ പ്രസംഗം കൈയടിയോടെയാണ് സദസ്സ് വരവേറ്റത്. ഓസ്കർപുരസ്കാരത്തിനായി നാമനിർദേശം ലഭിച്ച എല്ലാ വനിതകളോടുമായുള്ള മക്ഡോർമാൻഡിന്റെ അഭ്യർഥന ഇതിനോടകം ഹോളിവുഡിൽ വൻ ചലനം സൃഷ്ടിച്ചുകഴിഞ്ഞു. മൈക്കൽ ബി ജോർദാൻ അടക്കമുള്ള അമേരിക്കൻ മുഖ്യധാര താരങ്ങൾ ഇൻക്ലൂഷൻ റൈഡർ വ്യവസ്ഥപ്രകാരമേ ഇനിമുതൽ സിനിമകൾ സ്വീകരിക്കൂ എന്ന് പ്രഖ്യാപിച്ചു.
 
 unnigiri@gmail.com
പ്രധാന വാർത്തകൾ
 Top