22 February Friday

ജീവനറ്റ പച്ച

കെ ഗിരീഷ്Updated: Sunday Dec 10, 2017

പച്ച എന്ന നാടകത്തില്‍നിന്ന്

ഓരോ പച്ചിലത്തളിരിലും ഓരോ ലോകംതന്നെ ഉണര്‍ന്നിരിക്കുന്നുണ്ട്. കോടാനുകോടി ജീവനുകളുടെ ചിരികള്‍ ഈ ലോകത്തെ സജീവമാക്കുന്നുണ്ട്. വറ്റിപ്പോകുന്ന ഓരോ നീരുറവയും ഉണങ്ങുന്ന ഓരോ പുല്‍ക്കൊടിത്തുമ്പും നിലയ്ക്കുന്ന നീര്‍ച്ചാലുകളും ഒടുങ്ങാന്‍ പോകുന്ന ജീവന്റെ അടയാളങ്ങളാണ്; ഭൂമി വന്ധ്യയാകുന്നതിന്റെ മുന്നറിയിപ്പാണ്. വികസനം എന്ന ഒറ്റക്കണ്ണുകൊണ്ടുമാത്രം ഭൂമിയെ നോക്കിക്കാണുമ്പോള്‍ കാണാനാകാതെപോകുന്ന പച്ചപ്പിലെ തുടിപ്പും ഒരുപിടി മണ്ണിലെ ജീവനുംതന്നെയാണ് നിന്റെ നിലനില്‍പ്പിന്റെ ആധാരമെന്ന് മനുഷ്യന്റെ അഹന്തയ്ക്കുനേരെ മുഖമുയര്‍ത്തി പ്രകൃതി വിളിച്ചുപറയുന്നുണ്ട് ഇടയ്ക്കിടെ. എന്നിട്ടും കണ്ണടച്ചുള്ള പലായനം നാശത്തിന്റെ മഹാഗര്‍ത്തത്തിലേക്കാണെന്ന് പലകുറി പലരും പറയുന്നു, പറഞ്ഞുകൊണ്ടേയിരിക്കുന്നു.

മണ്ണില്‍ മുളച്ച് മണ്ണില്‍ പടര്‍ന്ന് വേര്‍പ്പെടുത്താനാകാത്തവിധം മണ്ണിനോടും മാനത്തോടും നീരുറവയോടും സ്വജീവിതത്തെയും മനസ്സിനെയും ചേര്‍ത്ത് ബന്ധിച്ചവരുണ്ട്. അത്തരക്കാരുടെ കഥകള്‍ ഏറെ പറഞ്ഞുപോയിട്ടുമുണ്ട്. ഗുരുവായൂരിനടുത്ത് പുത്തമ്പല്ലിയിലെ ട്രെന്‍ഡ്സ് തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച 'പച്ച' നാടകം ഇത്തരം മനുഷ്യരെക്കുറിച്ചും അവരുടെ സ്വന്തം വെള്ളത്തെയും മണ്ണിനെയും കുറിച്ചുള്ള വിഹ്വലതയുമാണ് പറയുന്നത്.

പണ്ട് വനത്തില്‍ പാര്‍ത്തിരുന്ന സായ്പ് പുഴയിലേക്ക് തീര്‍ത്ത മനോഹരമായ കവാടം. ഇന്ന് അതിനരികെ മരങ്ങളില്‍ വാതിലുകളില്ലാത്ത കിളിക്കൂടൊരുക്കി, കിളികള്‍ക്ക് വിരുന്നൊരുക്കാന്‍ ഇരതേടുന്ന ഉണ്ട്രു അപ്പൂപ്പന്‍. അര്‍ധഭ്രാന്തിന്റെ വക്കിലൂടെ അലഞ്ഞ് ആ ഭ്രാന്ത് തിന്മയ്ക്കെതിരെയുള്ള ഉറഞ്ഞുതുള്ളലും വെളിപ്പെടലുമാക്കി മാറ്റിയ മനുഷ്യന്‍. നദിക്കുകുറുകെ അണകെട്ടാന്‍ വന്നവര്‍ക്കെതിരെ പണ്ട് പ്രതിഷേധമുയര്‍ത്തുകയും അന്നുണ്ടായ അണക്കെട്ടുദുരന്തത്തില്‍ സര്‍വവും നഷ്ടമാവുകയും ചെയ്ത പ്ളായി മൂപ്പന്‍. സര്‍വസമ്പന്നതയും വലിച്ചെറിഞ്ഞ് കാടുകയറിയ ഇമ്പായി മൂസ്, നഗരവാസിയെങ്കിലും കാടിനെ പ്രണയിച്ച ഫോട്ടോഗ്രാഫര്‍ ഡിപ്സണ്‍, ഫോറസ്റ്റ് ഗാര്‍ഡും പ്രകൃതിസ്നേഹിയുമായ മുനിയപ്പന്‍ തുടങ്ങി ഒരുപിടി പച്ചപ്പുള്ള കഥാപാത്രങ്ങളുടേതാണ് പച്ച നാടകം. നദിക്കുകുറുകെ അണകെട്ടാനുള്ള തന്ത്രവുമായെത്തുന്ന കോര്‍പറേറ്റ് രാജാക്കന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയൊക്കെ സാമൂഹ്യവിരുദ്ധരാക്കി മാറ്റുന്ന തന്ത്രവും നാടകം പറയുന്നു. അണക്കെട്ട് വരുമ്പോള്‍ ഉണ്ടാകാവുന്ന നഷ്ടങ്ങളുടെ കണക്കെടുപ്പിന് എത്തുന്ന ഉദ്യോഗസ്ഥ ഗ്ളോറിയ, ഉണ്ട്രു അപ്പൂപ്പനിലെ അസാമാന്യ പ്രതിഭയെ കണ്ടെത്തുകയും തന്റെ മകള്‍ മേരിക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. മേരിയുടെ സാന്നിധ്യം വിഭ്രമങ്ങളില്‍ ലയിച്ച അപ്പൂപ്പന്റെ മനസ്സിന് സാന്ത്വനമാകുന്നു. അപ്പോഴും തന്റെ മണ്ണിന് വരാനിരിക്കുന്ന മഹാദുരന്തം മിന്നല്‍പോലെ ആ തലച്ചോറിനുള്ളില്‍ വെട്ടിത്തിളങ്ങുന്നുണ്ട്. ആ തിളക്കം ഒരു മുന്നറിയിപ്പാണെന്ന് തിരിച്ചറിഞ്ഞ പ്ളായി മൂപ്പന്‍ പ്രക്ഷോഭത്തിന് മുതിരുന്നുവെങ്കിലും അടിച്ചമര്‍ത്തപ്പെടുന്നു. മേരിയുടെ മടിയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ച അപ്പൂപ്പന്‍ തന്റെ മരണംകൊണ്ട് പറഞ്ഞുവച്ചത് മുന്നറിയിപ്പാണെന്നും കൊച്ചു പച്ചത്തുരുത്തുകള്‍ക്ക് കച്ചവടഭൂമിയില്‍ നിലനില്‍പ്പില്ലെന്നും അറിഞ്ഞ് പ്രിയപ്പെട്ടവരോടൊപ്പം കാടുവിടുന്നു. കാടിന് തീപിടിക്കുന്നു. ഈ തീച്ചൂടിലും കുട്ടികള്‍ വന്ന് പുതിയ പച്ചപ്പുകള്‍ക്ക് വിത്തുപാകുന്നതോടെ നാടകം അവസാനിക്കുന്നു.

മുരളി മലയാളി

മുരളി മലയാളി

എന്‍വയണ്‍മെന്റല്‍ തിയറ്റര്‍ രൂപത്തില്‍ ഒരുക്കിയ പച്ച തീര്‍ച്ചയായും റിയലിസ്റ്റിക് നാടകമാണ്. പുല്ലും പടര്‍പ്പുമുള്ള രംഗവേദിയുടെ സാധ്യതകളെ നാടകാശയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ സംവിധായകനും രചയിതാവുമായ മുരളി മലയാളി വിജയിച്ചു. സുരേഷ് നന്മയാണ് സംവിധാനമേല്‍നോട്ടം. ജോസ് പൂക്കള്‍ സംവിധാനസഹായിയായി. ലൈറ്റ്: രമേഷ് പൂക്കോട്. സംഗീതം: കിഷന്‍ജി കളിയരങ്ങ്. നിയന്ത്രണം: ശ്യാം. ഗാനം: ബിഷോയ് അനിയന്‍. കല: മധു പുതുശേരി.

കെ എം മുകേഷ്, മുരളി മലയാളി, കിഷന്‍ജി കളിയരങ്ങ്, മാളവിക, സ്മിത സുനില്‍,  മിഥുന്‍, സുരേഷ് നന്മ, മുജീബ് ഗുരുവായൂര്‍, ജോസ് പൂക്കള്‍, വിഷ്ണു, സോനു, ശരത്, ഷെഫീഖ് എന്നിവരാണ് അരങ്ങില്‍.

girish.natika@gmail.com
 

പ്രധാന വാർത്തകൾ
 Top