18 September Wednesday

സ്വപ്‌നമൊരു ചാക്ക്‌

നാഷിഫ് അലിമിയാൻUpdated: Sunday Sep 9, 2018

ഇംഗ്ലണ്ട്‌ പര്യടനത്തിൽ പരമ്പര കൈവിട്ട ഇന്ത്യ   ഏഷ്യാ കപ്പിലും  വെസ്റ്റ്‌ ഇൻഡീസിന്റെ പര്യടനത്തിലും അത്ര മോശമാവില്ല.  ഏഷ്യൻ പിച്ചുകളിൽ ജയം  അസാധ്യമല്ല. എന്നാൽ ഭൂഖണ്ഡത്തിനു പുറത്ത്‌ ജയിക്കാനാവാത്തതെന്തുകൊണ്ട്‌? 

 ചരക്കുമായി വന്ന കർണാടക വണ്ടികളെല്ലാം തിരിച്ചുപോയ  നട്ടുച്ചയ‌്ക്ക് വെയിലിൽനിന്ന‌് മാറി വിശ്രമിക്കുന്ന കണ്ണൂർ തലശേരി അങ്ങാടിയിലെ ചുമട്ട് തൊഴിലാളികൾ പ്രളയത്തെക്കുറിച്ച്‌ പറഞ്ഞുതീർന്നാൽ പിന്നെ പറയുന്നത്‌ ക്രിക്കറ്റിനെക്കുറിച്ച്‌.  ചെങ്കൊടി കഴിഞ്ഞാൽ തലശേരിക്കാർക്ക്‌ പ്രിയം  ക്രിക്കറ്റ്‌ തന്നെ. കേരളത്തിൽ ക്രിക്കറ്റ്‌ പിച്ചവച്ച പട്ടണമാണിത്‌. 
“അല്ലെടാ ഇനി ഇഞ്ഞെയെങ്ങാനും  ഓറ്‌ കോച്ചാക്കിക്കളയുമോ? ‘
ചർച്ച കത്തിക്കയറുന്നതിനിടെ എഴുപതുകാരൻ ഹാരിസ്ക്കയുടെ ചോദ്യത്തിനൊപ്പം പൊങ്ങിവന്ന പൊട്ടിച്ചിരികൾ ചെന്നവസാനിച്ചത് നീല ഷർട്ടും ലുങ്കിയും തലയിലൊരു ചുവന്ന തോർത്തുമായി പഴക്കുലകൾ ചുമലിലേറ്റി നടക്കുന്ന ദേവാനന്ദൻ എന്ന അമ്പത്തിരണ്ടുകാരനിലേക്ക്.  പാതി പരിഹാസമുണ്ടെങ്കിലും പ്രതീക്ഷയുണ്ട്‌  ആ വാക്കുകളിൽ. കിഴക്ക് വെള്ളകീറുമ്പോൾ ചാക്കുകെട്ടുകളും പഴക്കുലകളും ചുമലിലേറ്റിയ ശേഷം വെയിൽ മായുംനേരം നീല ഷർട്ട് അഴിച്ചുവച്ച് വെളുത്ത ട്രാക്ക്സ്യൂട്ടും ജഴ്സിയുമണിഞ്ഞ് ക്രിക്കറ്റ് പരിശീലകനായി പരകായപ്രവേശം നടത്തുന്ന ദേവാനന്ദനാണ് ഈ തൊഴിലാളികളുടെ പ്രതീക്ഷ. എന്നെങ്കിലുമൊരിക്കൽ മികച്ച പരിശീലകനായി തൊഴിലാളികളുടെ അഭിമാനമായി മാറുമെന്ന പ്രത്യാശ. വിശപ്പുമാത്രം കൂട്ടിനുണ്ടായിരുന്ന ബാല്യത്തിൽനിന്ന്‌ സ്വപ്രയത്നത്തിലൂടെ ജീവിതം പുലർത്തിയ ദേവാനന്ദനിൽ അത്രയധികം വിശ്വാസമുണ്ട് അവർക്ക്, അന്നും ഇന്നും. 
 അങ്ങാടിയിലെ കഠിനാധ്വാനത്തിനൊപ്പം ക്രിക്കറ്റ് മൈതാനത്തെ കായികാധ്വാനവും ജീവിതത്തോടൊപ്പം ചേർത്തുവച്ച ദേവാനന്ദൻ കളിമൈതാനത്ത് പുതുതന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ തുടങ്ങിയിട്ട് പതിമൂന്ന് വർഷം പിന്നിടുകയാണ്. ക്രിക്കറ്റ് പ്രതാപത്തിന്റെ  പെരുമ പേറുന്ന തലശേരിയിലെ മൈതാനത്ത് പുതുതലമുറയെ പരിശീലിപ്പിക്കുന്ന ദേവാനന്ദൻ ക്രിക്കറ്റ് ഭ്രാന്ത്‌ തലയ‌്ക്കുപിടിച്ച് ഒരുദിവസം കോച്ചിന്റെ  കുപ്പായം എടുത്തണിഞ്ഞതൊന്നുമല്ല, നാഷണൽ ക്രിക്കറ്റ് അക്കാദമി നടത്തുന്ന പരീക്ഷയും പ്രായോഗിക പരിശീലനവും പാസായി ഒ ലെവൽ പരിശീലകനെന്ന യോഗ്യത നേടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ചുമട്ടുതൊഴിലാളിയായ ഈ ദ്രോണാചാര്യന്റെ അഭിമാനത്തോടെയുള്ള നിൽപ്പ‌്.
 

ദുരിതത്തിന്റെ  ക്രീസിലെ ആദ്യ ഇന്നിങ്സ് 

തലശേരി എൻസിസി റോഡിലെ അമ്പലവളപ്പിൽ ചാത്തുവിന് ബീഡി പാക്കറ്റിന് ലേബൽ ഒട്ടിക്കലാണ് ജോലി. പകലന്തിയോളം ഇരുന്നാൽ  രണ്ടായിരം പാക്കറ്റുകളിൽ  ലേബൽ ഒട്ടിക്കാം.  ഇതുകൊണ്ട് കിട്ടുന്ന വരുമാനം ഏഴു കുട്ടികളടങ്ങുന്ന കുടംബത്തിന് ഒരു നേരത്തെ ചെലവിനുപോലും കഷ്ടി. ദാരിദ്ര്യത്തിന്റെ ഇരുട്ട് കനത്തപ്പോൾ  ഭാര്യ ലക്ഷ്മിയാണ്  ഉപായം പറഞ്ഞത്‌; സ്കൂളിലെ ക്ലാസ് കഴിഞ്ഞുള്ള നേരം മകൻ ദേവനെ അങ്ങാടിയിൽ മൂപ്പന്മാരുടെ സഹായിയായി അയക്കാം. വെള്ളം നിറഞ്ഞ മൈതാനത്ത് പന്ത് തട്ടിയും അട്ടിയിട്ട ചെത്ത്കല്ലിൽ കമ്യൂണിസ്റ്റ് പച്ചയുടെ തണ്ട്‌ വിക്കറ്റ് കണക്കെ ചാരിവച്ച് കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിച്ചും വിശപ്പിന്റെ വിളി മറികടന്ന ദേവാനന്ദൻ എന്ന അഞ്ചാംക്ലാസുകാരൻ അങ്ങനെ കളിയാരവങ്ങളെ കണ്ടില്ലെന്നു നടിച്ച് മാർക്കറ്റിലേക്ക് പോയിത്തുടങ്ങി. കിഴക്കൻ മലയോരത്തുനിന്ന് ലോറികളിലെത്തുന്ന  വാഴക്കുല മൊത്തമായി എടുത്ത് തലശ്ശേരി അങ്ങാടിയിൽ കച്ചവടം നടത്തുന്നവരാണ് മൂപ്പന്മാർ. സഹായികൾ പഴക്കുല ചുമലിലേറ്റണം. കുലയിൽനിന്ന് വേർപെടുന്ന പഴങ്ങൾ പെറുക്കിക്കൂട്ടണം.
കുലത്തണ്ട് ചുമലിലേറ്റി നടക്കുമ്പോഴും പുറത്ത് കളിച്ചുതിമിർക്കുന്ന കൂട്ടുകാരിലായിരുന്നു ദേവന്റെ ശ്രദ്ധ. ചരക്ക് ഇറക്കാനില്ലാത്ത നേരത്തും അങ്ങാടിയിലെ മുടക്ക് ദിവസങ്ങളിലുമെല്ലാം കുഞ്ഞുദേവൻ ആർത്തിയോടെ മൈതാനത്ത്‌ ഓടിയെത്തും. തെങ്ങിൻമടൽ ബാറ്റുകൊണ്ടു തുടരെത്തുടരെ സിക്സർ പറത്തി കൂട്ടുകാരെ വിസ്മയിപ്പിക്കും. കൈയടക്കമുള്ള മാന്ത്രികനെ പോലെ പന്ത് കറക്കിയെറിഞ്ഞ് വിക്കറ്റുകൾ പിഴുതെടുക്കും. മൈതാനത്തെ കളി കണ്ട് കായികാധ്യാപകൻ സ്കൂൾ ടീമിലെടുത്തതോടെ കളി കാര്യമായി. ക്ലാസിൽ വലിയ മിടുക്കൊന്നും കാണിച്ചില്ലെങ്കിലും ബ്രണ്ണൻ സ്കൂളിന് വേണ്ടി ആദ്യമായി പാഡണിഞ്ഞതോടെ ക്രിക്കറ്റ് വിട്ടൊരു കളിക്കും ദേവാനന്ദനെ കിട്ടില്ലെന്ന നിലയിലായി. മാർക്കറ്റിലെ  ജോലിയിൽ നിന്നുള്ള വരുമാനം ലഭിച്ചതോടെ വീട്ടിലെ അടുപ്പ് പുകയാൻ തുടങ്ങി.അത്യാവശ്യം പഠനവും മുടങ്ങാതെ ചുമട്ടുതൊഴിലും ബാക്കി മുഴുവൻ സമയം ക്രിക്കറ്റുമായി.
 

കരുത്തായത് സിക്സർ കുഞ്ഞിപ്പക്കിയുടെ കഥ

രാജ്യത്ത് ആദ്യമായി ക്രിക്കറ്റ് സ്റ്റമ്പുകളുയർന്ന തലശേരിയിലെ കായികപ്രേമികൾകൾക്കെല്ലാം അറിയുന്നൊരു  പുരാവൃത്തമുണ്ട്‌. ടീമിൽ ആളെ തികയാതെ വന്നപ്പോൾ നാട്ടുകാരെ അണിനിരത്തി ക്രിക്കറ്റ് കളിച്ച ഇംഗ്ലീഷുകാരുടെ കഥ. ആ കഥയിലൊരു നാടൻ നായകനുണ്ട്, സിക്സർ കുഞ്ഞിപ്പക്കി. മുന്നിലെത്തുന്ന പന്തുകളെല്ലാം സിക്സറടിച്ചു കുഞ്ഞിപ്പക്കി. ഒരിക്കൽ കുഞ്ഞിപ്പക്കി തൂക്കിയടിച്ച പന്ത്‌ കോടതിയുടെ മതിൽക്കെട്ടും കടന്ന് ജഡ്ജിന്റെ ചേമ്പറിന് മുകളിൽ താണിറങ്ങി. ചേംബറിന്റെ  ഓടു തകർത്ത് പന്ത്‌ ജഡ്ജിന്റെ മേശപ്പുറത്ത്‌!  ദേവാനന്ദന്റെ കുട്ടിക്കാലവും സിക്സർ കുഞ്ഞിപ്പക്കിയുടെ വീരകഥകൾ പരക്കുന്ന കാലമായിരുന്നു. ക്രിക്കറ്റ് തലയിൽകയറിയതോടെ കുഞ്ഞിപ്പക്കിയെ പോലെ ബാറ്റ് ചെയ്യണമെന്ന മോഹം കലശലായി.  ബാറ്റിനെക്കാൾ പന്താണ് തനിക്ക് ചേരുകയെന്ന് തിരിച്ചറിഞ്ഞതോടെ ബൗളിങ്ങിലേക്ക് മാറി. തലശേരിക്ക് സമീപത്തെ മട്ടാമ്പ്രം, സൈദാർപള്ളി, ചേറ്റംകുന്ന്, പാലിശേരി തുടങ്ങിയ ദേശങ്ങളിലെ ചെറുപ്പക്കാർ തമ്മിലുള്ള വാശിയേറിയ ക്രിക്കറ്റ് മത്സരങ്ങൾ നടന്ന കാലത്താണ് ദേവാനന്ദനെന്ന താരത്തെ നാട്ടുകാരും കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. പന്ത് ദേവാനന്ദന്റെ കൈയിലാണെങ്കിൽ ക്രീസിലെത്തുന്നവരെ എളുപ്പത്തിൽ കൂടാരംകയറ്റാമെന്ന് ക്യാപ്റ്റൻമാർക്ക്‌ മനസ്സിലായി. പിന്നീട് പ്രാദേശിക ടൂർണമെന്റുകളിലും ജില്ലാ  ലീഗ് മത്സരങ്ങളിലെ നിറസാന്നിധ്യം. 
1987ൽ കണ്ണൂരിലെ ലക്കി എംബ്ലം എന്ന ക്ലബ്ബിലൂടെയാണ് ആദ്യമായി ലീഗ് മത്സരത്തിനായി കളത്തിലിറങ്ങിയത്. ലക്കി എംബ്ലം പേര് മാറി തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് ആയെങ്കിലും ബൗളിങ് നിരയിലെ എണ്ണംപറഞ്ഞ താരം അന്നും ഇന്നും ഈ ലെഗ് സ്പിന്നർ  തന്നെ.
 

കളി കാര്യമായി, കോച്ചിങ് കരിയറും 

മാർക്കറ്റിലെ ചുമട്ടുതൊഴിലിനൊപ്പം ക്രിക്കറ്റ് കളിക്കാരനായി  ഗ്രൗണ്ടിൽ നിറഞ്ഞ ദേവാനന്ദന് ലീഗ് മത്സരങ്ങളുടെ കാലത്തെ ക്യാമ്പുകളാണ് പരിശീലകന്റെ റോളിലെത്താൻ വഴിതുറന്നത്.  ക്യാമ്പിൽ സഹതാരങ്ങൾക്ക് തന്ത്രം പറഞ്ഞുകൊടുക്കുന്ന ദേവാനന്ദനെ ആദ്യമായി ശ്രദ്ധിച്ച ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായ പി വി സിറാജുദീനാണ് പരിശീലകന്റെ സാധ്യതകൾ ഈ തൊഴിലാളിയോട് പറഞ്ഞുകൊടുത്തത്‌. പിന്നീട് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പരീക്ഷയ‌്ക്കു വേണ്ടിയുള്ള കഠിനാധ്വാനത്തിന്റെ നാളുകൾ. ടെസ്റ്റും മുഖാമുഖവും വിജയിച്ചതോടെ 2005ൽ പരിശീലക യോഗ്യത നേടി. ഒപ്പം തൊഴിലാളികൾക്കിടയിൽനിന്ന്‌  ആദ്യത്തെ ക്രിക്കറ്റ് കോച്ച് എന്ന ഖ്യാതിയും. ഇതിനിടയിൽ അണ്ടർ 16, അണ്ടർ 14 ജില്ലാ ടീമുകളെയും ജില്ലാ സ് കൂൾ ടീമിനെയും  ജേതാക്കളാക്കാൻ കഴിഞ്ഞു. ഇപ്പോഴത്തെ രഞ്ജി ട്രോഫി കേരള ടീം സഹപരിശീലകനായ മസർ മൊയ്‌തുവായിരുന്നു ജേതാക്കളായ ടീമുകളുടെ മുഖ്യപരിശീലകൻ. ‘ഭാരം ചുമന്ന് അങ്ങാടിയിൽ ജോലി ചെയ്യുന്ന അതേ കഠിനാധ്വാനമുണ്ട് ക്രീസിലിറങ്ങുന്നവരെ പരിശീലിപ്പിക്കുന്ന കാര്യത്തിലും’‐ ദേവാനന്ദൻ പറയുന്നു. 
കൃത്യനിഷ്ഠയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയുമാണ്  ദേവാനന്ദൻ ക്യാമ്പിലെത്തുന്നവരോട് നിഷ്കർഷിക്കുന്ന രണ്ടുകാര്യം. കളിക്കാനും കളിക്കാരനാകാനും മിക്കവർക്കും കഴിയും. എന്നാൽ, സ്ഥിരതയാർന്ന  പ്രകടനം നടത്താൻ പ്രതിഭകൾക്കേ സാധിക്കൂ, അത്തരം പ്രതിഭകളെ വാർത്തെടുക്കാൻ ഈ ശീലങ്ങളില്ലെങ്കിൽ കഴിയില്ല. പുലർച്ചെ നാലോടെ തലശേരി പുതിയ ബസ് സ്റ്റാൻഡിലെ പച്ചക്കറി മാർക്കറ്റിലെത്തുന്ന ദേവാനന്ദൻ ജോലിയും വൈകുന്നേരത്തെ ക്രിക്കറ്റ് പരിശീലനവും കഴിഞ്ഞ് ഒരു ദിവസം അവസാനിപ്പിക്കുന്നത് രാത്രി എട്ടിന്‌. അസോസിയേഷന്റെ  അക്കാദമികളിലെ പരിശീലനത്തിൽനിന്ന് തൽക്കാലം വിട്ടുനിൽക്കുന്നതിനാൽ സ്വന്തം ക്ലബ്ബിലെ താരങ്ങൾക്കാണ് ഈ ഒ ലെവൽ കോച്ചിന്റെ സഹായം  ഇപ്പോൾ ലഭ്യമാകുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിച്ച ലെവൽ വൺ കോച്ചിനുള്ള ടെസ്റ്റിൽ ഒരുതവണ പങ്കെടുത്തെങ്കിലും യോഗ്യത നേടാനായില്ല, ഇക്കുറി വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ദേവാനന്ദൻ.
പ്രായം കൂടിവരികയാണെങ്കിലും ജോലിയും പരിശീലനവും മാത്രമായി ജീവിതം ഒതുക്കാൻ  തൊഴിലാളി ഒരുക്കമല്ല. ഗ്രൗണ്ടിലിറങ്ങിയാൽ  പഴയ കൗമാരക്കാരന്റെ ആവേശം ഇപ്പോഴും സിരകളിൽ നിറയും. രണ്ടുവർഷം മുമ്പത്തെ സീസണിൽ കണ്ണൂർ ജില്ലാ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ 15ൽപ്പരം വിക്കറ്റുകൾ കൊയ്താണ്  കളിമികവ് ഒന്നുകൂടി വെളിവാക്കിയത്. പ്രായംപോലും പകച്ചുനിന്ന പ്രകടനത്തിനൊടുവിൽ സ്വന്തം ക്ലബ്ബിനെ മാന്യമായ സ്ഥാനത്തെത്തിച്ചു.  ചാമ്പ്യൻഷിപ്പിലെ നാല് മാച്ചിൽ മൂന്നിലും കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരിയിൽ നടന്ന ശബരി ട്രോഫി ടി‐20 ചാമ്പ്യൻഷിപ്പിൽ അഞ്ച് വിക്കറ്റെടുത്ത്‌ മാൻ ഓഫ് ദ മാച്ച് പുരസ് കാരവും  സ്വന്തമാക്കിയിരുന്നു.
 

അക്കാദമിയെന്ന അടങ്ങാത്ത ആഗ്രഹം

ക്രിക്കറ്റ് കളിയും പരിശീലനവും സംഘാടനവുമൊക്കെയായി രണ്ടര പതിറ്റാണ്ടായി കായികരംഗത്ത് നിറഞ്ഞുനിൽക്കുന്ന ദേവാനന്ദന് ഇപ്പോഴും ഒരു സങ്കടം.  പ്രതിഭകൾ തഴയപ്പെടുന്നുവെന്ന ദുഃഖം.  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വിനോദം  പണക്കൊഴുപ്പിന്റെ കൂത്തരങ്ങാണ്‌.  അധികാര വടംവലിക്കും കസേരകളികൾക്കുമിടയിൽ പ്രതിഭകൾ തഴയപ്പെട്ടു. പരിഗണന ലഭിച്ചത്‌  സാമ്പത്തിക 'മികവു’ള്ളവർക്ക്‌.  മികച്ച താരങ്ങളെ വളർത്തിയെടുക്കാൻ സ്വന്തമായി ക്രിക്കറ്റ് അക്കാദമി ആരംഭിക്കാനുള്ള മോഹത്തിലാണ് ദേവാനന്ദൻ. കഴിവുണ്ടായിട്ടും മറ്റു കാരണങ്ങളാൽ പിന്തള്ളപ്പെട്ടു പോകുന്നവർക്കായിരിക്കും ദേവന്റെ അക്കാദമിയിൽ പ്രഥമപരിഗണന. സാധാരണക്കാരുടെ മക്കൾക്കും കഴിവ് തെളിയിക്കാനുള്ള അവസരമാണ്  ലക്ഷ്യം. ചുമട്ടു തൊഴിലിലെ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ചും ക്രിക്കറ്റ് പ്രേമികളിൽനിന്ന് പണം സ്വരൂപിച്ചും അക്കാദമി യാഥാർഥ്യമാക്കണം.  ഭാര്യ ഷൈനിയുടെയും മൂന്നാം ക്ലാസുകാരിയായ മകൾ ഋതികയുടെയും പരിപൂർണ പിന്തുണയുണ്ട് ദേവന്. ചാക്കുകെട്ടിന്റെ  ഭാരം ദേവാനന്ദൻ അറിയുന്നതേയില്ല, കാരണം അതിലും വലിയ സ്വപ്നങ്ങളുടെ ചാക്കാണല്ലോ ഈ തൊഴിലാളി മനസ്സിൽ കൊണ്ടുനടക്കുന്നത്.
 
 ിമവെശള@ഴാമശഹ.രീാ
പ്രധാന വാർത്തകൾ
 Top