21 July Sunday

ആരാണ് ആ പാട്ടിന്റെ ഉടമകൾ?

സുനിൽ പി ഇളയിടംUpdated: Sunday Sep 9, 2018

 ആധുനികലോകം ജന്മം നൽകിയ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മുതലാളിത്ത ആധുനികത ജന്മം നൽകിയ, സവിശേഷ ആശയങ്ങളിലൊന്നാണ് പകർപ്പവകാശം. താനെഴുതുന്ന വാക്കിന്റെ ഉടമസ്ഥത തനിക്കുമാത്രമാണെന്ന് മനുഷ്യർ കരുതാൻ തുടങ്ങിയത് അതോടെയാണ്. അതുവരെ മനുഷ്യവംശത്തിന്റെ പൊതുസ്വത്തായിരുന്ന ഭാഷയിലും ഇതര ആവിഷ്കാരങ്ങളിലും വ്യക്തികൾക്ക് ഉടമാവകാശം ഉണ്ടായിരുന്നില്ല. “കവനത്തിനു കാശുവേണംപോൽ/ശിവനേ സാഹിതി തേവിടിശ്ശിയോ?” എന്ന് നമ്മുടെ കവികളിലൊരാൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെവിടെയോ ഖേദിക്കുന്നത് അതുകൊണ്ടാണ്. കവിതയ്‌ക്ക്‌ പണം വാങ്ങുന്നത് അപമാനകരമാണെന്ന്‌ തോന്നിയിരുന്നു. ദൈവത്തിനോ രാജാവിനോ പ്രഭുവിനോ വേണ്ടി എഴുതാമെന്നല്ലാതെ, പണത്തിനുവേണ്ടി എഴുതുകയെന്നത് വ്യഭിചാരം പോലെ അപമാനകരമാണെന്ന് ആധുനികലോകത്തേക്കുള്ള സംക്രമദശയിൽ ജീവിച്ച കവിക്കു തോന്നിയതും അതുകൊണ്ടാണ്.

പക്ഷേ, ആധുനികതയുടേത് മറ്റൊരു ലോകമായിരുന്നു. രാജാവും ദൈവവും ആധ്യക്ഷ്യം വഹിച്ചിരുന്ന പഴയ ലോകത്തെ അത് നിഷ്കാസനംചെയ്തു. പകരം അനന്യവും അഖണ്ഡവും ഏകാത്മകവും ഉദ്ഗ്രഥിതവുമായ മനുഷ്യസത്തയെ, അഥവാ വ്യക്തിയെ, ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് ആനയിച്ചു. അതോടെ ഞാൻ പറയുന്ന വാക്ക് എന്റെ ആത്മാവിഷ്കാരമായി. ഞാനെഴുതുന്നതിന്റെയും ഞാൻ പാടുന്നതിന്റെയും ഞാൻ വരയ്ക്കുന്നതിന്റെയും എല്ലാം ഉടമാവകാശം എനിക്കാണെന്ന് വന്നു. കല കലാകാരിയുടെയോ കലാകാരന്റെയോ സ്വകാര്യസ്വത്തായി. പതിനെട്ടാം ശതകം വരെ നിലവിലില്ലായിരുന്ന പകർപ്പവകാശം(copyright)  എന്നത് ആധുനികകാലത്തെ കലാ‐സാഹിത്യ വ്യവഹാരത്തിന്റെ കേന്ദ്രപ്രമേയങ്ങളിലൊന്നായി. അതോടെ മനുഷ്യവംശം അതിന്റെ സുദീർഘചരിത്രംകൊണ്ട് അർഥവും അനുഭവവും നൽകിയ വാക്കും വരകളുമെല്ലാം വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. കലാ‐സാഹിത്യ മേഖലകളിലെ ഉടമാവകാശം ആശയപ്രപഞ്ചത്തിന്റെ ഉടമാവകാശമായി പരിണമിക്കുകയും ബൗദ്ധികസ്വത്തവകാശം (Intellectual Property Rights)   മൂലധനപ്രയോഗങ്ങളുടെ ഏറ്റവും പുതിയ മേഖലകളിലൊന്നായി വളരുകയും ചെയ്തു. മൂലധനത്തിന്റെ പിടിയിലകപ്പെട്ട വാക്കും വരയും വിപണിയുദ്ധത്തിലെ കരുക്കളും പടക്കോപ്പുകളുംകൂടിയായി മാറി. മാർക്സ് എഴുതിയതുപോലെ പൊതുവായ ബൗദ്ധികശേഷിതന്നെ മുതലാളിത്തവളർച്ചയുടെ ഭാഗമായി വില്പനച്ചരക്കായി.
 
പകർപ്പവകാശം എന്ന ഈ ആധുനികപ്രമേയം ഒരു സാംസ്കാരിക രാഷ്ട്രീയപ്രശ്നമായി പരിണമിച്ചതിന്റെ കഥയാണ് പ്രമുഖ ചരിത്രകാരനും സാമൂഹ്യശാസ്ത്രജ്ഞനുമായ  എ ആർ  വെങ്കടാചലപതി ‘ആരാണ് ആ പാട്ടിന്റെ ഉടമ?’ (Who owns that song?  The Battle for Subrahmania Bharathi’s copyright) എന്ന അസാധാരണവും കൗതുകകരവുമായ ഗ്രന്ഥത്തിൽ പറയുന്നത്. സാഹിത്യവും അച്ചടിയുടെ വ്യാപനവും ദേശീയപ്രസ്ഥാനത്തിന്റെ രാഷ്ട്രീയാഭിലാഷങ്ങളും തമിഴ് സ്വത്വബോധവും സിനിമയും റെക്കോഡിങ‌് ഇൻഡസ്ട്രിയും എല്ലാം പങ്കുചേർന്ന് രൂപംനല്കിയ അസാധാരണമായ ഒരു രാഷ്ട്രീയ‐സാംസ്കാരിക സംവാദത്തിന്റെ ചരിത്രത്തിലേക്കാണ്  ഗ്രന്ഥം കടന്നുചെല്ലുന്നത്.
 
തമിഴ്ദേശീയതയുടെ അടയാളവാക്യങ്ങളായി മാറിയ സുബ്രഹ്മണ്യഭാരതിയുടെ ഗാനങ്ങൾക്കും അവയുടെ പൊതുവായ ഉടമാവകാശത്തിനും വേണ്ടി നടന്ന നിയമയുദ്ധങ്ങളുടെയും രാഷ്ട്രീയപ്രക്ഷോഭങ്ങളുടെയും ചരിത്രമാണ്‌ ഈ ഗ്രന്ഥം. ലോകത്തെങ്ങുമില്ലാത്തവിധം, ഒരു കവിയുടെ രചനകളുടെ പകർപ്പവകാശം ഭരണകൂടം വാങ്ങുകയും പിന്നീട് അത് പൊതുസ്വത്തായി പ്രഖ്യാപിക്കുകയും ചെയ്ത ചരിത്രം. അത്യന്തം അസാധാരണമായ ഈ ചരിത്ര‐രാഷ്ട്രീയ സന്ദർഭത്തിന്റെ പ്രേരണകളിലേക്കും അതുളവാക്കിയ ഫലങ്ങളിലേക്കുമുള്ള യാത്രയാണ്, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസറും ചരിത്രകാരനും വിവർത്തകനും ഒക്കെയായ വെങ്കടാചലപതിയുടെ ഈ ഗ്രന്ഥം. ‘അക്കാലത്ത് ഇവിടെ കാപ്പിയില്ലായിരുന്നു’ (In Those Days There Was No Coffee)   എന്ന തന്റെ പഴയ പഠനത്തിലെന്നപോലെ, അസാധാരണമായ പ്രമേയങ്ങളെ പിൻതുടർന്നുചെന്ന്, അനന്യസാധാരണമായ ശൈലിയിൽ അവയുടെ സാംസ്കാരിക രാഷ്ട്രീയം വിശദീകരിക്കുന്നു വെങ്കടാചലപതി.
 
പകർപ്പവകാശം  എന്ന പദം സുബ്രഹ്മണ്യഭാരതിക്ക് കാര്യമായി പരിചിതമായിരുന്നില്ല. അദ്ദേഹത്തിന്റെ രചനകളിൽ ഒന്നുരണ്ടിടങ്ങളിൽ മാത്രമേ ആ വാക്ക് കടന്നുവരുന്നുള്ളൂ എന്ന് ഗ്രന്ഥത്തിന്റെ ആമുഖത്തിൽ എഴുതുന്നുണ്ട്. പകർപ്പവകാശത്തെ സൂചിപ്പിക്കുന്ന ഞ്ച എന്ന ചിഹ്നം ഭാരതിക്ക് തിരിച്ചറിയാൻതന്നെ കഴിയുമായിരുന്നില്ല. താനെഴുതിയവയിൽ ഭൂരിപക്ഷവും പ്രസിദ്ധീകരിക്കാനാകാതെ, വലിയ സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് ഉഴറി, മുപ്പത്തൊമ്പതാം വയസ്സിൽ ജീവിതത്തിൽനിന്ന് വിടവാങ്ങിയ ഒരാളാണ് സുബ്രഹ്മണ്യഭാരതി. തന്റെ സമ്പൂർണകൃതികൾ 40 വാല്യങ്ങളായി പ്രസിദ്ധീകരിക്കാൻ വിപുലമായ ഒരു പദ്ധതി   അവസാനനാളുകളിൽ അദ്ദേഹം വിഭാവനം ചെയ്തിരുന്നു. സഫലമാകാതെപോയ ആ സംരംഭത്തിന്റെ ആസൂത്രണവേളയിൽ തന്റെ പാട്ടുകളും ഇതര രചനകളും മണ്ണെണ്ണയോ തീപ്പെട്ടിയോ പോലെ, അത്രമേൽ എളുപ്പത്തിലും വേഗത്തിലും വിറ്റുതീരുമെന്ന് (“sold as freely and quickly as keresone or matchboxes”) സുബ്രഹ്മണ്യഭാരതി എഴുതുന്നുണ്ട്. ദേശീയബോധവും സ്വാഭിമാനപ്രസ്ഥാനവും തമിഴകത്ത് ശക്തമായതോടെ സുബ്രഹ്മണ്യഭാരതിയുടെ പാട്ടുകളും വരികളും, അദ്ദേഹം സ്വപ്നം കണ്ടതിനേക്കാൾ ജനപ്രിയമായി.  ആ ജനപ്രിയത കണ്ടറിയാൻ കഴിയാതെ, ഭാരതി മുമ്പേ വിടവാങ്ങിയിരുന്നു.
അസാധാരണമായ ജീവിതസഞ്ചാരമായിരുന്നു സുബ്രഹ്മണ്യഭാരതിയുടേത്. 1882ൽ ജനിച്ച് 1921ൽ വിടപറഞ്ഞ, അത്യന്തം ഹ്രസ്വമായ ജീവിതം. സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ പങ്കുചേരുകയും പത്രങ്ങൾ നടത്തുകയും ബ്രിട്ടീഷുകാരാൽ വേട്ടയാടപ്പെടുകയും അതിൽനിന്ന് രക്ഷനേടാൻ പോണ്ടിച്ചേരിയിൽ ഒളിവുജീവിതം നയിക്കുകയും ഒക്കെ ചെയ്ത ഒരാൾ. ഇതിനിടയിൽ തമിഴ് ദേശീയതയെയും ദ്രാവിഡസ്വത്വത്തെയും ആഴത്തിൽ അഭിസംബോധന ചെയ്യുന്ന എണ്ണമറ്റ ഗാനങ്ങളും ഇതര രചനകളും  എഴുതി. 1930കളിൽ റെക്കോഡിങ്‌ വ്യവസായം ഒരുഭാഗത്തും  തമിഴ്സിനിമ മറുഭാഗത്തും വേരുപിടിക്കാൻ തുടങ്ങുകയും ദേശീയബോധവും സ്വാഭിമാനപ്രസ്ഥാനവും തമിഴകജീവിതത്തെ തീപിടിപ്പിക്കുകയും ചെയ്തതോടെ ഭാരതിയുടെ വരികൾ അതിന്റെ സാരസർവസ്വമായി ശിരസ്സുയർത്തി. ഈ പുതിയ സന്ദർഭത്തിലാണ് സുബ്രഹ്മണ്യഭാരതിയുടെ രചനകളുടെ ഉടമാവകാശം സുപ്രധാനമായ രാഷ്ട്രീയ സാംസ്കാരിക പ്രശ്നമായി ഉയർന്നുവന്നത്. അപ്പോഴേക്കും തമിഴ്സിനിമാവേദിയിലെ കേന്ദ്രശക്തികളിലൊന്നായി മാറിക്കഴിഞ്ഞിരുന്ന എവിഎം  സ്റ്റുഡിയോയും അതിന്റെ ഉടമസ്ഥൻ എ വി മെയ്യപ്പനും ഭാരതിയുടെ രചനകളുടെ അവകാശം വിലകൊടുത്തുവാങ്ങിയിരുന്നു. തമിഴ് നാടകങ്ങളിലും മറ്റും ഭാരതിയുടെ ഗാനങ്ങൾ അവ്വൈഷൺമുഖത്തെപ്പോലുള്ളവർ ഉപയോഗിക്കുന്നത് മെയ്യപ്പൻ തടഞ്ഞതോടെ വലിയ ഒരു വ്യവഹാരത്തിന്റെ തിരശ്ശീലയുയർന്നു. ഒരുഭാഗത്ത് വലിയൊരു സാംസ്കാരികസമരമുഖവും മറുഭാഗത്ത് വിപുലമായ നിയമയുദ്ധമുഖത്തിന്റെ വേദിയും തുറന്നു. പൊതുജനങ്ങൾക്കാകെ ഉപയോഗിക്കാനാകുംവിധം ഭാരതിയുടെ ഗാനങ്ങളും രചനകളും ദേശസാൽക്കരിക്കണം എന്ന ആവശ്യം ഷൺമുഖത്തിന്റെയും സുഹൃത്തുക്കളുടെയും മുൻകൈയിൽ  അതിശക്തമായി ഉന്നയിക്കപ്പെട്ടു.
 
ലോകസാഹിത്യചരിത്രത്തിൽ മറ്റെവിടെയും കാണാനാകാത്ത വിധം, ഒരു കവിയുടെ രചനകളുടെ ദേശസാൽക്കരണത്തിനായി ബഹുജനസമരം അരങ്ങേറി. ‘ഭാരതിക്ക് വിടുതലൈ വേണ്ടും’ (ഭാരതിക്ക് സ്വാതന്ത്ര്യം വേണം) എന്ന മുദ്രാവാക്യം ഉയർന്നു. പിന്നാലെ, 1947 ഒക്ടോബറിൽ ‘ഭാരതി വിടുതലൈ കഴകം’ എന്ന പ്രസ്ഥാനംതന്നെ രൂപംകൊണ്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ, സുബ്രഹ്മണ്യഭാരതി കച്ചവടക്കാരുടെ തടവിലാണെന്ന് സമരക്കാർ പറഞ്ഞു. ഒടുവിൽ 1955ൽ മദ്രാസ് നിയമസഭ  ഭാരതി കൃതികൾ ദേശസാൽക്കരിച്ച്‌ നിയമനിർമാണം നടത്തി അത് പൊതുസമൂഹത്തിന്റെ ഉപയോഗത്തിന് സൗജന്യമായി നൽകി. അങ്ങനെ പകർപ്പവകാശത്തിന്റെ കാലപരിധിയായ 50 വർഷം (ടാഗോറിന്റെ രചനകൾക്കുവേണ്ടി പിൽക്കാലത്ത് അത് 60 ആക്കി) തികയുന്നതിന് കാൽനൂറ്റാണ്ടുമുമ്പേ, തന്റെ മരണത്തിന്റെ ഇരുപത്തിനാലാം വർഷത്തിൽ,  സുബ്രഹ്മണ്യഭാരതിയുടെ രചനകൾ പൊതുസ്വത്തായി. ഗാന്ധിജിയുടെയോ ടാഗോറിന്റെയോ നെഹ്റുവിന്റെയോ അംബേദ്കറുടെയോ രചനകൾക്ക് കൈവന്നിട്ടില്ലാത്ത സവിശേഷമായ ഒരംഗീകാരം. അങ്ങനെ, സാഹിത്യത്തിന്റെ ദേശസാൽക്കരണത്തിനായി ഒരു ജനത സമരത്തിനിറങ്ങുകയും അതിൽ വിജയം നേടുകയും ചെയ്തതിന്റെ കഥകൂടിയായി സുബ്രഹ്മണ്യഭാരതിയുടെ ജീവിതകഥ.
 
ലോകചരിത്രത്തിൽത്തന്നെ അസാധാരണമായ ഈ രാഷ്ട്രീയ‐സാംസ്കാരിക സംഭവത്തിന്റെ ചരിത്രമാണ് വെങ്കടാചലപതി  അനാവരണം ചെയ്തിരിക്കുന്നത്. 2018 പകുതിയോടെ പ്രസിദ്ധീകരിക്കപ്പെട്ട (Juggernaut, Delhi)  ഈ ഗ്രന്ഥം  വ്യാപക  ശ്രദ്ധ കൈവരിച്ച ഒന്നാണ്. നാല് അധ്യായങ്ങളിലായി, ഭാരതിയുടെ ജീവിതത്തിന്റെയും മേൽപ്പറഞ്ഞ സംഭവത്തിന്റെയും അത്യന്തം നാടകീയമായ ഉള്ളടക്കവും അതിലെ വളവുതിരിവുകളും  വിവരിക്കുന്നു.  ഭാരതിയുടെ ജീവിതചരിത്രം സാമാന്യമായി പ്രതിപാദിക്കുന്നതാണ് ഒന്നാം അധ്യായം.  രചനകൾക്ക് കൈവന്ന അതുല്യമായ സ്വാധീനശക്തിയാണ് രണ്ടാം അധ്യായത്തിലെ പ്രമേയം. മൂന്നും നാലും അധ്യായങ്ങളിലായി ഭാരതിയുടെ രചനകൾ ദേശസാൽക്കരിക്കുന്നതിനായി നടന്ന സമരങ്ങളും അതിന്റെ വിജയകരമായ പരിസമാപ്തിയും അതുളവാക്കിയ പിൽക്കാലഫലവും ചർച്ചചെയ്തിരിക്കുന്നു. ദേശീയപ്രസ്ഥാനവും സ്വത്വബോധവുംമുതൽ ശബ്‌ദലേഖനവും സിനിമയും പകർപ്പവകാശവുംവരെയുള്ള വിഭിന്നഘടകങ്ങൾ പങ്കുചേർന്ന് പണിതെടുത്ത ഒരു ചരിത്രസന്ദർഭത്തിന്റെയും ചരിത്രസംഭവത്തിന്റെയും ഹൃദ്യമായ പ്രതിപാദനമാണ് വെങ്കടാചലപതിയുടെ ഗ്രന്ഥം. ആ നിലയിൽ, സാംസ്കാരികചരിത്രം എന്നതിന്റെ നല്ല മാതൃകകളിലൊന്നായി ഈ പുസ്തകം മാറിത്തീരുകയും ചെയ്തിരിക്കുന്നു.
പ്രധാന വാർത്തകൾ
 Top