24 February Sunday

കുഞ്ഞമ്പു മാഷും കുട്ട്യോളും

ബി സി ഖാദർUpdated: Sunday Sep 9, 2018

 തന്റേതായ പ്രത്യേക അർഥവിവക്ഷയോടെ വാക്കുകൾ പ്രയോഗിക്കുക. പ്രയോഗത്തിലെ ചില്ലറ മാറ്റങ്ങളോടെ അവയ്‌ക്ക്‌ പുതിയ അർഥതലങ്ങൾ മെനയുക. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത്‌ അവ അവതരിപ്പിക്കുക. ഇതൊക്കെ നമ്മുടെ നാട്ടിൽ പലരുടെയും ഇഷ്ടവിനോദമാണ്‌. സാഹിത്യത്തിൽ ഇത്തരം  പ്രയോഗിത്തിലൂടെ  പേരും പെരുമയും നേടിയവർ കുറവല്ല. കുറുങ്കവിതകളിലൂടെ ജീവിത ദർശനം പറഞ്ഞുതന്ന കുഞ്ഞുണ്ണി മാഷും പ്രാദേശികവും ഗ്രാമ്യവുമായ വാക്കുകൾകൊണ്ട്‌ സ്വയം ഒരു ഭാഷതന്നെയായി മാറിയ വി കെ എന്നുമൊക്കെ അവരിൽ ചിലർ.

നഗരത്തിന്റെ വടക്കുഭാഗത്ത്‌ ‘ഓന്ത്‌’ എന്നും തെക്കുഭാഗത്ത്‌ ‘മന്തൻ’ എന്നും വട്ടപ്പേരുള്ള കഥാപാത്രത്തെ ഒരു തെരുവിന്റെ കഥയിൽ എസ്‌ കെ  പൊറ്റെക്കാട്ട്‌ അവതരിപ്പിക്കുന്നുണ്ട്‌. രണ്ട‌് പേരുകളും ചേർത്ത്‌ ബഹുമാനത്തിന്‌ ഒരു ‘ജി’കൂടി ഘടിപ്പിച്ച്‌ ഓമന്ത്‌ജിയും പിന്നീട്‌ ഓമഞ്ചിയും ആയി മാറുന്നു ആ കഥാപാത്രം. 
 വാക്കുകളെക്കൊണ്ട്‌ നൃത്തം ചെയ്യിക്കുന്ന ഒരധ്യാപകന്റെ ഇംഗ്ലീഷ്‌ ക്ലാസ്‌ റൂം പ്രയോഗങ്ങൾ പങ്കുവയ്‌ക്കുകയാണ്‌ ഇ പി രാജഗോപാലൻ ‘കുഞ്ഞമ്പുമാഷും ഇംഗ്ലീഷ്‌ വാക്കും’ എന്ന പുസ്‌തകത്തിലൂടെ. 
വി കെ എൻ പ്രയോഗിക്കുന്നതുപോലെ ഡ്രൈവൻ (ഡ്രൈവർ) എന്നോ ഗവർണൻ (ഗവർണർ) എന്നോ വാക്കുകളെ മാറ്റിപ്പറയുക കുഞ്ഞമ്പുമാഷിന്റെ രീതിയല്ല. കുഞ്ഞുണ്ണിമാഷിനെപ്പോലെ വാക്കൊതുക്കി ഊക്കനാകാനും കുഞ്ഞമ്പുമാഷിനാകില്ല.  വാക്ക്‌ എല്ലായ്‌പോഴും ഒരേ രീതിയിൽത്തന്നെ നിലനിൽക്കണമോ? സാഹചര്യങ്ങൾക്കനുസരിച്ച്‌ അൽപ്പം തമാശയുംചേർത്ത്‌ വാക്കിനെ മാറ്റിപ്പണിതാലോ? വാക്കിന്റെ ശക്തിക്ക്‌ ചോർച്ച സംഭവിക്കാതെ കുട്ടികൾക്ക്‌ ഓർത്തുവയ്‌ക്കാൻ പാകത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാലോ?  ഈ പുസ്‌തകത്തിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനും പറയും അതുവേണമെന്ന്‌.
മാഷിന്റെ വിഷയം ഇംഗ്ലിഷാണ്‌. സ്‌പെല്ലിങ്ങും ഗ്രാമറുമൊക്കെ സാധാരണക്കാരുടെ മക്കൾക്ക്‌ ബാലികേറാമലയായ കാലത്ത്‌ പഠിപ്പിച്ചു തുടങ്ങിയ മാഷ്‌ കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പൊടിക്കൈകൾ എത്ര ആസ്വാദ്യകരം. ക്ലാസിൽ മതിമറന്നിരിക്കുന്ന കുട്ടികളും അതുപോലെ പ്രതികരിക്കും. ഒരുദാഹരണം. മാഷ്‌ വാൻഗോഗിന്റെ ജീവിതം പരിചയപ്പെടുത്തുയകാണ്‌. ആമിന എന്ന കുട്ടി പതുക്കെ എഴുന്നേറ്റ്‌ ചെന്ന്‌ ബോൾഡിൽ എഴുതി,  "Pain'ter.  അതുപോലെ  Fool  എന്നെഴുതിയ സ്ലിപ്‌ കിട്ടിയ കുട്ടി സങ്കടപ്പെട്ടപ്പോൾ മാഷ്‌: ‘കുട്ടീ നീയത്‌ ഹിന്ദിയിൽ വായിക്കൂ.’
 
ഇംഗ്ലീഷ്‌ വാക്കുകളെമാത്രമല്ല, മാഷ്‌ ഇങ്ങനെ ഉപയോഗിക്കുന്നത്‌. ഹിന്ദിയിലും മലയാളത്തിലുമുള്ള വാക്കുകളെ കൂട്ടിപ്പിടിച്ച്‌ മാഷ്‌ നടത്തുന്ന  കസർത്തിന്‌ മറിച്ചുചൊല്ലലുമായി ചെറിയ സാമ്യമൊക്കെയുണ്ട്‌. ഹോജാ കഥകളുമായും തെനാലി രാമൻ കഥകളുമായുമൊക്കെ ചേർത്ത്‌ കുഞ്ഞമ്പുമാഷിന്റെ തമാശകൾ വായിക്കാം. നമ്പൂതിരിയും നമ്പൂതിരിപ്പാടും തമ്മിൽ ഒരു ‘പാട്‌’ അകലമുണ്ടെന്ന്‌ നിരീക്ഷിച്ചത്‌ സാക്ഷാൽ ഇം എം എസ്‌ ആയിരുന്നല്ലോ. വല്ലാതെ ബുദ്ധിമുട്ടിച്ച വിക്കിനെ ഇം എസ്‌ എസ്‌ പതുക്കെ പതുക്കെ മെരുക്കിയെടുത്ത കാര്യം സൂചിപ്പിച്ചപ്പോൾ കുഞ്ഞമ്പുമാഷ്‌  പറഞ്ഞു:  victory  
 
എല്ലാ വിഷമസ്ഥലികളെയും ലഘൂകരിക്കാൻ ഹാസ്യത്തിനുള്ള കഴിവിനെ ഭാഷാ ക്ലാസുകളിൽ സമർഥമായി ഉപയോഗിക്കുകയായിരുന്നു കുഞ്ഞമ്പുമാഷ്‌. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ പ്രയോഗങ്ങൾക്ക്‌  ദാർശനികമാനം കൈവരും. കുട്ടികളിൽ അതുണ്ടാക്കുന്ന അറിവിന്റെ വിസ്‌ഫോടനം വളരെ വലുതായിരിക്കും. ഒരുദാഹരണം. കവിതാ ക്ലാസിൽ fly എന്ന വാക്ക്‌ കടന്നുവരുന്നു. പെട്ടെന്ന്‌ മാഷ്‌ പറയുന്നത്‌ കവിതയിൽ അച്ചടിച്ചിട്ടില്ലാത്ത sky കൂടി കാണണമെന്നാണ്‌.  flyയിൽ sky  കൂടി ചിറകടിക്കുന്നുണ്ട്‌. പോരേ പൂരം. കവിതയ്‌ക്ക്‌ ഇതിൽപ്പരം മറ്റെന്ത്‌ നിർവചനമാണുള്ളത്‌. 
 
ക്ലാസിൽ അർഥം കിട്ടാതെ വലയുന്ന ഒരു കുട്ടിയെ മാഷ്‌ സഹായിക്കുന്നത്‌ നോക്കൂ. Sudden  എന്ന വാക്കിന്റെ അർഥമാണ്‌ കുട്ടിക്ക്‌ കിട്ടാത്തത്‌. മാഷ്‌ പറയുന്നു, കുട്ടീ, വാക്കിന്റെ ആദ്യ അക്ഷരം പൊത്തിപ്പിടിക്കൂ.
 
Nation എന്നതാണ്‌ അർഥമറിയേണ്ട വാക്ക്‌. കുഞ്ഞമ്പു മാഷിന്റെ രീതിയിൽ അവസാനത്തെ മൂന്നക്ഷരം പൊത്തിപ്പിടിക്കുന്ന കുട്ടി നാട്‌ എന്ന അർഥം കണ്ടെത്തുന്നു. 
എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഗ്രന്ഥകർത്താവ്‌ ദീർഘകാലത്തെ അധ്യാപന അനുഭവത്തിൽനിന്ന്‌ പെറുക്കിയെടുത്ത സുന്ദരമുഹൂർത്തങ്ങളാണ്‌ കുഞ്ഞമ്പുമാഷിലൂടെ പുറത്തുവന്നത്‌. ക്ലാസ്‌ മുറികൾ ആകർഷകമാക്കണമെങ്കിൽ അധ്യാപകർ സഹൃദയരാകണമെന്നും  കുഞ്ഞുങ്ങളുടെ മനസ്സിൽ ഒരിടം കണ്ടെത്താൻ കഴിയുന്നവരാകണമെന്നും ഈ പുസ്‌തകം പറയുന്നു. രീതിശാസ്‌ത്രങ്ങൾ മാറിമാറി വരും. പാഠ്യപദ്ധതികളും പഠനരീതികളും മാറും. എന്നാൽ, ഇതിനൊക്കെയപ്പുറം ഓരോ അധ്യാപകനും കണ്ടെത്തുന്ന രീതിശാസ്‌ത്രമുണ്ട്‌. തന്നെത്തന്നെ നോക്കി മിഴിച്ചുനിൽക്കുന്ന കുഞ്ഞുമനസ്സുകളിലേക്ക്‌ എളുപ്പമെത്താനുള്ള ഒരു കുറുക്കുവഴി.
പ്രധാന വാർത്തകൾ
 Top