17 August Saturday
ഏക്‌താര

നജ്മല്‍, സത്യജിത്‌: ശോകാത്മകതയുടെ സംഗീതം

നദീം നൗഷാദ്‌Updated: Sunday Sep 9, 2018
ഒരു ഗായകന്റെ രണ്ട് മക്കൾ. വ്യത്യസ്‌ത പാരമ്പര്യത്തിൽനിന്ന് വന്നവർ. രണ്ട് ആലാപനശൈലി ഉള്ളവർ. കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മക്കളാണവർ.  അബ്ദുൾ ഖാദറിന് ആച്ചുമ്മയിൽ ജനിച്ച നജ്മൽ ബാബുവും ശാന്താദേവിയിൽ ജനിച്ച സത്യജിത്തും. ആലാപനത്തിലും ജീവിതത്തിലും വിഭിന്നമായ വഴികളിലൂടെ സഞ്ചരിച്ചവർ.
ബാബുരാജിന്റെയും അബ്ദുൾ ഖാദറിന്റെയും മെഹ്ഫി‌ൽ സംസ്‌കാരത്തിന്റെ തുടർച്ചയായിരുന്നു നജ്മൽ ബാബു. അന്നത്തെ പാട്ടുകാരുടെ കേന്ദ്രമായ സംഗീതക്ലബ്ബുകളിൽ ഹിന്ദി സിനിമാഗാനങ്ങളും ഗസലുകളും പാടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് എച്ച്എംവിക്കുവേണ്ടി മുസ്ലിം ഭക്തിഗാനങ്ങൾ പാടി.
  
നജ്മൽ ബാബു

നജ്മൽ ബാബു

സിനിമയിലെ അവസരങ്ങൾക്ക് നജ്മൽ ശ്രമിച്ചില്ല. ബാബുരാജ് അടുത്ത സുഹൃത്തായിട്ടുപോലും അബ്ദുൾ ഖാദർ മകനുവേണ്ടി ശുപാർശ ചെയ്‌തിരുന്നില്ല. ബാല്യകാലസഖി (1967) യിൽ കോറസ് പാടിയതൊഴിച്ചാൽ മറ്റ് അവസരങ്ങൾ ഒന്നും ലഭിച്ചില്ല. പിന്നീട് വർഷങ്ങൾക്കുശേഷം ഗുൽമോഹറിൽ (2008) അബ്ദുൾ ഖാദറിന്റെ പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ എന്ന പാട്ട‌് നജ്‌മൽ പാടി.  സിനിമ പുറത്തുവന്നപ്പോൾ ഗായകന്റെ പേര് ഉണ്ടായിരുന്നില്ല. അടൂരിന്റെ സ്വയംവരത്തിൽ ആദ്യം നായകനായി ആലോചിച്ചത് നജ്മൽ ബാബുവിനെ. അഡ്വാൻസും കൊടുത്തു. പിന്നീട് മധുവിനെ നായകനാക്കി.  
നാട്ടിലെ താൽക്കാലിക ജോലികളിൽ തുടരാനാകാതെ വന്നപ്പോഴാണ് സഹോദരീഭർത്താവ് ബീരാൻ കൽപ്പുറത്തിന്റെ കൂടെ നജ്മൽ ഗൾഫിലെത്തിയത്. അബുദാബിയിലെ ബാങ്ക് പാരിബയിലായിരുന്നു ജോലി. അവിടെ മെഹഫിലുകൾ ഏറെ ആരാധകരെ നേടിക്കൊടുത്തു. അധികകാലം അവിടെ തുടരാനായില്ല. അസുഖംമൂലം നാട്ടിലേക്ക്. പാരിബാസ് എന്ന പേരിൽ കോഴിക്കോട്ട്‌ ഹോട്ടൽ തുടങ്ങി. അവിടെ ഭക്ഷണത്തോടൊപ്പം സംഗീതവും വിളമ്പി.  
അവസാനകാലത്ത് രോഗങ്ങൾ അലട്ടി. വൃക്ക മാറ്റിവച്ച് വിശ്രമജീവിതത്തിലിരിക്കുമ്പോഴാണ് ഹൃദയാഘാതം. അതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തന്റെ പ്രാണനായ ശബ്ദം നഷ്ടമായെന്ന സത്യം വേദനയോടെ അറിഞ്ഞത്. സംയമനത്തോടെയായിരുന്നു ഈ അവസ്ഥയെ അദ്ദേഹം നേരിട്ടത്. ഏകാന്തതയിൽ തന്റെയുള്ളിൽ ഉയരുന്ന പാട്ടുകൾ മൂളി അദ്ദേഹം ശബ്ദം വീണ്ടെടുക്കാൻ ശ്രമിച്ചു. അതിന് ഭാര്യ സുബൈദയും മക്കളായ ലെസ്ലിയും പ്രിയേഷും സഹായിച്ചു. അധികം താമസിയാതെ 2015 നവംബറിലെ ഒരു സായാഹ്നത്തിൽ  അദ്ദേഹം  വിടപറഞ്ഞു.
നജ്മലിന്റേതിൽനിന്ന‌് തികച്ചും വ്യത്യസ്‌തമായിരുന്നു സത്യജിത്തിന്റെ ജീവിതവഴികൾ. വിവാഹം കഴിക്കാതെ ഒന്നിച്ചുതാമസിച്ച തങ്ങൾക്ക്‌ കുഞ്ഞു ജനിക്കാൻ പോകുന്ന‌ു എന്നറിഞ്ഞപ്പോൾ  അബ്ദുൾഖാദറും ശാന്താദേവിയും പരിഭ്രാന്തരായി. നാടകകൃത്ത്‌ കെ ടി മുഹമ്മദ് ഖാദറിന് ധൈര്യം കൊടുത്തു, “പേടിക്കേണ്ട കുഞ്ഞു ജനിക്കട്ടെ. ആ കുഞ്ഞ്‌ ഈ സമൂഹത്തിൽ വളരട്ടെ”.  
നാടകത്തിൽ സജീവമായിരുന്ന  ശാന്താദേവി താമസിയാതെ രാമുകാര്യാട്ടിന്റെ മിന്നാമിനുങ്ങി (1957)ലൂടെ സിനിമയിലെത്തി. അഭിനയിക്കാൻ പോകുമ്പോൾ അവർ മകനെയും കൂടെ കൂട്ടി. സിനിമാ സെറ്റുകളിൽ അവൻ ബാല്യം ചെലവഴിച്ചു. ഇതിനിടെ അവനും അഭിനയിക്കാൻ അവസരം കിട്ടി. പി എൻ  മേനോന്റെ കുട്യേടത്തി (1971)യിൽ ബാലതാരമായി. തുടർന്ന് അച്ചാണി, ചട്ടക്കാരി, അസുരവിത്ത്‌ തുടങ്ങി മുപ്പതോളം സിനിമകൾ. അച്ചാണിയിലെയും തീർഥയാത്രയിലെയും അഭിനയത്തിന് സംസ്ഥാന അവാർഡ‌് കിട്ടി.  
എവിടെയും ഉറച്ചുനിൽക്കാത്ത പ്രകൃതമായിരുന്നു സത്യജിത്തിന്റേത്. കോഴിക്കോട്‌ ഗവൺമെന്റ്‌ ആട്സ് ആൻഡ്‌ സയൻസ്‌ കോളേജിൽ  പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും അത് പൂർത്തിയാക്കാതെ പട്ടാളത്തിൽ പോയി. അതും പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നെ പാട്ടിലായി ശ്രദ്ധ. അബ്ദുൾ ഖാദറിന്റെ പാട്ടുകളാണ് ആദ്യം പാടിത്തുടങ്ങിയത്. പിന്നെ മുകേഷിന്റെ പാട്ടുകളും.  
പാട്ടുമായി ലയിച്ചുചേരാനുള്ള സത്യജിത്തിന്റെ കഴിവ് അനുപമമായിരുന്നു. ഒരു വരിതന്നെ പലരീതിയിൽ പലതവണ പാടും. മനോധർമം ഉപയോഗിക്കുന്നതിൽ  അപാരമായ കഴിവ് പ്രകടിപ്പിച്ചു. സത്യന്റെ പാട്ട് കേട്ടാൽ ശാസ്ത്രീയമായി പഠിക്കാത്ത ഒരാളാണ് പാടുന്നതെന്ന് തോന്നില്ല. അച്ഛൻ പാടിയ സിനിമാഗാനങ്ങൾ സത്യൻ ഗസൽ രൂപത്തിൽ അവതരിപ്പിച്ചു. മായരുതേ വനരാധേ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
നന്നായി പാടുമെങ്കിലും വലിയ പാട്ടുകാരനായി അറിയപ്പെടാൻ സത്യജിത്‌ ശ്രമിച്ചിരുന്നില്ല. സുഹൃത്തുക്കൾക്കുവേണ്ടി  പാടുന്നതിലും ചില സ്റ്റേജ് പരിപാടികളിലും മാത്രമൊതുങ്ങി സംഗീതലോകം.  നടൻ എന്ന നിലയിലായിരുന്നു സത്യൻ  കൂടുതൽ കഴിവ് പ്രകടിപ്പിച്ചത്. മുതിർന്നപ്പോൾ സിനിമയിൽനിന്ന്‌ അകന്നു.  
ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നെങ്കിലും ഏകാകിയായിരുന്നു സത്യജിത്‌. തനിച്ചിരിക്കുന്നതിൽ സന്തോഷം കണ്ടെത്തി. ലഹരി തരുന്ന ആനന്ദത്തിന്റെ നിമിഷങ്ങളിൽ അഭിരമിക്കുകയായിരുന്നു കൂടുതൽ സമയവും.  
പിവിഎസ് ഹോസ്‌പിറ്റലിൽ ജോലി ചെയ്യുമ്പോഴാണ്  നേഴ്സിങ‌് വിദ്യാർഥിയായ സോഫി എന്ന ക്രിസ്‌ത്യൻ പെൺകുട്ടിയുമായി സത്യജിത്‌ പ്രണയത്തിലാകുന്നത്.   വിവാഹത്തിനുശേഷം കുവൈത്തിലേക്കും തുടർന്ന്  ഇറാഖിലേക്കും. ഗൾഫ്‌ യുദ്ധത്തിനിടെ തിരികെ  നാട്ടിൽ. ഇതിനിടെ സോഫിക്ക് ക്യാൻസർ ആണെന്ന വിവരം സത്യജിത്തിനെ ദുഃഖിപ്പിച്ചു. സോഫി തന്നെ വിട്ടുപോകുന്നത് ചിന്തിക്കാൻപോലുമായില്ല സത്യന്. അന്യമതക്കാരനെ വിവാഹം കഴിച്ച സോഫിക്ക് മരണശേഷം തെമ്മാടിക്കുഴി കിട്ടുമെന്ന് സത്യജിത്‌ ഭയന്നു.  ക്രിസ്‌തുമതം സ്വീകരിച്ചു.  ഭാര്യ വിടപറയുംമുമ്പേ പെരുമ്പാവൂരിലെ ലോഡ്‌ജിൽ മദ്യത്തിൽ വിഷംചേർത്ത് സത്യജിത‌് മരണം സ്വയംവരിച്ചു. ശേഷം മക്കളായ അജിത്തും ശ്യാമും ശാന്താദേവിയുടെ കൂടെയായിരുന്നു.
 
സത്യജിത്‌

സത്യജിത്‌

ലെസ്ലി ആൻഡ്രൂസ് മതംമാറിയാണ്‌ അബ്ദുൾഖാദർ ആയത്‌. മകൻ സത്യജിത് ക്രിസ്‌തുമതത്തിലേക്ക് തിരിച്ചുപോയത്‌ ഇവരുടെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു  നാടകീയതകളിലൊന്നുമാത്രം.
നജ്മൽ ബാബുവും സത്യജിത്തും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ടായിരുന്നു. ഇരുവരും സ്വയം മാർക്കറ്റ് ചെയ്യുന്നതിൽ വിമുഖർ. ജനങ്ങൾക്കിടയിലിരുന്നു പാടാനായിരുന്നു ഇരുവർക്കുമിഷ്ടം.  പ്രാരാബ്‌ധങ്ങളുടെയും വ്യക്തിഗത ദുരന്തങ്ങളുടെയും ഭൂമികയിൽനിന്നായിരുന്നു അബ്ദുൾഖാദറും നജ്മലും സത്യനും പാടിയത്.  അതുകൊണ്ടുതന്നെ ജീവിതവ്യഥകൾ നൽകിയ ശോകാത്മകത ഇവരുടെ പാട്ടുകളെ ചൂഴ്‌ന്നുനിന്നു.
 
 
 
പ്രധാന വാർത്തകൾ
 Top