13 July Monday

വ്യാജയോഗം

സൂക്ഷ്മൻUpdated: Sunday Jun 9, 2019

ജ്യോതിഷമാണ് ലോകത്തിലെ ഒന്നാമത്തെ ശാസ‌്ത്രമെന്ന‌് പൊക്രിയാൽ പറഞ്ഞത് പാർലമെന്റിലാണ്.  ‘നമ്മളിന്ന് ആണവ പരീക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു. ലക്ഷക്കണക്കിനു വർഷങ്ങൾക്കുമുമ്പ് പ്രാചീനഭാരതത്തിൽ കണാദ മഹർഷി ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്’ എന്ന വാചകത്തിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിനാണ്

 
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിവാറിൽ അംഗമാണ് സരസ്വതിവിദ്യാലയം. അവിടെ പഠിപ്പിച്ച‌് നേതാവായ പലരും ഇന്ന് രാജ്യഭരണം നയിക്കുന്നു. അതിൽ ഒരാളാണ് രണ്ടാം മോഡി മന്ത്രിസഭയിൽ മാനവ വിഭവശേഷിവകുപ്പ് കൈകാര്യംചെയ്യുന്ന രമേശ് പൊക്രിയാൽ നിഷാങ്ക്. വിജ്ഞാനത്തിന്റെ നിറകുടം. ജ്യോതിഷത്തിനുമുന്നിൽ ശാസ‌്ത്രം വെറുമൊരു അശുമാത്രമാണെന്നും ലക്ഷം വർഷംമുമ്പ‌് ഭാരതീയർ അണുവിസ‌്ഫോടനം നടത്താറുണ്ടായിരുന്നുവെന്നും കണ്ടെത്തിയപ്പോൾ അദ്ദേഹം ബിജെപിയുടെ പാർലമെന്റ് അംഗംമാത്രം.  
ഹിമാലയത്തിന്റെ താഴ‌്‌വാരങ്ങളിലെ മരങ്ങൾ വെട്ടിനശിപ്പിക്കുന്ന നിരവധി ഖനനപദ്ധതികൾക്കാണ് അദ്ദേഹം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അനുമതി നൽകിയത്. 
ജ്യോതിഷമാണ് ലോകത്തിലെ ഒന്നാമത്തെ ശാസ‌്ത്രമെന്ന‌് പൊക്രിയാൽ പറഞ്ഞത് പാർലമെന്റിലാണ്.  ‘നമ്മളിന്ന് ആണവ പരീക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു. ലക്ഷക്കണക്കിനു വർഷങ്ങൾക്കുമുമ്പ് പ്രാചീനഭാരതത്തിൽ കണാദ മഹർഷി ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്’ എന്ന വാചകത്തിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിനാണ്. ഗണപതിക്ക‌് ശസ്‌ത്രക്രിയ നടത്തി തല മാറ്റിവച്ചതിന്റെ "ശാസ‌്ത്രീയ വശം’ നരേന്ദ്ര മോഡി പറഞ്ഞപ്പോൾ, "അതൊരു ശസ‌്ത്രക്രിയതന്നെയായിരുന്നു. നമ്മുടെ ശാസ‌്ത്രം ലോകത്തൊരിടത്തും ഇല്ലായിരുന്നു. ശിരസ്സ‌് മാറ്റിവയ‌്ക്കുന്ന വിദ്യ പ്രാചീനഭാരതത്തിൽ ഉണ്ടായിരുന്നു’ എന്നാണ് പൊക്രിയാൽ  ന്യായീകരിച്ച‌് വിശദീകരിച്ചത്. 
 
എൻഐടികൾ‎, ഐഐടികൾ, കേന്ദ്രീയവിദ്യാലയങ്ങൾ‎, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക‌്നിക്കൽ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ, സെൻട്രൽ ബോർഡ്‌ ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ എന്നിവയെ ആകെ നയിക്കുന്നത് മാനവ വിഭവശേഷിവകുപ്പാണ്. അതായത്, രാജ്യത്തെ പുതുതലമുറയെ വിദ്യാസമ്പന്നരാക്കാൻ  നിയോഗിക്കപ്പെട്ട വകുപ്പ‌്.  അതിനെ നയിക്കുന്നത് വിദ്യാഭ്യാസരംഗത്ത‌് പ്രാവീണ്യം തെളിയിച്ചവരും ഭാവനാസമ്പന്നരും ശാസ്‌ത്രചിന്തയുള്ളവരും ആകണം എന്നാണ‌് വയ‌്പ‌്. പലതും തിരുത്തുന്ന തിടുക്കത്തിൽ ബിജെപി ആദ്യം കൈവച്ചത‌് ആ കീഴ‌്‌വഴക്കത്തിലാണ്. 
 
സ്‌മൃതി ഇറാനിയെ മാനവ വിഭവശേഷിമന്ത്രിയാക്കിയത് നരേന്ദ്ര മോഡിയുടെ ആദ്യ മന്ത്രിസഭയിലാണ്. സർക്കാരിനെ   നയിക്കുന്ന നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ഒരു രേഖയും ഇന്നുവരെ ആരും പുറത്തുവിട്ടിട്ടില്ല. ബിരുദാനന്തര ബിരുദം ഉണ്ടെന്നാണ് മോഡി സ്വയം പറയുന്നത്. പക്ഷേ, മോഡിയോടൊപ്പം പഠിച്ചവരെയോ അദ്ദേഹത്തെ പഠിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചവരെയോ കണ്ടുമുട്ടാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല. മുൻ മാനവ വിഭവശേഷിമന്ത്രി സ‌്മൃതി ഇറാനി ഡിഗ്രി ഉണ്ടെന്ന‌് ആദ്യം പറഞ്ഞു. ഡൽഹി  യൂണിവേഴ്സിറ്റിയുടെ വിദൂര പഠന സംവിധാനത്തിൽ  ബിരുദത്തിന് ചേർന്നെങ്കിലും  പൂർത്തിയാക്കാനായില്ല എന്നാണ‌് ഒടുവിൽ അവർ അവകാശപ്പെട്ടത്. ഇതാണ് പാരമ്പര്യം എന്നതുകൊണ്ട് മോഡി മന്ത്രിസഭയിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യാൻ എന്തുകൊണ്ടും യോഗ്യനാണ് രമേശ് പൊക്രിയാൽ എന്നതിൽ സംശയമേതുമില്ല. 
 
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽനിന്ന് രണ്ട് ഡോക്ടറേറ്റ‌് വാങ്ങിയ ആളാണ് താൻ എന്ന് അഭിമാനപൂർവം പറയുന്ന നേതാവാണ് പൊക്രിയാൽ. എന്നാൽ, ഇങ്ങനെ ഒരു സർവകലാശാലയേ  ഇല്ലെന്നാണ് ആ രാജ്യത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ ഉറപ്പിച്ചു പറയുന്നത്. സാഹിത്യത്തിനുള്ള സംഭാവന പരിഗണിച്ചും  ശാസ‌്ത്രത്തിനുള്ള സംഭാവന പരിഗണിച്ചും ഒറ്റക്കൊല്ലം  തനിക്ക‌് രണ്ട‌് ഡോക്ടറേറ്റ് കിട്ടി എന്ന വാദത്തിൽനിന്ന് പക്ഷേ പൊക്രിയാൽ ഒരിഞ്ച‌് പുറകോട്ടുപോകുന്നില്ല. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയംതോന്നിയ ചിലർ  കഴിഞ്ഞവർഷം വിവരാവകാശ നിയമപ്രകാരം ആവശ്യമുന്നയിച്ചപ്പോൾ കൃത്യമായ രേഖകൾ ഒന്നും കൊടുക്കാനുണ്ടായിരുന്നില്ല. ജനനതീയതി മാറ്റി രേഖപ്പെടുത്തിയതിന്റെ പേരിലും ഇദ്ദേഹം വിവാദകേന്ദ്രമായി. 
 
മോഡിയും അമിത് ഷായും എല്ലാ വകുപ്പുകളിലും അപ്രമാദിത്വം ഉറപ്പിക്കുകയും ആർഎസ്എസിന‌് സർക്കാരിനുമേൽ പരിപൂർണ നിയന്ത്രണം ഉണ്ടാവുകയും ചെയ്യുന്ന ഘട്ടത്തിൽ സംഘമിത്രമോ സംഘബന്ധുവോ ആയ ഒരാജ്ഞാനുവർത്തി എന്ന യോഗ്യതമാത്രമേ മാനവ വിഭവശേഷിമന്ത്രിക്ക‌് വേണ്ടതുള്ളൂ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top