29 May Friday

ഓട്ടോഗ്രാഫ്

പ്രദീപ് പേരശ്ശനൂര്‍Updated: Sunday Jun 9, 2019

പ്രദീപ് പേരശ്ശനൂര്‍

ലീല എന്ന സഹപാഠി അവളുടെ ഓട്ടോഗ്രാഫ് എനിക്കുതന്നു. എന്റേതുപോലെ പകിട്ടുകുറഞ്ഞത‌്. എഴുതാനായ് തുറന്നപ്പോൾ വിഷമമായി. അതിൽ മൂന്നോ നാലോ പേജിൽ മാത്രമേ കുറിപ്പുകളുള്ളൂ. ലീല എന്നെപ്പോലെ വൈകിയാണോ ഓട്ടോഗ്രാഫ് വാങ്ങിയത്. അല്ല! മുമ്പ് സൂചിപ്പിച്ച കാരണമാണ്. ലീല സുന്ദരിയല്ല, പഠിക്കാനോ മറ്റ് കാര്യങ്ങളിലോ മിടുക്കിയല്ല. എല്ലാത്തിനുമുപരി ദളിതും

 

1993‐94 അധ്യയന വർഷം. എസ‌്എസ‌്എൽസിയുടെ അവസാനപാദം. പൊതുപരീക്ഷക്കിനി ഒന്നരമാസം.  ഗ്രാമത്തിലെ വേണ്ടത്ര അധ്യാപകരോ, സൗകര്യമോ ഇല്ലാത്ത ഒരു സാദാ സർക്കാർ സ‌്കൂൾ. ജയിക്കുമെന്ന പ്രതീക്ഷയോ, സ്വപ്‌‌നമോ ഭൂരിഭാഗം വിദ്യാർഥികൾക്കുമില്ല. പത്തിൽ താഴെ പേരാണ് അക്കാലം, ഞാൻ പഠിച്ച സ‌്കൂളിൽ എസ‌്എസ‌്എൽസി  ജേതാക്കളായുണ്ടാകുക. പരിഷ‌്കാരം കുറവെങ്കിലും ഓട്ടോഗ്രാഫ് സമ്പ്രദായം എന്റെ സ‌്കൂളിലുമുണ്ട്. സ്‌കൂൾ ജീവിതത്തിന്റെ അവസാനമായിരുന്നു ഞങ്ങൾ മിക്കവർക്കും എസ‌്എസ‌്എൽസി. പരിസരത്തുള്ള കടകളിലെല്ലാം വിലകൂടിയതും കുറഞ്ഞതും പകിട്ടാർന്നതുമൊക്കെയായ ഓട്ടോഗ്രാഫ് തൂക്കിക്കിടപ്പുണ്ട്. രണ്ടുരൂപ മുതൽ പത്തുരൂപവരെ വിലയുള്ളവ. 

വിദ്യാർഥികൾ ഓട്ടോഗ്രാഫ് വാങ്ങി പരസ്പരം കുത്തിക്കുറിക്കാൻ തുടങ്ങി. മുൻ വിദ്യാർഥികളുടെ ക്ലീഷെ വരികളുണ്ട്. അതനുകരിച്ചാണധികപേരും എഴുതുക. മംഗളകരമായ വൈവാഹികജീവിതം നേർന്നുകൊണ്ടുള്ള ആശംസകൾക്കും കുസൃതികൾ ഒളിപ്പിച്ചുവച്ച കുറിപ്പുകൾക്കും പഞ്ഞമില്ല. എഴുതാൻ എനിക്ക‌് പിശുക്കാണ്. ഒന്നോ രണ്ടോ വരികളാണ് കുറിക്കുക. സാമാന്യം പഠിക്കുന്ന കൂട്ടത്തിലുള്ളയാളാണ‌് ഞാൻ; അങ്ങനെയൊരു പദവിയേൽക്കാൻ സന്നദ്ധനായിരുന്നില്ലെങ്കിലും. സഹപാഠികളുടേയും അധ്യാപകരുടേയും നോട്ടത്തിൽ എസ‌്എസ‌്എൽസി ജയിക്കാൻ സാധ്യതയുള്ള പഠിതാവ‌്. അങ്ങനെയുള്ള വിദ്യാർഥികളുടെ ഓട്ടോഗ്രാഫ് കുറിപ്പുകൾക്ക് മൂല്യമുണ്ട്; പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. ആൺകുട്ടികൾ പെൺകുട്ടികളുടെ ഓട്ടോഗ്രാഫിലെഴുതാൻ മുൻഗണന നൽകുന്നത് സുന്ദരിയാണോ എന്നു നോക്കിയാണ്. സുന്ദരിയല്ലാത്തവളുടെയും പഠിക്കാൻ മണ്ടിയായവളുടേയും ഓട്ടോഗ്രാഫിലെഴുതാൻ  മിക്ക ആൺകുട്ടികൾക്കും താല്പര്യമില്ല. അനാരോഗ്യകരമായ മത്സരവും ജാതിബോധവുമൊക്കെ കുട്ടികളിൽ പോലും  അന്തർലീനമാണ് അന്നും. 

മറ്റുള്ളവരുടെ ഓട്ടോഗ്രാഫിൽ കുറിപ്പെഴുതുന്നുണ്ടെങ്കിലും ഞാൻ സ്വന്തമായി ഓട്ടോഗ്രാഫ് വാങ്ങിയിരുന്നില്ല. വേണ്ടെന്നുവച്ചു. ജീവിതം വലിയൊരു സംഘർഷത്തിലൂടെയും എസ‌്എസ‌്എൽസി പരീക്ഷയേക്കാൾ വലിയ പരീക്ഷണത്തിലൂടെയും കടന്നുപോയ‌്ക്കൊണ്ടിരിക്കുകയായിരുന്നു. ഓട്ടോഗ്രാഫിന് വേണ്ടി അച്ഛനോട് പണം ചോദിക്കാനാവില്ല! വേറെയും കാരണമുണ്ട്.... എല്ലാത്തിനുമുപരി സ്വയം നീറ്റുന്നതിന്റെ ഒരു സുഖവും. അവസാനം എങ്ങനെയോ അത് ക്ലാസിൽ ചർച്ചയായി. പ്രദീപ് ഓട്ടോഗ്രാഫ് വാങ്ങിയിട്ടില്ല. ആ സമയം കരാറുകാരനായ അച്ഛന്  എന്റെ സഹപാഠി ഷൈനിയുടെ വീട്ടിൽ മരാമത്തുപണിയുണ്ട്. ഷൈനി എങ്ങനെയോ എന്റെ അച്ഛനോടത് സൂചിപ്പിച്ചിരിക്കണം. പിറ്റേന്ന് അമ്മ കൈവശം അച്ഛൻ അഞ്ചുരൂപ ഏൽപ്പിച്ചു; ഓട്ടോഗ്രാഫ് വാങ്ങാൻ. പകിട്ടില്ലാത്ത, ഏറ്റവും വിലകുറഞ്ഞ  ഓട്ടോഗ്രാഫാണ് ഞാൻ വാങ്ങിയത്. ബാക്കി പണം വേറൊരു കാര്യത്തിന‌് വകമാറ്റി. സഹതാപംകൊണ്ട് കൂടിയാവും എന്റെ ഓട്ടോഗ്രാഫിന് ഇരിക്കപ്പൊറുതി കിട്ടിയില്ല. 
 
ഓട്ടോഗ്രാഫ് നിറഞ്ഞപ്പോൾ കാര്യമായ ആഹ്ലാദമൊന്നും തോന്നിയില്ല. ആ സന്ദർഭത്തിൽ ഒരു സംഭവമുണ്ടായി. ലീല എന്ന സഹപാഠി അവളുടെ ഓട്ടോഗ്രാഫ് എനിക്കുതന്നു. എന്റേതുപോലെ പകിട്ടുകുറഞ്ഞത‌്. എഴുതാനായ് തുറന്നപ്പോൾ വിഷമമായി. അതിൽ മൂന്നോ നാലോ പേജിൽ മാത്രമേ കുറിപ്പുകളുള്ളൂ. ലീല എന്നെപ്പോലെ വൈകിയാണോ ഓട്ടോഗ്രാഫ് വാങ്ങിയത്. അല്ല! മുമ്പ് സൂചിപ്പിച്ച കാരണമാണ്. ലീല സുന്ദരിയല്ല, പഠിക്കാനോ മറ്റ് കാര്യങ്ങളിലോ മിടുക്കിയല്ല. എല്ലാത്തിനുമുപരി ദളിതും.  
ഞാനെഴുതി ആ ഓട്ടോഗ്രാഫ് എന്റെ ബെഞ്ച്മേറ്റ്സിന് പാസ്സ് ചെയ‌്തു. ചിലർക്ക‌് എഴുതാൻ താല്പര്യമില്ല. ചിലർ അർധമനസ്സോടെ പേരെഴുതി ഒപ്പിട്ടു. ഏറ്റവും ഖേദകരം ദളിത‌് വിഭാഗക്കാരനായ ഒരു സഹപാഠി അതിലെഴുതാൻ വിസമ്മതിച്ചതാണ്! അപ്പോൾ ജാതിബോധം മാത്രമല്ല മറ്റെന്തൊക്കെയോ ദുർവിചാരങ്ങൾ കൂടി ചെറുതിലേ മുളപൊട്ടുന്നു എന്നത് വാസ‌്തവം. അക്കാലത്ത് എസ‌്എസ‌്എൽസി പരീക്ഷയ‌്ക്ക് മുമ്പ് ഒരു ഡിക്ലറേഷനുണ്ട്. അന്നേരം ക്ലാസ്ടീച്ചറോട് ഏവരുടേയും മുന്നിൽ നിന്ന് ജാതിയും മതവും പറയണം. നായർ, ഈഴവ, മുസ്ലീം.... ഇതൊക്കെ കുട്ടികൾ നന്നായുച്ചരിക്കും. താണ ജാതിക്കാർ കുട്ടികൾ മറുപടി അപകർഷതയോടെ മന്ത്രിക്കും. എന്തുകൊണ്ടോ എന്നെ ബാധിക്കാത്ത കാര്യമായിട്ടും ഞാനപ്പോഴിരുന്ന് പൊരിയും. 
 
ആ ഓട്ടോഗ്രാഫ് കാലത്ത് ആത്മാർഥമായും ഏറെ ഇഷ്ടത്തോടും ഞാൻ കുറിപ്പെഴുതിയത് ലീലയുടെ ഓട്ടോഗ്രാഫിലാണ്. അതിൽ പൊടിഞ്ഞുപോയ കണ്ണീരിന്റേയും ആർദ്രതയുടേയും ഈർപ്പമുണ്ട്. ലീലയെ തമിഴ്നാട്ടിലേക്കാണ് വിവാഹം ചെയ്‌തയച്ചത്; ഏറെ വൈകി. കാരണം......! ഇത് ഞങ്ങളുടെ നാട്ടിലെ ഒരു രീതിയാണ്. പ്രായമേറിയിട്ടും മംഗല്യഭാഗ്യം സിദ്ധിക്കാതെ നിത്യകന്യകയായ് തുടരുന്നവർക്കിത് ഒരു രക്ഷപ്പെടൽ. കുറ്റം പറയുകയല്ല, ഭർത്താവായി ചിലർക്ക് കിട്ടുന്നത് മധ്യവയസ‌്കരെ, അല്ലെങ്കിൽ രോഗികൾ, പുനർവിവാഹിതർ, ക്രിമിനലുകൾ.... അപൂർവമായി നല്ല നിലയിലുള്ളവരെയും ജീവിതപങ്കാളിയായികിട്ടിയ ഭാഗ്യവതികൾ ഉണ്ട്. സന്തോഷം. എന്നാലും ആ യുവതികളിൽ എന്നെ സംബന്ധിച്ച്, വേദനിപ്പിക്കുന്ന ഒരു ദൈന്യം നിഴലിക്കുന്നുണ്ട്. വിദൂരമായിടത്തേക്ക്, മറ്റൊരു ഭാഷ സംസാരിക്കുന്നിടത്ത്, വേറൊരു സംസ‌്കാരം പുലരുന്നിടത്ത്... നിവൃത്തികേടുകൊണ്ടുമാത്രം ശിരസ്സ് കുനിക്കാൻ വിധിക്കപ്പെട്ട സഹോദരിമാർ. അസമത്വം ഈ ലോകത്തിന്റെ ദയാരഹിതമായ മുഖമുദ്രയാണ്! 
 
ലീല ഇന്നില്ല! പ്രസവാനന്തരം ആന്തരികരക്‌തസ്രാവം വന്ന്.... അവൾക്ക് കിട്ടിയ ഹ്രസ്വമായ ദാമ്പത്യം സുഖകരമായിരുന്നോ എന്നെനിക്കറിയില്ല.
ലീലയുടെ പഴയ ഓട്ടോഗ്രാഫ് ചിലപ്പോൾ പൊടിപടലങ്ങൾ പിടിച്ച പെട്ടിയിലോ, ഷെൽഫിലോ ജീവിച്ചിരിപ്പുണ്ടാകാം. അങ്ങനെയെങ്കിൽ അതിലെ മൂന്നാമത്തേയോ, നാലാമത്തേയോ താളിൽ മോശം കയ്യക്ഷരത്തിൽ ഇങ്ങനെയൊരു കുറിപ്പ് കാണാം:
 
‘എത്രയും പ്രിയപ്പെട്ട സഹപാഠിക്ക് 
സ്നേഹപൂർവ്വം, 
പ്രദീപ്. കെ.പി.
.../02/1994
ഒപ്പ്'
പ്രധാന വാർത്തകൾ
 Top