25 May Monday

മണികെട്ടിയ ബുള്ളറ്റ്‌

റിതിൻ പൗലോസ്‌ rithinz4u@gmail.comUpdated: Sunday Feb 9, 2020

രാജ്‌കുമാർ തോംസണും മണിയും ബുള്ളറ്റിനൊപ്പം

അരനൂറ്റാണ്ടു പിന്നിട്ടിട്ടും കെഎൽടി 7429 നമ്പർ എൻഫീൽഡ്‌ ബുള്ളറ്റ്‌ ഘനഗംഭീര ശബ്‌ദത്തോടെ കുതിക്കുകയാണ്‌. 56 വർഷം മുമ്പ്‌ കൊല്ലത്തെ രാജ്‌കുമാർ തോംസണുവേണ്ടി കപ്പലിൽ വന്നിറങ്ങിയ ഈ ബുള്ളറ്റ്‌ ഇപ്പോഴും ഗമയോടെ ജീവിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വിദഗ്‌ധന്റെ പരിചരണമുണ്ട്‌. നാഡി പിടിച്ച്‌ രോഗം നിർണയിക്കുന്ന വൈദ്യനെപ്പോലെ ബുള്ളറ്റിന്റെ ശബ്‌ദം കേട്ട്‌ തകരാറ്‌ തീർക്കുന്ന ബുള്ളറ്റ്‌ മണി. 44 വർഷമായി ഈ ബുള്ളറ്റിന്റെ മിടിപ്പറിയുന്ന മണിയെക്കുറിച്ചും ഉടമ രാജ്‌കുമാറിനെക്കുറിച്ചും  

 

അഞ്ചേ അഞ്ച്‌ എൻഫീൽഡ്‌ ബുള്ളറ്റുകൾ മാത്രം കൊല്ലത്തുണ്ടായിരുന്ന കാലം. ബുള്ളറ്റെന്ന മഹാമേരു ഇന്ത്യയിൽ ഫാക്‌ടറി തുടങ്ങിയിട്ടില്ല. നിരത്തുകളിൽ പ്രകമ്പനം തീർത്ത ശബ്‌ദം രാജ്‌കുമാർ തോംസൺ എന്ന ചെറുപ്പക്കാരന്റെ കാതിലും ഹൃദയത്തിലും ഒരേസമയം ആർത്തലച്ചു. ഒടുവിൽ 1964ൽ ഇംഗ്ലണ്ടിൽനിന്ന്‌ രാജ്‌കുമാറിനുവേണ്ടി ഒരു കൊമ്പൻ കപ്പലിറങ്ങി. നിരത്തിലിറങ്ങിയ കാലംമുതൽ മറ്റൊരാൾ രാജ്‌കുമാറിന്റെ ബുള്ളറ്റിനൊപ്പം സഞ്ചരിക്കുന്നുണ്ട്‌, ബുള്ളറ്റ്‌ മണി.

ആരാണ്‌ മണി

 
തിരുവനന്തപുരം സെൻട്രൽ തിയറ്ററിന്റെ പിൻവശത്തെ ഗോപാലൻ മേസ്‌തിരിയുടെ വർക്ക്‌ഷോപ്പിൽവച്ചാണ്‌ രാജ്‌കുമാർ തോംസന്റെ കെഎൽടി 7429 വണ്ടി പത്തുവയസ്സുകാരൻ മണി ആദ്യം കാണുന്നത്‌. കൊല്ലത്തു നല്ല പണിക്കാരില്ലാത്തതിനാൽ തിരുവനന്തപുരത്തെത്തിച്ചാണ്‌ പണിയിച്ചത്‌. ഗോപാലൻ മേസ്‌തിരി സ്‌പാനർ കൈയിൽവച്ച്‌ നൽകിയ ബുള്ളറ്റ്‌ ജീവിതമാണ്‌ മണിയുടേത്‌. ഒരു ദിവസം അങ്ങനെ രാജ്‌കുമാറിന്റെ വണ്ടിയിലും മണി കൈവച്ചു.  55 വർഷം കുതിച്ചുപാഞ്ഞിട്ടും മണി ആ കൈ എടുത്തിട്ടില്ല. 76ൽ മണി കൊല്ലത്തെ പോളയത്തോട്‌ വർക്ക്‌ഷോപ്പ്‌ തുടങ്ങിയതോടെ രാജ്‌കുമാറിന്റെ തിരുവനന്തപുരം യാത്ര കുറഞ്ഞു.  പിന്നീടങ്ങോട്ട്‌  വർക്ക്‌ഷോപ്പിൽ വിഐപി പരിഗണനയാണ്‌ ഈ ബുള്ളറ്റിന്‌. പ്രിയശിഷ്യന്മാർക്കുപോലും ഈ വണ്ടി ഇതുവരെ പണിയാൻ നൽകിയിട്ടില്ലെന്ന്‌ മണി പറയുന്നു. മാവേലിക്കര ബിഷപ് മൂർ കോളേജിലെ ബോട്ടണി പ്രൊഫസറായി വിരമിച്ച രാജ്‌കുമാർ തോംസൺ ഇപ്പോൾ ചെമ്മാംമുക്കിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ്‌. ബുള്ളറ്റാകട്ടെ വിശ്രമമില്ലാതെ ഓട്ടത്തിലും. മൂത്ത മകൻ തോമസിനാണ്‌  പരിപാലന ചുമതല. ഒരപകടം സമ്മാനിച്ച അവശതകൾ പപ്പയ്‌ക്കുണ്ടെങ്കിലും എഴുപത്തിമൂന്നാം വയസ്സിലും പ്രിയപ്പെട്ട വണ്ടി കണ്ണിലെ കൃഷ്‌ണമണിപോലെയാണ്‌ നോക്കുന്നതെന്ന്‌  തോമസ്‌. മുപ്പത്തിയാറു വർഷം മുമ്പാണ്‌ വണ്ടിയുടെ എൻജിൻ അവസാനമായി മണി പണിതത്‌. അന്ന്‌ തോമസ്‌ ജനിച്ചിട്ടുപോലുമില്ല. 
 
 

പ്രേമം ശബ്‌ദത്തോട്‌

 
1960കളിൽ യെസ്‌ഡി, രാജ്‌ദൂത്‌ തുടങ്ങിയവയാണ്‌ നിരത്തിലെ താരങ്ങൾ. എണ്ണത്തിൽ കുറവെങ്കിലും ബുള്ളറ്റിന്റെ ശബ്‌ദം കൊതിപ്പിച്ചുവെന്ന്‌ രാജ്കുമാർ പറഞ്ഞു. മറ്റൊരു വണ്ടിക്കും ഇത്രയും ഇമ്പമുള്ള ശബ്‌ദമില്ല. അത്യാവശ്യം സാമ്പത്തിക ചുറ്റപാടുണ്ടായിരുന്നതും വാഹനം സ്വന്തമാക്കാൻ കാരണമായി.
 

ബുള്ളറ്റ്‌ മണി  സുഹൃത്തും റൈഡറുമായ  റോയിക്കൊപ്പം ഗോവയിൽ

ബുള്ളറ്റ്‌ മണി സുഹൃത്തും റൈഡറുമായ റോയിക്കൊപ്പം ഗോവയിൽ

ബുള്ളറ്റിന്‌ മണികെട്ടി

 
മണി കൊല്ലത്ത്‌ വർക്ക്‌ഷോപ്പ്‌ തുടങ്ങിയതും രാജ്‌കുമാറിന്റെ ബുള്ളറ്റിന്റെ ആസ്ഥാന വൈദ്യർ പട്ടം നേടിയതും ഒന്നിച്ചായിരുന്നു. ആദ്യം ചെറിയ പണികൾ. പഴയ റോയൽ എൻഫീൽഡ്‌ ബിൽഡിങ്‌ ക്വാളിറ്റിയുടെ ദൃഷ്‌ടാന്തമാണ്‌ ഇപ്പോഴും വാഹനം ചുറുചുറുക്കോടെ ഓടുന്നതിന്‌ പിന്നിലെന്ന്‌ മണി. എഞ്ചിൻ പണിയേണ്ടിവന്നത്‌ 36 വർഷം മുമ്പ്‌. പിന്നീട്‌ കാര്യമായ പണിയുണ്ടായിട്ടില്ല. റാലികൾക്കും മറ്റും രാജ്‌കുമാർ പോകുംമുമ്പ്‌ വണ്ടിക്ക്‌ മണിയുടെ പരിശോധന നിർബന്ധം. ഇതുവരെ വഴിയിൽ കിടക്കേണ്ടി വന്നിട്ടില്ല. 
 

മണിയുടെ ഐശ്വര്യം

 
രാജ്‌കുമാറിന്റെ  വണ്ടിയാണ്‌ തനിക്ക്‌ ഐശ്വര്യം കൊണ്ടുവന്നതെന്ന്‌ മണി വിശ്വസിക്കുന്നു. അച്ഛൻ നടത്തിയ എവറസ്റ്റ്‌ ഹോട്ടലിൽ സഹായിക്കാൻ നിൽക്കാതെ വണ്ടിപ്പണിക്കിറങ്ങിയത്‌ നഷ്‌ടമായില്ല. നടൻ ഇന്ദ്രൻസിന്റെ ആത്മകഥ (സൂചിയും നൂലും)യിലും- എവറസ്റ്റ്‌ ഹോട്ടലിനെ പരാമർശിക്കുന്നുണ്ട്‌. മണിയെന്ന പേര്‌ രാജ്യത്തെ ബുള്ളറ്റ്‌ പ്രേമികൾക്ക്‌ ഇപ്പോൾ സുപരിചിതം. നാഡീമിടിപ്പ്‌ നോക്കി രോഗം മനസ്സിലാക്കുന്ന വൈദ്യനെപ്പോലെ ബുള്ളറ്റിന്റെ ഓരോ മിടിപ്പും നോക്കി തകരാറു കണ്ടെത്തുന്ന മണിയെത്തേടി കടലുകടന്നും ആളെത്തിത്തുടങ്ങി. മൊബൈലിൽ വാഹനത്തിന്റെ ശബ്‌ദം കേട്ടും മണി തകരാർ കൃത്യമായി പറഞ്ഞുതരും. ഒടുവിൽ ഗോവയിൽ നവംബറിൽ നടന്ന റോയൽ എൻഫീൽഡ്‌ മാനിയാ റൈഡേഴ്‌സ്‌ കൂട്ടായ്‌മയിലും മണി താരമായി. കൊല്ലത്തുനിന്ന്‌ തണ്ടർ ബേർഡ്‌  സ്വയം ഓടിച്ചാണ്‌ മണി ഗോവയിലെത്തിയത്‌. 
 

ഗോവൻ ഡയറി

 
ഗോവയിൽ മണിയെ യുട്യൂബിലും മറ്റും കണ്ടിട്ടുള്ള ബുള്ളറ്റ്‌ പ്രേമികൾ ആൾ മണിതന്നെയെന്ന്‌ സ്ഥിരീകരിച്ചതോടെ ചുറ്റുംകൂടി. റാലിക്കിടെ പരിചയപ്പെട്ട കടയ്‌ക്കാവൂർ സ്വദേശിയായ റൈഡർ, റോയി ദ്വിഭാഷിയായി. പലരും വാഹനങ്ങൾ മണിയെക്കൊണ്ട്‌ അടിമുടി പരിശോധിപ്പിച്ചു. വിദേശ റൈഡർമാരും മോഡലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
 

ഫ്രീക്കൻമാർക്ക്‌ മണിയുടെ ഉപദേശങ്ങൾ

 

അമിതവേഗതയിൽ ഓടിക്കരുത്‌. ഇരുചക്രവാഹനങ്ങളിലെ 
രാജാവാണ്‌ ബുള്ളറ്റ്‌. വേഗത്തിൽ മിതത്വം പാലിക്കണം.
വാങ്ങുമ്പോൾ തന്നെ സൈലൻസർ മാറ്റരുത്‌. 
ഇത്‌ എൻജിന്റെ ലൈഫിനെ പകുതിയായി കുറയ്‌ക്കും. 
സൈലൻസർ മാറ്റിയാൽ പിസ്റ്റണും പോകും.  പഴയ മോഡലിന്റെ 
സൈലൻസർ ആകാം.
കൃത്യസമയത്ത്‌ പരിശോധിച്ച്‌ ഓയിൽമാറ്റണം.
രാവിലെ സ്റ്റാർട്ട്‌ ചെയ്യുംമുമ്പ്‌ മൂന്നു തവണ ക്ലച്ച്‌ പിടിച്ചുവിട്ടാൽ 
വണ്ടിയുടെ ചാട്ടം ഒഴിവാക്കാം.

 

പ്രധാന വാർത്തകൾ
 Top