25 May Monday

മധുരിക്കും ഓര്‍മകളേ...

വി ബി ജ്യോതിരാജ്Updated: Sunday Feb 9, 2020

വി ബി ജ്യോതിരാജ്

ഒരു ദിവസം വാൾപോസ്റ്റർ അച്ചടിക്കുന്ന പ്രസിലെ സഖാവ് എനിക്ക് ഒരു സമ്മാനം തന്നു. എനിക്ക് സങ്കല്പിക്കാൻ പോലും കഴിയാത്തത്ര വലിപ്പത്തിൽ ചുകന്ന അക്ഷരത്തിൽ അച്ചടിച്ച ഒരു വാൾ പോസ്റ്റർ. അതിൽ വി ബി ജ്യോതിരാജ് എന്ന് അച്ചടിച്ചിരിക്കുന്നു. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന രണ്ടാം ക്ലാസുകാരൻ കുട്ടിയുടെ സന്തോഷത്തെ പകർത്താൻ എനിക്കിവിടെ വാക്കുകൾ കിട്ടുന്നില്ല

തൃശൂരിന്റെ ചരിത്രം രേഖപ്പെടുത്തിയ  "അ‍ഞ്ചു വിളക്ക്' ഈയിടെ വായിച്ചു. പത്രപ്രവർത്തകനായ സി എ കൃഷ്ണൻ ഒട്ടേറെ കാര്യങ്ങൾ എഴുതിയ കൂട്ടത്തിൽ തൃശൂരിലെ "നവജീവൻ' പത്രത്തെക്കുറിച്ച് എന്തുകൊണ്ടോ എഴുതാതെ പോയി. അന്ന് കമ്യൂണിസ്റ്റ്‌ പാർടി പിളർന്നിട്ടില്ല. പത്രമാപ്പീസിനടുത്ത്‌ പാർടി ഓഫീസും ഉണ്ടായിരുന്നു. അച്ഛന് അവിടെ പത്ര നടത്തിപ്പിലെന്തോ ജോലിയുണ്ടായിരുന്നു.

ചെവിക്കു പിറകിൽ പൊട്ടിയൊലിക്കുന്ന വ്രണം നാലഞ്ച് വയസ്സുവരെ ഞാൻ ചുമന്നുനടന്നിരുന്നു. അതിന്റെ ചികിത്സയ്‌ക്ക്‌ അച്ഛനൊപ്പം തൃശൂരിൽ വരണമായിരുന്നു. ജില്ലാ ആശുപത്രിയിൽ ചെന്ന് ദിവസവും മരുന്നുവച്ച് കെട്ടണം. സൈക്കിൾ റിക്ഷയിലാണ്‌ യാത്ര. അന്ന് ഓട്ടോറിക്ഷയില്ല. ടാക്‌സി കാറുകളും അപൂർ‍വം.
 
ഒരു ദിവസം ഡോക്ടറുടെ കുത്തിവയ്‌പ്പിനുശേഷം സൈക്കിൾ റിക്ഷയിൽ കയറിയതേ ഓർമയുള്ളു. ""അച്ഛാ'' പാതിയടഞ്ഞ കണ്ണുകളോടെ ഞാനച്ഛനെ വിളിച്ചു. അച്ഛന്റെ മടിയിലേക്ക് ഞാൻ കുഴഞ്ഞുവീണു. കുഞ്ഞുമനസ്സാണെങ്കിലും അച്ഛനോടും ഈ ലോകത്തിനോടും ഞാൻ വിടപറഞ്ഞുപോവുകയാണ് എന്ന തോന്നൽ എന്റെയുള്ളിലുണ്ടായിരുന്നു. നെഞ്ചുപെരുക്കങ്ങളോ ശ്വാസം മുട്ടലോ മരണവെപ്രാളങ്ങളോ ഇല്ല. ഉടൽ ബോധമില്ല. ഉപ്പുകല്ലുകൾ അലിഞ്ഞുചേരുന്നതുപോലെ ഏതോ ശൂന്യതയിലേക്കുള്ള ഒരലിഞ്ഞുചേരൽ ഞാനറിയുന്നുണ്ടായിരുന്നു. ""അച്ഛാ''എന്ന രണ്ടാമത്തെ വിളിയിൽ അച്ഛൻ അപകടം മണത്തു. സൈക്കിൾ റിക്ഷക്കാരൻ സർവശക്തിയുമെടുത്ത് ആശുപത്രിയിൽ എന്നെ തിരിച്ചെത്തിച്ചു. ഏതാനും നിമിഷത്തിന്റെ വ്യത്യാസത്തിൽ എന്റെ പ്രാണനെ ഞാൻ വീണ്ടെടുത്തു. പെൻസിലിൻ ഇഞ്ചക്‌ഷനായിരുന്നു വില്ലൻ. എനിക്ക് പെൻസിലിൻ അലർജിയായിരുന്നു. അച്ഛൻ സന്ദർഭത്തിനൊത്ത് പ്രവർത്തിച്ചതുകൊണ്ടു മാത്രം ഞാനിപ്പോഴും ജീവിക്കുന്നു.
 
പത്രമാപ്പീസിൽ അച്ഛനെ ഞാൻ ശല്യപ്പെടുത്തിയിരുന്നില്ല. അവിടത്തെ വിശാലമായ മുറ്റമായിരുന്നു എന്റെ ലോകം. ആരൊക്കെയോ എന്നെ "കുട്ടി സഖാവേ' എന്ന് വിളിച്ചതായി ഓർക്കുന്നു. തൃശൂരിൽ പാർടി സമ്മേളനം നടക്കുമ്പോൾ നൂറുകണക്കിന് ചെങ്കൊടികൾ  കാണാം. കൊടികൾ ജാഥയിലുള്ളവർക്ക് കൈമാറാനുള്ളതാണ്. ജാഥയുടെ കൂടെ അച്ഛനോടൊപ്പം ഞാനുമുണ്ടാകും. എല്ലാവർക്കുമൊപ്പം വലിയ ആവേശത്തോടെ മുഷ്ടി ചുരുട്ടി  ഞാനും മുദ്രാവാക്യങ്ങൾ വിളിച്ചു. കാഴ്‌ചക്കാർക്ക് ഞാൻ ഒരു കൗതുകവസ്‌തുവായിരുന്നു.
 
ഒരു ദിവസം വാൾപോസ്റ്റർ അച്ചടിക്കുന്ന പ്രസിലെ സഖാവ് എനിക്ക് ഒരു സമ്മാനം തന്നു. എനിക്ക് സങ്കല്പിക്കാൻ പോലും കഴിയാത്തത്ര വലിപ്പത്തിൽ ചുകന്ന അക്ഷരത്തിൽ അച്ചടിച്ച ഒരു വാൾ പോസ്റ്റർ. അതിൽ വി ബി ജ്യോതിരാജ് എന്ന് അച്ചടിച്ചിരിക്കുന്നു. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന രണ്ടാം ക്ലാസ്സുകാരൻ കുട്ടിയുടെ സന്തോഷത്തെ പകർത്താൻ എനിക്കിവിടെ വാക്കുകൾ കിട്ടുന്നില്ല. മാനംമുട്ടെ ഞാൻ പൊങ്ങിനിന്നു. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും മഹത്തായ ഈ സമ്മാനത്തിന്റെ പേരിൽ എന്റെ കൊച്ചുഹൃദയം ആത്മാഭിമാനംകൊണ്ട് വിങ്ങി. എന്റെ ആത്മാവിൽ ഈയൊരോർമ എത്രയോ ആഴത്തിൽ പതിഞ്ഞുകിടന്നു. ഒരുപക്ഷേ, എന്നെ സൃഷ്ടിച്ചതും വളർത്തിയതും അന്നത്തെ ആ വാൾപോസ്റ്റർ ആയിരിക്കുമെന്നുപോലും ഇപ്പോൾ തോന്നുന്നു.
 
രണ്ടു തവണ ഓപ്പറേഷൻ തിയറ്ററിൽ കിടന്നതിനുശേഷമുള്ള അനസ്‌തേഷ്യയുടെ അനുഭവങ്ങൾ പറഞ്ഞറിയിക്കാനാവില്ല.  മരണത്തെ മുഖാമുഖം കാണാൻ കഴിഞ്ഞുവെന്നാണ് എന്റെയൊരു തോന്നൽ. മരിച്ചുപോകുമെന്ന ചിന്തയാണ് എന്റെ ജീവിതത്തെ നയിച്ചുകൊണ്ടിരുന്നത്. മനുഷ്യരെല്ലാവരും മരിച്ചുപോകും എന്ന വ്യാകുല ചിന്തയാണ്‌ എന്നെ പുസ്‌തകങ്ങളിലേക്കും എഴുത്തിലേക്കും വഴി തിരിച്ചുവിട്ടത്.
 

എ കെ ജി യുടെ ഓർമ

 
എനിക്ക് മൂന്നോ നാലോ വയസ്സ്. എങ്കിലും വ്യക്തമായി ഓർക്കാൻ കഴിയും. അന്ന് ഞങ്ങൾ കനോലി കനാലിന്റെ തീരത്തായിരുന്നു താമസിച്ചിരുന്നത്. ചെങ്കൊടി തോരണങ്ങളണി‍ഞ്ഞ തോണികൾ നിരനിരയായി പോകുന്ന കാഴ്‌ച കണ്ട്, ഞാൻ അച്ഛമ്മയുടെ ഒക്കത്തിരിക്കുകയായിരുന്നു. തോണികൾ തുഴയുന്നവർ താളത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ട്. അതിലൊരു തോണിയിൽ അച്ഛനുണ്ടായിരുന്നു. എന്നെ എടുത്തുകൊണ്ടുപോകാനായി അച്ഛന്റെ തോണി കടവത്തേക്ക് ചായ്ച്ചു നിർത്തിയതിന്റെ ഒരു നേരിയ ഓർമയേയുള്ളു. കൈതക്കാടുകൾക്കിടയിലെവിടെയോ തോണി നിർത്തി സമ്മേളനസ്ഥലത്തേക്ക് പോയതിന്റെ ഓർമ മാത്രമുണ്ട്.  മൈതാനം നിറയെ ആളുകൾ. നോക്കുന്നിടത്തെല്ലാം പാറിപ്പറക്കുന്ന ചെങ്കൊടികൾ. ആവേശത്തോടെ മുഴങ്ങുന്ന മുദ്രവാക്യങ്ങൾ. വേദിയിൽ നിൽക്കുന്നയാൾ ഒരു വലിയ മനുഷ്യനാണ്. കുട്ടിക്ക്‌ അതുമാത്രമേ അറിയൂ. ഹാരാർപ്പണത്തിനുള്ള സമയമായപ്പോൾ ആരുടെയൊക്കെയോ പേരുകൾ വിളിക്കുന്നു;  മാട്ടുമ്മൽ കർഷകസംഘത്തിനു വേണ്ടി സഖാവ് കണ്ടുണ്ണി, മണ്ണത്തല കർഷകസംഘത്തിനു വേണ്ടി സഖാവ് വി കെ ബാലൻ... അച്ഛന്റെ തോളത്തിരുന്നുകൊണ്ട് ഞാനാണ് ആ വലിയ മനുഷ്യന് ഹാരാർപ്പണം ചെയ്‌തത്. ഒരു ചുകപ്പൻ പൂമാല...
 
അത് എ കെ ജി യായിരുന്നു എന്ന് പിന്നീടറിഞ്ഞപ്പോൾ എന്തൊരഭിമാനമായിരുന്നു!
 
പിന്നീടെപ്പോഴോ പാർടിയുടെ സ്റ്റഡിസർക്കിളിൽ പങ്കെടുത്ത നേരിയ ഒരോർമയുണ്ട് . അവിടെവച്ച് സഖാവ് സുശീല ​ഗോപാലനേയും മകൾ ലൈലയേയും കണ്ടതിന്റെ ഓർമ... ലൈല നിർത്താതെ അമ്മയോട് സംസാരിച്ചുകൊണ്ടിരുന്നു.  പറളിയിൽ യുവ എഴുത്തുകാരുടെ ക്യാമ്പിലും പോയത് ഓർമയുണ്ട്. എന്നോ‍ടൊത്ത് അന്ന് ശ്രീകൃഷ്‌ണപുരംകൃഷ്‌ണൻകുട്ടിയുണ്ടായിരുന്നു. ചാർമിനാർ സി​ഗററ്റ് പുകച്ച് രാത്രിയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു. എന്റെ അച്ഛനെ അബു എന്ന് വിളിച്ചതിന്റെ, അമ്മയെ ബീപാത്തു എന്ന് വിളിച്ചതിന്റെ കഥ. സ്‌കൂൾ ടീച്ചറായ അമ്മയുടെ ക്ലാസ് ഹിന്ദുകുട്ടികൾ ബഹിഷ്‌കരിച്ചു. അച്ഛന് വധഭീഷണി.മണത്തല മുസ്ലിം പള്ളിയുടെ മുന്നിൽ ക്ഷേത്രോത്സവങ്ങളുടെ കൊട്ടും ആരവങ്ങളും ആഘോഷങ്ങളും നിയന്ത്രണവിധേയമാക്കണമെന്ന പാർടി നിർദേശത്തിന്റെ പേരിലായിരുന്നു അന്ന് അച്ഛന് ഭ്രഷ്ട് നേരിടേണ്ടിവന്നത്. അതേക്കുറിച്ച് ഞാനെഴുതിയ  കഥ എന്തുകൊണ്ടോ ക്യാമ്പിൽ വായിക്കാതെ ഞാൻ മാറ്റിവച്ചു. പിറ്റേന്ന് സാഹിത്യസദസ്സിൽ സി വി ബാലകൃഷ്‌ണനെ കണ്ടു. അന്നത്തെ ആ മെലിഞ്ഞ ചെറുപ്പക്കാരൻ ഇന്നെത്ര മാറിപ്പോയിരിക്കുന്നു! പറളിയെക്കുറിച്ച് ഓർക്കുമ്പോൾ, ഇപ്പോൾ മുംബൈയിലുള്ള പ്രഭചേച്ചിയും പിന്നെ എം പി നാരായണപിള്ളയും മനസ്സിൽ തെളിയുന്നു.
 
അമ്മയുടെയും അച്ഛന്റെയും കല്യാണം, അത് ഇമ്പിച്ചിബാവയുടെ നേതൃത്വത്തിലുള്ള പാർടി കല്ല്യാണമായിരുന്നു. അമ്മയുടെ വീട് പാർടി നിരോധിച്ചകാലത്ത് സഖാക്കളുടെ ഒളിവുകേന്ദ്രമായിരുന്നു.
 
ഒരിക്കൽ ഇമ്പിച്ചിബാവയെ കണ്ടപ്പോൾ,  ഒളിവുജീവിതത്തിന്റെ കാര്യങ്ങൾ പറഞ്ഞത് ഇപ്പോഴുമോർക്കുന്നു. ഒരു ഡബിൾ മുണ്ട് പുറത്തെ അയയിൽ തോരാനിടാനാവില്ല. പപ്പടം വറുത്ത മണമുണ്ടായാൽ മതി, അവിടെ ഒളിവിൽ ഒരു സഖാവുണ്ടെന്ന് ആളുകൾ തിരിച്ചറിയും. ഒന്നു കുളിച്ച് ശുദ്ധിയാവണമെങ്കിൽ പാതിരാത്രിയിൽ പാത്തും പതുങ്ങിയും വേണം.
 
ഓർമകൾ. മധുരിക്കും ഓർമകൾ. കാലത്തിന്റെ മണിമുഴക്കങ്ങൾക്ക് ചെകിടോർത്തിരിക്കുമ്പോൾ ചിലപ്പോൾ കരയാനും തോന്നുന്നു.
പ്രധാന വാർത്തകൾ
 Top