26 April Friday

അഖിലയുടെയും ലൈലയുടെയും കഥ

സജയ് കെ വിUpdated: Sunday Oct 8, 2017

സമകാലിക ഇന്ത്യനിംഗ്ലീഷ് നോവലിലെ ശ്രദ്ധേയസാന്നിധ്യങ്ങളിലൊന്നാണ് മലയാളിയായ മനു ജോസഫിന്റേത്. 'സീരിയസ് മെൻ', 'ദ ഇലിസിറ്റ് ഹാപ്പിനെസ് ഓഫ് അദർ പീപ്പിൾ' എന്നീ നോവലുകളുടെ കർത്താവ്. മനുവിന്റെ പുതിയ നോവൽ 'ആയുധധാരിയും അപകടകാരിയുമായ മിസ് ലൈല'  (Miss Laila Armed and Dangerous)  വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹിംസയുടെയും ആദർശനാട്യത്തിന്റെയും കഥ പറയുന്നു. അരുന്ധതി റോയിയുടെ സമീപകാല നോവലിലെന്നപോലെ, കാലികരാഷ്ട്രീയം നേരിട്ട് പരാമർശവിധേയമാകുകയും ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വം, വലിയ മറകളൊന്നുമില്ലാതെ, കഥാപാത്രവൽക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്  ഈ നോവലിൽ. പരിമിതമായ കഥാപാത്രങ്ങളും ഏറെക്കുറെ രേഖീയമായ ആഖ്യാനവുമാണ് ഇതിനെ അനായാസ വായനയ്ക്കുതകുന്ന അസങ്കീർണമായ ആഖ്യാനമാക്കി മാറ്റുന്നത്. അഖിലയുടെയും ലൈലയുടെയും കഥയാണിത്; ഒപ്പം മുകുന്ദന്റെയും. കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും നിർണായകമായി സ്വാധീനിച്ചുകൊണ്ട് നോവലിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിയെ ആഖ്യാനത്തിലുടനീളം കാണാം. നോവലിസ്റ്റ് അയാൾക്ക് 'ദാമോദർഭായ്' എന്ന പേര് നൽകുന്നു. ഗുജറാത്തിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രപദവിയിലേക്കുയർന്നുവന്ന, പൗരുഷശാലിയായ അവിവാഹിതനാണയാൾ. മുസ്ലിംജനതയെ വൃത്തിഹീനതയുടെ പര്യായമായെണ്ണുന്ന ഹിന്ദുത്വവാദി. ഈ ലക്ഷണങ്ങളുള്ള ദാമോദർഭായ് ആരെന്നത് വ്യക്തം. ദാമോദർഭായിയുടെ സ്ഥാനരോഹണമാണ് നോവലിന്റെ സന്ദർഭം. തെരഞ്ഞെടുപ്പ് ഫലങ്ങൾ, എല്ലാംതന്നെ, അയാൾക്കനുകൂലം. അന്നേദിവസം മുംബൈയിലുണ്ടായ ഭൂചലനമാണ് ആഖ്യാനത്തിന് തുടക്കംകുറിക്കുന്നത്. അതോടൊപ്പം 'അഖില അയ്യർ' എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു.

കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മകളാണ് അഖില; വ്യാജ ആക്ടിവിസ്റ്റുകളെ പരിഹസിക്കുന്ന വീഡിയോകൾ നിർമിക്കുന്നതിൽ വിദഗ്ധ, ഇരുപത്തഞ്ചിനടുത്ത് പ്രായം, വൈദ്യശാസ്ത്രബിരുദധാരി. തകർന്ന് നിലംപൊത്തിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടക്കുമ്പോൾ അഖിലയും അവിടെയെത്തുന്നു. അഖിലയുടെ സമീപകാല വീഡിയോകളിൽ ഒന്ന്, ദമോദർഭായിയുടെ അനുയായികളെ ചൊടിപ്പിക്കുന്നതായിരുന്നു. അവർ അവിടെ വന്ന് അവളെ മർദിക്കുന്നു. അതുകൊണ്ടൊന്നും പിന്മാറാതെ അഖില, രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നു. അവളുടെ അശ്രാന്തപരിശ്രമത്താൽ അവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ രക്ഷപ്പെടുന്നു. ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായ 'മുകുന്ദനാ'യിരുന്നു അയാൾ. അതിനു സമാന്തരമായി, ലൈലയുടെയും ജമാലിന്റെയും കഥ ചുരുൾനിവരുന്നു. മുസ്ലിം തീവ്രവാദികളെന്ന പേരിൽ, പത്തുവർഷംമുമ്പ് കൊല്ലപ്പെട്ടവരാണ് അവർ. പക്ഷേ, ജമാൽ തീവ്രവാദിയായിരുന്നില്ല; ലൈലയും. നിരപരാധരായ മുസ്ലിങ്ങളെ ഭീകരപ്രവർത്തകരായി കാണുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷമാണ് നോവലിന്റെ ആഖ്യാനഭൂമിക. 'ആയുധധാരിയും അപകടകാരിയുമായ മിസ് ലൈല' എന്നത്, പരിഹാസനിർഭരമായ ഒരു പല്ലവിപോലെ നോവലിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന അധ്യായശീർഷകമാണ്. മനുവിന്റെ ആഖ്യാനകലയിലെ അനിവാര്യമായ ചേരുവകളാണ് ഐറണിയും നർമവും; ഒപ്പം ഹൃദയസ്പർശിയായ ജീവിതസന്ദർഭങ്ങൾ സൃഷ്ടിക്കാനും അയാൾക്കാകുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്ന പുരുഷൻ, തങ്ങളിലാരുടെയും അച്ഛനാവാം എന്ന് നിഷ്‌കളങ്കമായി വിശ്വസിക്കുന്ന കുട്ടികളുടെ പ്രതികരണങ്ങൾ ഉദാഹരണം. കൊല്ലപ്പെട്ട ലൈലയുടെ, സ്‌കൂൾവിദ്യാർഥിനിയായ സഹോദരി ഐഷയും ജമാലിന്റെ അച്ഛനും സമാനമായ വികാരോഷ്മാവ് പ്രസരിപ്പിക്കുന്നുണ്ട്, നോവലിൽ. രാക്ഷസാകാരംപൂണ്ട, സ്വാർഥിയായ ഒരമ്മയുടെ ഗർഭാശയത്തിലേക്കുള്ള യാത്രപോലെയാണ് തോന്നുന്നത്, രക്ഷാപ്രവർത്തനത്തിനിടെ മുകുന്ദനടുത്തേക്ക് നിർമിച്ച തുരങ്കത്തിലൂടെ പലവട്ടം നൂണ്ടുകടന്ന് കഴിഞ്ഞപ്പോൾ അഖിലയ്ക്ക്. ചൊടിയും തന്റേടവുമുണ്ടെങ്കിലും ഒരുതരം അനാഥത്വം ചൂഴ്ുനിൽക്കുന്നുണ്ട് അഖിലയുടെ കഥാപാത്രകൽപ്പനയെ. ഭൂകമ്പഭീഷണി നിലനിൽക്കെ, ഇരുപതുനില കെട്ടിടത്തിലെ പാർപ്പിടത്തിനുള്ളിലേക്ക് തനിച്ചുകയറിപ്പോയ തന്നെ എന്തേ ആരും തടഞ്ഞില്ല എന്നമ്പരക്കുന്നുണ്ട് അഖില. എങ്കിലും മേൽസൂചിപ്പിച്ചതുപോലെയുള്ള അലങ്കാരകൽപ്പനകളെ, വികാരചാപല്യത്തിന്റെ കവിത എന്നാണ് നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത്.
ലൈലയുടെ സഹോദരി, ഐഷയുടെ ജ്യോഗ്രഫി ക്ലാസിൽനിന്നാണ് ഈ രംഗം. ഇന്ത്യയുടെ രാഷ്ട്രീയഭൂപടം വരയ്ക്കുകയാണ് അവൾ 'ഇന്ത്യ ഒരു ഐസ്‌ക്രീം കോൺപോലെയാണെന്ന് ഐഷയ്ക്ക് തോന്നി, അത് പിടിച്ചുനിൽക്കുന്ന അദൃശ്യനായ കുട്ടിയുടെ തള്ളവിരലും ചിത്രത്തിലുൾപ്പെടുന്നു. തള്ളവിരലിന്റെ ഭാഗത്തുനിന്നാണ് ദാമോദർഭായ് വരുന്നത്. ഗുജറാത്തിന്റെ തള്ളിനിൽക്കുന്ന ഭാഗം വരയ്ക്കവെ പാകിസ്ഥാൻപോലൊരു ശത്രുരാജ്യത്തിന്റെ രൂപരേഖകൾ വരയ്ക്കുന്നതുപോലെ തോന്നി, അവൾക്ക്.' നിരീക്ഷണങ്ങളിലെ നിശിതത്വവും നർമവുമാണ് മനു ജോസഫിന്റെ ആഖ്യാനസവിശേഷതകളിൽ ഒന്ന്. ദാമോദർഭായിയുടെ വിജയമാഘോഷിക്കുകയാണ് ഗ്രാമീണർ
'അമ്പത് മീറ്റർ നീളമുള്ള മാലപ്പടക്കത്തിന് തീകൊളുത്തിയപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. നിലതെറ്റിയ ഒരൊട്ടകം അറിയാതെ വിസർജിച്ചുപോയി. ദാമോദർഭായിയുടെ വിജയം ആഘോഷിക്കാൻവേണ്ടി പ്രദേശത്തെ ഗോരക്ഷാസേന സ്‌പോൺസർ ചെയ്തതായിരുന്നു പടക്കം.' ലൈലയുടെ സുഹൃത്തായ 'നാസ്' ഒരു എക്‌സ്ട്രാ നടിയാണ്. അവർ 'മലെഗാവോൺ കാ ജയിംസ് ബോണ്ട്' എന്ന ചെലവുകുറഞ്ഞ, പ്രാദേശിക ചലച്ചിത്രപ്രഹസനത്തിൽ വേഷമിടുന്നു. മെലിഞ്ഞ് ദുർബലനായ നായകനടൻ ഒരു ശ്വാസകോശാർബുദരോഗിയായിരുന്നു. വയസ്സ് ഇരുപത്തഞ്ച്. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ജയിംസ് ബോണ്ടായി വേഷമിടുക എന്നത്. വെറും അമ്പതിനായിരം രൂപ മുടക്കുമുതലുള്ള ചിത്രത്തിന്റെ ആദ്യപ്രദർശനം നടന്നുകഴിഞ്ഞ് അരമണിക്കൂറിനകം അയാൾ മരിച്ചു. അപ്പോൾ ലൈലയുടെ പ്രതികരണമിങ്ങനെ 'പാവപ്പെട്ടവർ ചെയ്യുന്നതെല്ലാം പ്രഹസനങ്ങളാണ്... വലിയ ആളുകളുടെ വലിയ കളികളുടെ വിഡംബനങ്ങൾ.'
മഹത്തായ നോവലൊന്നുമല്ല, 'ആയുധധാരിയും അപകടകാരിയുമായ മിസ് ലൈല'. എന്നാൽ, അത് നല്ല പാരായണക്ഷമതയുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യകൃതിയും മനുഷ്യകഥയുമാണ്.

പ്രധാന വാർത്തകൾ
 Top