16 February Saturday

വിശകലനം, വിമർശനം

ബി അബുരാജ്Updated: Sunday Oct 8, 2017

എന്താണ് ഇന്ത്യ എന്ന ചോദ്യത്തിന് ഇന്ത്യയെന്ന സംജ്ഞ രൂപപ്പെട്ടുവന്ന കാലത്തോളം പഴക്കമുണ്ട്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ലിഖിത ഭരണഘടനയ്ക്ക് അവകാശികളായ ജനതയുടെ രാഷ്ട്രീയാസ്തിത്വം ഉറപ്പിച്ചിരിക്കുന്ന ഭൂപ്രദേശംമാത്രമാണോ അത്. രാഷ്ട്രീയമായും സാമൂഹ്യമായും ഭരണപരമായും ഇന്ത്യയെ അതിന്റെ ഭരണഘടന ശങ്കാതീതമായ കൃത്യതയോടെ നിർവചിക്കുന്നുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തെ ഏതിനും മീതെ ഉയർത്തിപ്പിടിക്കുംവിധം തങ്ങളുടെ രാജ്യം പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിരിക്കുമെന്ന് നിശ്ചയിച്ചത് ഇന്ത്യൻജനതതന്നെ. എല്ലാ വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ട് ഏകത്വം സാധ്യമാക്കിയ ഇന്ത്യയെന്ന വിസ്മയലാവണ്യത്തെ വികൃതമാക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ എന്താണ് ഇന്ത്യയെന്ന് പുരോഗമനകാരികൾ ആവർത്തിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. കാലഘട്ടത്തിന്റെ അനിവാര്യതയായ ഈ ദൗത്യമാണ് ഷിജൂഖാൻ രചിച്ച 'നിരോധനങ്ങളുടെ റിപ്പബ്ലിക്' നിർവഹിക്കുന്നത്.

നിരോധനങ്ങളുടെ റിപ്പബ്ലിക് ഷിജുഖാൻ മൈത്രി ബുക്‌സ് വില: 75 രൂപ

നിരോധനങ്ങളുടെ റിപ്പബ്ലിക് ഷിജുഖാൻ മൈത്രി ബുക്‌സ് വില: 75 രൂപ

സാമൂഹ്യചലനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പൊതുപ്രവർത്തകന് സദാ തുറന്നിരിക്കുന്ന അകക്കണ്ണുവേണം; പുറംകാഴ്ചകളിലെ നെല്ലും പതിരും തിരിച്ചറിയാനും യഥാസമയം പ്രതികരിക്കാനും. നിരോധനങ്ങളുടെ റിപ്പബ്ലിക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഡസൻ ലേഖനങ്ങളിൽ ഗ്രന്ഥകാരന്റെ ജാഗ്രതയും ഉൾക്കാഴ്ചയും ദൃശ്യം.
ബീഫ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ'ഭക്ഷണശീലങ്ങളിലേക്കുള്ള ഹിന്ദുത്വശക്തികളുടെ കടന്നുകയറ്റവും മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുമാണ് പ്രഥമ ലേഖനത്തിന്റെ വിഷയം. ഇതിന്റെ തുടർച്ചയായിത്തന്നെ കലാലയങ്ങളിലെ സംഘപരിവാർ ഇടപെടലുകളെക്കുറിച്ചുള്ള അടുത്ത രണ്ടുലേഖനങ്ങളെ കാണാവുന്നതാണ്. ദേശീയത എന്ന സങ്കൽപ്പനംതന്നെ രവീന്ദ്രനാഥടാഗോറിനെപ്പോലുള്ളവർ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ, അതിനുമപ്പുറം തീവ്രദേശീയതയിലൂടെ ഫാസിസത്തിലേക്കുള്ള ആദ്യപടി ചവിട്ടുകയാണ് സംഘപരിവാർ. ക്യാമ്പസുകളെ വർഗീയവൽക്കരിക്കുന്നതിന്റെ ആപത്ത് ഷിജൂഖാൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷ ദേശീയതയുടെയും ജനാധിപത്യകലാലയത്തിന്റെയും അനിവാര്യത അദ്ദേഹം എടുത്തുപറയുന്നു.
സദാചാരത്തിന്റെ രാഷ്ട്രീയമെന്ന ലേഖനം ഹ്രസ്വമെങ്കിലും ആഴമുള്ളതാണ്. കേരളീയ നവോത്ഥാനത്തിന്റെ പരിമിതികളിലൊന്നിലേക്ക് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ലിംഗസമത്വത്തെ അഭിമുഖീകരിക്കാനാകുന്നില്ല എന്ന പ്രതിസന്ധി ലഘുവല്ല. സാമൂഹ്യബോധത്തിൽ ബഹുദൂരം മുന്നേറിയ കേരളീയ സമൂഹം സദാചാരം സംബന്ധിച്ച മൂല്യബോധത്തിൽ ഇന്നും ഇരുട്ടിലാണ്. ആവിഷ്‌കാര സ്വാതന്ത്രം , മതതീവ്രവാദം, മുംബൈ സ്‌ഫോടനകേസിലെ കോടതിവിധി എന്നിവയും വിവിധ ലേഖനങ്ങൾക്ക് വിഷയമാകുന്നു.
സംഭവങ്ങൾ കൂട്ടിക്കൊരുത്ത് വിശദീകരിക്കുകയല്ല ഷിജൂഖാൻ. അവയെ വിശകലനം ചെയ്യുകയാണ്. അതിന് ചരിത്രവിശകലനത്തിന്റെ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നു. ഭാഷയുടെ സാരള്യവും വിഷയവിശകലനത്തിന്റെ സൂക്ഷ്മതയും ഗഹനതയും ശ്രദ്ധേയം.
ഓട്ടോ റെനെ കാസ്റ്റിലോയും സച്ചിദാനന്ദനും ടാഗോറുംമുതൽ ബെന്യാമിനും വീരാൻകുട്ടിയുംവരെ സന്ദർഭോചിതമായി ഉദ്ധരിക്കപ്പെടുന്നു. ഉദ്ധരണികൾ അവതരണഭംഗി വർധിപ്പിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ പക്ഷപാതിത്വംകൊണ്ട് സ്വാഭാവികമായും ഉണ്ടാകാവുന്ന തുറന്ന പ്രസ്താവനകൾക്ക് ക്ഷാമമില്ലെങ്കിലും അവയ്ക്ക് യുക്തിസഹമായ ന്യായങ്ങൾ നൽകാൻ ഗ്രന്ഥകർത്താവിന് സാധിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

aburaj@gmail.com

പ്രധാന വാർത്തകൾ
 Top