16 August Sunday

ഓണം കാണാതെ ഉറങ്ങുന്നവരുണ്ടിവിടെ

സി പ്രജോഷ്‌കുമാർ/ വി ജെ വർഗീസ്‌ prajoshdbi@gmail.com / varghese.desh@gmail.comUpdated: Sunday Sep 8, 2019
പൂക്കൾ ചിരിക്കുന്ന മലകൾ. പുത്തുമലയും കവളപ്പാറയും. അരിപ്പൂവും തുമ്പയും കാട്ടുപൂക്കളും തേടി  ഇത്തവണ മലമുകളിൽ ആരും വന്നില്ല. പാട്ടുപാടി പൂപറിച്ചു നടന്ന  കുഞ്ഞു മുകുളങ്ങളിൽ പലരും ഉണരാത്ത ഉറക്കത്തിലാണ്‌. പൂക്കളമൊരുക്കേണ്ട അമ്മമാരും ഇനി മടങ്ങിവരില്ല. പുത്തനുടുപ്പുമായി വരാൻ അച്ഛനില്ല. പച്ച വിരിച്ച താഴ്‌വാരങ്ങൾ ശ്‌മശാന ഭൂമിയാണ്‌.  
 

മാഞ്ഞൂ, വർണംനിറഞ്ഞ നാളുകൾ

 
കവളപ്പാറയുടെ കുടിയേറ്റ ഭൂമിക്ക്‌ ഓണം എന്നും നിറമുള്ള  ഓർമച്ചിത്രമായിരുന്നു. വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ സ്‌മരണകളുറങ്ങുന്ന മണ്ണിൽ അവർ സമൃദ്ധിയുടെ ഓണമുണ്ടു. ഹിന്ദുവും ക്രിസ്‌ത്യാനിയും മുസൽമാനും  ആഘോഷത്തിൽ കൈകോർത്തു. വായനശാലയുടെ ഓണാഘോഷങ്ങളിൽ നാടാകെ ആർത്തുവിളിച്ചു.  കുഞ്ഞു കളിചിരികൾ കാർഷിക സംസ്‌കൃതിയുടെ വരവേൽപ്പിന്‌ പിന്നണി പാടി. പക്ഷേ, ഇന്ന്‌ ഈ നാട്‌ കരയാൻ പോലും മറന്ന്‌ നിർവികാരമായി കിടക്കുന്നു.  മൃതദേഹങ്ങൾ തിരഞ്ഞ  യന്ത്രങ്ങൾ ഉഴുതുമറിച്ചിട്ട മണ്ണിൽ ചെളിപുരണ്ട്‌ കിടക്കുകയാണ്‌  പ്രതീക്ഷകൾ.
പുത്തുമലയിൽ തോട്ടം ലായങ്ങളുടെ മുറ്റങ്ങളിലെ പൂക്കളങ്ങൾ വിളിച്ചോതിയത്‌ മാവേലി മന്നന്റെ മാത്രം കഥയല്ല, സംസ്‌കാരങ്ങളുടെ കൂടിച്ചേരലിന്റെ ഓണക്കഥകൾ കൂടിയായിരുന്നു. മലയാളിയും തമിഴരും കന്നടക്കാരും ഒരുമിച്ച്‌ ഓണമുണ്ടു. അവർ തേയിലക്കാട്ടിൽ ഒന്നായി. പുത്തുമലയുടെ  ഓർമയിലെ ഓണമാണിത്‌.
 
 ഒരു നാട്ടുകാർ വിവിധ നാടുകളിൽ അഭയാർഥികളായിരിക്കുന്നു ഇന്ന്‌. പുത്തുമലയുടെ നെഞ്ച്‌ കീറിയൊരു പുഴയൊഴുകുകയാണ്‌. പൂക്കാനിനി മരങ്ങളില്ല. പച്ചക്കാട്ടിൽ ഉരുൾപൊട്ടി  മലവെള്ളം കുതിച്ചൊഴുകിയപ്പോൾ പ്രിയപ്പെട്ടവരും നാടും വീടുമെല്ലാം ഒലിച്ചുപോയി. ഒപ്പം ഓണസ്വപ്‌നങ്ങളും. 
 

മടങ്ങണമെന്നുണ്ട്‌, പക്ഷേ...

 
പ്രളയജലമിറങ്ങിയ നാടും നഗരവും ഓണത്തിന്റെ ആഘോഷ ലഹരിയിലേക്ക്‌  മടങ്ങുമ്പോൾ  കവളപ്പാറയ്‌ക്കും പുത്തുമലയ്‌ക്കും മടക്കം സാധ്യമല്ല.   പച്ചപുതച്ച സ്വപ്‌നങ്ങൾക്കു മുകളിൽ  ചെമ്മണ്ണ്‌ അട്ടിയിട്ടു കിടക്കുകയാണ്‌. ഇനിയെന്ന്‌ ഉയിർത്തെഴുന്നേൽക്കുമെന്നറിയാതെ ഒരു ജനത  നിസ്സഹായതയുടെ കണ്ണീർപൊഴിക്കുന്നു. പ്രളയജലമിറങ്ങിയിട്ടും മടങ്ങാനാവാതെ നിരവധി കുടുംബങ്ങൾ ഇപ്പോഴും  ക്യാമ്പുകളിൽ. അവിടെ ദുരിതംകൊണ്ട്‌  പറ നിറച്ച്‌ മാറാപ്പിൽ സ്വപ്‌നം നിറച്ചുകെട്ടി അവർ  അനാഥരായി കാത്തിരിക്കുന്നു. ഓണം ഇനി ഇവർക്ക്‌   ദുരന്തത്തിന്റെ  ഓർമചിത്രം. 
 
കവളപ്പാറയിൽ 59 ഉം പുത്തുമലയിൽ 17ഉം പേരെയാണ്‌ ഉരുളെടുത്തത്‌. ആഗസ്‌ത്‌  എട്ടിന്‌.  കർക്കിടകത്തിന്റെ ദുരിതപെയ്‌ത്ത്‌ ഈ മലനാടുകൾക്കുമേൽ അശനിപാതമായി. മുത്തപ്പൻമല നെടുകെ പിളർന്ന്‌ താഴേക്ക്‌ പതിച്ചപ്പോൾ മണ്ണിലമർന്നത്‌ കവളപ്പാറയിലെ നിരവധി ജീവിതങ്ങൾ. മണ്ണും മനുഷ്യനും മാത്രമല്ല, രണ്ട്‌ നാടുകൾ തന്നെ ജലരേഖയായി. മൂന്നാഴ്‌ചത്തെ തെരച്ചിൽഅവസാനിച്ചപ്പോൾ കവളപ്പാറയിൽ 11 പേരെയും പുത്തുമലയിൽ അഞ്ചുപേരെയും  കണ്ടെത്താനായിട്ടില്ല.  അവർ മൃതിയുടെ പൂക്കൾ പുതച്ചു കിടക്കുന്നു. 
 
 ഓർമകളിലേക്ക്‌ തിരിഞ്ഞു നോക്കാൻ ഇനി സ്ഥലരാശികളില്ല. സ്വന്തം വീട്ടുമുറ്റമേതെന്ന്‌ ആർക്കും അവകാശപ്പെടാനാവില്ല.  പൂക്കളം വിരിഞ്ഞ വീട്ടു മുറ്റങ്ങളിൽ ചെളി കട്ടപിടിച്ചു കിടക്കുന്നു.  
 
പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം

പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം

കുഞ്ഞുമുഖങ്ങൾ മാഞ്ഞു

 
സജിതയ്‌ക്ക്‌ ഇനി നീക്കിവെപ്പുകൾ ആവശ്യമില്ല. വീട്ടുവേല ചെയ്‌ത്‌ കിട്ടുന്ന  ശമ്പളത്തിൽ നിന്നും മിച്ചം വച്ച തുകകൊണ്ട്‌ വാങ്ങുന്ന ഓണക്കോടി ഉടുക്കാൻ ഇനി കാർത്തിക്കും കമലും കിഷോറുമില്ല. കളിപ്പാട്ടങ്ങൾക്കായി അവരിനി അടിപിടി കൂടില്ല.   സ്‌നേഹ‐ നൊമ്പരങ്ങൾ പങ്കിടാൻ അവരില്ല. ചേച്ചിയമ്മയ്‌ക്ക്‌ അവസാന മുത്തം പോലും നൽകാൻ കാത്തു നിൽക്കാതെ അവർ മറഞ്ഞു.  ദാരിദ്ര്യത്തിന്റെ കറുത്ത നൂലിൽ സജിത നെയ്‌തെടുത്ത സന്തോഷത്തിന്റെ  വെൺചിരികൾ മാഞ്ഞു. ഭർത്താവു മരിച്ച സജിതയ്‌ക്ക്‌ ജീവിതത്തിൽ എല്ലാം സഹോദരങ്ങളുടെ മക്കളായിരുന്നു. ദുരന്തം അവരെ ഒന്നിച്ചു അടർത്തിമാറ്റി. അച്‌ഛൻ പാലനെയും ചേച്ചി സുശീലയെയും സഹോദരന്റെ ഭാര്യ ശാന്തകുമാരിയെയും  മരണം കൂട്ടിനു വിളിച്ചു. ഇനി ഓണമുണ്ണാൻ വീട്ടിൽ ആരും ശേഷിക്കുന്നില്ല. തനിച്ചു ജീവിച്ചു തീർക്കേണ്ട ശിഷ്ട കാലം മറ്റു പലരെയും പോലെ അവളെയും പേടിപ്പെടുത്തുന്നു. 
 

ഓർമച്ചിത്രങ്ങൾ ബാക്കി 

 
ജിഷ്‌ണുവിന്‌ കവളപ്പാറയിലെ ദുരന്തഭൂമി മടക്കി നൽകിയത്‌ ഉറ്റവരുടെ ചെളിപുരണ്ട ചില ചിത്രങ്ങൾ മാത്രം. സൈനിക വേഷത്തിൽ നിൽക്കുന്ന ചേട്ടൻ ഇനിയില്ലെന്ന തിരിച്ചറിവിൽ അവൻ തളർന്നു. കഴിഞ്ഞ പത്തിന്‌ ആസാമിലേക്ക്‌ മടങ്ങാനിരിക്കെയാണ്‌ സൈനികൻ വിഷ്‌ണുവിനെ ഉരുളെടുത്തത്‌. അഛൻ വിജയൻ, അമ്മ വിശ്വേശ്വരി, സഹോദരി ജിഷ്‌ണ എന്നിവരും ഇനി കർക്കിടകത്തിന്റെ കറുത്ത ചിത്രം. വിവാഹമുറപ്പിച്ച സഹോദരിക്ക്‌ ഈ ഓണം പുതിയ പ്രതീക്ഷകളിലേക്കുള്ള കാൽവയ്‌പ്പുകൂടിയായിരുന്നു. കൈപിടിക്കാൻ തുണയെത്തും മുമ്പ്‌ ആ ചിരിമാഞ്ഞു. സന്തോഷത്തിന്റെ പൂത്തിരിവെട്ടം നിറയേണ്ട നാട്ടിൽ പരസ്‌പരം ആശ്വസിക്കാനാവാതെ എല്ലാവരും നിസ്സഹായർ. 
 
 

ഓണം നിറച്ച കൈകളെവിടെ 

 
സുമോദിനും സുമേഷിനും ഭാര്യയെയും മക്കളെയും തിരിച്ചു കിട്ടി. പ്രളയ ഭീതിയാൽ പലായനം ചെയ്‌തതു കൊണ്ടു മാത്രം. പക്ഷെ, ജീവിതത്തിൽ ഓണം നിറച്ച അഛനും അമ്മയും ഇനിയില്ല. ഭാര്യയെയും മക്കളെയും ഭാര്യവീട്ടിലാക്കി തിരിച്ചു വരും മുമ്പ്‌ സുമേഷിനെ പുഴയുടെ മറുകരയിൽ നിർത്തി സുകുമാരനെയും തങ്കമണിയെയും ഉരുൾ വിഴുങ്ങി. കരകവിഞ്ഞ ചാലിയാറിന്റെ ക്രൗര്യം അവനോട്‌ നിർദയമായി പെരുമാറി. മറുകരയെത്താൻ സമയം നൽകാതെ മരണം അവനെ തോൽപ്പിച്ചു. ഓണനാളിൽ നാട്ടിലെത്താൻ കാത്തിരുന്ന ചേട്ടൻ സുമോദിനെ കാലം നേരത്തെ മടക്കി വിളിച്ചു. ഉറ്റവരുടെ വിയോഗ വാർത്തയിലൂടെ. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അഛന്റെയും അമ്മയുടെയും ജീർണിച്ച മൃതദേഹം കണ്ടെടുക്കുമ്പോൾ അവർ കണ്ണുപൊത്തിയില്ല. 
 

ഓർമകളിൽ തലകുനിച്ച്‌

 
കഴിഞ്ഞ ഓണത്തിന്‌ സദ്യയൊരുക്കിയ പുത്തുമലയിലെ അജിത ഇന്ന്‌ ചന്ദ്രന്‌ കൂട്ടായില്ല. ‘മകളുടെ കല്യാണ ശേഷമുള്ള ആദ്യത്തെ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. മകളുടെ ഭർതൃവീട്ടുകാരെ വിളിച്ച്‌ ഓണം ആഘോഷിക്കാനായിരുന്നു തീരുമാനം. അതിന്‌ ഓണംവരെ അവളുണ്ടായില്ല’–-പുത്തുമലയിലെ മുണ്ടേക്കാട്ടിൽ ചന്ദ്രന്‌ കൂടുതലൊന്നും പറയാനായില്ല. കണ്ണീർ തുടച്ച്‌ ഭാര്യയുടെ ഓർമകളിൽ തലകുനിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാനിരുന്ന അജിതയുടെ മകൾ ശ്രുതി കരഞ്ഞുവീർത്ത കണ്ണുകളുമായി ചൂരൽമലയിലെ വാടക ലായത്തിൽ അച്ഛനരികിലുണ്ട്‌. മരവിച്ച മനസ്സുമായി മകൻ എബിയും. 
 

സങ്കടക്കടലിൽ നെഹ്‌റു

 
തമിഴ്‌നാട്ടിൽനിന്നെത്തി പുത്തുമലയിൽ തേയില കൊളുന്തുകൾക്കൊപ്പം  പനീർസെൽവത്തിന്റെയും റാണിയുടെയും ജീവിതം തളിർത്തു.  മൂന്ന്‌ പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ഏകമകൻ നെഹ്‌റുവുമൊത്തായിരുന്നു ജീവിതം. തമിഴ്‌ ആഘോഷങ്ങളെക്കാൾ ഇവർക്ക്‌ പ്രധാനം ഓണം. ‘അമ്മയും അച്ഛനും പോയി എനിക്കിനിയെന്തോണം’–-നെഹ്‌റു സങ്കടക്കടലിലാണ്‌. ഏത്‌ ഓണനിലാവിനാണ്‌ ഈ ചെറുപ്പക്കാരന്റെ മുഖത്തിനി പ്രകാശം പരത്താനാവുക. തൊട്ടടുത്ത്‌ താമസിക്കുന്ന സഹോദരിയെ കാണാൻ വീട്ടിൽനിന്നുമിറങ്ങിയ നെഹ്‌റുവിന്‌ പിന്നെ മാതാപിതാക്കളെ ജീവനോടെ കാണാനായില്ല. വീടടക്കം ഒലിച്ചുപോയി. തെരച്ചിലിൽ രണ്ടിടങ്ങളിൽനിന്നായി ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചു. ആരോടും ഒന്നും ഉരിയാടാതെ നെഹ്‌റു വാടക വീട്ടിലുണ്ട്‌. മലയാളിയുടെ ഓണം നെഞ്ചേറ്റിയ ഈ തമിഴ്‌ കുടുംബത്തിൽ ഓണത്തിനെത്തിയിരുന്നവർ നിരവധി. ‘റാണി അക്ക’യുടെ പായസമധുരം രുചിക്കാത്തവർ ലായത്തിലാരുമുണ്ടായിരുന്നില്ല. റാണിയും പനീറുമില്ലാതെ പുത്തുമലയിൽ ഓണം മടിച്ചുനിൽക്കുകയാണ്‌.  
 
കുത്തിയൊലിച്ചെത്തിയ ഭീമൻ പാറക്കൂട്ടങ്ങളും വടവൃക്ഷങ്ങളും. എല്ലാം സംഹരിച്ചെത്തിയ മലവെള്ളം ശാന്തമായാണൊഴുകുന്നതെങ്കിലും ഇവരുടെ മനസ്സുകൾ അശാന്തം. പൂക്കളം തീർക്കാൻ തേയിലക്കാടുകൾക്കിടയിലൂടെ പൂക്കൾ തേടിപോയ വഴികളും ഇനിയില്ല അറുപതോളം വീടുകൾ ഒലിച്ചുപോയ പച്ചക്കാട്ട്‌ ശ്‌മശാന മൂകതയാണ്‌.  
 

ഞങ്ങൾ നടാത്ത ആ മരങ്ങൾ

 
എസ്‌ സിരോഷ  seroshadesh@gmail.com
 
കണ്ടെത്താനാകാത്ത പതിനൊന്ന്‌  മൃതദേഹങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു കവളപ്പാറയിൽനിന്ന്‌ മടങ്ങുമ്പോൾ മനസ്സുനിറയെ. പതിനാറു നാൾ അരിച്ചുപെറുക്കിയിട്ടും ഒരടയാളവും ബാക്കിവയ്‌ക്കാതെ അപ്രത്യക്ഷരായവർ. അവർക്കായി കാത്തിരുന്ന ഉറ്റവരുടെ വേദന, സാർഥകമായ വലിയ ദൗത്യത്തിനൊടുവിൽ നൊമ്പരമായി മാറി.കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകിയ പാലക്കാട്‌ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറുടെ  വാക്കുകൾ. 
 
അമ്പത്‌ ഏക്കറിൽ തൊട്ടുനോക്കാത്ത ഒരു മൺതരിപോലുമില്ല. എന്നിട്ടും പതിനൊന്നു പേരെ കിട്ടിയില്ല. വെള്ളത്തിന്റ കുത്തൊഴുക്കിൽ ഒരുപക്ഷേ ശരീരം ചിതറിപ്പോയിട്ടുണ്ടാകാം. മരിച്ചവർക്ക്‌ സമർപ്പണമായി ദുരന്തഭൂമിയിൽ മരങ്ങൾ നട്ട്‌ മടങ്ങാനായിരുന്നു സേനാംഗങ്ങളുടെ ആഗ്രഹം. എന്നാൽ, ഇനിയും കിട്ടാനുള്ള മൃതദേഹങ്ങളെയോർത്ത്‌ ആ പദ്ധതി ഉപേക്ഷിച്ചു.  
 
കേരള ഫയർഫോഴ്‌സ്‌ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു കവളപ്പാറയിലേത്‌. മണ്ണ്‌ മാന്തുമ്പോൾ പൊങ്ങിവരുന്നത്‌ അറ്റുപോയ കൈകാലുകളും തലയും. ഓരോ മൃതദേഹവും പരിക്കില്ലാതെ പുറത്തെടുക്കുക എന്നത്‌ ഏറെ ശ്രമകരം. എസ്‌കവേറ്റർ ഉപയോഗിച്ച്‌ മുപ്പതടിയോളം മാന്തി. മൃതദേഹത്തിന്റെ എന്തെങ്കിലും ഭാഗം കണ്ടാൽ പിന്നെ യന്ത്രമില്ല, കൈക്കോട്ടും കോരിയുമൊക്കെ ഉപയോഗിച്ചാണ്‌ മണ്ണുമാറ്റൽ. 
 
അപകടമുണ്ടായി മൂന്നാം ദിവസമാണ്‌ എത്തിയത്‌. എത്തിയ ആദ്യ ദിവസംതന്നെ റോഡരികിലെ വീടുകളിൽനിന്ന്‌ മൂന്ന്‌ മൃതദേഹം കിട്ടി.  മഴയും മരങ്ങളും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. മലമുകളിൽനിന്നാണ്‌ കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്‌. രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിനിടെ ബൈക്കിൽ കയറിയ യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടിപ്പിണഞ്ഞ രീതിയിലായിരുന്നു. അഞ്ചുദിവസത്തിനുശേഷം കിട്ടിയ ഈ മൃതദേഹത്തെ ബൈക്കിൽനിന്ന്‌ വേർപെടുത്താൻ ഏറെ ബുദ്ധിമുട്ടി. പരസ്‌പരം കെട്ടിപ്പിടിച്ച നിലയിൽ കിട്ടിയ വൃദ്ധദമ്പതികളും മരണത്തിലും അമ്മ ചേർത്തുപിടിച്ച കുഞ്ഞുമെല്ലാം വേദനയായി. 
 
സൈനികൻ വിഷ്‌ണുവിന്റെ മെഡലും നെയിംപ്ലേറ്റുമൊക്കെ വീടുനിന്ന സ്ഥലത്തുനിന്ന്‌ കിട്ടി. വിഷ്‌ണുവിനുവേണ്ടി ഏറെ തെരഞ്ഞു. 200 മീറ്റർ താഴ്‌ചയിൽനിന്ന്‌ വീണ്ടും അഞ്ചു ദിവസത്തിനുശേഷമാണ്‌ മൃതദേഹം കിട്ടിയത്‌. കുന്നിനു താഴെ തോട്‌ കരകവിഞ്ഞതിനെത്തുടർന്ന്‌ വെള്ളം കയറുമെന്ന ഭീതിയിൽ മുകളിലുള്ള വിഷ്‌ണുവിന്റെ വീട്ടിൽ അഭയം തേടിയവരൊക്കെ മണ്ണോട്‌ ചേർന്നു. തോട്ടിന്റെ കരയിലെ രണ്ടു വീട്‌ ഉരുൾപൊട്ടലിനെ അതിജീവിച്ചു. മുന്നറിയിപ്പ്‌ കൊടുക്കാൻ വിഷ്‌ണുവിന്റെ വീട്ടിലെത്തിയ കുട്ടിയും മണ്ണിനടിയിലായി. 
 
ഫയർ ഓഫീസർ അരുൺ ഭാസ്‌കർ

ഫയർ ഓഫീസർ അരുൺ ഭാസ്‌കർ

ഒരടി മുന്നേറണമെങ്കിൽ മരം മുറിച്ചുമാറ്റണമെന്ന അവസ്ഥ. ഒരുവിധം മുകളിൽ എത്തുമ്പോഴേക്കും മഴ. പിന്നെ തിരിച്ചിറങ്ങണം.  പതിനാറു ദിവസം പതിമൂന്നു ഹിറ്റാച്ചി ഉപയോഗിച്ച്‌ നൂറ്റമ്പതോളം ഉദ്യോഗസ്ഥർ പരിശ്രമിച്ചു. സൈന്യം നാലു ദിവസം കഴിഞ്ഞതോടെ മടങ്ങി. എൻഡിആർഎഫ്‌ അവസാനംവരെ ഉണ്ടായിരുന്നു. മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരുടെ കൈമെയ്‌ മറന്നുള്ള സഹകരണമാണ്‌ ഇത്രയും മൃതദേഹം  കണ്ടെത്താൻ സഹായിച്ചത്‌.   ഹൈദരാബാദ്‌ നാഷണൽ ജിയോ ഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആധുനിക വിദ്യയായ ജിപിആർ റഡാർ പരാജയപ്പെട്ടു. ഒരു മൃതദേഹംപോലും ജിപിആർവഴി കണ്ടെത്താനായില്ല. സേനയെ  അഭിനന്ദിച്ചശേഷമാണ്‌ ശാസ്‌ത്രജ്ഞർ മടങ്ങിയത്‌‐ അരുൺ ഭാസ്‌കർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top