28 February Friday

യുദ്ധമില്ലെങ്കില്‍ അമേരിക്ക ഇല്ല

ഇ എം ഹാഷിംUpdated: Sunday Sep 8, 2019

മാഹിർ അലി

പ്രമുഖ പത്രപ്രവർത്തകനും ഇടതുപക്ഷ ചിന്തകനുമായ മാഹിർ അലി. ഗ്രന്ഥകാരനും സൂഫി ചിന്തകനുമായ ഇ എം ഹാഷിം. ഇവർ സംവദിക്കുമ്പോൾ കടന്നുവരുന്നത്‌ പാകിസ്ഥാന്റെ ചരിത്രവും ഭാവിയും പിന്നെ അമേരിക്കൻ പിന്തുണയുള്ള ഭീകര സംഘടനകളുടെ വർത്തമാനവും

 
ദുബായിലെ ആദ്യ ഇംഗ്ലീഷ് പത്രം  ഖലീജ് ടൈംസിൽ ജോലിചെയ്യവെയാണ് മാഹിർ അലിയെ പരിചയപ്പെട്ടത്.  ഞങ്ങളുടെ ഓഫീസിൽ നോമ്പ് സമയത്ത്  പുകവലിയോ ചായകുടിയോ പാടില്ല. എന്നാൽ സിഗരറ്റ് പുകച്ച് ചായക്കപ്പുമായി മാഹിർ അലി നടന്നുപോകുന്നത് കാണാം.  കണിശക്കാരനും ധിഷണാശാലിയുമായ പത്രപ്രവർത്തകൻ. 
 
മാഹിർ എഴുതിയിരുന്ന ഫിഫ്ത്ത് കോളം എന്ന പംക്തി വായിക്കാൻ തുടങ്ങിയതു മുതൽ അദ്ദേഹത്തോട്‌ സ്‌നേഹവും ബഹുമാനവുമായി. രാഷ്ട്രീയ അവഗാഹവും ചരിത്രബോധവും ഉള്ളവരോട്‌ മാത്രം സംവദിച്ച കോളം.  മാഹിർ അലി സിഡ്നിയിലെ  ഓസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യു പത്രത്തിലേക്കും ഞാൻ മറ്റൊരു പത്രത്തിലേക്കും കൂടുമാറി. അദ്ദേഹവുമായും പത്രപ്രവർത്തകയായ ഭാര്യ തസീനുമായും മകൻ രാഹുലുമായുമുള്ള ബന്ധം അറ്റു.   കുറച്ചുനാളത്തെ വിടവിന് ശേഷം മാഹിർ അലിയുമായി നഷ്ടപ്പെട്ടുപോയ ചരടുകൾ വീണ്ടും ഘടിപ്പിക്കപ്പെട്ടു.  ജീവിതത്തിൽ വളരെക്കുറച്ച് ബന്ധങ്ങൾ മാത്രമേ അങ്ങനെ പുനർനിർമിക്കപ്പെട്ടിട്ടുള്ളൂ. ഇടതുപക്ഷ ചിന്തകനും  ന്യൂ ലെഫ്റ്റ് മൂവ്‌മെന്റിന്റെ നായകനുമായ താരിഖ് അലിയുടെ അനുജൻകൂടിയായ മാഹിറുമായി വീണ്ടുമൊരു സംവാദം.   
?പുരോഗമന ചിന്താഗതിയുള്ള  ജന്മികുടുംബത്തിൽ ജനി ച്ച താങ്കൾക്കുമേൽ  മതപരമായ നിയന്ത്രണങ്ങളോ വ്യവസ്ഥാപിതമായ പെരുമാറ്റ ചട്ടങ്ങളോ താങ്കളിൽ അടിച്ചേൽപ്പിച്ചിരിക്കാൻ സാധ്യതയില്ല. പത്രപ്രവർത്തനം തെരഞ്ഞെടുത്തതിന് കാരണം പിതാവിന്റെ സ്വാധീനമായിരുന്നോ.
 
=  മതനിരപേക്ഷമായ കുടുംബാന്തരീക്ഷത്തിലാണ്  വളർന്നത്. പിതാവ് രാഷ്ട്രീയക്കാരനായിരുന്നില്ല.  ഇടതുപക്ഷ വീക്ഷണമുള്ള ആളായിരുന്നു. നല്ല പത്രപ്രവർത്തകൻ. മാതൃപിതാവായ സിക്കന്ദർ ഹയാത്‌ അവിഭക്ത പഞ്ചാബിലെ പ്രധാനമന്ത്രിയും.  ഡോക്ടറാവാനായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, പുസ്‌തകങ്ങൾ എന്നെ ആകർഷിച്ചു. പത്രപ്രവർത്തകനായി. 
 
? പത്രങ്ങൾക്കുമേൽ  സൈനിക ഭരണകൂടങ്ങൾ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളെ  എങ്ങനെയാണ് മറികടന്നത്‌.
= സിയാ ഉൾ ഹഖിന്റെ കാലത്ത്‌  സൈനിക ഉദ്യോഗസ്ഥർ കർശനമായി പരിശോധിച്ച ശേഷമേ അച്ചടിക്കാൻ അനുമതി നൽകൂ.  ക്രമേണ അതിനൊരയവ് വന്നു. എന്നാൽ സർക്കാർവിരുദ്ധമായതൊന്നും  പ്രസിദ്ധീകരിക്കരുതെന്ന നിയമം കർശനമായി തുടർന്നു.  നയപരമായ കാര്യങ്ങളെ എതിർക്കാമെങ്കിലും സൂക്ഷ്‌മതവേണം.  അത്ഭുതമെന്നു പറയട്ടെ, പർവേസ് മുഷറഫാണ് പത്രങ്ങൾക്ക് അൽപ്പം സ്വാതന്ത്ര്യം കൊടുത്തത്. മതപരമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കാൻ അപ്പോഴും വിലക്കുണ്ടായിരുന്നു.
 
? മിക്ക പാകിസ്ഥാനി പത്രപ്രവർത്തകരും സുൽഫിക്കർ അലി ഭൂട്ടോവിനെ അനുകൂലിച്ചിരുന്നു എന്ന ഒരു പ്രതീതിയുണ്ട്‌.  എന്തുകൊണ്ടാണത്.
= പാകിസ്ഥാനി പത്രപ്രവർത്തകർ ഭൂട്ടോ അനുകൂലികളായിരുന്നു എന്ന വിശ്വാസം എനിക്കില്ല. എന്നാൽ ഏറ്റവുമധികം ജനസമ്മതിയോടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്നു ഭൂട്ടോ എന്നതിൽ സംശയമില്ല. ഭൂട്ടോയെ സ്വേച്ഛാധിപതിയായിരുന്ന സൈനിക മേധാവി സിയാ ഉൽ ഹഖ്  പുറത്താക്കി. പിന്നെ തൂക്കിലേറ്റി.  ഭൂട്ടോയുടെ ഭരണം മികച്ചതായിരുന്നില്ല.  പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രമെഴുതുമ്പോൾ  ഭൂട്ടോ ഭരണകാലം ജനാധിപത്യ പ്രക്രിയക്ക് തുടക്കമിട്ടു എന്നു പറയാം. 
 
?  താരിഖ് അലിയുടെ സഹോദരനാണെങ്കിലും അദ്ദേഹത്തിന്റെ പ്രശസ്‌തിയെ ഗൗനിക്കാതെ സ്വന്തമായ ഒരിടം കണ്ടെത്തിയ പത്രപ്രവർത്തകനാണ് താങ്കൾ
 
= ഔദ്യോഗിക ജീവിതത്തിൽ പ്രതീക്ഷ പുലർത്തി ജീവിക്കുന്ന ഒരാളല്ല ഞാൻ. എഴുത്തിലാണ് പരമാവധി സ്വാതന്ത്യം അനുഭവിക്കുന്നത്. സാമ്പത്തിക ഞെരുക്കം ഇല്ലാതാക്കാൻ മാത്രമാണ്  വലതുപക്ഷ  ആസ്ട്രേലിയൻ പത്രത്തിൽ ജോലിചെയ്യുന്നത്.  സംതൃപ്തിക്കുവേണ്ടി ഖലീജ് ടൈംസിലും ഡോണിലും കോളമെഴുതുന്നു.  കുറച്ച് വായനക്കാരെങ്കിലും ഞാനുദ്ദേശിച്ചത് ഫിഫ്ത്ത് കോളത്തിലൂടെ മനസ്സിലാക്കിയിരിക്കും എന്നാണ് വിചാരിക്കുന്നത്. ഇപ്പോഴത്തെ കോളങ്ങൾക്ക് വ്യത്യാസമുണ്ട് എന്നത് ശരിയാണ്. എന്നാൽ എന്റെ ഇടതുപക്ഷ ബോധ്യത്തിൽ ഒരു മാറ്റവുമില്ല. വായനക്കാർ പ്രവേശിക്കാനിടയില്ലാത്ത ചരിത്രത്തിന്റെ ഇടവഴികളിലേക്ക് ശ്രദ്ധ എത്തിക്കാനാണ് ഇപ്പോൾ ശ്രമം.  
? സോവിയറ്റ് യൂണിയന്റെ പതനത്തിന് മുമ്പും ശേഷവും താങ്കൾ അവിടം സന്ദർശിച്ചിരുന്നു. രണ്ട്‌ അവസ്ഥകളിലെയും വ്യത്യാസം.
= പതനത്തിനുശേഷം  സോവിയറ്റ് രാജ്യങ്ങളുടെ അവസ്ഥ  ദുരന്തപൂർണമായി. പുടിന്റെ ഭരണം റഷ്യയെ വലതുപക്ഷത്തേക്ക് കൊണ്ടുപോയി. റഷ്യ സാമ്രാജ്യത്വ മുതലാളിത്വ രാജ്യമായി. ഏകാധിപത്യ ഭരണങ്ങളാണ് മുറിച്ചുമാറ്റപ്പെട്ട പഴയ സോവിയറ്റ്‌ രാജ്യങ്ങളിൽ ഇന്നുള്ളത്‌.  
 
? മൂന്നാംലോക രാഷ്ട്രങ്ങളിലെ ജനാധിപത്യ വ്യവസ്ഥ അപകടകരമായ നിലയിലേക്കാണ് പോകുന്നത്‌. പാകിസ്ഥാന്റെ ഭാവി എന്തായിരിക്കും.
 
= മിക്ക രാജ്യങ്ങളിലും ജനാധിപത്യം വെറുമൊരു സ്വപ്‌നമായി മാറുകയാണ്. ബേനസീർ ഒരിക്കലും  അവസാന പ്രതീക്ഷയായിരുന്നില്ല. അവരുടെ ആദ്യഘട്ടം ഒട്ടും മതിപ്പുളവാക്കിയിരുന്നില്ല. രണ്ടാംഘട്ടം അതിലും മോശമായി. 2007 ൽ അവർ തിരിച്ചുവന്നത് പട്ടാളമേധാവി പർവേസ് മുഷറഫുമായി വിലപേശിയായിരുന്നു. അവർ വീണ്ടും അധികാരത്തിൽ വന്നിരുന്നുവെങ്കിൽ ഒരിക്കലുമവർ പാകിസ്ഥാന്റെ രക്ഷകയാവുമായിരുന്നില്ല. അവരുടെ വധം നിർഭാഗ്യകരമായിരുന്നു.  
 
? മതപിന്തുണയുള്ള വർഗീയ  സംഘടനകൾ പല രാജ്യങ്ങളിലും സംഘർഷവും  ഭീകരതയും സൃഷ്ടിക്കുന്നുണ്ട്. അവയ്‌ക്കൊക്കെ അമേരിക്കൻ ചാരസംഘടനകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന വാർത്തകളോട്‌ എങ്ങനെ പ്രതികരിക്കുന്നു.
 
= സാർവത്രികവും ദീർഘകാലത്തേക്കുള്ളതുമായ മതനിരപേക്ഷ  വിദ്യാഭ്യാസമാണ് മതഭീകരതയെ ചെറുക്കാനുള്ള ഏകമാർഗം. തീവ്രവാദത്തിന്റെയും ഭീകരപ്രവർത്തനങ്ങളുടെയും അടിസ്ഥാനം മതം മാത്രമാണെന്ന്‌ തോന്നുന്നില്ല. മതപിന്തുണയുള്ള സംഘടനകളെ നിരോധിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ കാര്യങ്ങൾ താരതമ്യേന എളുപ്പമായിരുന്നു. സത്യം അതല്ല. ദീർഘകാലമായി ജനാധിപത്യം ഉള്ള യൂറോപ്പിൽ ഇപ്പോഴും അത്തരം രാഷ്ട്രീയ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്  എന്നോർക്കണം.  ഒരു കാലത്ത് അമേരിക്കൻ ചാരസംഘടനകൾ കരുതിയത്, വർഗീയതയെ ചെറുത്തുനിർത്താൻ ഇസ്ലാം മതസംഘടനകൾ സഹായിക്കുമെന്നായിരുന്നു. 2001 സെപ്തംബർ 11ശേഷം  മാറ്റം വന്നു. സിറിയയിലും ലിബിയയിലും അമേരിക്ക സഹായിക്കുന്നത് വലതുപക്ഷ ഇസ്ലാമിക പാർട്ടികളെയാണ്.  ഗദ്ദാഫിയേയും അസദിനെയും ന്യായീകരിക്കാൻ ആവില്ല എന്ന സത്യം ഉള്ളപ്പോൾത്തന്നെ അവരുടെ എതിരാളികൾ എത്രത്തോളം പിന്തുണയ്‌ക്കർഹരാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനിൽ മുജാഹിദുകളെ പിന്തുണച്ചപ്പോഴും ഇതേ തെറ്റാണ് അമേരിക്ക ചെയ്‌തത്. അവർ അതിൽനിന്ന് പാഠം പഠിച്ചില്ല. ഒരിടത്ത്‌ താലിബാനോട് യുദ്ധം ചെയ്യുമ്പോൾ മറ്റൊരിടത്ത്‌ താലിബാൻ സ്വഭാവമുള്ള  സംഘടനയുടെ നുഴഞ്ഞുകയറ്റക്കാരെ  പിന്താങ്ങുന്നു.ഈ വിരോധാഭാസം അമേരിക്കയുടെ സ്വഭാവമാണ്. അവരത് തുടരും. യുദ്ധമില്ലെങ്കിൽ അമേരിക്ക ഉണ്ടാവില്ല എന്ന സത്യം ഉറക്കെ പറയണം.
 
? ജമ്മു–-കശ്‌മീർ പ്രശ്നത്തിൽ മോഡി സർക്കാർ സ്വീകരിച്ച നടപടി എന്തുമാറ്റമാണുണ്ടാക്കുക.
= കശ്‌മീർ പ്രശ്‌നം  കൂടുതൽ സങ്കീർണമാകുന്നതിനേ അത്‌ കാരണമാകൂ എന്ന്‌ ഞാൻ സംശയിക്കുന്നു.   അന്തിമഫലം എന്താവുമെന്ന് കാലം തെളിയിക്കും. അത്   ഭയാനകമാവുമെന്ന്‌ ഞാൻ ഭയപ്പെടുന്നു.    
 
? ഇമ്രാൻ ഖാൻ ഇന്ത്യാ–-പാക്‌ ബന്ധം മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യുമെന്ന്  തോന്നുന്നുണ്ടോ.
= ഇമ്രാൻ ഖാൻ  പാകിസ്ഥാൻ ജനതയുടെ ധാർമിക പിന്തുണ നേടാനുള്ള തീവ്രശ്രമത്തിലാണ്. പ്രശ്നപരിഹാരത്തിനായി  ഇന്ത്യയുമായി സമാധാനശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണങ്ങൾ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ തുടരുന്ന  പട്ടാള–-മതതീവ്രവാദ സംഘടനകളുടെ പിൻബലമില്ലാതെ, സ്വതന്ത്രമായ ഒരു വിദേശ നയം സ്വീകരിക്കാൻ ഏതവസ്ഥയിലും  ഇമ്രാന് കഴിയുമെന്ന് കരുതുന്നില്ല. അസ്ഥിരതക്കു കാരണം  പട്ടാള ഇടപെടലുകൾ ആണെന്ന് പാകിസ്ഥാനിലെ ഒരു സർക്കാരും  സമ്മതിച്ചിട്ടില്ല. ഇന്ത്യയാകട്ടെ എല്ലാ കുറ്റങ്ങളും പാകിസ്ഥാന്റെമേൽ ആരോപിച്ചു രക്ഷപ്പെടുകയാണ്. ഈ അവസ്ഥയിൽ അടുത്തകാലത്തൊന്നു ഇരു രാജ്യങ്ങളും തമ്മിൽ അനുരഞ്ജനമുണ്ടാകുമെന്നു കരുതാനാവില്ല.   
? നരേന്ദ്രമോഡിയെ  എങ്ങിനെ വിലയിരുന്നു.
 
= ഡോണൾഡ് ട്രംപ്, ബ്രസീലിലെ ജേയിർ ബോൾസനാരോ, ഹംഗറിയിലെ വിക്ടർ ഓർബൻ, തുർക്കിയിലെ റെസിപ്പ് തയ്യിപ് ഉർദുഗാൻ, ഇസ്രയേലിലെ ബെഞ്ചമിൻ നെത്യന്യാഹു മറ്റു വലതുപക്ഷ ഭരണാധികാരികളുമായി  മോഡിക്ക് ചില സാദൃശ്യങ്ങൾ ഉണ്ട്.  സ്വയംസേവകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഹിന്ദുത്വ പക്ഷപാതത്തിൽ അത്ഭുതപ്പെടാനില്ല. 1977 മുതൽ ഉയർന്നുവരുന്ന മതതീവ്രവാദത്തിന് പാകിസ്‌ഥാൻ നൽകേണ്ടിവന്ന ഭീമമായ നഷ്ടത്തിനു സമാനമായ അവസ്ഥയാണ് ഇന്ത്യയെയും കാത്തിരിക്കുന്നത് എന്നത് ഏറ്റവും വേദനാജനകവും ഭീതിയുണർത്തുന്നതുമാണ്.
പ്രധാന വാർത്തകൾ
 Top