28 February Friday

രാജി ഒരു നിലപാടാണ്‌

എം അഖിൽUpdated: Sunday Sep 8, 2019

കണ്ണൻ ഗോപിനാഥൻ

ഒരു ജനതയുടെയാകെ അഭിപ്രായസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വിലങ്ങിടുന്ന സ്വേച്‌ഛാപരമായ അധികാരപ്രയോഗത്തോട്‌  നിങ്ങൾ എങ്ങനെയാണ്‌ പ്രതികരിച്ചതെന്ന്‌ ഭാവി തലമുറ ചോദിച്ചാൽ കണ്ണൻ ഗോപിനാഥന്‌ ഒരുത്തരമുണ്ട്‌. കലക്‌ടറുദ്യോഗം വലിെച്ചറിഞ്ഞുകൊണ്ടാണ്‌ പ്രതികരിച്ചതെന്ന മൂർച്ചയുള്ള ഒരുത്തരം. സെലിബ്രിറ്റി പട്ടത്തിന്റെ മറവിൽ മദ്യപിച്ച്‌ കൂത്താടി ആളെക്കൊല്ലുന്ന സിവിൽസർവീസ്‌ ‘നന്മമരങ്ങൾ’ ക്കിടയിൽ കണ്ണൻ ഗോപിനാഥനെ പ്പോലെ ചിലർ കൂടിയുണ്ട്‌

 
കണ്ണൻ ഗോപിനാഥനും  സിവിൽ സർവീസിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയും ഉയർത്തിയ ചർച്ചകൾ ഇപ്പോൾ അവസാനറൗണ്ടിലാണ്‌. കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതോടെ അഭിപ്രായസ്വാതന്ത്ര്യത്തിന്‌ ഏർപ്പെടുത്തിയ വിലക്കുകളാണ്‌ പുതുപ്പള്ളിക്കാരനായ കണ്ണൻ ഗോപിനാഥനെ  രാജിവയ്‌ക്കാൻ പ്രേരിപ്പിച്ചത്‌. പൊതുസമൂഹം പലരീതിയിലാണ്‌ ഈ രാജിയെ സ്വീകരിച്ചത്‌. രാജ്യത്തിന്റെ വർത്തമാനസാഹചര്യമാണ്‌ രാജിയിൽ പ്രതിഫലിക്കുന്നതെന്ന പ്രതികരണമായിരുന്നു പ്രബലം. അതേസമയം, കണ്ണന്‌ എതിരെ പല ആരോപണങ്ങളും  ഉയർത്തി എതിർപക്ഷം. അവർക്ക്‌ കണ്ണന്റെ   മറുപടി ഇങ്ങനെ: ‘എന്തെങ്കിലും തൊഴിൽ എടുത്ത്‌ ജീവിക്കാനറിയുന്ന എനിക്ക്‌ നിങ്ങളുടെ സർട്ടിഫിക്കറ്റ്‌ വേണ്ട.’ 
 ? സാമൂഹ്യമാധ്യമങ്ങളിൽ നടന്ന വിചാരണയെ  എങ്ങനെയാണ്‌ സമീപിക്കുന്നത്‌.
 
=- നമ്മളോടുള്ള വിരോധം കൊണ്ടല്ല ഇത്തരം വിമർശം. അവർക്ക്‌  അംഗീകരിക്കാനാവാത്ത സത്യം പറയുകയോ അവർ അത്രയും അംഗീകരിക്കുന്ന ഒരു സത്യത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നവരെ തേജോവധം ചെയ്യുകയെന്ന പോംവഴി മാത്രമാണ്‌ അവർക്ക്‌ മുന്നിലുള്ളത്‌. ആദ്യം കമ്മി, കൊങ്ങി, സംഘി അങ്ങനെ എന്തെങ്കിലും ഒക്കെ വിളിക്കും. പിന്നെ അപവാദപ്രചരണങ്ങൾ. ‘ഞാൻ കേരളത്തിൽ വന്നത്‌ അനുമതി വാങ്ങാതെയാണ്‌’, ‘ജോലിയിൽ നിന്നും മുങ്ങി നടന്നവനാണ്‌’, ‘അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ്‌’–- എന്നൊക്കെ . എന്നെ അപകീർത്തിപ്പെടുത്തിയാൽ മാത്രമേ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാതിരിക്കാൻ പറ്റൂ എന്ന ബോധ്യമാണ്‌ ഇതിന്റെ അടിസ്ഥാനം.  അതല്ലെങ്കിൽ, അവർക്ക്‌ അതിനുത്തരം കണ്ടുപിടിക്കേണ്ടി വരും. അത്‌ വളരെ പ്രയാസമാണ്‌. പ്രയാസമുള്ള പണിക്ക്‌ പകരം എളുപ്പമുള്ള പണി ചെയ്‌താൽ അസൗകര്യങ്ങൾ ഒഴിവാക്കാമല്ലോ? നമുക്ക്‌ അപവാദങ്ങളെ  പേടിയാണ്‌.  സൽപ്പേര്‌ ഇല്ലാതായാൽ നമ്മൾ ഇല്ലാതാകും. പറയാനുള്ള അവകാശത്തെ ഇല്ലാതാക്കാനാവില്ല. അപവാദങ്ങൾ എന്നെ  ബാധിച്ചിട്ടേയില്ല.  എനിക്ക്‌  നല്ല ആത്മവിശ്വാസമുണ്ട്‌. ഞാൻ ആരാണെന്നും എന്താണെന്നും എനിക്ക്‌ നന്നായറിയാം. ആരുടെയും സർട്ടിഫിക്കറ്റ്‌ വേണ്ട. രാജിവയ്‌ക്കാനുള്ള ധൈര്യത്തിന്‌ പിന്നിലെ കാരണവും മറ്റൊന്നല്ല.
 
? ഏറ്റവുമധികം ചിരിപ്പിച്ച വിമർശം
 
= കശ്‌മീർ വിഷയത്തിൽ രാജിവച്ച താങ്കൾ എന്തേ ശബരിമല വിഷയം വന്നപ്പോഴും കന്യാസ്‌ത്രീ വിഷയം വന്നപ്പോഴും എന്തുകൊണ്ട്‌ രാജിവച്ചില്ല എന്നൊക്കെയായി ചോദ്യങ്ങൾ. നാല്‌ വിഷയങ്ങൾ എടുത്തിട്ട്‌, ഇതിലൊന്നും രാജിവയ്‌ക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിച്ചാൽ എന്ത്‌ മറുപടി പറയും?  ശബരിമല വിഷയത്തിലാണ്‌ ഞാൻ രാജിവച്ചതെന്ന്‌ കരുതുക; മൂന്ന്‌ വിഷയങ്ങൾ വേറെയും ഇല്ലേ? ആകെ ഒരു ജോലിയല്ലേയുള്ളു; അത്‌ ഒരുപ്രാവശ്യമല്ലേ രാജിവെക്കാൻ പറ്റൂ?
ഇത്തരം കാര്യങ്ങൾ ഒക്കെ പറയുന്ന ആളുകളുടെ ധാരണ അവർ വലിയ ഒരു പോയിന്റ്‌ ഉന്നയിച്ചെന്നാണ്‌. പൗരനെന്ന നിലയിൽ സർക്കാരിനോട്‌ ഒരപേക്ഷയുണ്ട്‌. എങ്ങനെ സംവാദം നടത്തണം, ഏത്‌ രീതിയിൽ വിയോജിപ്പ്‌ പ്രകടിപ്പിക്കണം, എങ്ങനെ തർക്കിക്കണം എന്നെല്ലാമുള്ള ഒരധ്യായം കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. എങ്ങനെ സംവാദത്തിൽ ഏർപ്പെടണമെന്ന ചെറിയ ധാരണയെങ്കിലും ആളുകൾക്ക്‌ ഉണ്ടായാൽ പല പ്രശ്‌നങ്ങളും ഒഴിവായേക്കും. 
? എതിർക്കുന്നവരും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരും രാജ്യദ്രാഹികൾ ആകുന്നത്‌ എന്തുകൊണ്ടാണ്‌.
 
= ഇതാണ്‌ രാജ്യത്തിന്‌ നല്ലതെന്ന്‌ നമുക്ക്‌ ഒരു കാര്യത്തെക്കുറിച്ച്‌  ഉത്തമബോധ്യമുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുന്നതാണ്‌  എന്നെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹം. നിങ്ങൾ തൊഴിലെടുക്കുന്നത്‌ ഏത്‌ മേഖലയിലായാലും അവിടെ പരാമവധി മികവ്‌ പുലർത്തിയാൽ, അതാണ്‌ യഥാർഥ രാജ്യസ്‌നേഹം.പത്രപ്രവർത്തകന്റെ തൊഴിലെന്താണ്‌? സത്യം കണ്ടെത്തുക, അത്‌ ജനങ്ങളെ അറിയിക്കുക. ബ്യൂറോക്രസിയിൽ ഇരുന്ന്‌ ജനോപകാരപ്രവൃത്തികൾ ചെയ്യുക എന്നതായിരുന്നു എന്റെ ദൗത്യം. അതിന്‌ വേണ്ടിയാണ്‌ സർവീസിൽ ചേർന്നത്‌. അതിനുശേഷം പോസിറ്റീവായ കുറച്ച്‌ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. പക്ഷേ അപ്പോഴാണ്‌ അഭിപ്രായസ്വാതന്ത്ര്യം പോലെ കൂടുതൽ ഗുരുതരമായ മറ്റ്‌ വിഷയങ്ങൾ മുന്നിൽ വരുന്നത്‌. ഞാനിന്ന്‌ പ്രതികരിച്ചില്ലെങ്കിൽ നാളെ ഈ വിഷയത്തിൽ ഒരാൾ പോലും പ്രതികരിച്ചില്ലെന്ന്‌ ചരിത്രം രേഖപ്പെടുത്തും.
 
? കശ്‌മീർ വിഷയത്തിൽ പ്രത്യേകപദവി റദ്ദാക്കൽ ഉൾപ്പെടെയുള്ള അസാധാരണ നടപടികൾ ഏത്‌ രീതിയിലാണ്‌ താങ്കളെ ബാധിക്കുന്നത്‌.
= പല രീതിയിൽ ആൾക്കാർക്ക്‌ ഈ വിഷയത്തെ സമീപിക്കാം. ഇത്രയും കാലം പ്രത്യേകപദവി  നിലനിർത്തേണ്ട കാര്യമില്ലായിരുന്നു, ഈ വിഷയത്തിൽ ഇപ്പോഴെങ്കിലും തീരുമാനം വേണം, അതിനുള്ള ശരിയായ സമയം ഇതാണ്‌ അങ്ങനെ പല അഭിപ്രായങ്ങൾ നമുക്ക്‌ ചുറ്റുമുണ്ട്‌.
 തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിന്‌ തീർച്ചയായുമുണ്ട്‌. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, ആ തീരുമാനത്തോട്‌ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌.  തീരുമാനം തെറ്റാണോ,  സ്വീകരിച്ച  നടപടിക്രമങ്ങൾ ശരിയാണോ തുടങ്ങിയ വിഷയങ്ങളും   ഉന്നയിക്കപ്പെടണം.
 
 പലരീതിയിലുള്ള പ്രതികരണങ്ങളാണ്‌, മാനുഷികവശങ്ങളാണ്‌ എന്നെ ആഴത്തിൽ സ്‌പർശിച്ചത്‌. ഒരു കുട്ടിക്ക്‌ ഇൻജക്ഷൻ കൊടുത്തിട്ട്‌ കരയാനുള്ള അവകാശം  നമ്മൾ നിഷേധിച്ചാൽ എന്ത്‌ സംഭവിക്കും?കരയാനുള്ള അവകാശം എടുത്തുകളയാൻ നമുക്ക്‌ അധികാരമുണ്ടോ?  ഇന്നും ഇന്നലെയും നാളെയും നമ്മോടൊപ്പം കഴിയേണ്ടവരാണ്‌ അവർ.കശ്‌മീരിലെ മാധ്യമവിലക്കിനെ പ്രസ്‌കൗൺസിൽ പോലും ന്യായീകരിച്ചു.  
 
  ‘ലോങ്‌ ആർക്ക്‌ ഓഫ്‌ മോറൽ യൂണിവേഴ്‌സ്‌’ (ധാർമികതയുടെ വലിയ അർധവൃത്തം) എന്ന മാർട്ടിൻ ലൂഥർകിങ്ങിന്റെ വാക്കുകൾ ഒക്കെ ഞാൻ അപ്പോൾ ഓർക്കുന്നുണ്ട്‌. ധാർമികതയുടെ അർധവൃത്തം നീണ്ടതാണെങ്കിലും അത്‌ എപ്പോഴെങ്കിലും നീതിയിലേക്ക്‌ ചെന്നുമുട്ടുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ അറ്റോർണി ജനറൽ എറിക്ക്‌ ഹോൾഡർ അതിന്‌ ഒരു കൂട്ടിച്ചേർക്കലും നടത്തി–- ‘ ധാർമികതയുടെ അർധവൃത്തം നീതിയിലേക്ക്‌ സ്വാഭാവികമായും ചെന്നുമുട്ടില്ല. ജനങ്ങൾ അതിന്റെ വശങ്ങൾ പിടിച്ചുവലിച്ച്‌ നീതിയിലേക്ക്‌ കൂട്ടിമുട്ടിക്കണം’. .
 
? കേരളത്തിൽ പ്രളയകാലത്ത്‌ ആരോരുമറിയാതെ ക്യാമ്പുകളിൽ സന്നദ്ധപ്രവർത്തനം നടത്തിയിരുന്നല്ലോ. സഹപ്രവർത്തകരിൽ ആരോ തിരിച്ചറിഞ്ഞ സമയത്താണ്‌ താങ്കൾ കലക്ടർ ആണെന്ന്‌ ലോകം അറിയുന്നത്‌.  
 
= ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണവ. എന്നെങ്കിലും ഒരു പുസ്‌തകമെഴുതും.  അത്രയുമുണ്ട്‌ അനുഭവങ്ങൾ. തിരുവനന്തപുരത്താണ്‌ ആദ്യം എത്തിയത്‌. അവിടെ നിന്നും ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട അങ്ങനെ കുറേ സ്ഥലങ്ങളിലെ  ക്യാമ്പുകളിൽ പോയി.  ക്യാമ്പുകളിൽ ചെയ്യാൻപറ്റുന്ന ജോലി ചെയ്യും. ക്യാമ്പുകളിലെ ജനങ്ങളുടെ അവസ്ഥയും വികാരവുമൊന്നും വിവരിക്കാൻ പറ്റില്ല. സാധനങ്ങൾ കിറ്റുകളിലാക്കി വിതരണം ചെയ്യുന്നതിന്‌ ഒക്കെ ചില നടപടിക്രമങ്ങളുണ്ട്‌. അതൊക്കെ നിർബന്ധമായും ചെയ്യണം. പക്ഷേ, ജനങ്ങളെ അതൊക്കെ പറഞ്ഞുമനസ്സിലാക്കുക പ്രയാസം. നമ്മുടെ ചുറ്റും സാധനങ്ങൾ ഉണ്ടല്ലോ അതെല്ലാം എത്രയും പെട്ടെന്ന്‌ വിതരണം ചെയ്യണമെന്ന്‌ അവർ ആവശ്യപ്പെടും. ഒടുവിൽ അവരെ കാര്യങ്ങൾ പറഞ്ഞ്‌ ബോധ്യപ്പെടുത്തും.
 
ക്യാമ്പുകളിലെ പരിമിതമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന സ്‌ത്രീകളെയും കുട്ടികളെയും വൃദ്ധരെയും  കണ്ടിട്ടുണ്ട്‌. അതിനിടെ, ദാദ്രാനഗർ ഹവേലി എംപിയുടെ ഫണ്ടിൽ നിന്നുള്ള ഒരുകോടി രൂപ സംഭാവന കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. ദിവസങ്ങളായി ക്യാമ്പുകളിലായത്‌ കൊണ്ട്‌  ആകെ മുഷിഞ്ഞിരുന്നു. ഒരു കലക്ടറും ഒരു മുഖ്യമന്ത്രിയുടെയും ഓഫീസിൽ ആ കോലത്തിൽ  പോകില്ല. പക്ഷേ, അതിനേക്കാൾ ഒക്കെ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു ചെയ്യാനുണ്ടായിരുന്നത്‌.
 
പത്തനംതിട്ടയിൽ എത്തിയപ്പോൾ അവിടുത്തെ കലക്ടറെ കണ്ടു. ഒരു ഗ്രാമം ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. പിന്നെ, എംഎസ്‌എഫ്‌–- ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോഡേഴ്‌സ്‌ ഗ്രൂപ്പിലെ ഡോക്ടർമാർക്കും  നാട്ടുകാർക്കും ഇടയിൽ പരിഭാഷകനായി. എംഎസ്‌എഫ്‌ വഴി കുറേ മരുന്ന്‌ ഒക്കെ എത്തിക്കാൻ പറ്റി.പിന്നീട്‌ ഒഡിഷയിൽ പ്രളയമുണ്ടായപ്പോൾ, എംഎസ്‌എഫ്‌ ഗ്രൂപ്പ്‌ എന്നെ വിളിച്ചാണ്‌ കാര്യങ്ങൾ സജ്ജീകരിച്ചത്‌.
 
എറണാകുളത്ത്‌ ചെന്നപ്പോൾ നാസിക്കിൽ നിന്നുള്ള 20 കുട്ടികളെ കണ്ടു. അവർക്ക്‌ ഭാഷയും അറിയില്ല. ഒന്നും അറിയില്ല. പക്ഷേ,ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ വന്നതാണ്‌.  
 
? സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണോ ആഗ്രഹം.
 
= തീർച്ചയായും. ഐഎഎസിൽ ഇരുന്ന്‌ ഒരു ജില്ലയിലെ 10 ലക്ഷം പേർക്ക്‌ വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സാധാരണ മനുഷ്യനെന്ന നിലയിൽ അഞ്ചോ പത്തോ പേർക്ക്‌ മാത്രമേ ചെയ്യാനാകൂ എന്നറിയാം.  ഭാവിയിൽ അതോർത്ത്‌ വിഷമമുണ്ടാകുമോയെന്ന്‌ ഇപ്പോൾ പറയാൻ പറ്റില്ല.  ഈ വകകാര്യങ്ങൾ ഒക്കെ ആ കസേരയിൽ ഇരുന്നിരുന്നെങ്കിൽ പുഷ്‌പം പോലെ ചെയ്യാൻ പറ്റുമായിരുന്നുവെന്ന തോന്നലൊക്കെ ഉണ്ടാകാനിടയുണ്ട്‌. എന്നാലും, ജനങ്ങളുമായി സഹകരിച്ച്‌ പറ്റിയ മേഖലകളിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണം എന്നാണ്‌ ആഗ്രഹം.  
പ്രധാന വാർത്തകൾ
 Top