28 February Friday

പിടികൂടി; ചെറുപ്പത്തിലേ

സതീഷ്‌ ഗോപിUpdated: Sunday Sep 8, 2019

കിക്കോഫ്‌ പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ജിജിഎച്ച്‌എസ്‌എസിൽ നടക്കുന്ന പെൺകുട്ടികളുടെ ഫുട്‌ബോൾ പരിശീലനം

ഫസ്‌റ്റ്‌ വിസിൽ

 
പുൽമൈതാനങ്ങളിൽ കാൽപ്പന്തുകളിയഴകിന്റെ മാരിവില്ല് വിടരുന്ന കാലം വിദൂരമല്ല. പ്രതിഭകളെ ‘ചെറുപ്പത്തിലേ പിടികൂടുക’യെന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ കായിക യുവജന കാര്യാലയം മുഖേനെ നടപ്പാക്കുന്ന ‘കിക്കോഫ്‌’ പദ്ധതിയാണ്‌ കളിപ്രണയികൾക്കും കുരുന്നു താരങ്ങൾക്കും ആവേശമായി പുരോഗമിക്കുന്നത്‌. 19 കേന്ദ്രങ്ങളിൽ 25 പേർ വീതമടങ്ങുന്ന സംഘത്തിനാണ്‌ പരിശീലനം. ഇതിൽ  പെൺകുട്ടികളുടെ ഒരു സംഘവുമുണ്ട്‌. 
 

ഇന്ത്യ എവിടെ?

 
130 കോടി ജനങ്ങൾ. ലക്ഷോപലക്ഷം ആരാധകർ.  ഇന്ത്യയെ ഫിഫ മുൻ പ്രസിഡന്റ്‌  സെപ്‌ ബ്ലാറ്റർ വിശേഷിപ്പിച്ചത്‌ ‘ഉറങ്ങിക്കിടക്കുന്ന ഫുട്‌ബോൾ ഭീമൻ’ എന്നാണ്‌. ഒരു സംസ്ഥാനത്തുനിന്ന്‌ ഏറ്റവും മികച്ച ഒരു താരത്തെയെങ്കിലും വളർത്തിയെടുത്താൽ മികച്ചടീമാവും ഇന്ത്യ. ഐഎസ്‌എൽ പോലുള്ള മാമാങ്കങ്ങൾ കാൽപ്പന്തിന്റെ സ്വീകാര്യതയ്‌ക്ക്‌ എരിവു പകർന്നിട്ടുണ്ട്‌.  ഫ അണ്ടർ 17 ലോകകപ്പ്‌, എഎഫ്‌സി അണ്ടർ 16 തുടങ്ങിയവയും കളി കാര്യമാകുന്നതിന്റെ സൂചകങ്ങളാണ്‌. 
 
യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ആശയം പ്രാവർത്തികമാക്കിയതിന്‌ ഗുണമുണ്ടായി. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനസർക്കാർ ഫുട്‌ബോൾ വികസനത്തിന്‌ തുടക്കമിട്ട പദ്ധതിയാണ്‌ കിക്കോഫ്‌. കഴിഞ്ഞ നവംബറിൽ ആദ്യ വിസിൽ മുഴങ്ങിയ പദ്ധതി പന്തുതട്ടി മുന്നേറുകയാണ്‌.
 

കുട്ടിക്കളിയല്ല; കർമപദ്ധതി

 
 കോഴിക്കോട്‌ കുരുവട്ടൂർ ജിഎച്ച്‌എസ്‌എസ്‌, കണ്ണൂർ കല്യാശേരി  കെപിആർ ജിഎച്ച്‌എസ്‌എസ്‌, പയ്യന്നൂർ ജിജിഎച്ച്‌എസ്‌എസ്, കൂടാളി ജിഎച്ച്‌എസ്‌എസ്‌, വയനാട്ടിലെ പനമരം ജിഎച്ച്‌എസ്‌എസ്‌, മലപ്പുറം കോട്ടക്കലിലെ ജിഎച്ച്‌എസ്‌എസ്‌ രാജാസ്‌, കാസർകോട്ടെ പടന്ന കടപ്പുറം ജിഎഫ്‌എച്ച്‌എസ്‌എസ്‌, പാലക്കാട്‌ പട്ടാമ്പിയിലെ ജിഎച്ച്‌എസ്‌എസ്‌, തൃശൂരിലെ  ജെിഎച്ച്‌എസ്‌എസ്‌ എരുമപ്പെട്ടി,  മണത്തല ജിഎച്ച്‌എസ്‌, പാലക്കാട്‌ കാരക്കുറിശി ജിഎച്ച്‌എസ്‌എസ്‌, കൊല്ലം ശങ്കരമംഗലം ജിഎച്ച്‌എസ്‌എസ്‌, പത്തനംതിട്ട കെഎൻഎം ജിഎച്ച്‌എസ്‌എസ്‌, എറണാകുളം എളങ്കുന്നപ്പുഴ ജിഎച്ച്‌എസ്‌എസ്‌, ആലപ്പുഴ കലവൂർ ജിഎച്ച്‌എസ്‌എസ്‌, ഇടുക്കി കട്ടപ്പന ഗവ. ട്രൈബൽ ജിഎച്ച്‌എസ്‌എസ്‌,  എന്നിവ കേന്ദ്രീകരിച്ചാണ്‌ പരിശീലനം. പയ്യന്നൂരിലാണ്‌ ഏക പെൺബാച്ച്‌. പെൺകുട്ടികൾക്ക്‌ ഓരോ ജില്ലകളിലും ഓരോ സെന്റർ കൂടി തുടങ്ങാൻ തീരുമാനമായി.
 

അടിമുടി ശാസ്‌ത്രീയം

 
ശാസ്‌ത്രീമായാണ്‌ പ്രോജക്ട്‌ നടപ്പാക്കുന്നത്‌. മൂന്ന്‌ തരം ടെസ്‌റ്റുകളുടെ അടിസ്ഥാനത്തിലാണ്‌ കുട്ടികളെ തെരഞ്ഞെടുക്കുന്നത്‌. അന്തിമ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ സന്നാഹ ക്യാമ്പുമുണ്ട്‌.  പരിശീലനഘട്ടത്തിൽ പ്രത്യേക സോഫ്‌റ്റ്‌വെയറിലൂടെ അംഗങ്ങളുടെ ഹാജറും  പുരോഗതിയും വിലയിരുത്തും. ആഴ്‌ചയിൽ രണ്ടുദിവസം ഒന്നരമണിക്കൂർ പരിശീലനം, ഓരോ സെന്ററിലും കോച്ച്‌, അസിസ്‌റ്റൻഡ്‌ കോച്ച്‌ എന്നിവരുണ്ട്‌. സ്‌പോർട്‌സ്‌ കിറ്റ്‌, ഭക്ഷണം എന്നിവയും നൽകും. ഇന്റർ സെന്റർ മത്സരം, പഠനയാത്ര, വിദേശകോച്ചുകളുടെ പരിശീലനം എന്നിവയുണ്ട്‌. പരിശീലകർക്കും വിദഗ്‌ധപരിശീലനം നൽകും. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ അംഗീകാരമുള്ളവരാണ്‌ കോച്ചുമാർ. 
 

നിർവഹണം

 
സംസ്ഥാന കായികവകുപ്പ്‌ യുവജനകാര്യ ഡയറക്ടറേറ്റ്‌ കായികവികസനരംഗത്തും ഫുട്‌ബോൾ പരിശീലനരംഗത്തും പത്തുവർഷത്തിലധികം പാരമ്പര്യമുള്ള സെപ്‌റ്റ്‌ എന്ന സംഘടനയുടെ സാങ്കേതികസഹകരണത്തോടെയാണ്‌ പ്രോജക്ട്‌ നടപ്പാക്കുന്നത്‌. ലീഡ്‌സ്‌ യുണൈറ്റഡ്‌ പോലുള്ള സംഘടനകളുടെയും സഹായം തേടും. അന്തർദേശീയ കായികതാരങ്ങളെയും സഹകരിപ്പിക്കും. അരുൺ കെ നാണു, ബാബുരാജ്‌ എന്നിവരാണ്‌ കോ–-ഓർഡിനേറ്റർമാർ. ആറ്‌ പേരടങ്ങുന്ന ട്രസ്‌റ്റ്‌ ബോർഡുമുണ്ട്‌.
 

പ്രതീക്ഷിത നേട്ടങ്ങൾ

 
കൗമാരപ്രതിഭകളടങ്ങിയ സ്വാഭാവിക കളിയിടം സൃഷ്ടിക്കപ്പെടും. ശാരീരിക–-മാനസികാരോഗ്യം മെച്ചപ്പെടും. അണ്ടർ 13, 14 ,15 ഇന്ത്യൻ ഐലീഗിൽ പങ്കാളിത്തം, അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നടത്തുന്ന ടൂർണമെന്റിൽ ഭാവിയിൽ കേരളത്തിന്റെ പ്രാതിനിധ്യം, സുബ്രതോ കപ്പ്‌ പോലുള്ള ദേശീയമത്സരങ്ങളിൽ പങ്കെടുക്കൽ, ഭാവിയിൽ ഇന്ത്യൻ സൂപ്പർ ലീഗ്‌ പോലുള്ള മത്സരങ്ങളിലെ പങ്കാളിത്തം തുടങ്ങി വലിയ നേട്ടങ്ങളാണ്‌ ഈ താരങ്ങളെ വലവിരിച്ച്‌ കാത്തിരിക്കുന്നത്‌. പദ്ധതി കാര്യക്ഷമമായി നിർവഹിക്കപ്പെട്ടാൽ പന്തുരുളുക ഇന്ത്യൻ ഫുട്‌ബോൾ സാമ്രാജ്യത്തിന്റെ നെറുകയിലേക്കാണ്‌. കോലോത്തുംപാടത്ത്‌ പന്തുതട്ടി നടന്ന വിജയൻ എന്ന കൗമാരക്കാരന്‌ നിഷേധിക്കപ്പെട്ട സുവർണാവസരത്തിലേക്കാണ്‌ കുരുന്നുതാരങ്ങൾക്ക്‌ സർക്കാർ വഴി തുറന്നിരിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top