06 June Saturday

സ്വാഭാവികമായ കാരണങ്ങളാൽ മരിക്കുന്ന ചിലർ

ദേവദാസ്‌ വി എം vm.devadas@gmail.comUpdated: Sunday Sep 8, 2019

ദേവദാസ്‌ വി എം

കൊച്ച് വയനാട്ടുകാരനായിരുന്നു. അവനില്ലാത്ത ഏർപ്പാടില്ല. പാട്ടക്കൃഷി, കോഴിവളർത്തൽ, കൊപ്രാക്കച്ചവടം, മാങ്ങാ ലേലം, പ്ലംബർ, ഡ്രൈവർ...  വടക്കൻ കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും  പലപല തൊഴിലുകളെടുത്ത്‌ ജീവിതം മുന്നോട്ടുനയിക്കുന്നവൻ. ആരെയും കൂസാത്തവൻ. മേൽപ്പോട്ടും കീഴ്പ്പോട്ടും നോക്കാതെ എന്തിലുമേതിലും കയറി ഇടപെടുന്നവൻ. ജാഥയ്‌ക്ക്‌ ആളെക്കൂട്ടാനും തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാനും മുന്നിട്ടിറങ്ങുന്നവൻ. മദ്യപിച്ചാൽ നിർത്താതെ പാട്ടുപാടുന്നവൻ. വരിയെങ്ങാനും മറന്ന് ഇടയ്‌ക്കുനിർത്തുമ്പോൾ സ്വന്തം തലയിൽ തട്ടിക്കൊണ്ട്‌ മറവിയെ തെറിവിളിക്കുന്നവൻ. ചെറിയ തർക്കങ്ങളിന്മേൽ കലികയറിക്കൊണ്ട് കൂട്ടത്തിൽനിന്നിറങ്ങിപ്പോകാറുള്ളവൻ. തല ചൊറിഞ്ഞുംകൊണ്ടൊരു നാണംകുണുങ്ങിച്ചിരിയുമായി പിറ്റേന്ന് അതേ കൂട്ടത്തിലേക്ക് മടിയൊന്നുമില്ലാതെ കയറിവരുന്നവൻ

 

കൊച്ചിനെപ്പോലെ  ഉത്സാഹവാനായ ചെറുപ്പക്കാരനെ കാണാൻ തന്നെ പ്രയാസം. അത്രയേറെ ചുറുചുറുക്കും ആത്മാർഥതയും നിറഞ്ഞ ചിരിയുമുള്ളവൻ. ചെന്നൈയിലെ മലയാളി ഭക്ഷണശാലയിൽവച്ചാണ് കക്ഷിയെ പരിചയപ്പെടുന്നത്. തുടക്കത്തിൽ രതീഷെന്നു വിളിച്ചപ്പോഴൊക്കെ ‘നിങ്ങളെന്നെ കൊച്ചെന്നു വിളിച്ചാമതി'യെന്നു തിരുത്തിയത് അവൻ തന്നെ. കൊച്ച് വയനാട്ടുകാരനായിരുന്നു. അവനില്ലാത്ത ഏർപ്പാടില്ല. പാട്ടക്കൃഷി, കോഴി വളർത്തൽ, കൊപ്രാക്കച്ചവടം, മാങ്ങാ ലേലം, പ്ലംബർ, ഡ്രൈവർ...  വടക്കൻ കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും  പലപല തൊഴിലുകളെടുത്തു ജീവിതം മുന്നോട്ടു നയിക്കുന്നവൻ. ആരെയും കൂസാത്തവൻ. മേൽപ്പോട്ടും കീഴ്പ്പോട്ടും നോക്കാതെ എന്തിലുമേതിലും കയറി ഇടപെടുന്നവൻ. ജാഥയ്‌ക്ക്‌ ആളെക്കൂട്ടാനും തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാനും മുന്നിട്ടിറങ്ങുന്നവൻ. മദ്യപിച്ചാൽ നിർത്താതെ പാട്ടു പാടുന്നവൻ. വരിയെങ്ങാനും മറന്ന് ഇടയ്‌ക്കുനിർത്തുമ്പോൾ സ്വന്തം തലയിൽ തട്ടിക്കൊണ്ടു മറവിയെ തെറിവിളിക്കുന്നവൻ. ചെറിയ തർക്കങ്ങളിന്മേൽ കലികയറിക്കൊണ്ട് കൂട്ടത്തിൽ നിന്നിറങ്ങിപ്പോകാറുള്ളവൻ. തല ചൊറിഞ്ഞുംകൊണ്ടൊരു നാണംകുണുങ്ങിച്ചിരിയുമായി പിറ്റേന്ന് അതേ കൂട്ടത്തിലേക്ക് മടിയൊന്നുമില്ലാതെ കയറിവരുന്നവൻ. അങ്ങനെയൊരു പിണക്കംമാറ്റലിനായി ഒരു ദിവസം എന്റെ തനിത്താമസമുറിയിലേക്കവൻ വരുമ്പോൾ ഞാൻ പത്രത്തിലെ ഒരാത്മഹത്യാവാർത്ത വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്‌ ലിമിറ്റഡിലെ ബൽദേവ് സിങ്ങിന്റെ മരണമായിരുന്നു അത്.

ഇന്ത്യയിലെ എണ്ണം പറഞ്ഞ  വൈമാനികരിൽ ഒരാൾ.  പുതിയതായി നിർമിച്ച  വിമാനത്തിന്റെ ആദ്യത്തെ പറക്കൽ നടത്തുന്ന അപകടകരവും ധീരവുമായ ജോലി മുൻകാലങ്ങളിൽ നിസ്സാരമായി കൈകാര്യം ചെയ്‌തയാൾ. അമ്പത്തിയെട്ടാം വയസ്സിൽ എച്ച്എഎല്ലിലെ ഒരു വിഭാഗത്തിന്റെ തലവനായിരിക്കേയാണ് മരണം. തനിയേ കാറോടിച്ചുപോയി വഴിയരികിലെ ഒരു മരക്കൊമ്പില് സ്വന്തം തലപ്പാവ് അഴിച്ചു കുരുക്കിട്ട് തൂങ്ങിയാടി. ബൽദേവിന്റെ കുടുംബത്തിലോ കമ്പനിയിലോ കാര്യമായെന്തെങ്കിലും പ്രശ്നമുള്ളതായി ആർക്കുമറിയില്ല. സാമ്പത്തികനിലയും ഭദ്രം. വാർത്തയിലെ വിവരമനുസരിച്ച് പ്രത്യേകിച്ചൊരു പ്രേരണയുമില്ലാതെയാണ് ബൽദേവ് സിങ്‌ ആത്മഹത്യ ചെയ്‌തതെന്നു ഞാൻ പറഞ്ഞതു വിശ്വസിക്കാൻ കൊച്ച് ഒരുക്കമായിരുന്നില്ല. എന്തെങ്കിലുമൊരു കാരണമില്ലാതെ ആരുമങ്ങനെ മരിക്കില്ലെന്നായിരുന്നു അവന്റെ തീർപ്പ്. വിഷാദം കൂടുകൂട്ടിയ മനസ്സുമായി ജീവിക്കുന്നവർ പതിയെ ആത്മഹത്യയിലേക്കു ചെന്നടുക്കാറുണ്ടെന്നു പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ അവനൊരുക്കമായിരുന്നില്ല. ഞാനിങ്ങനെ മിക്കപ്പോഴും മുറിയടച്ചിരുന്ന് ഓരോന്നു വായിച്ചുകൂട്ടുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു അവന്റെ ന്യായം. വല്ലാതെ മനസ്സുമടുക്കുന്ന സന്ദർഭങ്ങളൊന്നും തന്നെ നിന്റെ ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ലേ എന്നു ഞാനവനോടു തിരക്കി.  
 
“എനിക്കെന്തെങ്കിലും പ്രശ്നം വന്നാല് ബൈക്കുമെടുത്തു കുറേദൂരമൊരു കറക്കമങ്ങോട്ടുകറങ്ങും. സ്‌പീഡ് എൺപതിന് മേലെ പോകുമ്പോ  ചെറിയൊരു പേടിതോന്നും. നൂറിനോടടുക്കുമ്പോള് പണ്ടാരം എവിടെയെങ്കിലും ചെന്നിടിച്ചു ചത്താലോയെന്നു  പേടിച്ചു സ്‌പീഡു കുറയ്‌ക്കും. സ്വന്തം ചാവ് മുന്നില് കാണുമ്പോള് ബാക്കിയുള്ള പ്രശ്നങ്ങളൊക്കെ എത്ര ചെറുതാണെന്നു മനസ്സിലാവും. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ പ്രശ്നങ്ങളൊക്കെ സ്വയം പരിഹരിക്കാനുള്ളതേയുള്ളൂ എന്ന് തോന്നും.  എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും, വീണിടത്തുനിന്ന്  പൊന്തിവരാനുള്ള മനസ്സുമുണ്ടെങ്കിൽ ഒരാളും ആത്മഹത്യ ചെയ്യില്ല’.  അതായിരുന്നു കൊച്ചിന്റെ മറുപടി. എന്നാൽ എല്ലാരുമെല്ലായ്‌പ്പോഴുമങ്ങനെയല്ല എന്നു സമർഥിക്കാനായി ഞാനവന് ഏണസ്റ്റ് ഹെമിങ്‌വേയുടെ ജീവിതകഥ പറഞ്ഞുകൊടുത്തു.
 
നോബൽ സമ്മാനമൊക്കെ കിട്ടിയ പ്രശസ്‌ത അമേരിക്കൻ എഴുത്തുകാരനായിരുന്നു  ഹെമിങ്‌വേ. ഒന്നാം ലോകയുദ്ധകാലത്ത് പട്ടാളത്തിൽ ചേരണമെന്ന് മൂപ്പർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കാഴ്‌ചയ്‌ക്കു ചെറിയ കുഴപ്പമുള്ളതിനാൽ സൈന്യത്തിലെടുത്തില്ല. കക്ഷി നേരെചെന്നു സന്നദ്ധസംഘടനയായ റെഡ്ക്രോസിൽ ചേർന്നു മുറിവേറ്റ സൈനികരെ സഹായിക്കാനൊരുങ്ങി. അതിനിടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റു. എന്നിട്ടും നിർത്തിയില്ല. രണ്ടാം ലോകയുദ്ധകാലത്ത് പത്രപ്രവർത്തകനായി യുദ്ധം റിപ്പോർട്ടുചെയ്‌തു.  അതൊക്കെ കഴിഞ്ഞു മടങ്ങി വന്ന സമയത്തൊരുനാൾ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗമിളകി തലയിൽ വീണ് വലിയ മുറിവുണ്ടായി. അസ്സലൊരു വേട്ടക്കാനായിരുന്ന  ഹെമിങ്‌വേക്ക് നായാട്ടിനിടെ ഒരിക്കൽ അസ്സലൊരു മുറിവ് പറ്റി.  ആഫ്രിക്ക ചുറ്റിക്കാണാനായി മൂപ്പര് കയറിയ ചെറിയൊരു വിമാനം തകരാറിലായി  നിലത്തിടിച്ചിറക്കിയപ്പോൾ വീണ്ടും തലപൊട്ടി ചോരചീറ്റി. ആ പരിക്കിനു ചികിത്സിക്കാനായി വേറൊരു വിമാനത്തിൽ കയറിപ്പോകുമ്പോൾ  അതിന് തീ പിടിച്ചു മേലാകെ പൊള്ളി ഒരു പരുവത്തിലായി. ഇക്കാലത്തിനിടയ്‌ക്കു കക്ഷി മൂന്നോ നാലോ കല്യാണവും കഴിച്ചു.
 
ലോകസാഹിത്യത്തിലേക്കു മുതൽക്കൂട്ടായി ഏറ്റവും മികച്ച കഥകളും നോവലുകളുമെഴുതി. അതിലെ കഥാപാത്രങ്ങളൊക്കെ അസാമാന്യ ധൈര്യശാലികളും സാഹസികരുമായിരുന്നു. പക്ഷേ, ഒടുക്കം  ഹെമിങ്‌വേ മരിച്ചതെങ്ങനെയാണെന്നറിയോ? ആത്മഹത്യ! സ്വന്തം തലയ്ക്ക് തോക്കുചേർത്തു പൊട്ടിച്ചു കളഞ്ഞു. ആ കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോൾ  ‘വല്ലാത്തൊരു കാലമാടൻ തന്നെ' എന്നായിരുന്നു ഹെമിങ്‌വേയുടെ ജീവിതത്തെ കൊച്ച് തന്റെ വാക്കുകളാൽ ചുരുക്കിവച്ചത്. 
കുറച്ചു മാസങ്ങൾക്കു ശേഷം കൊച്ച് ചെന്നൈ വിട്ട് വയനാട്ടിലേക്കു മടങ്ങിപ്പോയി. ഞങ്ങളുടെ സൗഹൃദം വല്ലപ്പോഴുമുള്ള ചില ഫോൺ കോളുകളിൽ മാത്രമൊതുങ്ങി. ഏതാണ്ട് രണ്ടു വർഷത്തിനപ്പുറമൊരുനാൾ കേൾക്കുന്നത് കൊച്ചിന്റെ മരണമാണ്. അതും ആത്മഹത്യ! കേട്ടതു വിശ്വസിക്കാനാകാതെ ഞാൻ പലരെയും ഫോണിൽ വിളിച്ചു വാസ്‌തവം ഉറപ്പുവരുത്തി. അവസാന കാലത്ത് അവൻ ഏതോ പിക്കപ്പ് വാനിന്റെ ഡ്രൈവറായിരുന്നു. എന്തൊക്കെ യാത്രയുണ്ടെങ്കിലും എല്ലാ വാരാന്ത്യത്തിലും നാട്ടിലെത്തി കൂട്ടുകാരോടൊന്നിച്ചുകൂടി ഒരൽപ്പം മദ്യപിച്ചശേഷം അത്താഴത്തിനായി വീട്ടിലേക്കു മടങ്ങാറുണ്ടായിരുന്ന പതിവുതെറ്റിക്കുമായിരുന്നില്ല. പക്ഷേ, അങ്ങനെയൊരു രാത്രി സുഹൃത്തുക്കളുമായി പിരിഞ്ഞെങ്കിലും കൊച്ച് വീട്ടിലെത്തിയില്ല.  വയനാടൻ കാടരികിലെ ഒരു മുളങ്കൂട്ടത്തിൽ  അവൻ മരിച്ചു വിറങ്ങലിച്ചു തൂങ്ങിയാടുന്നുണ്ടായിരുന്നു. ചെന്നൈയിലെ കടുത്ത ചൂടിലും മുറിയ്‌ക്കകത്ത് ഷർട്ടഴിച്ചിടാൻ നാണിക്കുന്നവൻ. മുണ്ടുമടക്കിക്കുത്തിയാല് അതു മുട്ടിനു മുകളിൽ വരുന്നില്ലെന്ന് ഉറപ്പുവരുത്താന് നാലഞ്ചുതവണ താഴേക്കുപിടിച്ചു വലിച്ചിറക്കുന്നവൻ. അവനാണ് അടിവസ്‌ത്രവും കാണിച്ചുകൊണ്ട് ഉടുത്ത മുണ്ടൂരി കഴുത്തിൽക്കെട്ടിത്തൂങ്ങിയത്. വീട്ടുകാർക്കും നാട്ടുകാർക്കും  കൂട്ടുകാർക്കുമെല്ലാം  ഏതുനേരത്തും എന്തുസഹായവും ചെയ്യാൻ മടിയില്ലാത്ത കൊച്ചിന്റെ മരണത്തിനു കാരണം അവർക്കാർക്കുമറിയില്ലായിരുന്നു. ഹെമിങ്‌വേയുടെ ആത്മഹത്യയെക്കുറിച്ചു ചെന്നൈയിൽവച്ച്  ഞാൻ പറഞ്ഞെങ്കിലും, അതിനോടു ചേർത്ത് അവനോട് പറയാതിരുന്ന കൗതുകകരമായ മറ്റൊരു കാര്യമുണ്ടായിരുന്നു.  ആത്മഹത്യ ചെയ്യുന്ന സമയത്ത് പ്രശസ്‌ത ലാറ്റിനമേരിക്കൻ എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർക്വേസ്  മെക്‌സിക്കോയില് പത്രപ്രവർത്തകനായിരുന്നു. ‘ഒരു മനുഷ്യൻ സ്വാഭാവികമായി മരിച്ചു’ എന്നതായിരുന്നു തനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ചരമക്കുറിപ്പിന്  മാർക്വേസ് കൊടുത്ത തലക്കെട്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top