16 August Sunday

അലിയുടെ അത്ഭുതലോകം

പ്രശാന്തി അമരാവതിUpdated: Sunday Sep 8, 2019

സമാന്തരമായ രണ്ടു ലോകങ്ങൾ സൂസന്നയിൽ കാണാം. വായനാനുഭവ ങ്ങളുടെ ദാർശനികലോകവും വൈകാരികാനുഭവങ്ങളുടെ ഭാവനാലോകവും. കടന്നുപോകുന്ന ജീവിതാവസ്ഥകളെ വായിച്ചുതീർത്ത പുസ്‌തകങ്ങളുമായി ഒത്തുവയ്‌ക്കുന്ന വരാണ്‌ കഥാപാത്രങ്ങൾ

 

വായിച്ച പുസ്‌തകങ്ങളുടെ ചരിത്രം സഹൃദയന്‌ പകർന്നുകൊടുക്കാനുള്ള അഭിവാഞ്‌ഛയുടെ സാക്ഷാത്‌കാരമാണ്‌ അജയ്‌ പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര. ആഖ്യാതാവിന്റെ വായനാലോകം തുറന്നിട്ട പുസ്‌തകം. എഴുതുമ്പോൾ ഒരിക്കൽ വായിച്ച എന്തിന്റെയൊക്കയോ ആനന്ദം പങ്കുവയ്‌ക്കുകയാണെന്നാണ്‌ ഗ്രന്ഥകാരന്റെ പക്ഷം. വായനയിലൂടെ ഉൾക്കൊണ്ട ജ്ഞാനോദ്ദീപനം ഇവിടെ വൈകാരികാനുഭവത്തിന്‌ വഴിയൊരുക്കുന്നു.  മഹത്തായ ഒരു കൃതി ജീവിതത്തിൽനിന്ന്‌ നേരിട്ട്‌ പിറവിയെടുക്കുന്നതാണ്‌. 

അത്തരത്തിൽ ആഖ്യാതാവിന്റെ വായനാലോകമാണ്‌ സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ ഈറ്റില്ലം. "രേഖപ്പെടുത്തിവച്ച ഉത്തമചിന്തകളാണ്‌ സാഹിത്യം' എന്ന എമേഴ്‌സണിന്റെ അഭിപ്രായം ഈ രചനയെ സംബന്ധിച്ച്‌ നന്നായി യോജിക്കും. സാഹിത്യകാരന്റെ ലക്ഷ്യം അയാളുടെ അന്തർഭാവത്തെ പൂർണമായി ആസ്വാദകർക്കനുഭൂതമാക്കിത്തരികയാണ്‌. വായിച്ച പുസ്‌തകങ്ങൾക്കും സംസാരിച്ച വാക്കുകൾക്കും ഉള്ളിൽനിന്നാണ്‌ എന്റെയും നിന്റെയും കഥ വരുന്നത്‌ എന്ന തിരിച്ചറിവ്‌.  
 
സമാന്തരമായ രണ്ടു ലോകങ്ങൾ സൂസന്നയിൽ കാണാം. വായനാനുഭവങ്ങളുടെ ദാർശനിക ലോകവും വൈകാരികാനുഭവങ്ങളുടെ ഭാവനാലോകവും. കടന്നുപോകുന്ന ജീവിതാവസ്ഥകളെ വായിച്ചുതീർത്ത പുസ്‌തകങ്ങളുമായി ഒത്തുവയ്‌ക്കുന്നവരാണ്‌ കഥാപാത്രങ്ങൾ. പുസ്‌തകങ്ങളുടെയും അപൂർവങ്ങളായ സസ്യങ്ങളുടെയും സഹവർത്തിയായ സൂസന്ന. ജീവിതം പുസ്‌തകങ്ങൾക്കും സൗഹൃദങ്ങൾക്കുമായി ഉഴിഞ്ഞുവച്ച തണ്ടിയേക്കൻ. സൗഹൃദങ്ങളിൽ പ്രവർത്തിക്കുന്ന ആത്മജ്ഞാനത്തിന്റെ ഘടകം കണ്ടെടുത്ത നീലകണ്‌ഠൻ പരമാര. യാത്രകളെ പ്രണയിച്ച വെള്ളത്തൂവൽ ചന്ദ്രൻ. ആത്മാവിനുള്ളിൽ വലിയ ലോകങ്ങൾ കൊണ്ടുനടക്കുന്ന അമുദ. സാധ്യമാകാതെ മാഞ്ഞുപോയ വാക്കുകളുടെ നഷ്ടബോധംപേറുന്ന അഖിലൻ. പരാജിതനായ എഴുത്തുകാരൻ ഇക്‌ബാൽ. അപമാനം കൊണ്ടും സ്‌നേഹരാഹിത്യംകൊണ്ടും വാക്കുകളെല്ലാം ഉടഞ്ഞുപോയ ഭാനുമതി. അങ്ങനെ സാക്ഷാത്‌കരിക്കാതെപോയ പ്രണയങ്ങളും പാതിവഴിയിൽ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളും വായിച്ചുതീർക്കാതെ പങ്കുവയ്‌ക്കേണ്ടിവന്ന പുസ്‌തകങ്ങളും താളുകളായി ഉള്ളിൽകൊണ്ടു നടക്കുന്നവർ. പുസ്‌തകങ്ങളുമായി അത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്ന കുറേമനുഷ്യരുടെ അത്ഭുതകരവും ഗാഢവുമായ ജീവിതസമസ്യകൾ സമഗ്രവും നൂതനുവമായി ഇവിടെ പകർന്നുവയ്‌ക്കുന്നു.
സാഹിത്യം ആസ്വാദകന്റെ ഭാവനയെയും വികാരങ്ങളെയും ഉത്തേജിപ്പിക്കുമ്പോൾ രൂപംകൊള്ളുന്ന സർഗസൃഷ്‌ടിക്കുദാഹരണമാണ്‌ സൂസന്നയുടെ ഗ്രന്ഥപ്പുര. എഴുത്തുകാരന്റെ തിരോധാനത്തിനപ്പുറവും അയാളുടെ രചന എത്തരത്തിൽ പ്രസക്തമാകുന്നു എന്ന അന്വേഷണമാണിവിടെ. പരമാരയുടെ വിഷാദത്തിന്റെ ശരീരശാസ്‌ത്രം അന്വേഷിച്ച്‌ അലിയും അഭിയും നടത്തുന്ന സഞ്ചാരങ്ങളിൽ അവർ കണ്ടെടുക്കുന്ന പ്രതിജനഭിന്നരായ മനുഷ്യരിലൂടെ, ജീവിതങ്ങളിലൂടെ നോവൽ കടന്നുപോകുന്നു. ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന ഘടകം പുസ്‌തകങ്ങളാണ്‌. വായനയുടെ നിസ്സീമമായ സാധ്യതകളെ വ്യക്ത്യാനുഭവത്തിന്റെ അന്തഃപ്രപഞ്ചം സ്വാംശീകരിക്കുമ്പോൾ ജീവിതം കടങ്കഥപോലെ കൗതുകമാകുന്നു. സൗഹൃദവും പ്രണയവും കലയും വിജ്ഞാനവും ഉൾക്കൊള്ളുന്ന കാവ്യാനുഭവത്തിലേക്ക്‌ നമ്മെ ആനയിക്കുന്നതിന്‌ ഭാഷയുടെ മുഴുവൻ സാധ്യതകളും എഴുത്തിൽ ഉപയുക്തമാക്കിയിട്ടുണ്ട്‌. സാഹിത്യകൃതിയും വായനാമണ്ഡലവും തമ്മിലുള്ള അവഗാഢമായ ബന്ധവും വായനക്കാരന്റെ നിത്യദാഹവും സമഗ്രമായ കാഴ്‌ചപ്പാടും സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ കാണാം. 
 
പ്രകൃത്യാ ആത്മാവിഷ്‌കാര കുതുകിയാണ്‌ മനുഷ്യൻ. ഒരു കഥ അതിനുമുൻപുണ്ടായ മറ്റൊരു കഥയെ തൊടുന്നതാണ്‌ സാഹിത്യം എന്നു വിശ്വസിക്കുന്ന ഗ്രന്ഥകാരൻ തന്റെ വായനാജീവിതത്തെ ഭാവനയെന്ന ഉപാധിയിൽക്കൂടി പ്രകാശിപ്പിക്കുകയാണ്‌. "താൻ വായിച്ച പുസ്‌തകങ്ങളെപ്പറ്റിയുള്ള  തന്റെ അനുഭവസാക്ഷ്യമാണ്‌ താൻ എഴുതുന്ന കഥകൾ.' എന്ന ജോർജ്‌ ലൂയിസ്‌ ബോർഹെസിന്റെ വാക്കുകളോളം സാധ്യമായൊരു നിർവചനമില്ല ഈ ഗ്രന്ഥപ്പുരക്ക്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top