06 June Saturday

മരങ്ങളിലെ ജൈവമനുഷ്യർ

എ സുൽഫിക്കർ sulffiro@gmail.comUpdated: Sunday Sep 8, 2019
മനുഷ്യന്‌ എങ്ങനെയാണ്‌ പ്രകൃതിയിൽനിന്ന്‌ അകലാനാകുക? അമ്മയും മക്കളുംപോലെതന്നെ തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ട്‌ പ്രകൃതിക്കും മനുഷ്യർക്കുമിടയിൽ. ആ ജൈവബന്ധം എപ്പോഴെല്ലാം അറ്റുപോകുന്നുവോ അപ്പോഴെല്ലാം പ്രകൃതി മനുഷ്യനെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. 
 
 പ്രകൃതിയുടെ ഓരോ ഓർമപ്പെടുത്തലും തന്റെ ക്യാമറയിലൂടെ ഒപ്പിയെടുക്കുകയാണ്‌ ആർട്ട്‌ ഫോട്ടോഗ്രാഫർ ഗോപാലകൃഷ്‌ണൻ. മരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന  മനുഷ്യരൂപങ്ങളെ തിരയുന്നു ആ ഫ്രെയിമുകൾ. എത്ര അകന്നുമാറിയാലും എത്രയാണ്ടു കഴിഞ്ഞാലും മനുഷ്യന്‌ പ്രകൃതിയിൽനിന്ന്‌ വേർപെടാനാകില്ലെന്ന്‌ ഈ ചിത്രങ്ങളിലെ മരങ്ങൾ ഓർമപ്പെടുത്തുകയാണ്‌. മരങ്ങളിലെ മനുഷ്യരൂപങ്ങളാണ്‌ ഗോപാലകൃഷ്‌ണന്റെ ഫോട്ടോഗ്രഫിയുടെ ചാരുത. 
 
ഗോപാലകൃഷ്‌ണൻ

ഗോപാലകൃഷ്‌ണൻ

 
 ഭൂമിയുടെ കിടപ്പും കാട്ടാറിന്റെ കരച്ചിലും തിരമാലകളുടെ അലയൊലിയും കാറ്റും വെള്ളിച്ചവുമെല്ലാം ഫ്രെയിമിലൂടെ ഗോപാലകൃഷ്‌ണൻ നമ്മെ ഓർമപ്പെടുത്തുന്നു. ഡൽഹിയിലെയും ഷിംലയിലെയും മരംകോച്ചുന്ന തണുപ്പിൽ ക്യാമറയുമായി അലയുമ്പോഴാണ്‌ മനുഷ്യശരീരത്തിനോട്‌ സാമ്യമുള്ള ചില മരങ്ങൾ ഗോപാലകൃഷ്‌ണന്റെ കണ്ണിൽ പെടുന്നത്‌. ആദ്യം കൗതുകക്കാഴ്‌ചയായിരുന്നു. ക്യാമറയിൽ ഒപ്പിയെടുക്കുംതോറും ഓരോ മരവും ഓരോ കഥ പറയുന്നതുപോലെ. പരസ്‌പരം ഇഴുകിച്ചേർന്ന വേരുകളും മരച്ചില്ലയുമെല്ലാം മനുഷ്യബന്ധത്തിന്റെ അർഥങ്ങളായാണ്‌ ഗോപാലകൃഷ്‌ണന്‌ തോന്നിയത്‌. മനുഷ്യശരീരത്തിലെ സിരാപടലങ്ങളെ ഓർമിപ്പിക്കുന്നു ഒരു ചിത്രം. ഗോപാലകൃഷ്‌ണന്റെ വാക്കുകളിൽ പറഞ്ഞാൽ മരങ്ങൾക്ക്‌ മനുഷ്യരോട്‌ പ്രതികരിക്കണമെന്ന്‌ തോന്നുമ്പോൾ അവയുടെ ശരീരത്തിൽ മനുഷ്യനോട്‌ സാദൃശ്യമുള്ള അവയങ്ങൾ മുളയ്‌ക്കും.
 
 
വൃക്ഷലതാദികളിലൂടെയുള്ള പ്രകൃതിയുടെ വികാരപ്രകടനം.  ഡൽഹി, ഷിംല, ആൻഡമാൻ തുടങ്ങിയ ഇടങ്ങളിലുള്ള വ്യത്യസ്‌ത മരങ്ങളിലൂടെയാണ്‌ ചിത്രപ്രദർശനം മുന്നോട്ട്‌ പോകുന്നത്‌. പ്രകൃതിയെ സൂക്ഷ്‌മമായി വീക്ഷിക്കുന്ന ആർക്കും ഇത്തരം രൂപങ്ങൾ കാണാനാകുമെന്നും ഗോപാലകൃഷ്‌ണൻ ചിത്രങ്ങളിലൂടെ പറയുന്നുണ്ട്‌. നാലര പതിറ്റാണ്ടിലേറെ ഡൽഹിയിലായിരുന്ന ഗോപാലകൃഷ്‌ണൻ എൽഐസിയിൽനിന്നാണ്‌ വിരമിച്ചത്‌. ചങ്ങനാശേരിയിലെ എൻഎസ്‌എസ്‌ കോളേജിൽ പഠിക്കുമ്പോൾമുതൽ ചിത്രരചനയിൽ തൽപ്പരനായിരുന്നു. അങ്ങനെയാണ്‌ ഫോട്ടോഗ്രഫിയിലെത്തുന്നത്‌. ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ ക്യാമറയിൽ പകർത്തുകയെന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ടായിരുന്നു. ഡൽഹിയിലെ ജനനിബിഡമായ തെരുവുകളിലൂടെ ക്യാമറയും തൂക്കി നടന്ന അദ്ദേഹം സാധാരണക്കാരന്റെ നിത്യജീവിതദുരിതങ്ങൾ ഓരോന്നായി പകർത്തി. ഭിക്ഷക്കാരും ഉന്തുവണ്ടിയിലെ തൊഴിലാളികളും കിടപ്പാടമില്ലാതെ അലയുന്നവരും സ്‌ത്രീകളും കർഷകരുമെല്ലാം ക്യാമറയിൽ പതിഞ്ഞു. ഛത്തീസ്ഗഢിലെ ആദിവാസി ഗ്രാമത്തിൽ മൂന്നാഴ്‌ചയോളം  താമസിച്ച്‌ ചിത്രങ്ങളെടുത്തു. രാജസ്ഥാനിലെ മണലാരണ്യങ്ങളും കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ സ്‌മൃതിരേഖകളും മത്സ്യത്തൊഴിലാളികളും
 
 
കയർത്തൊഴിലാളികളുമെല്ലാം ഗോപാലകൃഷ്‌ണന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌. ഗോപാലകൃഷ്‌ണന്റെ പതിനൊന്നാമത്‌ ചിത്രപ്രദർശനമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടന്നത്‌.

 

പ്രധാന വാർത്തകൾ
 Top