21 March Thursday

രക്ത മുദ്ര

കെ ടി രാജീവ്‌Updated: Sunday Jul 8, 2018

കേരളമാകെ തേങ്ങുകയാണ‌്. അപരിചിതനായ ഒരു വിദ്യാർഥിയുടെ മരണം മലയാളിയെ അത്രമേൽ ഉലച്ചിരിക്കുകയാണ‌്. ഓരോരുത്തരുടെയും ഉള്ളിലെ കാരുണ്യവായ്്‌പിനെ ഒരഗ‌്നിയെപ്പോലെ ഉദ്ദീപ‌്തമാക്കിയിരിക്കുന്നു ഈ രക്തസാക്ഷിത്വം. അഭിമന്യു‐ മതഭീകരതയുടെ പത്മവ്യൂഹത്തിലേക്ക‌് കടന്നുകയറിയ പോരാളി. ചതിയുടെ കഠാരകൾ ഇരുട്ടിൽ ആഞ്ഞുവീശിയത‌് അവനറിയാതെ പോയി. രക്തസാക്ഷിത്വത്തിലൂടെ  അനശ്വരതയിലേക്ക‌് അവൻ ഉയിർക്കുകയാണ‌്. 

 പാബ്ലോ നെരൂദയുടെ ഈ വരികൾ ഇവിടെ ഓർക്കാതെ വയ്യ‘മരിച്ച ഓരോ കുട്ടിയിൽനിന്നും കണ്ണുകളുള്ള ഒരു തോക്കുയരുന്നു ഓരോ കൊടുംപാതകത്തിൽനിന്നും വെടിയുണ്ടകൾ ഉയിർക്കൊള്ളുന്നു ഈ വെടിയുണ്ടകൾ ഒരു ദിവസം നിങ്ങളുടെ ഹൃദയത്തിന്റെ കാളക്കണ്ണ‌് കണ്ടെത്തും’ 
 
 അഭിമന്യുവിന്റെ വേർപാട‌് അറിഞ്ഞതുമുതൽ കേരളം കക്ഷിഭേദമെന്യേ ഉള്ളുരുകുകയാണ‌്. പെറ്റമ്മ മാത്രമല്ല, ബസിലും നഗരത്തിരക്കിലും  ക്ലാസ‌്മുറികളിലുമിരുന്ന‌് ഏതൊക്കെയോ അമ്മമാർ കണ്ണുതുടയ‌്ക്കുന്നു. കനലുവേകുന്ന നെഞ്ചുമായി ആരൊക്കെയോ പത്രം മടക്കിവയ‌്ക്കുന്നു. ടിവിയുടെ റിമോട്ടിൽ വിരലമർത്തുന്നു. മക്കൾ വരും വഴികളിലേക്ക‌് ഉറ്റുനോക്കുന്നു. അവന്റെ ആരുമല്ലാത്തവർ, ഒരിക്കലും കണ്ടിട്ടില്ലാത്തവർ, ഒന്നുമിണ്ടിയിട്ടുപോലുമില്ലാത്തവർ നിലാവ‌് തൊട്ട ആ ചിരി കൺകളിൽനിന്ന‌് മായ‌്ചുകളയാനാകുന്നില്ലല്ലോയെന്ന‌് ഖേദക്കുറിപ്പിടുന്നു. വഴികളിലെല്ലാം പ്രകാശം പരത്തിവന്നവന്റെ ഹൃദയത്തിലേക്കാണ‌് നിങ്ങൾ കഠാരത്തണുപ്പിറക്കിയത‌്. കൊലയാളിക്കുവേണ്ടി ദുർബലമായ കൈകൾ പിന്നിലേക്ക‌് പിണച്ചുകൊടുത്തവനോട‌ുപോലും അവന‌് പകയുണ്ടാകില്ല.  വിശന്നുവിശന്ന‌് ആമാശയം ദഹിച്ചുപോയിട്ടും സഹപാഠിയുടെ വിശപ്പിനെ പരിഗണിച്ചവന്റെ സ്വപ‌്നങ്ങൾക്ക‌് ജാതിയും മതവും നിറഭേദങ്ങളുമുണ്ടാകില്ല. അവൻ മനുഷ്യരെമാത്രമേ കണ്ടിട്ടുള്ളൂ. ചോറുവാരിയുണ്ണുമ്പോൾ സഹപാഠിയുടെ വിശപ്പുകെടാത്ത മുഖമോർത്ത‌് ആധിപൂണ്ടവനെ  വിളിക്കേണ്ട പേരെന്താണ‌്, അഭിയെന്നല്ലാതെ. 

    

അഭിയുടെ അവസാനത്തെ പകൽ 

 
‘‘അനൈവരും ജീവിക്കാൻ ഏറ്റ ഊരാക സമൂഹമാകെ മാറാൻ  പുതുതലമുറൈ തയ്യാറാവണം. മത‐ തീവിറവാദത്തിൽനിന്നും നാട്ടൈ നാം പാതുകാക്കണം . ജാതി‐മതം ചിന്തനൈ പുതുതലമുറയ‌്ക്കും വളാകത്തുക്കുൾ കടത്തിവിടുന്നവർക്കെതിരെ മുൻ എച്ചിരിക്കയാക ഇരിക്കണം.’’ 
 
 ഇടുക്കിയിലെ കാരയൂരും മറയൂരും വട്ടവടയും ഉൾപ്പെടുന്ന അഞ്ചുനാടിന്റെ വീരപുത്രൻ അഭിമന്യു മരണത്തിന്‌ ഏതാനും മണിക്കൂർമുമ്പ്‌ ഡിവൈഎഫ്‌ഐ വട്ടവട മേഖലാസമ്മേളനം കോവിലൂരിൽ ഉദ്‌ഘാടനം ചെയ്‌ത്‌ തമിഴും മലയാളവും ഇടകലർത്തി പ്രസംഗിച്ചതാണിത്‌. അനേകർക്ക്‌ കുരുതിക്കളം ഒരുക്കിയ മതാന്ധതയുടെ കഠാര തന്റെ നെഞ്ചിന‌് തൊട്ടടുത്ത്‌ ഉള്ളതുപോലെ  തോ ന്നിക്കുന്ന പ്രസംഗം. വർഗീയവാദികളുടെ തീവ്ര ഇടപെടലിനെത്തുടർന്ന്‌ ദളിത്‌ അവകാശങ്ങളും ആനുകൂല്യങ്ങളും വെട്ടിമാറ്റിയതിന്‌ ഒടുവിൽ ജീവനൊടുക്കിയ ഹൈദരാബാദ്‌ സർവകലാശാലയിലെ  ഗവേഷണ വിദ്യാർഥി രോഹിത്‌ വെമുല  മരണത്തിനുമുമ്പ്‌ പറഞ്ഞ കാര്യങ്ങളും അനുസ്‌മരിച്ചുകൊണ്ടാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. 
സമ്മേളനശേഷം പൊറോട്ടയും സാമ്പാറും കഴിച്ച്‌ കത്തിക്കാളുന്ന വിശപ്പിനെ  ശമിപ്പിച്ചു. പുതുസ്വപ്‌നംകൊണ്ട‌് സമൃദ്ധമായ മനസ്സുള്ള ആ ചെറുപ്പക്കാരന്റെ മുഷിഞ്ഞ കുപ്പായക്കീശ ശൂന്യമായിരുന്നു. കൂലിവേലചെയ്‌ത‌് അന്നന്നത്തെ ജീവിതം തള്ളിനീക്കുന്ന കർഷകത്തൊഴിലാളികളായ മാതാപിതാക്കൾക്ക്‌ മറ്റുള്ളവരെപ്പോലെ സാമ്പത്തികസുരക്ഷ ഒരുക്കാൻ ശേഷിയില്ല. എന്നാൽ, ജീവനുതുല്യം സ്‌നേഹം നൽകി. മലഞ്ചെരുവിലെ പച്ചക്കറിപ്പാടത്ത്‌ ജോലി എടുക്കുന്ന സഹോദരൻ പരിജിത്തിനെ വാഹനക്കൂലിക്കായി വിളിച്ചു. ഏറെ അകലെ ആയിരുന്നതിനാൽ വരാൻ കഴിയാത്തതുകൊണ്ട്‌ കോവിലൂരിലുള്ള ഒരു  കടയിൽനിന്ന‌് 500 രൂപ വാങ്ങിക്കോളാൻ പറഞ്ഞു. ബാഗൊന്നും കൈയിലില്ല. കനത്തിൽ ബാഗിൽ നിക്ഷേപിക്കാൻ കൈയിലൊന്നുമില്ലല്ലോ. ഒരു വെള്ള ഷർട്ടും മുണ്ടും ചെ ഗുവേരയുടെ ബൊളീവിയൻ ഡയറിയും പ്ലാസ്റ്റിക്‌ കവറിൽ പൊതിഞ്ഞെടുത്ത്‌ ഒരു ഓട്ടമായിരുന്നുവെന്ന്‌ ഡിവൈഎഫ്‌ഐ വില്ലേജ്‌ പ്രസിഡന്റ്‌ അളകേശൻ ഓർമിക്കുന്നു. ആ സമയത്ത്‌ ആ ഉൾനാടൻ ഗ്രാമത്തിൽനിന്ന‌് പുറത്തേക്ക്‌ ബസുകളൊന്നുമില്ല.  ആകെ ആശ്രയിക്കാനുള്ളത്‌ ഹോർട്ടികോർപ‌് വകുപ്പിന്റെ പച്ചക്കറി മിനിലോറിമാത്രം. ആദ്യം വാഹനത്തിൽ കയറ്റാൻ വിസമതിച്ചെങ്കിലും പാർടി ലോക്കൽ കമ്മിറ്റി അംഗം ഇടപെട്ട്‌ ഇടം തരപ്പെടുത്തി. രാത്രി പതിനൊന്നോടെ എറണാകുളത്തെത്തിയ അഭിമന്യു വീട്ടിലേക്ക്‌ വിളിച്ച്‌ വിശേഷങ്ങൾ ആരാഞ്ഞു. ശേഷം പിറ്റേന്ന്‌ നവാഗതർക്ക് സ്വാഗതമോതാനുള്ള അലങ്കാര പ്രചാരണങ്ങളിൽ മുഴുകുമ്പോഴാണ്‌ ഇരുട്ടിന്റെ മറവിലെത്തിയ വേട്ടനായ്‌ക്കൾ  സഹപ്രവർത്തകരെ ആക്രമിക്കുന്നത്‌ കണ്ടത്‌. പിന്നെ അവർ അഭിമന്യുവിനെ കുത്തിവീഴ‌്ത്തി. ഒരു കാരണമോ പ്രകോപനമോ ഇല്ലാതെ. ഉള്ളുപൊള്ളുന്ന  ജീവിതക്ലേശങ്ങൾ സൗഹൃദത്തിലും പുഞ്ചിരിയിലും മറച്ച്‌, ഒറ്റമുറിവീട്ടിൽ കഴിഞ്ഞുകൂടി, എത്രയോ ത്യാഗങ്ങൾ സഹിച്ച്‌ അറിവിന്റെ സീമകൾ കീഴടക്കാനും പുതുലോകം പുലരാനും കൊതിച്ച നക്ഷത്രത്തെയാണ്‌  അവർ എയ‌്തുവീഴ‌്ത്തിയത‌്. 
 

വട്ടവടയിലെ പുതുതാരകം 

 
കോടമഞ്ഞ്‌ തഴുകി മൗനസഞ്ചാരം നടത്തുന്ന ആനമുടി മലനിരകൾ. മൂന്ന‌് ദിക്കും തമിഴ്‌നാട്‌ അതിര്‌ പങ്കിടുന്ന കേരളത്തിന്റെ ഏക ശീതകാല പച്ചക്കറിക്കലവറയാണ്‌ വട്ടവട. കേരള‐തമിഴ്‌നാട്‌ അതിർത്തി ടോപ്‌ സ്‌റ്റേഷനും പിന്നിട്ട്‌ ഏതാനും മീറ്റർ തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച്‌ പാമ്പാടുംചോല ചുരവും ഇറങ്ങിവേണം  ഈ കാർഷിക ഗ്രാമത്തിലെത്താൻ. 
രാജകോപവും മറ്റ‌് പ്രതികൂലാവസ്ഥകളും ചൂഴ്‌ന്ന നാലര നൂറ്റാണ്ടുകൾക്കുമുമ്പ്‌ മധുരയിൽനിന്ന‌് കൊടൈക്കനാൽ തടവും കടന്ന്‌ ആനമുടി താഴ്‌വാരങ്ങളിൽപെട്ട അഞ്ചുനാടുകളിലും എട്ടു ഊരുകളിലുമായി കുറിഞ്ഞിത്തടത്തിൽ കുടിപാർത്തവർ. മൈസൂർ സുൽത്താന്മാരുടെ മധുര ആക്രമണകാലത്ത്‌ ഭയന്ന്‌ കാട്ടിലഭയം തേടിയവരും അക്കൂട്ടത്തിൽ. 400 വർഷത്തിലധികമുള്ള പരമ്പരാഗത‐ കാർഷിക സംസ്‌കാരത്തിനുടമകളായ എട്ടാം തലമുറക്കാരനാണ്‌ മനോഹരന്റെയും ഭൂപതിയുടെയും ഇളയ  മകൻ അഭിമന്യു. പുരാണങ്ങൾ പഠിച്ച മനോഹരൻ  തന്റെ പുത്രനും വീരനാകുമെന്ന‌് നിനച്ചു. അഭിമന്യു എന്ന്‌ പേരിട്ടു. 
 
മന്ത്രിയും മന്നാടിയാർ ഭരണവും ഊരുകൂട്ടവും ഊരുവിലക്കും ജാത്യാചാരങ്ങളും ഏറിയും കുറഞ്ഞുമുള്ള മധ്യകാല തമിഴ്‌ പാരമ്പര്യത്തിന്റെ പരിഛേദം വട്ടവടയിലുണ്ട‌്. അരുതായ്‌മകളുടെയും അന്ധവിശ്വാസങ്ങളുടെയും വേരറുത്ത്‌ പുതുകാലം പുലരാൻ  ഉദയംചെയ്‌ത നക്ഷത്രമായിരുന്നു ആ ചെറുപ്പക്കാരൻ. മഹാരാജാസ‌് വിദ്യാർഥികളുടെ സഖാവ‌് വട്ടവട.  പാടത്ത‌് വെളുത്തുള്ളിയും ബീൻസും ക്യാരറ്റും ഓറഞ്ചും ആപ്പിളും എല്ലാം വളർന്ന്‌ സമൃദ്ധമായി വിളയുന്നതിനൊപ്പം മനംനിറയെ സ്വപ്‌നങ്ങളും പ്രതീക്ഷയും കാത്തുസൂക്ഷിച്ചവൻ. കൂടുതലും വീട്ടിൽനിന്ന‌് അകന്നുനിന്ന്‌ വിദ്യാഭ്യാസം ചെയ്യേണ്ടിവന്ന അഭിമന്യു പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മിടുക്കൻ.  അവന്റെ പഠനമികവിനെക്കുറിച്ച‌് പ്ലസ‌്ടു ‌അധ്യാപകർ വാചാലരാകുന്നു. 
 
 
അവധി ദിനങ്ങളിൽ വട്ടവടയിലേക്കവൻ ഓടിയെത്തും. അത്രയ്‌ക്കും ആ നാടും ജനതയുമായി ജൈവബന്ധം പുലർത്തി കളിചിരിയുമായ്‌ ഓടിനടന്നു. സമയം കിട്ടുമ്പോഴെല്ലാം മാതാപിതാക്കളെ സഹായിക്കും. സഹോദരൻ പരിജിത്തിനോടും  കൂട്ടുകൂടും. ഏക സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരുന്നതിനാൽ അളവറ്റ സന്തോഷത്തിലുമായിരുന്നു.  
അക്ഷരാഭ്യാസമില്ലാത്തവർക്ക്‌ അപേക്ഷ എഴുതിനൽകി സഹായിക്കും. ചെറുപ്രായത്തിൽത്തന്നെ മലയാളവും തമിഴും അനായാസം കൈകാര്യം ചെയ്യുമായിരുന്നതിനാൽ പഞ്ചായത്തധികൃതർപോലും അഭിമന്യുവിന്റെ സഹായം തേടി. പ്രായഭേദമെന്യേ വലിയ സൗഹൃദം പുലർത്തിയിരുന്ന പുതുതലമുറയിലെ അപൂർവ വ്യക്തിത്വം.  ഗ്രാമോത്സവത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വോളീബോൾ ടൂർണമെന്റ്‌ ഉൾപ്പെടെ മിക്ക പരിപാടികളുടെയും മുഖ്യ സംഘാടകൻകൂടിയായിരുന്നു അഭിമന്യു. 
തങ്ങൾ സ്‌നേഹപൂർവം അഭിയെന്നും ഐമോനെന്നുമാണ്‌  വിളിച്ചിരുന്നതെന്ന്‌ സുഹൃത്തുക്കളും വിദ്യാർഥികളുമായ അരവിന്ദ്‌, രഞ്ജിത്‌, തമിഴഴകൻ, രാംകുമാർ, കറുപ്പ്‌സ്വാമി എന്നിവർ ദുഃഖം അടക്കി പറയുന്നു. സ്വസമൂഹത്തിലെ പരമ്പരാഗത ജീവിതചുറ്റുപാടിൽനിന്ന‌് അക്ഷരാർഥത്തിൽ പുതുലോക നിർമിതിക്കായി  ഇറങ്ങിത്തിരിച്ച  പുരോഗമന പ്രസ്ഥാനത്തിെന്റ പതാകവാഹകനായ ഒരു ഇളം കുരുന്നിന്റെ ജീവൻ രക്തദാഹികൾ പറിച്ചെടുത്തപ്പോൾ നൂറ്റാണ്ടുകൾക്കൊരിക്കൽ ഉണ്ടാകുന്ന പൊൻതാരകത്തെയാണ്‌ അപ്രത്യക്ഷമാക്കിയത്‌. നാട്ടാമയും നാട്ടുഭരണവും ഗോത്ര വൈരങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന നാട്ടിൽനിന്ന‌് ശാസ്‌ത്രജ്ഞനാകാൻ കൊതിച്ച പ്രതിഭ. അവനെ ക്യാമ്പസിൽവച്ചുതന്നെ വകവരുത്തിയതിന്റെ ലക്ഷ്യം ചെറുതല്ല. പൊരുതിനിന്ന അഭിയുടെ വേർപാട്‌ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ആ നാട്ടുജനതയ്‌ക്ക്‌. 
 

അമ്മയുടെ  നിലവിളി

 
പന്ത്രണ്ട്‌ വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രതിഭാസമാണ്‌ നീലക്കുറിഞ്ഞി വസന്തം. ഇളംകാറ്റിലും പൂനിലാവിലും അലയിളകി നീലക്കടൽകണക്കെ ജൂലൈ ആദ്യദിനങ്ങളിൽ പൂത്തുലയേണ്ട വസന്തം ഇതുവരെ എത്താതെ മടിച്ചുനിന്ന്‌ പ്രകൃതിപോലും ശോകമൂകമായി അഭിമന്യുവിന്റെ വേർപാടിൽ പങ്കുചേർന്നതുപോലെ. എൻകിളിയേ എൻ അരുമൈ, നാൻപെറ്റ മകനേ എന്ന്‌ സ്വന്തം മകന്റെ എന്നന്നേക്കുമായുള്ള വേർപാടിൽ അലമുറയിട്ട്‌ ഹൃദയംനുറുങ്ങി കരയുന്ന ഭൂപതിയെന്ന ആ അമ്മയുടെ കരച്ചിലാണ്‌ കരളുപിളർക്കുമാറ്‌ മുഴങ്ങുന്നത്‌. വേദനയുടെ മുറിപ്പാട്‌ കൂട്ടിച്ചേർക്കലാൽ  ഉണക്കാനും മുറികൂട്ടാനുമാകില്ലെന്ന യാഥാർഥ്യം മാതൃ‐പുത്ര സ്‌നേഹത്തെ അറുത്തെറിഞ്ഞ, മണ്ണിന്റെ മകന്റെ ജന്മസാഫല്യം തച്ചുടച്ച കിരാതർക്ക്  ഒരിക്കലും ബോധ്യപ്പെടില്ല. മഹാരാജാസ്‌ എന്ന കലാലയത്തിൽ ഉപരിപഠനത്തിനായി പിച്ചവച്ച്‌ ഉയർന്ന സാമൂഹ്യബോധം മനസ്സിൽ കാത്തുസൂക്ഷിച്ച ഗ്രാമീണന്റെ നിക്ഷ്‌കളങ്ക ഹൃദയം അറുത്തുമാറ്റപ്പെട്ടപ്പോൾ നാടൊന്നാകെ കരഞ്ഞു, കരഞ്ഞുകൊണ്ടേയിരിക്കുന്നു. 
 
ഇടപെട്ടവർക്കും ഇടപഴകിയവർക്കുമെല്ലാം നല്ലതെല്ലാം പങ്കുവച്ചതിന്റെ അടയാളമായ്‌ അധ്യാപകരും സഹപാഠികളും ഉറ്റവരും പൊതുസമൂഹവുമെല്ലാം കണ്ണീർ പൊഴിച്ചുകൊണ്ടിരിക്കുന്നു. ആ അച്ഛനമ്മമാരുടെയും കുടുംബാംഗങ്ങളുടെയും കണ്ണീർ വറ്റി, മനസ്സ്‌ ഉമിത്തീപോലെ നീറുമ്പോൾ കേരളമാകെ സങ്കടത്തിൽ പങ്കുചേരുന്നു.  ആ കണ്ണീർപ്പുഴത്തിരയിൽ  പ്രാപ്പിടിയന്മാരെ കടപുഴക്കി എറിയുമെന്ന താക്കീതാണ്‌ ഉയരുന്നത്‌. അതുതന്നെ വീര അഭിമന്യുവും മരണത്തിനുതൊട്ടുമുമ്പ‌് പറഞ്ഞതും. ഇവിടെ എത്രകാലം ജീവിച്ചു എന്നതല്ല, എങ്ങനെ ജീവിച്ചു എന്നതാണ്‌ അഭിമന്യു നൽകുന്ന വലിയ സന്ദേശം. നവലോകം കാംക്ഷിച്ച്‌ വെളിച്ചം വിതറാൻ ഒരു കുഗ്രാമത്തിൽനിന്ന‌് നഗരത്തിലെത്തിയ ചെറുപ്പക്കാരന്റെ ചുടുചോരയിലാണവർ ദാഹംതീർത്തത്‌. നിങ്ങൾ ഭീരുക്കളാണെന്ന്‌ കാലം പലതവണ തെളിയിച്ചിട്ടുണ്ട്‌. ചരിത്രം ഓർമപ്പുസ്‌തകംകൂടിയാണ‌്.
 
  ktrdeshid@gmail.com

 

പ്രധാന വാർത്തകൾ
 Top