23 April Tuesday

ഒരു പുതിയ പാട്ട‌ുകഥ

സൂരജ‌് കരിവെള്ളൂർUpdated: Sunday Jul 8, 2018

അരുൺരാജ‌്

എം ജയചന്ദ്രനോടൊപ്പം ചെലവിട്ട രണ്ടു വർഷമാണ‌് അരുണിനെ സംഗീതസംവിധാനവഴിയിൽ ഉറപ്പിച്ച‌് നിർത്തിയത‌്. ഗായകനേക്കാൾ തന്നിലുള്ളത‌് മികച്ചൊരു സംഗീതസംവിധായകനാണെന്ന‌ തിരിച്ചറിവ‌് ആ കാലയളവിൽ ഉണ്ടായി

 
 
മലയാ‌‌ളിയുടെ സ്വീകരണമുറികൾക്ക‌് അത്രമേൽ പരിചിതനാണ‌് അരുൺരാജ‌്.  ഐഡിയ സ‌്റ്റാർ സിങ്ങറിൽ അനായാസമായ ആലാപനശൈലികൊണ്ട‌് ആസ്വാദകഹൃദയം കീഴടക്കി വിജയകിരീടമണിഞ്ഞ യുവഗായകൻ.  ഒരുപിടി സിനിമകളിൽ  അരുണിന്റെ  ശബ്ദത്തിൽ പിന്നീട‌് ശ്രദ്ധേയഗാനങ്ങളും പിറന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം അരുൺരാജ‌് വീണ്ടും മലയാളിയുടെ കാതുകളിലേക്ക‌് എത്തുന്നത‌് സംഗീതസംവിധായകന്റെ റോളിലാണ‌്. ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ‌് കഥ എന്ന ചിത്രത്തിന‌് പുതുമയുടെ സംഗീതമൊരുക്കുന്നത‌് അരുൺരാജാണ‌്.
 

പാട്ട‌ുമാത്രം നിറഞ്ഞ വഴി

 
കണ്ണൂർ പെരളശേരി സ്വദേശി അരുൺരാജിന്റെ ജീവിതം തുടങ്ങുന്നതുമുതൽ ചുറ്റും സംഗീതമുണ്ട‌്. പ്രണയവും സംഗീതവും ജീവിതത്തിൽ നിറച്ച പ്രേമരാജ‌്‐വസുമതി ദമ്പതികളുടെ  മകനായ‌ി ജനനം.  ചെറുപ്രായത്തിൽ അമ്മയിൽനിന്ന‌്  സംഗീതത്തിന്റെ  ആദ്യപാഠങ്ങൾ അഭ്യസിച്ചു. കലോത്സവവേദികളിൽ മിന്നും താരമായി വളർന്നു. നീലിമന നമ്പൂതിരി, ഉസ‌്താദ‌് ഹാരിസ‌്ഭായ‌് തുടങ്ങി ഒരുപിടി ഗുരുനാഥൻമാരുടെ ശിഷ്യണത്തിൽ പാട്ടുപൂത്തൂ. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീതകോളേജിലെ പഠനം കൂടുതൽ വിശാലമായ ലോകത്തേക്കുള്ള വാതിൽ തുറന്നിട്ടു. 2006 ൽ സ‌്റ്റാർ സിങ്ങർ ആദ്യ സീസണിലെ വിജയിയായി. തുടർന്ന‌് നാട്ടിലെ താരം, ഗന്ധർവ സംഗീതം എന്നിവയിലും വിജയകീരീടം ചൂടി.
 

ജീവിതത്തിൽനിന്ന‌് സംഗീതത്തിലേക്കുള്ള ദൂരം

 
എം ജയചന്ദ്രനോടൊപ്പം ചെലവിട്ട രണ്ടു വർഷമാണ‌് അരുണിനെ സംഗീതസംവിധാന വഴിയിൽ ഉറപ്പിച്ച‌് നിർത്തിയത‌്. ഗായകനേക്കാൾ തന്നിലുള്ളത‌് മികച്ചൊരു സംഗീതസംവിധായകനാണെന്ന‌് തിരിച്ചറിവ‌് ആ കാലയളവിൽ ഉണ്ടായി. തുടർന്ന‌് കോൾഡ‌് സ‌്റ്റോറേജ‌് എന്ന ചിത്രത്തിന‌് സംഗീതമൊരുക്കി അരങ്ങേറ്റം. പിന്നാലെ ഗാന്ധിനഗറിലെ ഉണ്ണിയാർച്ച എന്ന ചിത്രത്തിനും സംഗീതമൊരുക്കി. ഒരു നല്ല ബി‌ഗ‌്ബജറ്റ‌് സിനിമയ‌്ക്കുള്ള കാത്തിരിപ്പായിരുന്നു പിന്നീട‌്. കാത്തിരിപ്പ‌് നിരാശ സമ്മാനിച്ചപ്പോൾ  ഉപജീവനത്തിന‌് കടൽ കടക്കാൻവരെ പദ്ധതിയിട്ടിരുന്നു.
 

ബോംബ‌് കഥയുടെ  വഴി

 
അപ്രതീക്ഷിതമായാണ‌് ബോംബ‌് കഥ എന്ന സിനിമയ‌്ക്ക‌് സംഗീതമൊരുക്കാൻ നവാഗത സംഗീതസംവിധായകരെ തേടുന്നു യെന്ന വാർത്ത അരുൺ കേട്ടത‌്. ഉടൻ പാട്ടുകൾ അയച്ചു കൊടുത്തു. സംവിധായകനും നിർമാതാവിനും പാട്ട‌് ഇഷ‌്ടപ്പെട്ടതോടെ വിളിവന്നു. അങ്ങനെ അരുൺരാജ‌് കാത്തിരുന്ന പടം തേടിയെത്തി. മൂന്ന‌് വ്യത്യസ‌്ത പാട്ടുകൾക്കാ‌ണ‌് ബോംബ‌് കഥയിൽ അരുൺരാജ‌് ഈണമിട്ടത‌്. അതിൽ ഒന്നിന‌് അരുണിന്റെ ശബ്ദവും. ഒരു പഴയ ബോംബ‌് കഥ നിറയെ പ്രതീക്ഷയാണ‌്. അതിൽ അരുണിന്റെ പുത്തൻ പ്രതീക്ഷയും ഇൗണമിടുന്നുണ്ട‌്.
 

പാട്ട‌് പൂക്കുന്ന കുടുംബം

 
ആകാശവാണി ജീവനക്കാരിയായ അജിഷയാണ‌് ഭാര്യ. ഏകമകൻ റിഷഭ‌്.  എറണാകുളം പനമ്പള്ളി നഗറിലാണ‌് അരുൺ നിലവിൽ താമസിക്കുന്നത‌്.
 
soorajt1993@gmail.com
പ്രധാന വാർത്തകൾ
 Top